Tuesday 20 September 2011

മലപ്പുറം ജില്ലയിലൂടെ





മലപ്പുറംജില്ലയിലൂടെ 

 സാമൂഹ്യ-സാംസ്കാരിക ചരിത്രം

ഉരുക്കുനിര്‍മ്മാണം യൂറോപ്പിന് പോലും അജ്ഞാതമായിരുന്ന കാലത്ത് വാളും, ചട്ടികളും ഉള്‍പ്പെടെയുള്ള ഉരുക്കുസാമഗ്രികള്‍ ഈജിപ്ത്, റോം, തുര്‍ക്കി, ഗ്രീസ്, ദമാസ്ക്കസ് എന്നിവിടങ്ങളിലേക്ക് പുരാതനകാലം മുതല്‍ ഇവിടെ നിന്നും കയറ്റി അയച്ചിരുന്നു. ഒന്നാം ചേര സാമ്രാജ്യ കാലത്തെ തുറമുഖമായിരുന്ന തുണ്ടിസ് (കടലുണ്ടി) മലപ്പുറം ജില്ലയുടെ വടക്കുപടിഞ്ഞാറേ അതിര്‍ത്തിപ്രദേശമാണ്. നാലായിരം വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന തിരുനാവായയിലെ നാവാമുകുന്ദ ക്ഷേത്രം ജില്ലയിലെ ഏറ്റവും പുരാതനമായ ആരാധനാലയമാണ്. വെട്ടത്തു നാട്ടില്‍ (തിരൂര്‍) പതിനേഴാം നൂറ്റാണ്ടിലാണ് ആധുനിക മലയാളഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്‍ ജനിച്ചത്. കേരളത്തിന്റെ പുരാതനവും ആധുനികവുമായ ചരിത്രഗതിയില്‍ നിര്‍ണ്ണായകമായി മാറിയ സംഭവങ്ങള്‍ അരങ്ങേറിയ ഒട്ടനവധി പ്രദേശങ്ങള്‍ മലപ്പുറം ജില്ലയിലുണ്ട്. പ്രാചീന കേരളത്തിലെ അതിശക്തനായ ഭരണാധികാരിയായിരുന്ന പെരുമാളിന്റെ അധീശാധികാരങ്ങള്‍ അംഗീകരിക്കുന്നതിനായി ഓരോ പന്ത്രണ്ടു വര്‍ഷം കൂടുമ്പോഴും കേരളത്തിലെ മുഴുവന്‍ നാട്ടുകൂട്ടങ്ങളും തിരുനാവായയില്‍ ഒത്തുകൂടിയിരുന്ന മഹോത്സവമായിരുന്നു മാമാങ്കം. പെരുമാളിനു ശേഷം മാമാങ്കത്തിന്റെ രക്ഷാപുരുഷനായ വള്ളുവക്കോനാതിരിയെ പുറത്താക്കിക്കൊണ്ട് കോഴിക്കോട് സാമൂതിരി യുദ്ധം പ്രഖ്യാപിച്ചു. സാമൂതിരിയെ ചെറുത്തു തോല്‍പ്പിക്കാനായില്ലെങ്കിലും മാമാങ്കദിവസം ചാവേര്‍പ്പടയായി വള്ളുവക്കോനാതിരിദേശത്തെ യുവജനങ്ങള്‍ അണിനിരക്കുക പതിവായിരുന്നു. പുരാതന രാജവാഴ്ചകളായിരുന്ന നെടിയിരിപ്പ്, പെരുമ്പടപ്പ്, നിലമ്പൂര്‍ കോവിലകം എന്നീ സ്വരൂപങ്ങളുടെ കേന്ദ്രസ്ഥാനങ്ങള്‍ സ്ഥിതി ചെയ്യുന്നത് മലപ്പുറം ജില്ലയിലാണ്. 1507-ല്‍ പൊന്നാനിയിലെത്തിയ പോര്‍ച്ചുഗീസുകാരെ തുരത്താന്‍ മാപ്പിളമാര്‍ ശക്തമായി ചെറുത്തുനിന്നു. 1524-ല്‍ സര്‍വസന്നാഹവുമായി പോര്‍ച്ചുഗീസുകാര്‍ പൊന്നാനി ആക്രമിച്ചു. 1574-ല്‍ പോര്‍ച്ചുഗീസുകാര്‍ പരപ്പനങ്ങാടി ആക്രമിക്കുകയും കൊള്ളയും കൊള്ളിവെപ്പും നടത്തുകയും ചെയ്തു. 1663-ല്‍ ഡച്ചുകാരുടെ ആക്രമണത്തിനും പൊന്നാനി വിധേയമായി. 