Thursday 22 September 2011

കരകുളം

കരകുളം

ഭരണചരിത്രം
            ആദ്യതെരെഞ്ഞടുപ്പില്‍ മേല്‍പ്പറഞ്ഞ വാര്‍ഡുകളില്‍ നിന്നും യഥാക്രമം പി.തങ്കപ്പന്‍പ്പിള്ള, പി.കുഞ്ഞന്‍പിള്ള, മുഹമ്മദ് ഹനീഫ, പത്മനാഭന്‍ നാടാര്‍, അസറിയാദേവദാസ്, ജ്ഞാനപ്രകാശം, നാരായണന്‍ നായര്‍ എന്നിങ്ങനെ അക്കാലത്തെ പ്രമുഖരായ സാമൂഹ്യനായകന്മാരായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്. 1953 ജൂലൈ 31-ന് ചേര്‍ന്ന പഞ്ചായത്തുകമ്മിറ്റിയുടെ ആദ്യയോഗം പി.കുഞ്ഞന്‍പിള്ളയെ പ്രസിഡന്റായി തെരെഞ്ഞടുത്തു. 1953 ആഗസ്റ്റ് 15 രാവിലെ 8 മണിക്ക് ആര്‍.കേശവന്‍നായര്‍ എം.എല്‍.എ പഞ്ചായത്തോഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ദീര്‍ഘനാള്‍ ഈ കെട്ടിടം വാടക വാങ്ങാതെ വിട്ടുതന്നത് ഏണിക്കര അകത്തുംവിളാകത്ത് വീട്ടില്‍ ചെല്ലമ്മയാണ്. പഞ്ചായത്തുപ്രസിഡന്റിന്റെ കൈയില്‍ നിന്നടുത്ത 25 രൂപയായിരുന്നു പഞ്ചായത്തിന്റെ ആദ്യ പ്രവര്‍ത്തനഫണ്ട്.       
  സാംസ്കാരികചരിത്രം
വാതിലുകളില്ലാതെ കല്‍പ്പാളികള്‍ കൊണ്ടുമാത്രം പണിതീര്‍ത്ത തിരുമാനൂര്‍ മഹാദേവക്ഷേത്രം (ആനൂര്‍), പഴക്കവും നിര്‍മ്മാണവൈവിധ്യവും അതിലുപരി ഐതിഹ്യപ്രാധാന്യവും കൊണ്ട് പ്രശസ്തമാണ്. ബുദ്ധമതവിശ്വാസികളും കൃഷിക്കാരുമായിരുന്നു ഈ പ്രദേശത്തെ ആദിമനിവാസികളെന്നു കരുതപ്പെടുന്നു. തിരുച്ചിറപ്പള്ളി, കല്ലമ്പള്ളി, കളത്താപ്പള്ളി എന്നീ സ്ഥലനാമങ്ങള്‍ ബുദ്ധമതസങ്കേതങ്ങളെ സൂചിപ്പിക്കുന്നുവെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ കാലാന്തരത്തില്‍ ഹിന്ദുമതമുന്നേറ്റത്തില്‍ ഈ വിഹാരങ്ങളും അവിടങ്ങളിലെ ജനതയും അമര്‍ച്ച ചെയ്യപ്പെട്ടതായും കരുതാം. ഇതിനെതിരെ ചെറുത്തുനിന്നവരെ കൂട്ടമായി കഴുവേറ്റിയതുകൊണ്ടാണ് കഴുനാട് എന്ന സ്ഥലനാമമുണ്ടായതെന്ന് പറയപ്പെടുന്നു.  കുരുമുളക്, അടയ്ക്കാ തുടങ്ങിയ കാര്‍ഷികവിഭവങ്ങളുടെ ക്രയവിക്രയത്തിനായി മുസ്ലീം കച്ചവടക്കാര്‍ വളരെ മുമ്പേതന്നെ ഇവിടെ എത്തിയിരുന്നു. മലഞ്ചരക്കുകള്‍ സംഭരിച്ച് വ്യാപാരം ചെയ്തിരുന്ന ഇക്കൂട്ടര്‍ ക്രമേണ കുടംബസമേതം ഉള്‍പ്രദേശങ്ങളില്‍ കുടിയേറി. അവരുടെ വംശപരമ്പര കാലക്രമത്തില്‍ നെടുമങ്ങാട്ടും തൊട്ടടുത്ത കരകുളത്തും എത്തി.  ഇങ്ങനെ ഈ പഞ്ചായത്തുപ്രദേശത്ത് കുടിയേറിയ മുഹമ്മദീയരുടെ വംശപരമ്പരയില്‍പ്പെട്ടവര്‍ നിര്‍മ്മിച്ചതാണ് ചെക്കകോണം വാര്‍ഡിലെ കുമ്മിപ്പള്ളി എന്നു വിശ്വസിക്കപ്പെടുന്നു.  ക്രിസ്തീയ ജനവിഭാഗങ്ങള്‍ ഈ പ്രദേശത്ത് ഏറെ വൈകിയാണ് എത്തിയതെന്ന് അനുമാനിക്കപ്പെടുന്നു. 