Thursday 22 September 2011

ചിറയിന്‍കീഴ്

ചിറയിന്‍കീഴ് സ്ഥലനാമ ചരിത്രം
സീതാപഹരണ സമയത്ത് രാവണനെ പിന്തുടര്‍ന്ന ജഡായുവിന്റെ  ചിറകിന്‍കീഴിലായിരുന്നു ഈ പ്രദേശമെന്നതാണ് ഒരു ഐതിഹ്യം. അതല്ലാ, ചിറകളാല്‍ ചുറ്റപ്പെട്ട സ്ഥലമാണ് ചിറയിന്‍കീഴ് എന്നും വിശ്വാസമുണ്ട്. ആധുനിക തിരുവിതാംകൂറിന്റെ ഉല്‍പത്തിയ്ക്കും അപ്പുറത്താണ് ഈ കാര്‍ഷിക ഗ്രാമത്തിന്റെ ചരിത്രം. എ.ഡി 9-ം നൂറ്റാണ്ടു മുതല്‍ മഹോദയപുരം അഥവാ തിരുവഞ്ചിക്കുളം ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന ചേരമാന്‍ പെരുമാള്‍ നായനാര്‍ വാമനപുരം നദിക്ക് സമീപം തങ്ങിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. ചെക്കിഴാരുടെ പെരിയപുരാണത്തില്‍ ചക്രവര്‍ത്തിയായി സ്ഥാനാരോഹണം ചെയ്തശേഷം അദ്ദേഹം തന്റെ സുഹൃത്തും സഹചാരിയുമായിരുന്ന സുന്ദരന്‍മൂര്‍ത്തി നായനാരെ കാണാന്‍ തിരുവാരൂര്‍ വരെ പോകുകയുണ്ടായെന്നും വര്‍ഷങ്ങള്‍ക്കു ശേഷമാണ് മടങ്ങിയെത്തിയതെന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഇദ്ദേഹം നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്ന കൊട്ടാരവും കോടതിയും തികഞ്ഞ ശിവഭക്തനായിരുന്ന പെരുമാള്‍ തന്ന നിര്‍മ്മിച്ച കേളേശ്വരം ശിവക്ഷേത്രവും രാജകീയപ്രൌഢിയുള്ള അനുബന്ധകെട്ടിടങ്ങളും ഒരു കാലഘട്ടത്തിന്റെ ചരിത്ര ശേഷിപ്പുകളാണ്. ഈ ചരിത്രാവശിഷ്ടങ്ങള്‍ക്ക് വളരെ അകലെയല്ലാതെ കാണുന്ന പ്രകൃതിരമണീയമായ സമുദ്രതീരം പെരുമാതുറയെന്നാണ് അറിയപ്പെടുന്നത്. പെരുമാള്‍തുറ ലോപിച്ചാണ് സ്ഥലത്തിന്  ഈ പേര്  സിദ്ധിച്ചതെന്ന വിശ്വാസം ചേരമാന്‍ പെരുമാളിനെ സംബന്ധിക്കുന്ന ഐതിഹ്യത്തിനു ബലം നല്‍കുന്നു.