1766-ലാണ് ഹൈദരാലിയുടെ ആക്രമണം മലബാറിനു നേരെയുണ്ടാകുന്നത്. അതോടെ ഈ പ്രദേശങ്ങള്‍ മൈസൂര്‍ സുല്‍ത്താന്റെ ഭരണപ്രവിശ്യകളായി മാറി. മൈസൂര്‍ സൈന്യവും, ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി മലബാറില്‍ നടന്ന പ്രധാന ഏറ്റുമുട്ടലുകളിലൊന്ന് തിരൂരിനടുത്തുള്ള മംഗലത്ത് വച്ചായിരുന്നു. 1799-ല്‍ ടിപ്പുവിന്റെ മരണത്തെത്തുടര്‍ന്ന് ഈ പ്രദേശങ്ങള്‍ ബ്രിട്ടീഷുകാരുടെ പൂര്‍ണ്ണ അധികാരത്തിന്‍ കീഴിലാവുകയും ചെയ്തു. 1792-മുതല്‍ 1921-വരെ മാപ്പിളമാരുടെ നേതൃത്വത്തില്‍ രൂക്ഷമായ ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങള്‍ ഇവിടെ നടക്കുകയുണ്ടായി. പത്തൊമ്പതാം നൂറ്റാണ്ടില്‍, മമ്പുറം സയ്യിദ് അലവി തങ്ങള്‍ “അസ്സയ്ഫുല്‍ബത്യാര്‍” എന്ന സ്വന്തം കൃതിയിലൂടെ ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധസജ്ജരാകാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. ഇന്ത്യക്കാരില്‍ നിന്ന് നികുതി പിരിക്കാനുള്ള ബ്രിട്ടീഷ് അധികാരത്തെ ആദ്യവര്‍ഷം തന്നെ മാപ്പിളമാര്‍ ചോദ്യം ചെയ്തു. എളുമ്പിലാശ്ശേരി ഉണ്ണിമൂസയും, മഞ്ചേരി അത്തന്‍കുരിക്കളും പോരാട്ടത്തിന് നേതൃത്വം നല്‍കി. നികുതി നിഷേധ സമരത്തിന്റെ ആദ്യ പ്രഖ്യാപനം നടത്തിയ വെളിയങ്കോട് ഉമര്‍ഖാസിയെ ബ്രിട്ടീഷുകാര്‍ ജയിലിലടച്ചു. ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന കലാപത്തില്‍ പലരും രക്തസാക്ഷികളായി. ഒരുപാട് ആള്‍ക്കാരെ ആസ്ത്രേലിയയിലേക്കും, ഇന്ത്യാസമുദ്രത്തിലെ വിജനമായ ദ്വീപുകളിലേക്കും നാടുകടത്തി. മമ്പുറം സയ്യിദ് ഫസല്‍ തങ്ങളേയും 57 അനുയായികളേയും അറേബ്യയിലേക്ക് നാടുകടത്തി. ഏറനാട്, വള്ളുവനാട് എന്നീ പ്രദേശങ്ങളില്‍ ഒരുപാട് പേരുടെ മരണത്തിനുത്തരവാദിയായിരുന്ന മലബാര്‍ ജില്ലാകളക്ടര്‍ കനോലിയെ (1855) തടവ് ചാടിയ മൂന്ന് മാപ്പിളമാര്‍ കോഴിക്കോട്ടെ ബംഗ്ളാവില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തി. 1921 ആഗസ്റ്റ് 20-ന് ബ്രിട്ടീഷ് പട്ടാളം തിരൂരങ്ങാടി തീവച്ചു. തിരൂരങ്ങാടിയിലെ തീവെയ്പിലും കൊള്ളയിലും നേതാക്കന്മാരുടെ അറസ്റ്റിലും പ്രതിഷേധിച്ച് 1921 ആഗസ്റ്റ് 26-നു നടന്ന കലാപമാണ് “പൂക്കോട്ടൂര്‍ യുദ്ധം” എന്ന പേരില്‍ ബ്രിട്ടനു നേരിടേണ്ടി വന്ന ഏകയുദ്ധമായി ബ്രിട്ടീഷ് ഗവണ്‍മെന്റ് രേഖപ്പെടുത്തിയിട്ടുള്ളത്. 420-ലധികം ആളുകള്‍ ഈ കലാപത്തില്‍ രക്തസാക്ഷികളാവുകയുണ്ടായി. ആഗസ്റ്റ് 29-ന് ഏറനാട്, വള്ളുവനാട്, പൊന്നാനി താലൂക്കുകളില്‍ പട്ടാള നിയമം പ്രഖ്യാപിച്ചു. ഒക്ടോബര്‍ 25-ന് മലപ്പുറം മേല്‍മുറിയിലെ വീടുകള്‍ പട്ടാളം വളയുകയും വൃദ്ധന്മാരും കുട്ടികളുമടക്കം 246 പേരെ വെടിവച്ചുകൊല്ലുകയും ചെയ്തു. എം.