Monday 26 September 2011

ചമ്പക്കുളം

സാമൂഹിക-സാംസ്കാരികചരിത്രം
ഈ നാടും ഇതിന്റെ ചരിത്രവും സംസ്ക്കാരവും ഉല്‍പാദനപ്രക്രിയയുമെല്ലാം മനുഷ്യന്റെ പേശീബലം കൊണ്ട് സൃഷ്ടിക്കപ്പെട്ടതാണ്. നായര്‍ പ്രബലതയുള്ള സ്ഥലമായിരുന്നു ഈ ഗ്രാമം. ഇവരില്‍ പ്രധാനികള്‍ ചെമ്പകശ്ശേരി രാജാവിന്റെ ഉപ പടനായന്മാരും, വൈദ്യന്മാരുമായിരുന്ന വെള്ളൂര്‍ കുറുപ്പന്മാര്‍ ആയിരിക്കണം. വെട്ടും കുത്തും മാത്തൂര്‍ക്ക്; ഒടിവും ചതവും വെള്ളൂര്‍ക്ക് എന്നൊരു ചൊല്ലും ഇവിടെ നിലവിലുണ്ടായിരുന്നു. പടിപ്പുരയ്ക്കല്‍ ക്ഷേത്രപരിസരത്ത് കളരി കെട്ടി ആയുധപരിശീലനവും നടത്തുന്നുണ്ടായിരുന്നു. കടത്തനാട്ടില്‍ നിന്ന് നായനാര്‍മാര്‍ വന്ന് ഈ കളരികളില്‍ ആയുധവിദ്യ പഠിപ്പിച്ചിരുന്നു. ഇന്ന് പടച്ചാല്‍ എന്നറിയപ്പെടുന്ന പാടശേഖരത്ത് വര്‍ഷംതോറും ആയില്യം മകത്തിന് അധ:സ്ഥിതര്‍ കല്ലും, കവണിയുമായി രണ്ടു വിഭാഗമായി തിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. സംഘബോധത്തിന്റെയും കൂട്ടായ യത്നത്തിന്റേയും ചരിത്ര പൈതൃകമാണ് ഈ നാട്ടിലുള്ളതെന്നതിന് ഏറ്റവും പ്രബലമായ തെളിവാണ് ചമ്പക്കുളം മൂലം വള്ളംകളി. കൊല്ലവര്‍ഷം 990-ല്‍ ആണ് മൂലം വള്ളംകളി ആരംഭിച്ചത്. വള്ളനിര്‍മ്മാണത്തിന്റെ സാങ്കേതികവിദ്യ പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. പൊങ്ങുതടിയില്‍ നിന്നും ചുണ്ടന്‍ വള്ളങ്ങള്‍ വരെ നിര്‍മ്മിക്കുന്ന ഇവിടുത്തെ സാങ്കേതികവിദ്യ വികസിച്ചത് വളരെ വേഗത്തിലാണ്. യോദ്ധാക്കള്‍ക്കായി ചുണ്ടന്‍വള്ളം, അകമ്പടിക്കായി വെയ്പുവള്ളങ്ങള്‍, മിന്നല്‍യുദ്ധങ്ങള്‍ക്ക് ഇരുട്ടുകുത്തി ഇങ്ങനെയാണ് രീതി. യുദ്ധകാര്യങ്ങളില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ശക്തമായ പിന്‍ബലം നല്‍കിയിരുന്ന നാടാണ് ചമ്പക്കുളം. പിന്നീട് ചെമ്പകശ്ശേരി, മാര്‍ത്താണ്ഡവര്‍മ കീഴടക്കിയതും, മാര്‍ത്താണ്ഡവര്‍മ്മയ്ക്കു ശേഷം ബ്രിട്ടീഷുകാര്‍ ഭരണാധികാരികളായതുമുള്‍പ്പെടെ ചരിത്രത്തിലുള്ളതെല്ലാം ഈ ഗ്രാമത്തിനും ബാധകമാണ്. ഒന്നാം ലോകമഹായുദ്ധ കാലത്ത്, ബ്രണ്ടന്‍ സായ്പ്പിന്റെ യന്ത്രവത്ക്കരണപ്രവര്‍ത്തനങ്ങള്‍ കുട്ടനാടന്‍ കാര്‍ഷികമേഖലയില്‍ വ്യാപകമായ മാറ്റങ്ങള്‍ വരുത്തി. നവീനവിദ്യാഭ്യാസം ജനങ്ങളുടെയിടയില്‍ പ്രചരിക്കാന്‍ തുടങ്ങി. പഞ്ചായത്തില്‍ ആദ്യമായി 1884-ല്‍ ഒരു വിദ്യാലയം പുന്നക്കുന്നത്തുശ്ശേരില്‍ സ്ഥാപിതമായി. ആദ്യത്തെ വായനശാലയായ പബ്ളിക് ലൈബ്രറി ചമ്പക്കുളം 1945-ലാണ് സ്ഥാപിതമായത്. കുട്ടനാട്ടിലെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ നേതാവായിരുന്നു ചാക്കോ കാഞ്ഞൂപ്പറമ്പന്‍. ജാതി പീഡനത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് എം.കെ.കൃഷ്ണന്‍, കുറ്റിക്കാട്ടില്‍ ശങ്കരന്‍ചാന്നാന്‍ (കൈനകരി) എന്നിവര്‍ വഹിച്ച പങ്ക് പ്രത്യേകം പ്രസ്താവ്യമാണ്. കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളി പ്രസ്ഥാനം 1939 ഡിസംബര്‍ 8-നാണ് രൂപീകരിക്കപ്പെടുന്നത്. അടിയാളനെ കൊന്നതിന് തമ്പ്രാനെതിരെ ഫയല്‍ ചെയ്യപ്പെട്ട കുട്ടനാട്ടിലെ ആദ്യത്തെ കേസ് ആണ് ഓമനചിന്ന കേസ്. കര്‍ഷകത്തൊഴിലാളി സമരങ്ങളില്‍ ഏറ്റവും പ്രമുഖമായ 1955-ലെ വെള്ളിശ്രാക്കല്‍ സമരത്തിന് നേതൃത്വം കൊടുത്തവരിലൊരാള്‍ ഈ നാട്ടുകാരനായ പി.കെ.പാട്ടമായിരുന്നു. നിഷ്ഠൂരമായ മര്‍ദ്ദനങ്ങള്‍ സഹിച്ചുകൊണ്ട് കര്‍ഷകത്തൊഴിലാളികളുടെ മോചനത്തിനുവേണ്ടി പ്രവര്‍ത്തിച്ച പി.കെ.പരമേശ്വരകൈമള്‍ എന്ന പി.കെ.പാട്ടം പരക്കെ അറിയപ്പെടുന്ന നേതാവായിരുന്നു. 1964-ല്‍ പ്രസിദ്ധമായ ചിറക്ക് പുറം സമരം നടന്നു. കൂലി ഏട്ടണയില്‍ നിന്നും 12 അണയാക്കി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഈ സമരം കാലണാ സമരം എന്നറിയപ്പെടുന്നു. കളത്തില്‍ സ്കറിയ എന്ന ജന്മിയുടെ പാടശേഖരത്തിലാണ് ഈ സമരം നടന്നത്

ഭരണങ്ങാനം

സാമൂഹിക സാംസ്കാരിക ചരിത്രം
ആദ്യകാലം മുതല്‍ ഭരണങ്ങാനം പ്രദേശത്ത് ജനവാസമുണ്ടായിരുന്നതായി കാണാം. ആദ്യമെത്തിയത് നെഗ്രിറ്റോ വര്‍ഗക്കാരായിരുന്നു, പിന്നീട് ദ്രാവിഡര്‍ എത്തി. ഏറ്റവും ഒടുവില്‍ ആര്യന്മാരും. ഭീമസേനന്‍ പാരണം നടത്തിയ വന (കാനം) പ്രദേശം എന്നതില്‍ നിന്ന് ഈ സ്ഥലത്തിന് പാരങ്ങാനം എന്ന പേരുണ്ടായി. പില്‍ക്കാലത്ത് അത് ഭരണങ്ങാനമായി മാറി എന്ന് ഐതിഹ്യം. സാമൂഹ്യപരിഷ്ക്കാരം, ദേശീയസ്വാതന്ത്ര്യം, ഉത്തരവാദഭരണം തുടങ്ങിയ ദേശീയപ്രസ്ഥാനങ്ങളോട് ബന്ധപ്പെട്ട് കേരളത്തില്‍ നടന്നിട്ടുള്ള പ്രക്ഷോഭണങ്ങളിലും സമരങ്ങളിലും ഭരണങ്ങാനം പ്രദേശം അതിന്റേതായ പങ്കുവഹിച്ചിട്ടുണ്ട്. ഭരണങ്ങാനം മച്ചയാനിയില്‍ പാപ്പച്ചന്‍ എന്നു വിളിച്ചിരുന്ന ഐ.ഡി.ചാക്കോ ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഒരു വ്യക്തിയാണ്. ഭരണങ്ങാനം പള്ളി മുന്‍കൈ എടുത്ത് നിര്‍മ്മിച്ച് സര്‍ക്കാരിനു നല്‍കിയ കെട്ടിടത്തില്‍ 1897-ല്‍ ഒരു ഇംഗ്ളീഷ് സ്കൂള്‍ ആരംഭിച്ചു. 1952 ആഗസ്റ്റ് 15-ന് വേഴങ്ങാനത്ത് ഒരു വില്ലേജ് ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂം ആരംഭിച്ചു. പുനലൂര്‍-മൂവാറ്റുപുഴ സ്റ്റേറ്റ് ഹൈവേ പഞ്ചായത്തിന്റെ വടക്കുഭാഗത്തു കൂടി കടന്നു പോകുന്നു. പുരാതനകാലത്ത് തമിഴ്നാടുമായി വാണിജ്യം നടത്തുന്നതിന് ഉപയോഗിച്ചുകൊണ്ടിരുന്ന മലമ്പാതയുടെ അവശിഷ്ടങ്ങള്‍ ഇന്നും ഭരണങ്ങാനത്തുണ്ട്. പാണ്ഡവന്മാര്‍ ഭരണങ്ങാനത്തു സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ശ്രീകൃഷ്ണക്ഷേത്രം വളരെ പ്രസിദ്ധമാണ്. ഇടപ്പാടി വഴനേക്കാവു ക്ഷേത്രം വളരെ പുരാതനമായ ഒന്നാണ്. അളനാട്ടിലുള്ള ശ്രീകൃഷ്ണസ്വാമിക്ഷേത്രം ആയിരം വര്‍ഷംമുമ്പു നിര്‍മിച്ചതാണ്. പുണ്യശ്ളോകയായ അല്‍ഫോന്‍സായുടെ ശവകുടീരം ഭരണങ്ങാനത്താണ്. അനുഗ്രഹം തേടി പതിനായിരങ്ങള്‍ ഇവിടെ എത്താറുണ്ട്. മീനച്ചിലാറും പരിസരപ്രദേശങ്ങളും ക്ഷേത്രങ്ങളും സഞ്ചാരികളെ ആകര്‍ഷിക്കുന്ന കേന്ദ്രങ്ങളാണ്. പഞ്ചായത്തിലെ അയ്യമ്പാറയും പറമ്പൂരാംപാറയും ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കാവുന്ന പ്രദേശങ്ങളാണ്. വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട സിസ്റ്റര്‍ അല്‍ഫോന്‍സായുടെ ശവകുടീരവും അനുബന്ധ സ്മാരകങ്ങളും ഭരണങ്ങാനം പള്ളിയും ഇന്ന് ലോകമെമ്പാടും അറിയപ്പെടുന്ന പരിശുദ്ധ തീര്‍ത്ഥാടനകേന്ദ്രമാണ്. ഏകദേശം 7000 വര്‍ഷങ്ങള്‍ക്ക് മുമ്പ് പാണ്ഡവരാല്‍ സ്ഥാപിക്കപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്ന ഭരണങ്ങാനം ശ്രീകൃഷ്ണക്ഷേത്രം, പ്രവിത്താനം, ഇളന്തോട്ടം പള്ളികള്‍, സംസ്ഥാന ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കയ്യൂര്‍, കൂവക്കാട് പ്രദേശങ്ങള്‍ കൂടാതെ ഐതിഹ്യമാലയില്‍ പ്രതിപാദിച്ചിരിക്കുന്ന കുളപ്പുറത്ത് ഭീമന്‍ ജീവിച്ചിരുന്ന കയ്യൂര്‍ പ്രദേശം, 2002 ല്‍ ആരംഭിച്ച ചൂണ്ടച്ചേരി എന്‍ജിനീയറിംഗ് കോളേജ്, ചെറുപുഷ്പമിഷന്‍ ലീഗ് ആസ്ഥാനം ഭരണങ്ങാനം എന്നീ സ്ഥലങ്ങളും പുറംലോകം അറിയപ്പെടേണ്ട ആകര്‍ഷകങ്ങളായ സ്ഥലങ്ങളാണ്. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ പഞ്ചായത്തിലെ ഒരു പ്രധാന ആഘോഷമാണ്. കത്തോലിക്ക സഭ ഇന്ത്യയില്‍ നിന്നും വിശുദ്ധയായി പ്രഖ്യാപിച്ച ആദ്യവനിതയായ അല്‍ഫോന്‍സാമ്മയുടെ ജന്മദേശം ഭരണങ്ങാനം എന്ന ഈ ഗ്രാമമാണ്. വിശുദ്ധയായി പ്രഖ്യാപിച്ചതോടെ അല്‍ഫോന്‍സാമ്മയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്ത് വിശ്വാസികളുടെ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമായി മാറി. ആരോഗ്യ പരിപാലന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന നിരവധി ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിലുണ്ട്. ചൂണ്ടച്ചേരി ആയുര്‍വേദ ഡിസ്പെന്‍സറി, പ്രവിത്താനം ഹോമിയോ ഡിസ്പെന്‍സറി, അളനാട് ഒരപ്പുഴയ്ക്കല്‍ ഹോമിയോ ഡിസ്പെന്‍സറി, ഉളളനാട് പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവ പ്രാഥമിക ചികില്‍സാ സൌകര്യങ്ങള്‍ ലഭ്യമാക്കുന്ന കേന്ദ്രങ്ങളാണ്. കൂടാതെ ഭരണങ്ങാനത്ത് ഐ.എച്ച്.എം. ഹോസ്പിറ്റലും പ്രവര്‍ത്തിക്കുന്നുണ്ട്. ഭരണങ്ങാനം പഞ്ചായത്തില്‍ സ്വകാര്യ മേഖലയിലും സര്‍ക്കാര്‍ മേഖലയിലുമായി നിരവധി വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഭരണങ്ങാനം അല്‍ഫോന്‍സാ റസിഡന്‍ഷ്യല്‍ സ്കൂള്‍, ചൂണ്ടച്ചേരിയിലെ സെന്റ് ജോസഫ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് എന്നിവ ഇവയില്‍ ചിലതു മാത്രമാണ്. പഞ്ചായത്തില്‍ ഭരണങ്ങാനം ഗ്രന്ഥശാലയും ഇടപ്പാടി സാംസ്കാരിക നിലയം, ഉള്ളനാട് വായനശാല എന്നീ വായനശാലകളും പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തിലെ വൈദ്യുതി ബോര്‍ഡ് ഓഫീസ്, വില്ലേജ് ഓഫീസ്, ടെലിഫോണ്‍ എക്സ്ചേഞ്ച് എന്നിവ ഭരണങ്ങാനത്ത് സ്ഥിതി ചെയ്യുന്നു. വാട്ടര്‍ അതോറിറ്റി ഓഫീസ് പാലായിലും, കൃഷി ഭവന്‍ വേഴാങ്ങാനത്തും സ്ഥിതി ചെയ്യുന്നു. കൂടാതെ സര്‍ക്കാരിന്റെ ഒരു ഡസനോളം മറ്റ് ഓഫീസുകളും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അയ്മനം