1890-ാമാണ്ടില്‍ ചെങ്കല്‍ ഭാഗത്തുനിന്ന് കുടിയേറി തണ്ണിപൊയ്കയില്‍ താമസമായ യോവാന്‍ ആയിരുന്നു ആദ്യകുടിയേറ്റക്കാരന്‍. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ നിന്ന് ക്രിസ്തുമതവിശ്വാസികളായ വളരെയേറെ ആളുകള്‍ മരുതൂരിന്റെ പല ഭാഗത്തും താമസമായി. മരുതൂരിലെ സി.എസ്.ഐ പള്ളി പഞ്ചായത്തുപ്രദേശത്തെ പഴക്കമേറിയ ക്രൈസ്തവാരാധനാലയങ്ങളിലൊന്നാണ്. അക്കാലത്ത് ക്രിസ്തുമതവിശ്വാസികള്‍ ആരാധനയ്ക്കായി ബഹുദൂരം കാല്‍നടയായി പാളയം, തുമ്പൈക്കോണം തുടങ്ങിയ പള്ളികളില്‍ പോയിവരാറായിരുന്നു പതിവ്. ഇത് ബുദ്ധിമുട്ടായതിനാല്‍ അവര്‍ സ്വന്തം സ്ഥലത്തുതന്നെ ആരാധന നടത്താന്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് മങ്കാരത്തു മോശമേസ്തിരിയുടെ വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ വച്ച് ആരാധന നടത്തിതുടങ്ങുകയും ചെയ്തു. ക്രമേണ ഇവിടെയൊരു പള്ളി സ്ഥാപിക്കണമെന്നുള്ള താല്‍പര്യം ഉളവാകുകയും റവ.പാര്‍ക്കര്‍ മിഷണറിയുടെ അനുവാദപ്രകാരം തണ്ണിപൊയ്ക എന്ന സ്ഥലത്ത് ഒരു ഓലപ്പുര സ്ഥാപിച്ച് അവിടെ ആരാധന നടത്തിപ്പോരുകയും ചെയ്തു. ഈ ആരാധനാലയമാണ് ദക്ഷിണേന്ത്യ സഭയുടെ കീഴിലുള്ള ദക്ഷിണ കേരള മഹായിടവകയിലെ പ്രധാനപ്പെട്ട സഭകളിലൊന്നായ മരുതൂര്‍ സഭ.
  ദേശചരിത്രം  
സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ബ്രീട്ടിഷ് ഭരണകൂടത്തിന്റെ കൊടിയ പീഡനങ്ങള്‍ക്കിരയായവര്‍ ഇന്നാട്ടില്‍ ഏറെയാണ്. കരകുളം കെ.പി.തുരുത്തിപള്ളി തങ്കപ്പന്‍പിള്ള, എ.കെ.കരകുളം മുക്കോലയ്ക്കല്‍ കൊച്ചുകൃഷ്ണപിള്ള, ആമ്പാടികുട്ടന്‍പിള്ള, മൂലൈകട്ടയ്ക്കാല്‍ കൃഷ്ണപിള്ള, കയ്പാടി അബുഷഹുമാന്‍ കുഞ്ഞ്, മുണ്ടയ്ക്കല്‍ തങ്കപ്പന്‍പിള്ള, പാറയില്‍ രാമന്‍പിള്ള ഇനിയും ഇവിടേക്ക് ചേര്‍ത്തുവയ്ക്കേണ്ട ത്യാഗവര്യന്‍മാരുടെ പേരുകള്‍ പലതുണ്ട്.            സ്റ്റേറ്റ് കോണ്‍ഗ്രസ്സ് യോഗം ചേരുന്നത് സര്‍ക്കാര്‍ നിരോധിച്ച കാലം. സര്‍.സി.പി.യുടെ വിലക്ക് ലംഘിച്ച് സ്റ്റേറ്റ് കോണ്‍ഗ്രസ്സിന് യോഗം ചേരാനുള്ള സ്ഥലം നല്‍കാന്‍ ആരും മുന്നോട്ട് വരാന്‍ തയ്യാറാകാത്ത സാഹചര്യം. ഈ കാലഘട്ടത്തില്‍ നെടുമങ്ങാടുമായി ബന്ധപ്പെട്ട ഒരു സമ്മേളനം നടത്തേണ്ടത് കോണ്‍ഗ്രസ്സിന്റെ ആവശ്യമായിരുന്നു. ഇത്തരമൊരു ചുറ്റുപാടില്‍ കോണ്‍ഗ്രസ്സിന് യോഗംചേരാന്‍ സര്‍വ്വവിധസംരക്ഷണവും സഹായവും നല്‍കാന്‍ പ്രബലനായ മുല്ലശ്ശേരി നാരായണപിള്ള മുന്നോട്ടു വന്നു. അദ്ദേഹത്തിന്റെ, സംരക്ഷണത്തിന്‍ കീഴില്‍ 1119 മീനം 9-നു കരകുളം മുക്കോലയില്‍ വച്ച് നടന്ന സമ്മേളനമായിരുന്നു കരകുളം സമ്മേളനം.

No comments:

Post a Comment