പ്രാദേശിക ചരിത്രം
ആധുനിക തിരുവിതാംകൂറിന്റെ ഉദയം ഈ ഗ്രാമത്തിന്റെ ചരിത്രത്തെ സ്വാധീനിച്ചിട്ടുണ്ട്. ശാര്‍ക്കര ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ചമയവിളക്ക് തിരുവിതാംകൂര്‍ മഹാരാജാവിന്റെ വഴിപാടാണ്. വഴിപാട് നടത്തിപ്പിനായി മഹാരാജാവിന്റെ പ്രതിനിധികള്‍ സര്‍വ്വാഭരണ വിഭൂഷിതരായി സേവകരുടെ അകമ്പടിയോടെ എത്തിക്കഴിഞ്ഞാല്‍ ക്ഷേത്ര പരിസരത്തുള്ള കൊട്ടാരം വക കെട്ടിടത്തിലാണ് കഴിച്ചുകൂട്ടുന്നത്. ഭഗവതി കൊട്ടാരം എന്നു പേരുള്ള ഈ കെട്ടിടത്തിലാണ് ഇന്ന് ചിറയിന്‍കീഴ് പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. തിരുവിതാംകൂര്‍ രാജകുടുംബവുമായി അടുത്ത ബന്ധമുള്ള കുറേയധികം കുടംബങ്ങളും ഈ ഗ്രാമത്തിലുണ്ട്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടുത്സവത്തോടനുബന്ധിച്ച് മഹാരാജാവ് എഴുന്നുള്ളുമ്പോള്‍ അദ്ദേഹത്തിന് മുന്നിലായി രാജകീയ ചിഹ്നമുള്ള കൊടിപിടിക്കുന്നത് ഈ ഗ്രാമത്തിലെ പ്രസിദ്ധനായ ആക്കോട്ട് ആശാനായിരുന്നു. ബോംബെ കഴിഞ്ഞാല്‍  ഇംഗ്ലീഷുകാരുടെ പടിഞ്ഞാറേ തീരത്തെ ഏറ്റവും പ്രധാന നാവികകേന്ദ്രം അഞ്ചുതെങ്ങായിരുന്നു. ബ്രിട്ടീഷ്  അധീനതയിലുള്ള അഞ്ചുതെങ്ങില്‍ പ്രവേശിക്കാന്‍ തിരുവിതാംകൂര്‍ സൈന്യത്തിനു അധികാരമുണ്ടായിരുന്നില്ല. ഈ ഗ്രാമത്തെ അഞ്ചുതെങ്ങുമായി ബന്ധിക്കുന്ന കടത്തുകളിലെല്ലാം ചെക്ക് പോസ്റ്റുകളും സെക്യൂരിറ്റി ഗാര്‍ഡുകളും ഉണ്ടായിരുന്നു. തിരുവിതാംകൂറില്‍ സി.പി.രാമസ്വാമി അയ്യരുടെ അമേരിക്കന്‍ മോഡല്‍ ഭരണത്തിനെതിരായും ഉത്തരവാദിത്വ ഭരണത്തിനു വേണ്ടിയും പോരാട്ടം നടത്തിയ ഈ നാട്ടിലെയും മറുനാട്ടിലെയും നേതാക്കള്‍ സി.പി.യുടെ പോലീസിനെ ഭയന്ന് ബ്രീട്ടിഷ് താവളമായ അഞ്ചുതെങ്ങില്‍ അഭയം തേടിയിരുന്നു.
സംസ്ക്കാരികചരിത്രം
ഗ്രാമത്തിന്റെ മധ്യഭാഗത്തായി കാണപ്പെടുന്ന ശാര്‍ക്കര ദേവീക്ഷേത്രം ദക്ഷിണ കേരളത്തിലെ എണ്ണപ്പെട്ട പൌരാണിക ദേവീക്ഷേത്രങ്ങളിലൊന്നാണ്. പൌരാണിക കാലത്ത് കലയുടെയും സാഹിത്യത്തിന്റേയും സംഗമസ്ഥാനം കൂടിയായിരുന്ന ഈ ക്ഷേത്രം കൊല്ലവര്‍ഷം 70-ാം ആണ്ടില്‍ സ്ഥാപിതമായതാണെന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്രോല്‍പ്പത്തി മുതല്‍ക്കുതന്നെ ഉത്സവങ്ങള്‍ പതിവായിരുന്നു. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് കായംകുളം ആക്രമിക്കാന്‍ പോകുമ്പോള്‍ വിശ്രമിക്കാന്‍ തെരഞ്ഞെടുത്തത് ഈ പ്രദേശമായിരുന്നു. ക്ഷേത്രത്തിനു പുറത്തുള്ള പ്രധാന റോഡിനു ഇരുവശവും കാണുന്ന കടകള്‍ ഉള്‍പ്പെട്ട പ്രദേശം പാളയം (പടയാളികള്‍ തമ്പടിച്ച സ്ഥലം) എന്നാണ് ഇന്നും അറിയപ്പെടുന്നത്. മഹാരാജാവിന് വളരെയധികം പ്രയാസങ്ങളുണ്ടാക്കിയ ഈ യുദ്ധത്തില്‍ വിജയിച്ചാല്‍ ഈ ദേവിക്ഷേത്രത്തില്‍ വര്‍ഷാവര്‍ഷം കാളിയൂട്ട് നടത്തിക്കൊള്ളാമെന്ന് രാജാവ് നേര്‍ന്നിരുന്നതായി ഐതിഹ്യമുണ്ട്. ഉജ്ജ്വലമായൊരു സാംസ്കാരിക പൈതൃകത്തിനും മത മൈത്രിക്കും പ്രസിദ്ധമാണീ ഗ്രാമം. ശാര്‍ക്കര ദേവീക്ഷേത്രത്തിനും അതിനടുത്ത പ്രദേശമായ കാട്ടുമുറാക്കല്‍ മുസ്ലീം ദേവാലയത്തിനും വസ്തുക്കള്‍ ദാനം ചെയ്തത് ഒരേ കുടംബക്കാരാണ്. ഇംഗ്ളീഷുകാര്‍ ഈ ഗ്രാമത്തില്‍ അരയ തുരുത്തിയില്‍ നടത്തിയ മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കും അവര്‍ സ്ഥാപിച്ച ദേവാലയത്തിനും ഈ ഗ്രാമീണര്‍ സര്‍വ്വവിധ പിന്തുണയും നല്‍കി. ഇങ്ങനെ മതമൈത്രിയും, സഹോദര്യവും ഒത്തുചേര്‍ന്ന സാംസ്കാരിക പൈതൃകം ഈ ഗ്രാമത്തിന്റെ ഉദാത്ത വീക്ഷണത്തിന്റെ തെളിവാണ്. ഗ്രാമീണര്‍ ദക്ഷിണ കേരളത്തിലേയും, തമിഴ്നാട്ടിലേയും എണ്ണപ്പെട്ട നാടക കമ്പനികളെ വരുത്തി നാടകം ആസ്വദിക്കുക പതിവായിരുന്നു. അക്കാലത്ത് പ്രസിദ്ധമായിരുന്ന കാക്കരശ്ശി നാടകം ക്ഷേത്രോത്സവങ്ങള്‍ കലാസംഗമത്തിന്റ വേദികളായിരുന്നു. അയിത്തവും തീണ്ടലും നിലനിന്നിരുന്ന കാലത്തു പോലും ക്ഷേത്രോത്സവം ഗ്രാമത്തിന് ലഹരിയായിരുന്നു. ഈഴവര്‍ക്കും മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്കും ക്ഷേത്ര പ്രവേശനം ഈ ഗ്രാമത്തിലും നിഷിദ്ധമായിരുന്നു. ശാര്‍ക്കര ദേവീക്ഷേത്രത്തിനും കുറേയധികം അകലെ നിന്ന് തൊഴുതു മടങ്ങുകയായിരുന്നു പതിവ്. ഈ അനാചാരങ്ങള്‍ക്ക് മാറ്റം വരുത്തുവാന്‍ ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തില്‍ അലയടിച്ചുയര്‍ന്ന മുന്നേറ്റങ്ങള്‍ ഈ ഗ്രാമത്തെ വളരെയധികം