പ്രാദേശിക സാമൂഹിക ചരിത്രം
അയ്മനത്തിന്റെ ചരിത്രം ഐതിഹ്യങ്ങളിലും യാഥാര്‍ത്ഥ്യങ്ങളിലും കോര്‍ത്തിണക്കപ്പെട്ടതാണ്. പഞ്ചപാണ്ഡവര്‍ വനവാസകാലത്ത് താമസിച്ചിരുന്ന വനപ്രദേശത്തിന് ഐവര്‍ വനം എന്ന പേരുണ്ടായതായും ക്രമേണ ഈ സ്ഥലം ഐമനം ആയി എന്നുമാണ് ഐതിഹ്യം. തെക്കുംകൂര്‍, ചെമ്പകശ്ശേരി എന്നീ നാട്ടുരാജാക്കന്‍മാരുടെ അധീനതയിലായിരുന്ന രണ്ടു ഭൂവിഭാഗങ്ങളായ കുടമാളൂരും അയ്മനവും കൂടി ചേര്‍ന്നുണ്ടായതാണ് ഇന്നത്തെ അയ്മനം ഗ്രാമപഞ്ചായത്ത്. കുമാരനല്ലൂര്‍ ക്ഷേത്രത്തിലെ ഊരാണ്മസ്ഥാനം നഷ്ടപ്പെട്ട ചെമ്പകശ്ശേരി മനയിലെ വിധവയും മകന്‍ ഉണ്ണി നമ്പൂതിരിയും മുത്തശ്ശിയും അയ്മനം എന്ന പേരിലറിയപ്പെട്ടിരുന്ന ഇവരുടെ ആശ്രിതനും കൂടി തിരുവിതാംകൂറുകാരായ ചില പട്ടാളക്കാരുടെ സഹായത്തോടെ തെക്കുംകൂര്‍ രാജാവില്‍ നിന്നും കൌശലപൂര്‍വ്വം നേടിയ പ്രദേശമാണ് കുടമാളൂര്‍. ഉണ്ണിനമ്പൂതിരിയുടെയും മറ്റും ദയനീയ സ്ഥിതി മനസിലാക്കിയ തെക്കുംകൂര്‍ രാജാവ് ഉടവാള്‍ കൊണ്ട് ഒരു ദിവസം വെട്ടിപ്പിടിക്കാവുന്ന സ്ഥലം തന്റെ രാജ്യത്തുനിന്നും സ്വന്തമാക്കിക്കൊള്ളാന്‍ കല്പിച്ചുപോലും, സമര്‍ത്ഥനായ അയ്മനം പട്ടാളക്കാരുടെ സഹായത്താല്‍ രാജാവുനല്‍കിയ ഉടവാള്‍ കൊണ്ട് വെട്ടിപ്പിടിച്ച ഊര് അഥവാ ദേശം കാലക്രമേണ കുടമാളൂര്‍ എന്നു പ്രസിദ്ധമായി എന്നാണ് ഒരൈതിഹ്യം. ചെമ്പകശ്ശേരി രാജസദസ്സിലെ കവിയായിരുന്ന കുഞ്ചന്‍ നമ്പ്യാര്‍ കുടമാളൂരില്‍ താമസിച്ചാണ് കിരാതം വഞ്ചിപ്പാട്ട് എഴുതിയിട്ടുള്ളത് എന്നു ചില രേഖകളില്‍ കാണാം. കുടമാളൂര് ചെമ്പകശ്ശേരി മന്ത്രിമാരുടെ ആസ്ഥാനമായിരുന്നെങ്കില്‍, അയ്മനം തെക്കുംകൂര്‍ മന്ത്രിമാരുടെ ആസ്ഥാനമായിരുന്നു. കോട്ടയും കൊട്ടാരവും സ്ഥിതി ചെയ്തിരുന്ന തളികോട്ട അയ്മനത്തിന്റെ തെക്കെ അതിര്‍ത്തിയിലായിരുന്നു. പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ചേരമര്‍ സഭ, ഭരതര്‍ മഹാസഭ, വണിക വൈശ്യസംഘം, വിശ്വബ്രഹ്മ സമാജം, വിശ്വകര്‍മ്മസഭ എന്നിവയും ഈ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നു. രാജഭരണം അവസാനിച്ചിട്ടും ജന്മിത്വം ശക്തമായി നിലനിന്നിരുന്ന ഒരു പ്രദേശമായിരുന്നു അയ്മനം. സ്വാതന്ത്ര്യത്തിനു ശേഷവും അയ്മനം പഞ്ചായത്തിലെ കൃഷി ഭൂമി മുഴുവന്‍ മൂന്നു ജന്മിമാരുടെ കൈവശമായിരുന്നു. പുന്നപ്ര വയലാര്‍ സമരത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് അഖില തിരുവിതാംകൂര്‍ കര്‍ഷക തൊളിലാളി യൂണിയന്‍ മങ്കൊമ്പ് കേന്ദ്രമാക്കി രൂപം കൊണ്ടു. അഖില തിരുവിതാംകൂര്‍ കര്‍ഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ കൂലിക്കും പതത്തിനും വേണ്ടി പല ഭാഗങ്ങളിലും സമരങ്ങള്‍ നടത്തുകയുണ്ടായി.

സാംസ്കാരിക ചരിത്രം
കുടമാളൂര്‍ കരികുളങ്ങര ദേവിക്ഷേത്രത്തിലെ ഒറ്റതൂക്കം എന്ന വഴിപാട് കേരളത്തിലെ അപൂര്‍വ്വം ചില ക്ഷേത്രങ്ങളില്‍ മാത്രം കണ്ടു വരുന്ന ഒരു പ്രത്യേക ചടങ്ങാണ്. പരിപ്പ് ശിലക്ഷേത്രത്തിലെ മേടം ഉല്‍സവം, അയ്മനം നരസിംഹപുരം ക്ഷേത്രത്തിലെ ചിങ്ങമാസത്തിലെ തിരുവോണനാളിലെ ആറാട്ട്, കുമ്മനം ഇളങ്കാവ് ക്ഷേത്രത്തിലെ മീനഭരണി ഉല്‍സവത്തോടനുബന്ധിച്ച് കുത്തിയോട്ടം എന്നിവയൊക്കെ സാംസ്കാരിക പാരമ്പര്യം വിളിച്ചറിയിക്കുന്ന ഉല്‍സവാഘോഷങ്ങളാണ്. കുടമാളൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ദു:ഖവെള്ളിയാഴ്ച ദിവസം നടക്കുന്ന നീന്തുനേര്‍ച്ച വളരെ പ്രസിദ്ധമാണ്. ഹൈന്ദവരും ക്രിസ്ത്യാനികളും മുസ്ളീങ്ങളുമാണീ ഗ്രാമത്തിലെ പ്രധാന മതവിഭാഗങ്ങള്‍. അവരുടെ ആരാധനാലയങ്ങളെ കേന്ദ്രമാക്കി വ്യത്യസ്തങ്ങളും വൈവിദ്ധ്യങ്ങളുമായ വിവിധ ആഘോഷങ്ങള്‍ ആചാരവിധിപ്രകാരം നടത്തിവരുന്നു. കുടമാളൂരില്‍ സി.വി.എന്‍.കളരിയും, കുടയംപടിയില്‍ ഗരുഡ ജിംനേഷ്യവും കായികരംഗത്ത് മികച്ച പരിശീലനങ്ങള്‍ നല്‍കിവരുന്നു. പ്രൊഫ: അയ്മനം കൃഷ്ണകൈമള്‍ പ്രസിദ്ധനായ അദ്ധ്യാപകനും അറിയപ്പെടുന്ന ഗ്രന്ഥകാരനുമാണ്. അദ്ദേഹത്തിന്റെ ഡാക്ടര്‍ ഫൌസ്റ്റ് എന്ന ആട്ടകഥ അനുവാചകരില്‍ സ്ഥിരപ്രതിഷ്ഠനേടിയ ഗ്രന്ഥമാണ്. കഥകളി വേദികളിലെ നിത്യയൌവ്വനകളായ സ്ത്രീ കഥാപാത്രങ്ങളെ അവിസ്മരണീയമായ വിധത്തില്‍ അരങ്ങില്‍ അവതരിപ്പിച്ചിട്ടുള്ള കുടമാളൂര്‍ കരുണാകരന്‍ നായര്‍ എന്ന അനുഗ്രഹീതകലാകാരന്റെ കലാരംഗത്തെ നിസ്തുലമായ സേവനങ്ങളുടെ അംഗീകാരം എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഷഷ്ഠ്യബ്ദിപൂര്‍ത്തിയോടനുബന്ധിച്ച് നിര്‍മ്മിച്ചിട്ടുള്ള കുടമാളൂര്‍ കരുണാകരന്‍ നായര്‍ ഷഷ്ഠ്യബ്ദിപൂര്‍ത്തി സ്മാരകഹാള്‍ എന്ന ദൃശ്യസ്മാരക മന്ദിരം അമ്പാടിക്കവലയ്ക്കു സമീപം തലയുയര്‍ത്തി നില്‍ക്കുന്നു. അഷ്ടവൈദ്യപ്രമുഖരില്‍പ്പെട്ട കൊട്ടാരക്കരവൈദ്യനായിരുന്ന ഒളശ്ശ ചിരട്ടമണ്‍ മൂസ്സിന്റെ പിന്‍തുടര്‍ച്ചക്കാരനായ നാരായണമൂസ്സും വൈദ്യശാസ്ത്രരംഗത്ത് പ്രാഗല്‍ഭ്യം തെളിയിച്ച മഹത് വ്യക്തിയാണ്. നാടകലോകത്തും, സിനിമാവേദിയിലും തനതായ ശൈലിയിലൂടെ വ്യക്തിമുദ്രപതിപ്പിച്ച് തൊട്ടതൊക്കെ പൊന്നാക്കി ജ്വലിച്ചു നിന്ന എന്‍.എന്‍.പിള്ള, ഈ ഗ്രാമത്തിന്റെ മറ്റൊരു കീര്‍ത്തിസ്തംഭമാണ്.