എസ് എം.എല്‍.വി 1711 എന്ന നമ്പര്‍ വാഗണില്‍ കലാപത്തില്‍ പിടിക്കപ്പെട്ടവരെ കുത്തിനിറച്ച് 1921 നവംബര്‍ 20-ന് തിരൂരില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട തീവണ്ടിയില്‍ ശ്വാസം മുട്ടിയും മരണവെപ്രാളത്തില്‍ മുറിപ്പെട്ടും ജീവന്‍ നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. മനുഷ്യമനസാക്ഷിയെ മരവിപ്പിച്ച ഈ ദാരുണസംഭവം “വാഗണ്‍ ട്രാജഡി” എന്നാണ് ചരിത്രത്തില്‍ അറിയപ്പെടുന്നത്. 1861-ല്‍ ബേപ്പൂര്‍-പട്ടാമ്പി റിയല്‍വേ ലൈനും, 1927-ല്‍ ഷോര്‍ണ്ണൂര്‍-നിലമ്പൂര്‍ റയില്‍വേ ലൈനും ബ്രിട്ടീഷുകാര്‍ സ്ഥാപിച്ചു. “നാരായണീയം” എന്ന കൃതിയുടെ കര്‍ത്താവായ മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരി, “ജ്ഞാനപ്പാന”യുടെ കര്‍ത്താവായ പൂന്താനം നമ്പൂതിരി, മഹാകവി വള്ളത്തോള്‍ നാരായണമേനോന്‍, മാപ്പിള കവി മോയിന്‍കുട്ടി വൈദ്യര്‍, ഉറൂബ്, കഥകളി ആചാര്യന്‍ വാഴേംകട കുഞ്ചുനായര്‍ തുടങ്ങിയ ഒട്ടേറെ പ്രഗത്ഭ വ്യക്തികള്‍ ജനിച്ച സ്ഥലങ്ങള്‍ മലപ്പുറം ജില്ലയിലാണ്. ജില്ലയുടെ പടിഞ്ഞാറു ഭാഗം കടലായതിനാല്‍ മത്സ്യബന്ധനമാണ് ഇവിടുത്തെ പ്രധാന ഉപജീവനമാര്‍ഗ്ഗം.സ്റ്റേറ്റ് ഹൈവേയും, നാഷണല്‍ ഹൈവേയും ഈ ജില്ലയിലൂടെ കടന്നുപോകുന്നുണ്ട്. കിഴക്ക് നീലഗിരി മലനിരകളും, 70 കിലോമീറ്റര്‍ നീളത്തില്‍ അറബിക്കടലോരവും ഈ ജില്ലയ്ക്കുണ്ട്. നെടുങ്കയം കനോലി പ്ളാന്റേഷന്‍, കൂട്ടായി അഴിമുഖം, ബിയ്യം കായല്‍, ദേശാടനപക്ഷികളുടെ ആവാസകേന്ദ്രമായി മാറിയ കടലുണ്ടി, പുറത്തൂര്‍ പ്രദേശങ്ങള്‍, സാഹസികയാത്രയ്ക്ക് പറ്റിയ ആഡ്യന്‍ പാറ, കൊടികുത്തിമല, മമ്പാട് ഒലി, ഈരകം മല തുടങ്ങിയ ട്രക്കിംഗ് പാത്തുകള്‍, എല്ലാ വര്‍ഷവും നടത്തിവരാറുള്ള ബിയ്യം-കീഴുപറമ്പ് ജലോത്സവങ്ങള്‍, മാമാങ്കവുമായി ബന്ധപ്പെട്ട ചരിത്രസ്മാരങ്ങള്‍ എന്നിവയെല്ലാം വിനോദസഞ്ചാരികളേയും ചരിത്രകുതുകികളേയും ഒരുപോലെ ആകര്‍ഷിച്ചുവരുന്നു. കോട്ടക്കല്‍ ആര്യവൈദ്യശാല ആയുര്‍വ്വേദ ചികിത്സാരംഗത്ത് ലോകപ്രശസ്തമാണ്. തിരൂരിലെ തുഞ്ചന്‍പറമ്പ് മലയാളഭാഷാപിതാവിന്റെ സ്മാരകവും ഗവേഷണ കേന്ദ്രവും സ്ഥിതി ചെയ്യുന്ന സ്ഥലമാണ്. കോഴിക്കോട് സര്‍വ്വകലാശാല സ്ഥിതി ചെയ്യുന്ന തേഞ്ഞിപ്പലം, കോഴിക്കോട് വിമാനത്താവളം സ്ഥിതി ചെയ്യുന്ന കരിപ്പൂര്‍, പൂങ്കുടില്‍മന മാനസികരോഗ ആയുര്‍വേദചികിത്സാ കേന്ദ്രം, ശാന്തപുരം ജാമിയ നൂറിയ അറബിക് കോളേജ് എന്നിവ സ്ഥിതി ചെയ്യുന്നതും മലപ്പുറം ജില്ലയിലാണ്

No comments:

Post a Comment