സ്വാധീനിച്ചു. സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിന്റെ ഭാഗമായി അയിത്തത്തിനെതിരായ പ്രക്ഷോഭങ്ങള്‍ക്കും ക്ഷേത്ര പ്രവേശനത്തിനും സാമുഹ്യ സമത്വത്തിന് വേണ്ടിയുണ്ടായ ചായക്കട വഴക്ക് പോലുള്ള സമരങ്ങള്‍ക്കും ഈ കാലഘട്ടം സാക്ഷ്യംവഹിച്ചു. സാമൂഹ്യ നീതിക്കുവേണ്ടി തിരുവിതാംകൂറില്‍ നടന്ന പ്രഥമ മുന്നേറ്റങ്ങളിലൊന്നായിരുന്നു ശീലവഴക്ക് (നാടാര്‍ ലഹള). താഴ്ന്ന ജാതിക്കാര്‍ക്ക് സവര്‍ണ്ണ സ്ത്രീകള്‍ ധരിക്കുന്നതുപോലെ മേല്‍വസ്ത്രം ധരിക്കാന്‍ അക്കാലത്ത് അനുവാദമുണ്ടായിരുന്നില്ല. വസ്ത്ര ധാരണത്തിനുള്ള സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട് ദക്ഷിണ തിരുവിതാംകൂറിലുണ്ടായ അതിശക്തമായ ബഹുജന പ്രക്ഷോഭത്തിന്റെ അലകള്‍ ഈ ഗ്രാമീണരേയും സ്വാധീനിച്ചു. 1829-ല്‍ അന്നത്തെ തിരുവിതാംകൂര്‍ റാണി പാര്‍വ്വതീഭായി തമ്പുരാട്ടിയുടെ വിളംബരത്തെതുടര്‍ന്ന് സ്ത്രീകള്‍ക്ക് വസ്ത്രധാരണ സ്വാതന്ത്ര്യം ലഭ്യമായി. എന്നാല്‍ മേല്‍മുണ്ടു ധരിക്കാനുള്ള അവകാശം 1859-ലാണ് ഉണ്ടായത്. നൂറ്റാണ്ടുകളുടെ പഴമയും പേറിനില്‍ക്കുന്ന ക്ഷേത്രങ്ങളും, പള്ളികളും പുരാതന പാശ്ചാത്യ-പൌരസ്ത്യ നിര്‍മ്മാണ കലയുടെ സമന്വയം സൂചിപ്പിക്കുന്നവയാണ്. ഒട്ടനവധി ഐതിഹ്യങ്ങളുടെ കലവറയായ ഈ ആരാധനാലയങ്ങളില്‍ ചിലത് കൊല്ലവര്‍ഷാരംഭത്തിലും, മറ്റു ചിലത് യുറോപ്യന്മാരുടെ ആഗമനത്തിന് ശേഷമുള്ളവയുമാണ്. ശാര്‍ക്കര ദേവീക്ഷേത്രം, കേളേശ്വരം ശിവക്ഷേത്രം, ശ്രീകൃഷ്ണക്ഷേത്രം, കടകം സെന്റ് ജെയിംസ് ദേവാലയം, ആള്‍സെയിന്‍സ് ചര്‍ച്ച് അരയാതുരുത്തി, മിയാപള്ളി, പണ്ടകശാല തുടങ്ങിയവ പൌരാണിക നിര്‍മ്മിതിക്കുദാഹരണങ്ങളാണ്. ആധുനിക തിരുവിതാംകൂറിലുണ്ടായ സാമൂഹ്യവും, സാംസ്കാരികവുമായ പുരോഗതി ഈ ഗ്രാമത്തേയും സ്വാധീനിച്ചിട്ടുണ്ട്. കലാ-സംസ്ക്കാരിക മേഖലകളില്‍ ഗ്രാമത്തിനാകെ സഹായകമായ ഭഗവതിവിലാസം ഗ്രന്ഥശാല ഈ പ്രദേശത്തിലെ ഗ്രന്ഥശാലകളുടെ മുത്തശ്ശിയായി ഇന്നും തുടരുന്നു. ആയോധന കലകളും ക്ഷേത്ര പരിസരത്ത് വികാസം പ്രാപിച്ചിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആക്കോട്ട് ആശാന്മാരുടെ കളരി ഇന്നും നിലനില്‍ക്കുന്നു. ഈ ക്ഷേത്ര പരിസരത്തും ഗ്രന്ഥശാലയിലും ഹരിശ്രീ കുറിച്ച കലാകാരന്മാര്‍ നിരവധിയാണ്. 