അഞ്ചരക്കണ്ടി

സാമൂഹ്യ-സാംസ്കാരിക ചരിത്രം

മൈസൂര്‍ രാജാവായിരുന്ന ഹൈദരാലി മലബാര്‍ ആക്രമിച്ചപ്പോള്‍, കോലത്തിനാട് വാണിരുന്ന വടക്കിളംകൂര്‍ രാജാവിനെ ഈസ്റ്റിന്ത്യാ കമ്പനിക്കാരുടെ വെള്ളപ്പട്ടാളം സഹായിക്കാനെത്തുകയും കോലത്തിരി രാജാവിന്റെ സാമാന്തരായിരുന്ന തലയിലച്ഛന്മാര്‍ക്ക് രക്ഷ നല്‍കുകയുമുണ്ടായി. ഈ സഹായത്തിന് പ്രത്യുപകാരമായി നല്‍കാമെന്നറ്റിരുന്ന പ്രതിഫലം യഥാസമയം ഈസ്റ്റിന്ത്യാ കമ്പനിക്ക് നല്‍കാതെ വന്നപ്പോള്‍ അഞ്ചരക്കണ്ടിപ്പുഴയുടെ ഇരുകരയിലുമുള്ള ഭൂമിയുടെ നികുതി പിരിക്കാനുള്ള അവകാശം തലയിലച്ഛന്മാര്‍ ഈസ്റ്റിന്ത്യാ കമ്പനിക്ക് നല്‍കി. 1799-ല്‍ കുരുമുളക്, കാപ്പി, കറപ്പ, ചന്ദനം തുടങ്ങിയവ കൃഷി ചെയ്യുന്നതിനായി അവര്‍ അഞ്ചു കണ്ടികള്‍ (വലിയകൃഷിയിടം) വില കൊടുത്തു വാങ്ങി. പിന്നീട് തോണിയില്‍ സാധനങ്ങള്‍ കയറ്റുവാനും ഇറക്കുവാനുമായി അര കണ്ടി കൂടി വിലയ്ക്കുവാങ്ങിയ വെള്ളക്കാര്‍ ഈ കൊച്ചുപ്രദേശത്തെ, അഞ്ചരക്കണ്ടി എന്ന നാമധേയത്തില്‍ പില്‍ക്കാലത്ത് അറിയപ്പെടുന്നതിനുള്ള ചരിത്രപശ്ചാത്തലമൊരുക്കി. വലിപ്പത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനത്തും ഏഷ്യയില്‍ ഒന്നാം സ്ഥാനത്തും നിലകൊള്ളുന്ന കറപ്പത്തോട്ടം(കറുവാപ്പട്ട-സിനമണ്‍) അഞ്ചരക്കണ്ടിക്ക് അഖിലലോകപ്രശസ്തി നേടിക്കൊടുത്തു. രണ്ടത്തറ സിനമണ്‍ എസ്റ്റേറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ കറപ്പത്തോട്ടം വിദേശീയര്‍ നട്ടുണ്ടാക്കിയ ഇന്ത്യയിലെ തോട്ടങ്ങളില്‍ ഏറ്റവും പ്രമുഖമാണ്. വിദേശ ഉടമയിലുള്ള കേരളത്തിലെ ആദ്യത്തെ തോട്ടവും ഇതുതന്നെെയാണ്. കേരളത്തില്‍ ആദ്യമായി കാപ്പിക്കൃഷി ആരംഭിച്ചത് ഇവിടെയാണ്. അഞ്ചരക്കണ്ടി സായ്പന്‍മാര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബ്രൌണ്‍ സായ്പന്മാരുടെ കാലഘട്ടവും വിദേശീയരുടെ ആഗമനവും ഈ പ്രദേശത്തെ സാമൂഹിക, സാമ്പത്തിക മേഖലകളില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു എന്നു കാണാം. വിദേശങ്ങളില്‍ പോലും നല്ല മാര്‍ക്കറ്റുള്ള കറപ്പത്തൈലവും കറുവപ്പട്ടയും ഇവിടെനിന്ന് ഉല്‍പാദിപ്പിച്ച് കയറ്റുമതി ചെയ്യുന്നുണ്ട്. 1800-ല്‍ പഴശ്ശിരാജാവിന്റെ സൈന്യവും ബ്രിട്ടീഷുകാരും തമ്മില്‍ ഈ മണ്ണില്‍ വച്ച് യുദ്ധം നടക്കുകയും കറപ്പത്തോട്ടം പഴശ്ശിരാജാവ് പിടിച്ചെടുക്കുകയും ചെയ്തു. ഈ യുദ്ധത്തില്‍ രണ്ടുതറ ദേശക്കാരുടെ അകമഴിഞ്ഞ പിന്തുണ പഴശ്ശിരാജാവിന് ലഭിച്ചിരുന്നു. 1803-ല്‍ സമീപപ്രദേശമായ കതിരൂരില്‍വച്ച് പഴശ്ശിരാജാവും ബ്രിട്ടീഷുകാരും വീണ്ടും ഏറ്റുമുട്ടുകയും തോട്ടം ഈസ്റ്റിന്ത്യ കമ്പനി തിരിച്ചുപിടിക്കുകയും ചെയ്തു. 1789-ല്‍ ഫ്രഞ്ചു സര്‍വീസില്‍ നിന്നും ഇംഗ്ളീഷുകാരുടെ കൂടെ പോലീസ് സൂപ്രണ്ടായി പ്രവര്‍ത്തിച്ചിരുന്ന മഡോക്ക് ബ്രൌണ്‍ ഈ തോട്ടത്തിന്റെ ഓവര്‍സിയറായി. അദ്ദേഹം ഈസ്റ്റിന്ത്യ കമ്പനിയില്‍ നിന്ന് 90 വര്‍ഷം ഈ തോട്ടം പാട്ടത്തിനെടുത്തു. ബ്രൌണ്‍ സായ്പിനുശേഷം തോട്ടത്തിന്റെ ഭരണം അദ്ദേഹത്തിന്റെ പിന്‍മുറക്കാര്‍ ഏറ്റെടുക്കുകയും ബ്രൌണ്‍’സ് സിനമണ്‍ എസ്റ്റേറ്റ് എന്ന പേരില്‍ ഇത് അറിയപ്പെടാനും തുടങ്ങി. അഞ്ചരക്കണ്ടിയുടെ സാംസ്കാരികമണ്ഡലത്തില്‍ എടുത്തുപറയത്തക്ക ധാരാളം മാറ്റങ്ങള്‍ വരുത്തിയത് ബ്രൌണ്‍ കുടുംബമാണ്. അഞ്ചരക്കണ്ടിയിലെ ഭൂമി സര്‍വേ ചെയ്യാനും അതിന്റെ രേഖകള്‍ സൂക്ഷിക്കുവാനുമുള്ള പുതിയൊരു സമ്പ്രദായത്തിന് ഇവര്‍ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിലെ ആദ്യത്തെ സബ്രജിസ്ട്രാര്‍ ഓഫീസ് അഞ്ചരക്കണ്ടിയില്‍ സ്ഥാപിക്കപ്പെട്ടത് അക്കാലത്താണ്. കേരളത്തിലെ ആദ്യത്തെ സഹകരണസ്ഥാപനമായ അഞ്ചരക്കണ്ടി കടം വായ്പാ സഹകരണ സംഘം 1914 ഫെബ്രുവരി 2-ന് റോബര്‍ട്ട് എഡ്വേര്‍ഡ് ബ്രൌണ്‍ ആദ്യ അംഗമായി സ്ഥാപിതമായി. ഇംഗ്ളണ്ടിലെ തെയിംസ് നദിക്കരയില്‍ സ്ഥിതിചെയ്യുന്ന ബ്രൌണ്‍ കുടുംബത്തിന്റെ ബംഗ്ളാവിന്റെ അതേ മാതൃകയില്‍ തന്നെെ, അഞ്ചരക്കണ്ടിപുഴയുടെ തീരത്ത് ബ്രൌണ്‍ സായ്പ് പണി കഴിപ്പിച്ച ബംഗ്ളാവ് ഇന്നും നിലകൊള്ളുന്നു. വെള്ളക്കാരുടെ ഭരണകാലത്ത് തോട്ടത്തിന്റെ ഉടമകളായി വന്ന വിവിധ സായ്പന്മാര്‍ അവരുടെ ആവശ്യങ്ങള്‍ക്കായി നിര്‍മ്മിച്ച ചക്കരക്കല്‍-പനയത്താംപറമ്പ്, തട്ടാരി-പനയത്താംപറമ്പ്, തട്ടാരിപ്പാലം-പാളയം, കാവിന്മൂല-പുറത്തേക്കാട് എന്നീ റോഡുകള്‍ അഞ്ചരക്കണ്ടിയുടെ ഗതാഗതചരിത്രത്തില്‍ വികസനനാഴികക്കല്ലുകളാണ്. 1943-ല്‍ ബ്രൌണ്‍ കുടുംബത്തിന്റെ ഭരണം അവസാനിക്കുകയും മിസ്സിന് മാര്‍ഗരറ്റ് ഗ്രേസി എന്ന വെള്ളക്കാരി തോട്ടത്തിന്റെ ഉടമയാകുകയും ചെയ്തു. 1967-ക്രെയ്ഗ് ജോണ്‍സ് എന്ന സായ്പ് തോട്ടം വിലയ്ക്കുവാങ്ങി. പഴയ ചിറക്കല്‍ താലൂക്കില്‍പെട്ട അഞ്ചരക്കണ്ടി വില്ലേജിന്റെ ഭൂവിഭാഗം മാത്രം ഉള്‍പ്പെടുത്തിക്കൊണ്ട് രൂപവല്‍ക്കരിച്ച പഞ്ചായത്താണ് അഞ്ചരക്കണ്ടി പഞ്ചായത്ത്. ഉയര്‍ന്നു പരന്ന കുന്നിന്‍പ്രദേശങ്ങളും ചെരിവുകളും ചെറിയ ചെരിവുള്ള സമതലപ്രദേശങ്ങളും വയലുകളും അടങ്ങിയതാണ് ഇവിടത്തെ ഭൂപ്രദേശം. അങ്ങ് വയനാടന്‍ മലകളുടെ പടിഞ്ഞാറുഭാഗത്ത് നിന്ന് ഉത്ഭവിച്ച്, പടിഞ്ഞാറോട്ടൊഴുകി ധര്‍മ്മടത്തു വച്ച് രണ്ട് കൈവഴികളായി പിരിയുന്ന അഞ്ചരക്കണ്ടിപ്പുഴ ഒടുവില്‍ അറബിക്കടലില്‍ പതിക്കുന്നു. അഞ്ചരക്കണ്ടിയുടെ ചരിത്രപുരാവൃത്തങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച അഞ്ചരക്കണ്ടിപ്പുഴ കറപ്പത്തോട്ടത്തെ കീറിമുറിച്ച് ഒരല്പം ദൂരെ മാത്രം അഞ്ചരക്കണ്ടി പഞ്ചായത്തിനെ തഴുകിയൊഴുകുന്നു. ഉത്തരകേരളത്തിലെങ്ങും പ്രസിദ്ധമായ മാമ്പ സിയാറത്തുങ്കര മഖാം അഞ്ചരക്കണ്ടിയില്‍ സ്ഥിതിചെയ്യുന്നു. പിറന്ന മണ്ണിന്റെ മോചനത്തിനായി ഡച്ചുപടയോട് പോരാടുന്നതിനിടയില്‍ വീരമൃത്യുവരിച്ച രാജ്യസ്നേഹികളുടെ അന്ത്യവിശ്രമസ്ഥാനമായ സിയാറത്തുങ്കര മഖാമില്‍ നടന്നിരുന്ന നേര്‍ച്ച ഈ പ്രദേശത്തെ മതമൈത്രിയുടെ ഉത്തമ ദൃഷ്ടാന്തമായിരുന്നു. പാലേരി, അഞ്ചരക്കണ്ടി, കാമേത്ത്, മാമ്പ, മുരിങ്ങേരി എന്നീ അഞ്ചു ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് അഞ്ചരക്കണ്ടി. അഞ്ചരക്കണ്ടിയില്‍ 1942-ല്‍ മുഴപ്പാല ഗ്രന്ഥാലയം എന്ന പേരില്‍ ആദ്യത്തെ ഗ്രന്ഥാലയം സ്ഥാപിതമായി. ഭൂമിശാസ്ത്രപരമായി അഞ്ചരക്കണ്ടി പഞ്ചായത്തിലല്ലെങ്കിലും അഞ്ചരക്കണ്ടിയിലെ എല്ലാ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്കും നാന്ദികുറിച്ചത് നാലാംപീടികയിലുള്ള ശ്രീനാരായണജ്ഞാനപ്രദായനി വായനശാലയില്‍ നിന്നാണ്. അഞ്ചരക്കണ്ടി പഞ്ചായത്തിന്റെ പ്രഥമ ഭരണസമിതിയോഗം 5.11.1955-ന് ചേര്‍ന്നത് ഇവിടെ വച്ചാണ്. 1957 ജൂണ്‍ 12-ാം തീയതി അഞ്ചരക്കണ്ടി ഹൈസ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചതും ഈ വായനശാലയിലാണ്. അന്നു ഇന്നും ഈ വായനശാലയുടെ പ്രധാന പ്രവര്‍ത്തകര്‍ അഞ്ചരക്കണ്ടി പഞ്ചായത്തിലുള്ളവരാണ്. 1950-ല്‍ മാമ്പദേശത്ത് വെലങ്ങേരി വീട്ടില്‍ വി.എ.അമ്പുവിന്റെ നേതൃത്വത്തില്‍, കര്‍ഷക പ്രസ്ഥാനത്തിന്റെ അമരക്കാരായിരുന്ന പ്രമുഖനേതാക്കള്‍ പങ്കെടുത്ത കര്‍ഷകസമ്മേളനം നടന്നിട്ടുണ്ട്. ഈ സമ്മേളനങ്ങള്‍ കര്‍ഷക-ബഹുജന സംഘടനകളുടെ രൂപീകരണത്തിലും വളര്‍ച്ചയിലും നിര്‍ണായ പങ്കു വഹിച്ചിട്ടുണ്ട്. ഇവിടത്തെ ഒരു പ്രധാന കുടില്‍ വ്യവസായമായിരുന്നു, അവില്‍ ഉത്പാദനം. കണ്ണൂരിലെ കൈത്തറി വ്യവസായ കേന്ദ്രങ്ങളില്‍ പ്രധാന സ്ഥാനം അഞ്ചരക്കണ്ടിക്കുണ്ടായിരുന്നു. സാര്‍വ്വത്രിക വിദ്യാഭ്യാസത്തിന്റെ പ്രധാന്യം കണക്കിലെടുത്ത് അഞ്ചരക്കണ്ടിയിലെ ആദ്യത്തെ വിദ്യാലയം പാളയത്ത് അഞ്ചരക്കണ്ടി എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ സ്ഥാപിക്കപ്പെട്ടു.

സാംസ്കാരികചരിത്രം

അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്തിന് മറ്റു പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമായി കലാ-കായിക-സംസ്കാരിക പ്രവര്‍ത്തനങ്ങളുടെ, സമ്പന്നമായൊരു പശ്ചാത്തലമുണ്ട്. 18-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തോടുകൂടി ബ്രിട്ടീഷുകാര്‍ പഞ്ചായത്തില്‍ ഉറപ്പിച്ച ആധിപത്യം സാമൂഹ്യജീവിതത്തെ തെല്ലൊന്നുമല്ല സ്വാധീനിച്ചത്. മറ്റു സമീപ പ്രദേശങ്ങളില്‍ ജന്മി-നാടുവാഴിത്ത വ്യവസ്ഥകള്‍ സര്‍വ്വവിധ പ്രതാപങ്ങളോടും കൂടി കൊടികുത്തി വാണിരുന്ന അവസരത്തിലും അഞ്ചരക്കണ്ടിയില്‍ അതിന്റെ സ്വാധീനം താരതമ്യേന കുറവായിരുന്നു. തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും മറ്റു ഉച്ച നീചത്വങ്ങളും നിലവിലുണ്ടായിരുന്നങ്കിലും മറ്റു പ്രദേശങ്ങളിലെ പോലെ അത്ര തീവ്രമായിരുന്നില്ല. പഞ്ചായത്തിലെ ജനങ്ങളില്‍ ഭൂരിഭാഗവും ഹിന്ദു, ഇസ്ളാം മതവിഭാഗങ്ങളില്‍പ്പെട്ടവരാണ്. ക്രിസ്തുമതവിശ്വാസികളും പഞ്ചായത്തിലെ പ്രബലമതവിഭാഗമാണ്. വ്യത്യസ്ത ആചാരാനുഷ്ഠാനങ്ങളോടുകൂടി ജീവിക്കുന്നവരാണെങ്കിലും ജനങ്ങള്‍ ഐക്യത്തോടും സൌഹാര്‍ദ്ദത്തോടും കൂടി കഴിഞ്ഞുവരുന്നു. ഹിന്ദുമതത്തില്‍, നമ്പ്യാര്‍, വാണിയ, തീയ്യ, മലയ, വണ്ണാന്‍, പേട്ടുവര്‍, കരിമ്പാലന്‍, കൊല്ലന്‍, തട്ടാന്‍, ആശാരി, പുള്ളുവന്‍, കണിയാന്‍ തുടങ്ങിയ ജാതികളും അവയില്‍ ചിലതില്‍ അതിന്റെ അവാന്തര വിഭാഗങ്ങളുമുണ്ട്. ജനനം, മരണം, വിവാഹം എന്നിവയുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ ആചാരങ്ങളാണ് നിലവിലുള്ളത്. മതപരമായും, ജാതീയമായും ആചാരാനുഷ്ഠാനങ്ങളില്‍ വൈജാത്യങ്ങളുണ്ടെങ്കിലും നാനാത്വത്തില്‍ ഏകത്വം എന്ന ചൊല്ല് അന്വര്‍ഥമാക്കുമാറ് ഇവയെല്ലാം കൂട്ടിയോജിപ്പിക്കുന്ന തനതായ ഒരു സാംസ്കാരികാന്തര്‍ധാരയുമുണ്ടെന്നു കാണാം. പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിലും പുരാതനമായ ധാരാളം ക്ഷേത്രങ്ങളും കാവുകളുമുണ്ട്. കൂടാതെ മുസ്ളിം ജനവിഭാഗത്തിന്റെ ആരാധാനാലയങ്ങളായ പള്ളികളുമുണ്ട്. ക്ഷേത്രങ്ങളിലും, കാവുകളിലും, കെട്ടിയാടിക്കുന്ന മുത്തപ്പന്‍, തമ്പുരാട്ടി, കുട്ടിച്ചാത്തന്‍, ഗുളികന്‍, ഭദ്രകാളി, ചാമുണ്ഡി, ഭൂതം, ഭൈരവന്‍, വിഷ്ണു, മൂര്‍ത്തി തുടങ്ങിയ തെയ്യങ്ങളും, ശൈവ, വൈഷ്ണവ പ്രതിഷ്ഠകളും അവയുടെ ഐതീഹ്യങ്ങളും വിശ്വാസങ്ങളും ജനമനസിനെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. മതമൈത്രിക്ക് പേരുകേട്ട ആരാധനാലയങ്ങളും പഞ്ചായത്തിലുണ്ട്. മാമ്പ സിയാറത്തുങ്കര പള്ളി മഖാം ആ വിഭാഗത്തില്‍പ്പെടുന്ന പ്രധാനപ്പെട്ട ഒരാരാധനാലയമാണ്. മണ്‍മറഞ്ഞ രാമന്‍ പെരുവണ്ണാന്‍, കുഞ്ഞമ്പു പെരുവണ്ണാന്‍, കണ്ണന്‍ പെരുവണ്ണാന്‍, ആണ്ടിപണിക്കര്‍, കൊട്ടന്‍ പണിക്കര്‍ എന്നീ പ്രശസ്തരായ തെയ്യം കലാകാരന്മാര്‍ പഞ്ചായത്തില്‍ ജീവിച്ചിരുന്നവരാണ്. കണ്ണാടിവെളിച്ചം എന്ന പേരില്‍ എ.കെ.ജി.സ്മാരക വായനശാല ഒരു കൈയെഴുത്തുമാസിക പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു. പണ്ടുകാലത്ത് പഞ്ചായത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രശസ്തമായ സാംസ്കാരികസ്ഥാപനങ്ങളായിരുന്നു അമ്പിളി കലാ-സാംസ്കാരിക സമിതി, കുഞ്ഞിക്കൃഷ്ണന്‍ സ്മാരക കലാസമിതി തുടങ്ങിയവ. മുന്‍കാലങ്ങളില്‍, മാനസികോല്ലാസത്തിനും കായികശേഷിക്കും ഉപകരിക്കുന്ന ഇട്ടികളി, ഗോട്ടികളി, തലമകളി, കൊത്തങ്കല്ലുകളി, ഞൊണ്ടിക്കളി, സോഡകളി, കബഡികളി, ചട്ടികളി തുടങ്ങിയ കായികവിനോദങ്ങള്‍ വ്യാപകമായിരുന്നു.

Saturday 24 September 2011

കോഴിക്കോട് ജില്ലയിലൂടെ

കൊട്ടാരം എന്നര്‍ത്ഥമുള്ള “കോയില്‍”, എന്ന പദവും, കോട്ടകള്‍ നിറഞ്ഞ സ്ഥലം എന്നര്‍ത്ഥമുള്ള “കോട്” എന്ന പദവും സംയോജിച്ചുണ്ടായ “കോയില്‍ക്കോട്” എന്ന പ്രയോഗത്തില്‍ നിന്നാണ് കോഴിക്കോട് എന്ന സ്ഥലനാമം ഉണ്ടായതെന്ന് പ്രഗത്ഭരായ ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. പില്‍ക്കാലത്ത് ബ്രിട്ടീഷുകാരിലൂടെ പ്രചാരം സിദ്ധിച്ച “കാലിക്കറ്റ്” എന്ന പ്രയോഗം കോഴിക്കോട് എന്നതിന്റെ അറബിരൂപമായിരുന്നു. കോഴിക്കോട് തലസ്ഥാനമാക്കിയായിരുന്നു പുരാതന കേരളത്തിലെ സാമൂതിരിയുടെ നാട്ടുരാജ്യം നിലനിന്നിരുന്നത്. പില്‍ക്കാലത്ത് ഭാരതത്തിന്‍റെ വിധിയാകെ മാറ്റിമറിക്കുമാറ്, 1498-ല്‍ വാസ്കോ ഡ ഗാമ എന്ന പോര്‍ച്ചുഗീസ് നാവികന്‍ കോഴിക്കോട് കാപ്പാട് കടല്‍ത്തീരത്ത് കാലുകുത്തിയതോടെയാണ് യൂറോപ്യന്‍ ശക്തികള്‍ നമ്മുടെ രാജ്യത്തെ വരുതിയിലാക്കുന്നതിന് തുടക്കമിട്ടത്. പുരാതനകാലം മുതല്‍ അറബികളും ചീനക്കാരും കോഴിക്കോടുമായി വ്യാപാരബന്ധത്തിലേര്‍പ്പെട്ടിരുന്നു. പഴയ ബ്രിട്ടീഷ് മദ്രാസ് സംസ്ഥാനത്തെ മലബാര്‍ ജില്ലയുടെ ആസ്ഥാനവും കോഴിക്കോടായിരുന്നു. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം മലപ്പുറം ജില്ലയിലെ കരിപ്പൂരിലാണ് സ്ഥിതി ചെയ്യുന്നത്. ആകാശവാണി നിലയവും, മെഡിക്കല്‍ കോളേജും, അന്താരാഷ്ട്ര വിമാനത്താവളവും, തുറമുഖവും, സര്‍വ്വകലാശാലയുമെല്ലാമുള്ള നഗരമാണ് കോഴിക്കോട്.