1940-കളില്‍ ശാര്‍ക്കരയില്‍ ചിറയിന്‍കീഴ് താലൂക്കിലെ പ്രഥമ സാംസ്കാരിക സമ്മേളനം നടന്നിരുന്നു. കേശവദേവ്, പ്രൊ:ജോസഫ് മുണ്ടശ്ശേരി, തകഴി ശിവശങ്കരപിള്ള, പ്രൊ.എം.എന്‍ കുറുപ്പ് തുടങ്ങിയ മഹാപ്രതിഭകള്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്. 1968-ല്‍ ദക്ഷിണ തിരുവിതാംകൂറിലെ ആദ്യത്തെ ജലോത്സവം ഇവിടെ സംഘടിപ്പിക്കപ്പെട്ടു. ജലഘോഷയാത്രയ്ക്ക് അമിത പ്രാധാന്യമുണ്ടായിരുന്ന ഈ ജലോത്സവം ചൂണ്ടവള്ളങ്ങളുടെ വരവ് നിലച്ചതോടെ അപ്രത്യക്ഷമായി. 1950-കള്‍ക്ക് ശേഷമാണ് ഈ പ്രദേശത്ത് തൊഴില്‍സമരങ്ങളുണ്ടാകുന്നത്. തൊഴിലാളി പ്രസ്ഥാനങ്ങളുടെ ശ്രമഫലമായി കയര്‍ - കാര്‍ഷിക മേഖലകളില്‍ തൊഴിലാളികള്‍ സംഘടിപ്പിക്കപ്പെട്ടതോടുകൂടി അവരുടെ അടിസ്ഥാനം ശക്തിപ്പെടുകയും തുടര്‍ന്ന് 1950-കളില്‍ ആദ്യമായി ഈ ഗ്രാമത്തില്‍ കയര്‍തൊഴിലാളികള്‍ കൂലിവര്‍ദ്ധനവിനായുള്ള പ്രക്ഷോഭത്തിനായി മുന്നോട്ട് വരികയും ചെയ്തു. 20 ദിവസം നീണ്ടുനിന്ന സമരം വിജയിക്കുകയും എട്ടണക്കൂലി നിലവില്‍ വരുകയും ചെയ്തു. കൈത്തറി, ബീഡി, എന്നീ മേഖലകളിലെ തൊഴിലാളികളെ സംഘടിപ്പിക്കുവാനും അവരുടെ സേവന-വേതന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കുവാനും അക്കാലത്ത് തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞു. ജന്മിസമ്പ്രദായമായിരുന്നു അക്കാലത്ത്  നിലനിന്നിരുന്നത്. ഓരോ ജന്മിത്തറവാടുകളേയും കേന്ദ്രീകരിച്ച് കുറെയധികം കാര്‍ഷിക തൊഴിലാളികളുമുണ്ടായിരുന്നു. കാക്കരശ്ശിനാടകരംഗത്ത് പുകള്‍പെറ്റ ഗോവിന്ദനാശാന്‍ , സിനിമാരംഗത്ത് തിളങ്ങിയ പ്രേംനസീര്‍ , പ്രേംനവാസ്, ഭാരത് ഗോപി, ചിറയിന്‍കീഴ് രാമകൃഷ്ണന്‍, ജി.കെ.പിള്ള തുടങ്ങിയവരും ആധുനിക നാടകരംഗത്തെ ആചാര്യനായ ജി.ശിവശങ്കരപിള്ള ശോഭനാ പരമേശ്വരന്‍നായര്‍, പ്രശ്സത കലാകാരന്‍ ശ്രീകണ്ഠന്‍നായര്‍ ഗാനരചനാ, ചിത്രരചനാ രംഗങ്ങളില്‍ നിറഞ്ഞുനിന്ന സോമദത്തന്‍, കൊച്ചുവയലില്‍ ലോഹി, ആര്‍ട്ടിസ്റ്റ് മോഹന്‍ദാസ് തുടങ്ങിയവര്‍ ഈ പ്രദേശത്തെ പ്രമുഖ വ്യക്തിത്വങ്ങളാണ്.

No comments:

Post a Comment