സാമൂഹ്യ-സാംസ്കാരിക ചരിത്രം
പുരാതന കേരളത്തിലെ പ്രബലമായ നാട്ടുരാജ്യമായിരുന്നു സാമൂതിരിയുടെ കോഴിക്കോട്. മാനവേദന്‍, വിക്രമന്‍ എന്നീ രണ്ടു സഹോദരന്മാരാണ് സാമൂതിരിരാജവംശം സ്ഥാപിച്ചത്. സൈനികബലം കൊണ്ട് ദേശങ്ങള്‍ പിടിച്ചടക്കി രാജാക്കന്മാരായ ഇവര്‍ ക്ഷത്രിയവംശത്തില്‍ ജനിച്ചവരായിരുന്നില്ല. വള്ളുവക്കോനാതിരിയെ തറപറ്റിച്ച് മാമാങ്കത്തിന്‍റെ രക്ഷാധികാരിയായി മാറിയതോടെയാണ് മലബാറിന്‍റെ സമ്പൂര്‍ണ്ണാധികാരം സാമൂതിരിമാരുടെ കൈപ്പിടിയിലാകുന്നത്. പുരാതനകാലം മുതല്‍ അറബികളും ചീനക്കാരും കോഴിക്കോടുമായി വ്യാപാരബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. കുരുമുളകിന്റേയും മറ്റു മലഞ്ചരക്കുകളുടെയും അതിവിപുലമായ വ്യാപാരകേന്ദ്രങ്ങളും പണ്ടകശാലകളും പുരാതന കോഴിക്കോട് നഗരത്തിലുണ്ടായിരുന്നു. മലഞ്ചരക്കുകള്‍ വാങ്ങിച്ചുകൂട്ടുന്നതിന് എത്തിയിരുന്ന അറബികളും ചീനക്കാരുമായ വിദേശവ്യാപാരികളെ കൊണ്ട് ഇവിടുത്തെ തെരുവുകള്‍ തിങ്ങിനിറഞ്ഞിരുന്നു. സത്യസന്ധരും, ഇവിടുത്തുകാരുമായി നല്ല ബന്ധം വച്ചു പുലര്‍ത്തിയിരുന്നവരുമായ അറബികള്‍ക്ക് പരമ്പരാഗതമായി ഈ നാടുമായുണ്ടായിരുന്ന വ്യാപാരബന്ധത്തെ തകര്‍ത്തുകൊണ്ടാണ് പോര്‍ച്ചുഗീസുകാര്‍ ഇവിടെ പിടിമുറുക്കിയത്. അതുവരെ സമ്പല്‍സമൃദ്ധമായ ചരിത്രമാണ് കോഴിക്കോടിനുള്ളത്. ഭാരതത്തിന്‍റെ വിധിയാകെ മാറ്റിമറിക്കുമാറ്, 1498-ല്‍ വാസ്കോ ഡ ഗാമ എന്ന പോര്‍ച്ചുഗീസ് നാവികന്‍ കോഴിക്കോട് കാപ്പാട് കടല്‍ത്തീരത്ത് കാലുകുത്തിയതോടെയാണ് യൂറോപ്യന്‍ ശക്തികള്‍ നമ്മുടെ രാജ്യത്തെ വരുതിയിലാക്കുന്നതിന് തുടക്കമിട്ടതും. വ്യാപാരാവശ്യത്തിനായി കോഴിക്കോട്ടെത്തിയ പോര്‍ച്ചുഗീസുകാര്‍ കോഴിക്കോടിനേയും കൊച്ചിയെയും തമ്മിലടിപ്പിച്ചുകൊണ്ട് കച്ചവടാനുകൂല്യകരാറുകള്‍ സമ്പാദിച്ചെടുക്കുകയും ക്രമേണ ഇവിടെ ആധിപത്യമുറപ്പിക്കുകയുമായിരുന്നു. അക്കാലം മുതല്‍ക്കാണ് യൂറോപ്യന്‍ ശക്തികള്‍ ഇന്ത്യയിലേക്ക് കൂടുതല്‍ വന്നെത്തിയതും ഏറ്റവുമൊടുവില്‍ ബ്രിട്ടന്‍റെ ആധിപത്യത്തിന്‍ കീഴിലേക്ക് ഈ രാജ്യം വഴുതിവീഴുന്നതും. വടക്കന്‍ പാട്ടുകളിലെ വീരനായകനായ തച്ചോളി ഒതേനന്‍ ജനിച്ച തച്ചോളി മാണിക്കോത്ത് വീട് കോഴിക്കോട്ടാണ്. വടക്കന്‍പാട്ടു ചരിതത്തിലെ സംഭവപരമ്പരകള്‍ അരങ്ങേറിയ പ്രദേശങ്ങളെല്ലാം തന്നെ ഈ ജില്ലയിലെ വടകര താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത്. ഒരുകാലത്ത് ലോകത്തിലെ തന്നെ രണ്ടാമത്തെ തടിവ്യാപാരകേന്ദ്രമായിരുന്നു കോഴിക്കോട് നഗരപ്രാന്തത്തിലെ കല്ലായി. കൂട്ടിക്കെട്ടിയ നിലയിലും അല്ലാതെയും കോഴിക്കോടിന്‍റെ സമൃദ്ധിയുടെ അടയാളമായി കണ്ണെത്താദൂരത്തോളം കല്ലായിപുഴയില്‍ നിറഞ്ഞുകിടന്നിരുന്ന പടുകൂറ്റന്‍ തടികള്‍ ഇന്ന് ഗതകാലസ്മൃതികള്‍ മാത്രം. 1903-ല്‍ സ്വാതന്ത്ര്യ സമരകാലത്ത് കോഴിക്കോട് സംഘടിക്കപ്പെട്ട രാഷ്ട്രീയ സമ്മേളനത്തെ തുടര്‍ന്ന് ദേശീയകോണ്‍ഗ്രസ്സിന്‍റെ മലബാറിലെ ആസ്ഥാനമായി കോഴിക്കോട് മാറി. 1915-ല്‍ മലബാറില്‍ വ്യാപകമായിരുന്ന കുടിയാന്‍ പ്രക്ഷോഭം ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ജനവികാരം തിരിക്കുന്നതില്‍ ഏറെ സഹായകമായി. 1917 ജനുവരിയിലായിരുന്നു ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കികൊണ്ട് പ്രകടനവും പൊതുയോഗവും കോഴിക്കോട്ട് ആദ്യമായി നടന്നത്. 1939-ല്‍ രൂപീകരിക്കപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ട്ടി കേരള ഘടകത്തിന്‍റെ സിരാകേന്ദ്രം കോഴിക്കോട് നഗരമായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസം 19-ാം നൂറ്റാണ്ടിന്‍റെ ആദ്യ പകുതിയോടുകൂടിയാണ് കോഴിക്കോട്ടാരംഭിച്ചത്. ബേസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ കല്ലായിയില്‍ സ്ഥാപിച്ച സ്കൂളാണ് ഇവിടുത്തെ ആദ്യത്തെ വിദ്യാലയം. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ആസ്ഥാനം കോഴിക്കോടിനടുത്ത് തേഞ്ഞിപ്പലത്താണ്. ഗവ:ആര്‍ട് & സയന്‍സ് കോളേജ്, ഫാറൂഖ് കോളേജ്, ദേവഗിരി സെന്റ് ജോസഫ് കോളേജ്, പ്രോവിഡന്‍സ് വിമന്‍സ് കോളേജ്, റൊഫത്തുള്‍ ഉള്‍-അം-അറബിക് കോളേജ്, ക്രിസ്ത്യന്‍ കോളേജ്, പേരാമ്പ്ര, കൊയിലാണ്ടി, കോടഞ്ചേരി, മൊകേരി തുടങ്ങിയ സ്ഥലങ്ങളിലെ ഗവ:കോളേജുകള്‍, മെഡിക്കല്‍ കോളേജ്, ഡെന്റല്‍ കോളേജ്, നഴ്സിംഗ് കോളേജ്, ഗവ:ഹോമിയോ കോളേജ്, റീജണല്‍ എഞ്ചിനീയറിംഗ് കോളേജ്, ഗവ:ലോ കോളേജ് തുടങ്ങിയവയാണ് ജില്ലയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ഡിസ്ട്രിക്ട് സെന്‍ട്രല്‍ ലൈബ്രറിയാണ് കോഴിക്കോട്ടെ പഴക്കമേറിയതും പുസ്തകശേഖരത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതുമായ വായനശാല. കേരളപത്രിക, കേരളം, കേരള സഞ്ചാരി, ഭാരതവിലാസം തുടങ്ങിയ മലയാള പത്രങ്ങള്‍ 1893-ന് മുമ്പായി കോഴക്കോട് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചിരുന്നു. മാപ്പിളപാട്ടുകളും, ഒപ്പനയും ഈ നാട്ടിലെ പാരമ്പര്യ കലാരൂപങ്ങളാണ്. ലളിതകലാ അക്കാദമി ഈ ജില്ലയില്‍ സ്ഥിതിചെയ്യുന്നു. മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ്, മലബാര്‍ സ്പിന്നിംഗ് മില്‍സ്, ഹിന്ദുസ്ഥാന്‍ ലിവര്‍, കോമണ്‍വെല്‍ത്ത് വീവിംഗ് ഫാക്ടറി തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന വ്യവസായ സ്ഥാപനങ്ങള്‍. ഓട് വ്യവസായവും, വെസ്റ്റ് ഹില്ലിലെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റും എടുത്തുപറയത്തക്കതാണ്. ദേശീയപാത-17, 213, 210 എന്നിവ ഈ ജില്ലയിലൂടെ കടന്നുപോകുന്നു. തളിക്ഷേത്രം, തിരുവന്നൂര്‍ക്ഷേത്രം, ആഴകൊടിക്ഷേത്രം, ബിലാത്തിക്കുളം ക്ഷേത്രം, ഭൈരംഗിമഠം ക്ഷേത്രം, ലോകനാര്‍കാവ് ക്ഷേത്രം, മേപ്പയ്യൂര്‍ ദുര്‍ഗ്ഗാക്ഷേത്രം, തിരുവിലങ്ങാട് ക്ഷേത്രം തുടങ്ങിയവയാണ് പ്രസിദ്ധമായ ഹൈന്ദവ ആരാധനാലയങ്ങള്‍. നാദാപുരംപള്ളി, കുട്ടിച്ചിറ, മുസ്ലീംപള്ളി, സി.എസ്.ഐ പള്ളി, മണ്ണാചിറ തുടങ്ങിയവയാണ് ജില്ലയിലെ പ്രധാന ആരാധനാലയങ്ങള്‍. പഴശ്ശിരാജ മ്യൂസിയം, രാജാ രവിവര്‍മ്മയുടെ ചിത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള ആര്‍ട്ട് ഗാലറി, ബേപ്പൂര്‍ ഇരുമ്പു നിര്‍മ്മാണശാല, കോഴക്കോട് ബീച്ച്, കുറ്റ്യാടി ഡാം, ബാണാസുര കൊടുമുടി, മന്നാര്‍ചിറ, മാനാഞ്ചിറ സ്ക്വയര്‍, പ്ലാനെറ്റേറിയം, പെരുവണ്ണാമൂഴിയിലെ മുതലവളര്‍ത്തല്‍ കേന്ദ്രം, കടലുണ്ടി പക്ഷിസങ്കേതം, കാപ്പാട് വാസ്ഗോ ഡ ഗാമ സ്മാരകം, തുഷാരിഗിരി വെള്ളച്ചാട്ടം എന്നിവയാണ് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രങ്ങള്‍.

കൊളച്ചേരി

സാമൂഹ്യസാംസ്കാരികചരിത്രം

ആരുടെയും തലയറുത്തുമാറ്റുവാന്‍ യാതൊരു സങ്കോചവുമില്ലാത്ത പുരാതന നാടുവാഴികള്‍ വാണിരുന്ന സ്ഥിതിവിശേഷം ഇവിടെ നിലനിന്നതുകൊണ്ടാവാം കൊലച്ചേരി എന്ന സ്ഥലനാമം ഉണ്ടാവാന്‍ കാരണമെന്നാണ് നിലവിലുള്ള ഒരു നിഗമനം. കേരള ജാതിവ്യവസ്ഥാ സമ്പ്രദായത്തിന്റെ ചരിത്രത്തിന് പൂര്‍ണ്ണതയോടുകൂടി തെളിവു നല്‍കിയ ദേശമാണ് കൊളച്ചേരി. നമ്പൂതിരിമാരുടെ ആവാസകേന്ദ്രങ്ങളായ ഭരണവും, നായന്മാരുടെ തറകളും, താഴ്ന്ന ജാതിക്കാരുടെ ചേരിഗ്രാമങ്ങളും ഈ പ്രദേശത്തുണ്ടായിരുന്നു. ദേശത്തെ ഭാഗിച്ചുകൊടുത്തുകൊണ്ട് ഓരോ ജാതിക്കാരുടേതുമായി നാട്ടധികാരങ്ങള്‍ ഉള്‍പ്പെടെ 25-ലധികം ജാതികേന്ദ്രങ്ങള്‍ ഇവിടെ ഉണ്ടായിരുന്നതായി കാണാം. കൊളച്ചേരിയിലെ പ്രബലമായ ഇല്ലമായിരുന്നു കുരുമാരത്ത് ഇല്ലം. പുളിയാങ്കോടുപടി മുതല്‍ പാടിതീര്‍ത്ഥം വരെ നാല്‍പ്പത്തിയൊന്ന് ഇല്ലങ്ങളുണ്ടായിരുന്നതായി പറയപ്പെടുന്നു. തിരുവിതാംകൂറിലെ ആചാര്യസ്ഥാനം കൈയ്യാളിയിരുന്ന കരുമാരത്തില്ലത്തിന് ഒരു നൂറ്റാണ്ടുകളുടെ കാലപ്പഴക്കമുണ്ടത്രെ. കൊളച്ചേരിയുടെ ഭൂരിഭാഗം ഭൂമിയും കരുവാരത്ത് ഇല്ലത്തിന്റെ വകയായിരുന്നു. പ്രധാനമായും ജലമാര്‍ഗ്ഗമുള്ള ഗതാഗതസംവിധാനം മാത്രമാണ് പണ്ടുകാലത്തു ഇവിടെ ഉണ്ടായിരുന്നത്. കല്ലിട്ടകടവ് (നണിയൂര്‍), നൂഞ്ഞേരി ബോട്ട് ജെട്ടി, പുലൂപ്പിക്കടവ്, പടപ്പക്കടവ്, തുരുത്തിക്കടവ്, കമ്പില്‍ കടവ് എന്നിവിടങ്ങളില്‍ നിന്നല്ലാം നാനാഭാഗത്തേക്കും യാത്രാസൌകര്യം ഉണ്ടായിരുന്നു. ആദ്യം തോണിയും പിന്നീട് ബോട്ടുകളും പ്രചാരത്തില്‍ വന്നു. 1968-ല്‍ പന്ന്യങ്കണ്ടി ഉമ്മര്‍ അബ്ദുള്ള കമ്പില്‍ മാപ്പിള ഹൈസ്കൂള്‍ സ്ഥാപിച്ചു. 1945-46-ല്‍ കൊളച്ചേരി കയ്യൂര്‍ സ്മാരക വായനശാല ആരംഭിച്ചു. ഇതേ കാലഘട്ടത്തില്‍ തന്നെയാണ് ചേലേരിയില്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സ്മാരക വായനശാല രൂപം കൊണ്ടത്. നിരവധി വൈദ്യപ്രമുഖരുടെ നാടാണ് കൊളച്ചേരി പഞ്ചായത്ത്. കൊളച്ചേരി പഞ്ചായത്തില്‍ 1976-ല്‍ വ്യവസായ വകുപ്പിന്റെ കീഴില്‍ ദി കണ്ണൂര്‍ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് കോ-ഓപ്പറേറ്റ് സൊസൈറ്റി എന്ന സ്ഥാപനത്തിന്റെ മേല്‍നോട്ടത്തില്‍ സ്ഥാപിച്ച മിനി ഇന്‍ഡസ്ട്രിയന്‍ എസ്റ്റേറ്റാണ് വ്യാവസായികപുരോഗതിക്ക് കൊളച്ചേരിയില്‍ തുടക്കം കുറിച്ചത്. കൊളച്ചേരി പഞ്ചായത്തില്‍ 19 ഇനങ്ങളിലായി 52 ചെറുകിട വ്യവസായയൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്ഷീരവികസന വകുപ്പിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന കൊളച്ചേരി ക്ഷീരോല്‍പാദക സഹകരണസംഘത്തിന്റെ യൂണിറ്റായ പാലുല്‍പ്പന്ന നിര്‍മ്മാണ യൂണിറ്റ് സ്ത്രീകളുടെ നിയന്ത്രണത്തിലുള്ള വ്യവസായ യൂണിറ്റാണ്. നല്ലരീതിയില്‍ നാളികേരം വിളയുന്ന പഞ്ചായത്താണ് കൊളച്ചേരി. നാളീകേരോല്‍പന്നങ്ങള്‍ ഉപയോഗിച്ചുള്ള വ്യവസായങ്ങള്‍ക്ക് നല്ല സാധ്യതയും കൊളച്ചേരിയിലുണ്ട്. കൊളച്ചേരി പറമ്പില്‍ സ്ഥാപിച്ചിട്ടുള്ള കേരള ഫൈബര്‍ ഇന്‍ഡസ്ട്രിയാണ് ചകിരി സംസ്ക്കരണത്തിനുള്ള ആദ്യത്തെ ചെറുകിട വ്യവസായ സംരംഭം. എഴുത്തുപള്ളിക്കൂടങ്ങള്‍ പലതും പിന്നീട് ഗവണ്‍മെന്റ് അംഗീകൃത വിദ്യാലയങ്ങളാവുകയാണുണ്ടായത്. ഇതില്‍ ആദ്യത്തേത് ഇന്നത്തെ ചേലേരി യു.പി.സ്കൂളായിരുന്നു. ഇതിന് അംഗീകാരം ലഭിച്ചത് 1894-ലാണെന്നതിന് മതിയായ തെളിവുണ്ട്. വിവിധ ജാതിമതക്കാരുടെ 57-ഓളം ആരാധനാലയങ്ങള്‍ കൊളച്ചേരി ഗ്രാമപഞ്ചായത്തിലുണ്ട്. ആരാധനാലയങ്ങള്‍ക്ക് പുറമെ സമുദായ പരിഷ്ക്കരണത്തിനായി നിലകൊള്ളുന്ന സമുദായ സംഘടനകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ആരാധനയുമായി ബന്ധപ്പെട്ട കളിയാട്ടങ്ങള്‍, തിറകള്‍, തെയ്യങ്ങള്‍, വയല്‍ത്തിറകളൊക്കെ ഗ്രാമീണോത്സവങ്ങളായി നിലനില്‍ക്കുന്നു.

കൊണ്ടോട്ടി

സാമൂഹ്യചരിത്രം

പുരാതനകാലത്ത് കൊണ്ടോട്ടിയിലെ ജന്മിമാരില്‍ പ്രധാനികള്‍ തിനയഞ്ചേരി ഇളയത്ത്, തലയൂര്‍ മുസത് എന്നിവരായിരുന്നു. ഇവരില്‍ തലയൂര്‍ മൂസതാണ് മുസ്ളീം സാംസ്കാരികതയുടെ പ്രതീകമായി നിലനില്‍ക്കുന്ന പഴയങ്ങാടി പള്ളിക്ക് കരം ഒഴിവാക്കി സ്ഥലം നല്‍കിയത്. അക്കാലത്ത് ഈ പ്രദേശമത്രയും വന്‍കാടും വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രവുമായിരുന്നു. ഈ സ്ഥലത്ത് പള്ളി പണിയുന്നതിന് കാടുവെട്ടി തെളിയിക്കുവാന്‍ സ്ഥലത്തെ നാല് പ്രമുഖ മുസ്ളീം കുടുംബങ്ങള്‍ തീരുമാനിച്ചു. ഇവര്‍ കാട്ടിലേക്ക് നാട്ടുകാരുടെ സാന്നിധ്യത്തില്‍ പൊന്‍പണം എറിഞ്ഞു. ഈ പൊന്‍പണങ്ങള്‍ കരസ്ഥമാക്കാന്‍ നാട്ടുകാര്‍ കാട് വെട്ടിതെളിയിച്ചു. കാടുവെട്ടിതെളിയിച്ച സ്ഥലം കൊണ്ടുവെട്ടി എന്ന പേരില്‍ അറിയപ്പെട്ടു. പിന്നീട് അത് കൊണ്ടോട്ടി ആയി മാറി. പഞ്ചായത്തിലെ ഭൂരിഭാഗം ഭൂമിയും സാമൂതിരി കോവിലകം, തലയൂര്‍ മുസ്സത് എന്നീ ജന്മിമാരുടേതായിരുന്നു. ഭൂപരിഷ്കരണ നിയമം നിലവില്‍വന്നതോടെ ഈ ഭൂമികളെല്ലാം കൈവശക്കാരന്റെ സ്വന്തമായി മാറി. മിച്ചഭൂമി ഭൂരഹിത കര്‍ഷകര്‍ക്കും കര്‍ഷകതൊഴിലാളികള്‍ക്കും പതിച്ചുകിട്ടി. ഭൂവ്യവസ്ഥയില്‍ വന്ന ഈ മാറ്റം സാമൂഹ്യസാമ്പത്തിക സാംസ്കാരികരംഗങ്ങളില്‍ വലിയ പരിവര്‍ത്തനം വരുത്തി. കാര്‍ഷിക മേഖലയില്‍ തെങ്ങ്, കവൂങ്ങ് എന്നീ കൃഷികളില്‍ മാത്രമേ ജനങ്ങള്‍ താല്പര്യം കാണിക്കുന്നുള്ളൂ. നെല്ല്, മരച്ചീനി, മധുരക്കിഴങ്ങ്, പച്ചക്കറി തുടങ്ങിയവയാണ് മറ്റ് കൃഷികള്‍. കൊണ്ടോട്ടിയില്‍ ആദ്യകാലവിദ്യാഭ്യാസപ്രവര്‍ത്തനം ആരംഭിക്കുന്നത് 1880 പുകലക്കോട് എന്ന സ്ഥലത്ത് ഏകാധ്യാപക സ്കൂള്‍ സ്ഥാപിച്ചതോടെയാണ്. ആദ്യത്തെ അധ്യാപകന്‍ പി.അബൂബക്കര്‍ മാസ്റ്റ്റര്‍ ആയിരുന്നു. ഈ ഏകാധ്യപക വിദ്യാലയമാണ് ഇന്നത്തെ കൊണ്ടോട്ടി ഗവണ്‍മെന്റ് യു.പി.സ്കൂള്‍. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായ ഖിലാഫത്ത് പ്രസ്ഥാനം 1920-ല്‍ പഞ്ചായത്തില്‍ ആരംഭിച്ചു. എടക്കോട് മുഹമ്മദ്, പാണാളി സൈതാലിക്കുട്ടി, പെരീങ്ങാടന്‍ ആലിക്കുട്ടി, ആലുങ്ങല്‍ ഉണ്ണീന്‍, പൊട്ടവണ്ണി പറമ്പന്‍ വീരാന്‍കുട്ടി എന്നിവരായിരുന്നു പ്രധാനികള്‍. 1945-ല്‍ കുടിയൊഴിപ്പിക്കുന്നതിനെതിരായി രാഷ്ട്രീയവ്യത്യാസമില്ലാതെ നടന്ന ഒരു ഭൂസമരമാണ് എടുത്തുപറയാവുന്ന ഒരു സംഭവം. എര്‍ത്താലി വീരാന്‍കുട്ടിഹാജിയായിരുന്നു ജന്മി. പാമ്പോടന്‍ വീരാന്‍ കുട്ടി മമ്മൂട്ടി എന്നിവരായിരുന്നു കുടികിടപ്പുകാര്‍. കുടി ഒഴിപ്പിക്കലിനെതിരായ സമരത്തിന് നേതൃത്വം കൊടുത്തവര്‍ പി.കെ.ചേക്കുട്ടി, പി.കെ.മുഹമ്മദ്, കൊടഞ്ചാടന്‍ ബിച്ചിക്കോയ, കൊളക്കാടന്‍ ഹുസ്സന്‍, ചെമ്പന്‍ സൈതാലിക്കുട്ടി, കെ.കുഞ്ഞാലി, കപ്പാടന്‍ സൈതാലിക്കുട്ടി, പള്ളിപറമ്പന്‍ യാഹു, കൊട്ടേല്‍സ് മമ്മത് എന്നിവരായിരുന്നു പ്രധാനികള്‍. കൊണ്ടോട്ടിയുടെ സാംസ്കാരിക വളര്‍ച്ചക്ക് മാപ്പിളപ്പാട്ടിന് ഒരു ഉയര്‍ന്ന സ്ഥാനമുണ്ട്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി എന്ന ഈ സ്ഥലത്ത് കോഴിക്കോട് വിമാനത്താവളം സ്ഥാപിതമായതോടെയാണ് മലബാറിന്റെ ആകാശത്തിനു ചിറകുമുളച്ചതും അവികസിതമായിക്കിടന്നിരുന്ന ഈ പ്രദേശം മിന്നുന്ന വേഗത്തില്‍ വികസനത്തിലേക്ക് കുതിച്ചതും.

സാംസ്കാരികചരിത്രം

പില്‍ക്കാലത്ത് കൊണ്ടോട്ടിയിലുണ്ടായിരുന്ന പല ഓത്തുപള്ളികളും ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ഗഫൂര്‍ സാഹിബിന്റെ പ്രോത്സാഹന ഫലമായി പൊതുവിദ്യാലയങ്ങളായി മാറി. ടിപ്പുസുല്‍ത്താനില്‍ നിന്നും ഇനാംദാര്‍ പട്ടം ലഭിക്കുകയും ബ്രിട്ടീഷ് സര്‍ക്കാര്‍ ഈ പട്ടം തുടരാന്‍ അനുവദിക്കുകയും ചെയ്ത ഹസ്രത്ത് മുഹമ്മദ് ശാഹ് തങ്ങള്‍ ആണ് ഇന്നത്തെകൊണ്ടോട്ടി കുബ്ബക്ക് തറക്കല്ലിട്ടത്. ഇന്ന് കൊണ്ടാടപ്പെടുന്ന കൊണ്ടോട്ടി നേര്‍ച്ച ഹിന്ദു മുസ്ളീം സൌഹൃദത്തിന്റെ പ്രതീകമാണ്. ഇതൊരു ദേശീയ ഉത്സവമായാണ് കൊണ്ടോട്ടിയിലെ മുഴുവന്‍ ജനങ്ങളും ആഘോഷിക്കുന്നത്. കൊണ്ടോട്ടി പഞ്ചായത്തില്‍ അനൌപചാരിക വിദ്യാഭ്യാസകേന്ദ്രമായി 1935-ല്‍ ആരംഭിച്ച പഞ്ചായത്ത് വായനശാലയാണ് ഇന്നത്തെ റൂറല്‍ ലൈബ്രറിയായി കൊടാഞ്ചിറയില്‍ യുവജനസമിതിയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. സി.പി.അബ്ദുറഹിമാന്‍ സ്മാരക വായനശാല, ഇസ്ളാമിക് റീഡിംഗ് റൂം ലൈബ്രറി, കലാരഞ്ജിനി നീറാട്, അരങ്ങ് ലൈബ്രറി തുറക്കല്‍, ഇസ്ളാമിക് റീഡിംഗ് റൂം മുണ്ടപ്പാലം, മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം മേലങ്ങാടി, സലഫി വായനശാല തുറക്കല്‍ എന്നിവയും മുപ്പതിലധികം ക്ളബ്ബുകളും സാംസ്കാരികരംഗത്ത് ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതില്‍ കലാരഞ്ജിനി നീറാട് ജില്ലാതല അവാര്‍ഡ് ലഭിച്ച സ്ഥാപനമാണ്. കൊണ്ടോട്ടി കള്‍ച്ചറല്‍ യൂണിയന്‍ ദേശീയ തലത്തില്‍ അവാര്‍ഡ് ലഭിച്ച സ്ഥാപനമാണെന്ന് എടുത്തു പറയേണ്ടതാണ്. 1954-ല്‍ യുവജന കലാസമിതി എന്ന ഒരു സാംസ്കാരിക കേന്ദ്രം കൊണ്ടോട്ടിയില്‍ ഉണ്ടായിരുന്നു. കെ.ടി. മുഹമ്മദ് സാലിഹ് തങ്ങള്‍ രചിച്ച ജീവിതഗതി, കൂലിക്കാരന്റെ പെരുന്നാള്‍, കണക്കപ്പിള്ള എന്നീ നാടകങ്ങള്‍ ഈ കലാസമിതിയുടെ നേതൃത്വത്തില്‍ അരങ്ങേറിയിട്ടുണ്ട്. ഈ കലാസമിതിയുടെ നേതൃത്വത്തില്‍ പുലരി എന്ന കയ്യെഴുത്ത് മാസിക പ്രസിദ്ധീകരിക്കുകയുണ്ടായി. അന്ന് നിലവിലുണ്ടായിരുന്ന ദേശീയ കലാസമിതി, നാടകരംഗത്ത് സംഭാവനകള്‍ നല്കിയിട്ടുണ്ട്. നാടന്‍ കലാരൂപങ്ങള്‍ അരങ്ങേറുന്ന കാവ് ഉത്സവങ്ങളും കൊണ്ടോട്ടിയുടെ വിവിധ ഭാഗങ്ങളിലുണ്ട്.

കാളികാവ്‌

സാമൂഹ്യചരിത്രം

ഈ പ്രദേശത്തെ ഭൂസമ്പത്ത് മുഴുവന്‍ പണ്ടുകാലം മുതലേ കൈവശം വെച്ചുവന്നിരുന്നത് പടിഞ്ഞാറെ കോവിലകക്കാരായിരുന്നു. പിന്നീട് കാളികാവ്് പഞ്ചായത്തിന്റെ തെക്കോട്ട് ആയിരം നാഴികയോളം വരുന്ന നീരൊഴുക്ക് പ്രദേശവും കോവിലകക്കാര്‍ ചാര്‍ത്തി വാങ്ങി കൈവശം വെച്ചുവന്നിരുന്നതായും അറിയുന്നു. പൌരാണികമായൊരു സാംസ്കാരിക ചരിത്രപശ്ചാത്തലമുള്ള ഗ്രാമമാണ് കാളികാവ്. ഈ പ്രദേശത്തിന്റെ പഴയ പേര് കണ്ണത്ത് കാളികാവ് എന്നായിരുന്നു. കരുവാരക്കുണ്ട് പഞ്ചായത്തിലെ കണ്ണത്ത് എന്ന പ്രദേശത്ത് പുരാതനകാലത്ത് നിലവിലുണ്ടായിരുന്ന ഒരു കാളീക്ഷേത്രത്തിന്റെ കാവായിരുന്നു ഇന്നത്തെ അമ്പകുന്ന് പ്രദേശം. അമ്പകുന്ന് പ്രദേശത്ത് കണ്ണത്ത് കാളിയുടെ കാവ് സ്ഥിതിചെയ്തിരുന്നതിനാല്‍ കണ്ണത്ത് കാളികാവ് എന്ന പേരില്‍ ഈ പ്രദേശം അറിയപ്പെട്ടു. കാലാന്തരത്തില്‍ കണ്ണത്ത് കാളികാവ് എന്ന പേര് ലോപിച്ച് “കാളികാവ്” എന്നായി മാറി. കാവിന് തൊട്ടടുത്തായി ഒരു കിണറും അമ്പലപറമ്പും ഉണ്ടായിരുന്നു. അതാണ് ഇന്നത്തെ “അമ്പലകുന്ന് മൈതാനം” എന്നു വിളിക്കപ്പെടുന്നത്. ജന്മിത്വം അവസാനിക്കന്നതുവരെയും ഇവിടുത്തെ അത്യധ്വാനികളായിരുന്ന കര്‍ഷകരുടെ ജീവിതം ജന്മിയുടെയും കങ്കാണിമാരുടെയും അന്യായ പിരിവുകളും പാട്ടസമ്പ്രദായവും കാരണം ഏറെ ദുരിത പൂര്‍ണ്ണമായിരുന്നു. ഒറ്റപ്പെട്ട ചോദ്യം ചെയ്യലുകളുടെയും ചെറുത്തുനില്‍പിന്റെയും പ്രതിരോധസമരങ്ങള്‍ സാമൂഹികജീവിതത്തെ പോരാട്ടസജ്ജമാക്കിയെടുത്തു. കാളികാവ് പഞ്ചായത്തിലെ പഴക്കം ചെന്ന തോട്ടമാണ് പുല്ലങ്കോട് എസ്റ്റേറ്റ്. 1906 കാലഘട്ടത്തിലാണ് ഇതിനാവശ്യമായ സ്ഥലം എടുത്തുതുടങ്ങിയത്. 1914-ല്‍ കമ്പനി ആക്ട് പ്രകാരം രജിസ്റ്റ്റര്‍ ചെയ്തതായി അറിയുന്നു. സാമ്രാജ്യത്വ-ജന്മിത്വ വിരുദ്ധ പോരാട്ടങ്ങളിലെ തീനാളമായി മാറിയ 1921-ലെ കാര്‍ഷിക കലാപത്തിന്റെ രംഗഭൂമികളായിരുന്നു ഇവിടുത്തെ മിക്ക പ്രദേശങ്ങളും. വെള്ളയൂര്‍, മഞ്ഞപെട്ടി, കല്ലാമൂല, പുല്ലങ്കോട്, ചോക്കാട്, കാളികാവ് തുടങ്ങിയ പ്രദേശങ്ങള്‍ കലാപത്തിന്റെ നിരവധി കഥ പറയുന്ന മേഖലകളാണ്.

സാംസ്കാരികചരിത്രം

കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട് വളരെ പ്രസിദ്ധി നേടിയിരുന്ന കാളപൂട്ടു മല്‍സരങ്ങള്‍ കാര്‍ഷിക സമൂഹത്തിന്റെ മുഖ്യ ജനകീയോത്സവമായിരുന്നു. കൂരാട്, പൂച്ചപൊയില്‍, പേവുംന്തറ അമ്പലക്കടവ് എന്നീ പ്രദേശങ്ങളിലെ കന്നുപൂട്ടുമല്‍സരങ്ങള്‍ ഏറെ ജനപ്രീതിയാര്‍ജ്ജിച്ചവയായിരുന്നു. ഇന്നും ഈ പഞ്ചായത്തിലെ അമ്പലക്കടവ് കേന്ദ്രീകരിച്ചുള്ള പൂട്ടു മല്‍സരം അഭംഗുരം തുടരുന്നുണ്ട്. വെള്ളയൂരിലെ പുലത്ത് മൂസ്സമൊല്ല, കാളികാവിലെ പാറക്കല്‍ വാപ്പുകാക്ക തുടങ്ങിയ വളരെ പ്രസിദ്ധരായിരുന്ന മുസ്ളീംകലാകാരന്മാരുടെ നേതൃത്വത്തിലുണ്ടായിരുന്ന കോല്‍ക്കളി ഈ പ്രദേശത്തെ ഏറെ പ്രചാരം സിദ്ധിച്ച പാരമ്പര്യ ജനകീയകലയായിരുന്നു. 1961-ല്‍ സ്രാമ്പിക്കല്ലില്‍ ആരംഭിച്ച “ടാഗോര്‍ വായനശാല”യാണ് ഇവിടുത്തെ ആദ്യഗ്രന്ഥശാല. പുല്ലങ്കോട് എസ്റ്റേറ്റിലെ തൊഴിലാളികളുടെ ലേബര്‍ക്ളബ്ബ് തുടക്കം മുതല്‍തന്നെ സാംസ്കാരിക മേഖലയെ സമ്പുഷ്ടമാക്കുന്നതില്‍ ബദ്ധശ്രദ്ധരായിരുന്നു. പുല്ലങ്കോട് കലാസമിതിയുടെ നേതൃത്വത്തില്‍ നടന്ന കലാപ്രകടനങ്ങള്‍ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കാളികാവ് ജംഗ്ഷനിലെ “നടന കലാവേദി”യാണ് ഇന്നും വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന കലാസമിതി. ഇവര്‍ കലാപ്രവര്‍ത്തനങ്ങളിലും, സാമൂഹ്യസേവന രംഗത്തും, വികസനരംഗത്തും വിലപ്പെട്ട പ്രവര്‍ത്തനങ്ങളാണ് കാഴ്ച വയ്ക്കുന്നത്. പൂന്താനത്ത് മുഹമ്മദാലി, പാറക്കല്‍ നാണി എന്നീ പ്രശസ്തരായ ഫുട്ബോള്‍ താരങ്ങളുടെ പാരമ്പര്യം ഉയര്‍ത്തിപിടിക്കുന്ന പ്രഗല്‍ഭരായ പുതിയ താരങ്ങളുടെ ഒരു വന്‍നിര തന്നെ കാളികാവിലുണ്ട്. ഫുട്ബോളാണ് പഞ്ചായത്തിലെ പ്രധാനപ്പെട്ട കായികയിനം.

ഏറ്റുമാനൂര്‍

കുലശേഖര രാജാക്കന്മാരുടെ കാലത്ത് ചേര രാജ്യത്തെ 18 നാടുകളായി ഭാഗിച്ചിരുന്നു. അതിലൊന്നാണ് വെമ്പലനാട്. വെമ്പലനാട്ടില്‍പെട്ട പ്രദേശമായിരുന്നു ഏറ്റുമാനൂര്‍. 11ാം നൂറ്റാണ്ടില്‍ ചേരചോളയുദ്ധത്തെത്തുടര്‍ന്ന് ചേരരാജ്യം ഛിന്നഭിന്നമായപ്പോള്‍ ഈ സ്ഥലം വടക്കുംകൂര്‍ പ്രദേശത്തിന്റെ ഭാഗമായി. ഏറ്റുമാനൂര്‍ ക്ഷേത്രത്തിന് ചരിത്ര പ്രസിദ്ധി ഏറെയാണ്. ഏറ്റുമാനൂര്‍ പൂരം കാണാന്‍ വര്‍ഷം തോറും ഭക്തസഹസ്രങ്ങളാണ് ഇവിടെ എത്താറുള്ളത്. ഇവിടുത്തെ ഉല്‍സവത്തോടനുബന്ധിച്ച് ഏഴരപൊന്നാനകളുമായുള്ള ക്ഷേത്രത്തിലെ എഴുന്നള്ളിപ്പ് ലോകപ്രശസ്തമായ ഒന്നാണ്. ക്ഷേത്രോത്സവങ്ങളിലും, പള്ളിപ്പെരുന്നാളിലും, ആണ്ടുനേര്‍ച്ചകളിലും എല്ലാ മതവിശ്വാസികളും ജാതിമതഭേദമെന്യേ ഇവിടെ പങ്കുചേരുന്നു. ഇത്തരം ഉത്സവങ്ങളും, ആഘോഷങ്ങളും ഇവിടുത്തെ നാട്ടുകാര്‍ക്ക് സാംസ്കാരിക ഒത്തുചേരലിന്റെ വേദിയാണ്. നിരവധി പ്രശസ്ത വ്യക്തികള്‍ക്ക് ജന്മം നല്‍കിയ മണ്ണാണിത്. ഹാസ്യലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് പ്രേക്ഷകമനസ്സിലിടം നേടിയ എസ്.പി.പിള്ള ഏറ്റുമാനൂരിന്റെ സന്തതിയാണ്. വി.ടി.രാജപ്പനാണ് എടുത്ത് പറയേണ്ട മറ്റൊരു കലാകാരന്‍. സാഹിത്യരംഗത്ത് ശ്രദ്ധേയരായ നിരവധി വ്യക്തികളും പഞ്ചായത്തിലുണ്ട്. എഴുത്തുകാരന്‍ ചെറുവാണ്ടൂര്‍ ജോയ്, നോവലിസ്റ്റുകളായ ഏറ്റുമാനൂര്‍ ശിവപ്രസാദ്, ജോസഫ് മറ്റം, ഏറ്റുമാനൂര്‍ ശിവകുമാര്‍ തുടങ്ങിയവര്‍ ഈ നാടിന്റെ അഭിമാനങ്ങളാണ്. ആദ്യമായി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ കേരളീയന്‍ എന്ന ഖ്യാതി നേടിയ ഡോ.ജോസ് പെരിയപുറവും ഈ നാട്ടുകാരന്‍ തന്നെ. മോക്ഷ സംഗീത വിദ്യാലയം കലാരംഗത്ത് പ്രോത്സാഹനമായി ഇവിടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. ചെറുവാണ്ടൂര്‍, വെട്ടിമുകള്‍, പുന്നത്തറ, പേരൂര്‍ എന്നിവിടങ്ങളിലെ വായനശാലകള്‍ പഞ്ചായത്തിലെ സാംസ്കാരിക കേന്ദ്രങ്ങള്‍ കൂടിയാണ്.

ചേലക്കര

സാമൂഹ്യ-സാംസ്കാരിക ചരിത്രം
പഴയകാലത്ത് ചേലക്കരയിലെ റോഡുകള്‍ക്കിരുവശവും ആല്‍ തുടങ്ങിയ ധാരാളം ചേലവൃക്ഷങ്ങള്‍ തിങ്ങിവളര്‍ന്നിരുന്നുവത്രെ. ചേലമരങ്ങളുള്ള കര എന്ന പ്രയോഗത്തില്‍ നിന്നാണ് ചേലക്കര എന്ന സ്ഥലനാമം ഉണ്ടായതെന്ന് കരുതുന്നു. പഴയ കൊച്ചിനാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശം.കുലശേഖരവര്‍മ്മയുടെ സഹോദരീപുത്രനും പെരുമ്പടപ്പ് സാമൂതിരിയുടെ മകനുമായ ഒരു രാജാവാണ് പെരുമ്പടപ്പ് സ്വരൂപത്തിന് രൂപം കൊടുത്തത്. അദ്ദേഹമായിരുന്നു കേരളത്തിലെ ഒടുവിലത്തെ ചേരമാന്‍ പെരുമാള്‍. പെരുമ്പടപ്പ് സ്വരൂപത്തിന്റെ ആസ്ഥാനം പൊന്നാനി താലൂക്കിലെ വന്നരിയിലുള്ള പെരുമ്പടപ്പില്‍ തന്നെ ആയിരുന്നു. പില്‍ക്കാലത്ത് പെരുമ്പടപ്പ് സ്വരൂപം കൊച്ചിയിലേക്ക് ആസ്ഥാനം മാറുകയും കൊച്ചിരാജ്യം രൂപമെടുക്കുകയും ചെയ്തു. ചേലക്കര മുമ്പ് കൊച്ചിരാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്ന ഒരു താലൂക്കായിരുന്നു.ഏകദേശം 200 വര്‍ഷങ്ങള്‍ക്കുമുമ്പ്,ടിപ്പുസുല്‍ത്താന്‍ മുണ്ടൂര്‍ക്കര പാലിയം പിടിച്ചടക്കാന്‍ ചേലക്കയിലൂടെ പടയോട്ടം നടത്തുകയുണ്ടായി. ചേലക്കര പഞ്ചായത്തുള്‍പ്പെടുന്ന പഴയന്നൂര്‍ പ്രദേശത്തിനുമുണ്ട് പഴയൊരു ചരിത്രം.പഴയ തഞ്ചാവൂര്‍ രാജവംശത്തെ കൊങ്ങന്മാര്‍ അവരുടെ കൊട്ടാരത്തിലെ മധുവിഭാഗ തലൈവന് ജന്മാവകാശം നല്‍കിയ സ്ഥലമാണ് ഇവിടമെന്നും പറയപ്പെടുന്നു. മധുവില്‍പനക്കാരന് പഴയനെന്നാണ് തമിഴില്‍ പറയുക. ഇങ്ങനെ പഴയനു ജന്മാവകാശമായി നല്‍കിയ ഈ ഊരിന്റെ പേര് തുടര്‍ന്ന് പഴയന്നൂര്‍ എന്നായിമാറി എന്നാണ് സ്ഥലനാമചരിത്രം സൂചിപ്പിക്കുന്നത്. ഒരു കാലത്ത് ഈ പ്രദേശത്തുള്ള ഭൂസ്വത്തുക്കള്‍ ന്യൂനപക്ഷം വരുന്ന ഭൂവുടമകളുടേയും ക്ഷേത്ര കോയ്മകളുടേയും അധീനതയിലായിരുന്നു. തിരുവില്വാമലക്ഷേത്രം, അന്തിമഹാകാളന്‍കാവു, കാളിയറോഡ് പള്ളിയാറം, യാക്കോബ സുറിയാനി പളളി, കത്തോലിക്കപ്പളളി, തൃശ്ശൂര്‍ ജില്ലയിലെ തന്നെ ഏക അഹമ്മദീയ മുസ്ളീം പള്ളിയായ വല്ലിങ്ങപ്പാറ പള്ളി എന്നിവയാണ് ഈ പഞ്ചായത്തിലെ പ്രധാന ദേവാലയങ്ങള്‍. ഈ ദേവാലയങ്ങളോടനുബന്ധിച്ച്, അരങ്ങേറാറുള്ള ഉത്സവങ്ങളിലും പെരുന്നാളുകളിലും പൂരങ്ങളിലും ജാതി-മത ഭേദമെന്യേ പ്രദേശവാസികള്‍ മുഴുവന്‍ പങ്കെടുക്കുന്നു. പഴയകാലത്ത് ഇവിടം തിരുവാതിര, കൈകൊട്ടിക്കളി, പുള്ളുവന്‍പാട്ട്, കോലടിക്കളി, കൊയ്ത്തുപാട്ട്, വെള്ളാട്ട്, കളമെഴുത്ത്, കാളകളി, തോല്‍പ്പാവക്കൂത്ത്, ചോഴി, കാളവേല, പൂതന്‍, തെയ്യം, തിറ, പാക്കനാര്‍ക്കൂത്ത്, പരിശമുട്ടുക്കളി, ഉടുക്കുപാട്ട്, പാക്കനാര്‍ പാട്ട്, ഓണത്തല്ല് എന്നിങ്ങനെയുള്ള പാരമ്പര്യകലാരൂപങ്ങള്‍ക്ക് പ്രസിദ്ധമായിരുന്നു. കേരളത്തിലെ സുപ്രസിദ്ധ മുസ്ളീം ദേവാലയങ്ങളാണ് കാളിയാറോഡ് പള്ളി ജറാം, മധ്യകേരളത്തിലെ പേരുകേട്ട ഒരു ഹൈന്ദവാരാധനാകേന്ദ്രമാണ് അന്തിമഹാകാളന്‍ കാവ് ക്ഷേത്രം. വെങ്ങാളല്ലൂര്‍ ശിവക്ഷേത്രം, ചേലക്കര ശ്രീനരസിംഹമൂര്‍ത്തി ക്ഷേത്രം തുടങ്ങിയവയാണ് പ്രധാന ക്ഷേത്രങ്ങള്‍. 1805-ന് സ്ഥാപിക്കപ്പെട്ട പ്രാചീന ക്രിസ്ത്യന്‍ പള്ളിയാണ് യാക്കോബായ സുറിയാനിപള്ളി. ചെറുതുരുത്തിയിലും, തിരുവില്വാമലയിലും, ചേലക്കരയിലും, പഴയന്നൂരും, പാഞ്ഞാളും പഴയകാലത്ത് പേരുകേട്ട ആയൂര്‍വ്വേദ ആചാര്യന്മാര്‍ രോഗചികിത്സ നടത്തിയിരുന്നു. ചേലക്കരയിലെ നാട്ട്യന്‍ചിറയിലുണ്ടായിരുന്ന ഉഴിച്ചില്‍ വിദഗ്ദ്ധന്മാരുടെ സേവനവും ഈ രംഗത്ത് എടുത്തുപറയേണ്ടതാണ്. മാറാരോഗങ്ങള്‍ പോലും ചികിത്സിച്ചു ഭേദപ്പെടുത്തിയിരുന്നു. ചെമ്മാട്ടുമാധവന്‍ നായര്‍, രാമചന്ദ്രയ്യര്‍ തുടങ്ങിയവര്‍ ഈ പഞ്ചായത്തില്‍ നിന്നും ദേശീയസ്വതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരായിരുന്നു. 1940-ലാണ് ഈ പഞ്ചായത്തില്‍ ആദ്യത്തെ ഗ്രാമീണവായനശാലയായ ചേലക്കര ഗ്രാമീണവായനശാല ആരംഭിച്ചത്. തൃശൂര്‍-തിരുവില്വാമല റോഡാണ് ഈ പഞ്ചായത്തിനെ ജില്ലാ ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡ്. ഇരുനൂറു വര്‍ഷം പഴക്കമുള്ള ചേലക്കരയിലെ ശനിയാഴ്ച ചന്ത പ്രസിദ്ധമാണ്.1929-ല്‍ കോന്തസ്വാമി പ്രസിഡന്റായി പ്രഥമ പഞ്ചായത്തുകമ്മിറ്റി നിലവില്‍ വന്നു.1953-ലാണ് ഗ്രാമപഞ്ചായത്ത് രൂപീകൃതമാവുകയും നമ്പ്യാത്ത് കൃഷ്ണന്‍കുട്ടി നായര്‍ പ്രസിഡന്റായിക്കൊണ്ട് ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സമിതി അധികാരത്തിലേറുന്നത്.

കാര്‍ഷികചരിത്രം
ഈ പ്രദേശത്തെ സമ്പദ് വ്യസ്ഥയുടെ നട്ടെല്ല് കാര്‍ഷികമേഖലയാണെന്നു പറയാം. കാര്‍ഷികരംഗത്ത് പണ്ടുമുതലേ നെല്‍കൃഷി തന്നെയാണ് ഒന്നാം സ്ഥാനത്ത്.തൃശൂര്‍ ജില്ലയില്‍ വിശാലമായ പാടശേഖരങ്ങള്‍ ദര്‍ശിക്കുവാന്‍ കഴിയുന്ന ചില പ്രദേശങ്ങളിലൊന്നാണ് ഈ പഞ്ചായത്തുള്‍പ്പെടുന്ന പ്രദേശം.തൃശ്ശൂര്‍ ജില്ലയുടെ നെല്ലറ എന്ന വിശേഷണം തീര്‍ത്തും അര്‍ഹിക്കുന്ന പ്രദേശമാണിവിടം. ചേലക്കര പഞ്ചായത്തില്‍ ധാരാളം തോടുകളും കുളങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. മഴയെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുന്ന ചേലക്കര പഞ്ചായത്തുപ്രദേശത്ത് അസുരന്‍കുണ്ട് എന്ന ജലസേചനപദ്ധതി നെല്‍കൃഷിയ്ക്ക് സഹായകമാവുന്നുണ്ട്. 1948-ല്‍ കൊച്ചിനാട്ടുരാജ്യത്തെ പ്രധാനമന്ത്രിയായിരുന്ന ടി.കെ.നായര്‍ നടപ്പിലാക്കിയതും ഇന്നും പ്രചാരത്തിലുള്ളതുമായ പാമ്പാടി ശുദ്ധജല വിതരണ പദ്ധതി, ചെറുതുരുത്തിയിലേയും ചേലക്കരയിലേയും ശുദ്ധജല വിതരണപദ്ധതികള്‍ എന്നിവ എടുത്തുപറയാവുന്നതാണ്. കാര്‍ഷിക മേഖലയായ ഈ പ്രദേശത്ത് കാര്‍ഷിക ഉല്‍പന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങളാണ് കൂടുതല്‍ ഉള്ളത്. മലകള്‍, ചീരക്കുഴി പോലുള്ള നദീപ്രവാഹങ്ങള്‍, രാക്ഷസപാറകള്‍, മലയുടെയും നദിയുടെയും ഇടയ്ക്കുള്ള വിശാലപാടശേഖരങ്ങള്‍, ഒലിച്ചിയും കണ്ടംചിറയും പോലെയുള്ള വിസ്തൃതതടാകങ്ങള്‍, തലയുയര്‍ത്തി നില്‍ക്കുന്ന കരിമ്പനക്കൂട്ടങ്ങള്‍, തെങ്ങിന്‍തോപ്പുകള്‍, കാവുകള്‍, കുളങ്ങള്‍, വിശാലമായ കൃഷിയിടങ്ങള്‍ എന്നിവയൊക്കെചേര്‍ന്ന് പ്രകൃതിരമണീയമായ ഭൂപ്രകൃതിയാണ് പഞ്ചായത്തിനുള്ളത്.

ചമ്പക്കുളം

സാമൂഹിക-സാംസ്കാരികചരിത്രം
ഈ നാടും ഇതിന്റെ ചരിത്രവും സംസ്ക്കാരവും ഉല്‍പാദനപ്രക്രിയയുമെല്ലാം മനുഷ്യന്റെ പേശീബലം കൊണ്ട് സൃഷ്ടിക്കപ്പെട്ടതാണ്. നായര്‍ പ്രബലതയുള്ള സ്ഥലമായിരുന്നു ഈ ഗ്രാമം. ഇവരില്‍ പ്രധാനികള്‍ ചെമ്പകശ്ശേരി രാജാവിന്റെ ഉപ പടനായന്മാരും, വൈദ്യന്മാരുമായിരുന്ന വെള്ളൂര്‍ കുറുപ്പന്മാര്‍ ആയിരിക്കണം. വെട്ടും കുത്തും മാത്തൂര്‍ക്ക്; ഒടിവും ചതവും വെള്ളൂര്‍ക്ക് എന്നൊരു ചൊല്ലും ഇവിടെ നിലവിലുണ്ടായിരുന്നു. പടിപ്പുരയ്ക്കല്‍ ക്ഷേത്രപരിസരത്ത് കളരി കെട്ടി ആയുധപരിശീലനവും നടത്തുന്നുണ്ടായിരുന്നു. കടത്തനാട്ടില്‍ നിന്ന് നായനാര്‍മാര്‍ വന്ന് ഈ കളരികളില്‍ ആയുധവിദ്യ പഠിപ്പിച്ചിരുന്നു. ഇന്ന് പടച്ചാല്‍ എന്നറിയപ്പെടുന്ന പാടശേഖരത്ത് വര്‍ഷംതോറും ആയില്യം മകത്തിന് അധ:സ്ഥിതര്‍ കല്ലും, കവണിയുമായി രണ്ടു വിഭാഗമായി തിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. സംഘബോധത്തിന്റെയും കൂട്ടായ യത്നത്തിന്റേയും ചരിത്ര പൈതൃകമാണ് ഈ നാട്ടിലുള്ളതെന്നതിന് ഏറ്റവും പ്രബലമായ തെളിവാണ് ചമ്പക്കുളം മൂലം വള്ളംകളി. കൊല്ലവര്‍ഷം 990-ല്‍ ആണ് മൂലം വള്ളംകളി ആരംഭിച്ചത്. വള്ളനിര്‍മ്മാണത്തിന്റെ സാങ്കേതികവിദ്യ പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. പൊങ്ങുതടിയില്‍ നിന്നും ചുണ്ടന്‍ വള്ളങ്ങള്‍ വരെ നിര്‍മ്മിക്കുന്ന ഇവിടുത്തെ സാങ്കേതികവിദ്യ വികസിച്ചത് വളരെ വേഗത്തിലാണ്. യോദ്ധാക്കള്‍ക്കായി ചുണ്ടന്‍വള്ളം, അകമ്പടിക്കായി വെയ്പുവള്ളങ്ങള്‍, മിന്നല്‍യുദ്ധങ്ങള്‍ക്ക് ഇരുട്ടുകുത്തി ഇങ്ങനെയാണ് രീതി. യുദ്ധകാര്യങ്ങളില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ശക്തമായ പിന്‍ബലം നല്‍കിയിരുന്ന നാടാണ് ചമ്പക്കുളം. പിന്നീട് ചെമ്പകശ്ശേരി, മാര്‍ത്താണ്ഡവര്‍മ കീഴടക്കിയതും, മാര്‍ത്താണ്ഡവര്‍മ്മയ്ക്കു ശേഷം ബ്രിട്ടീഷുകാര്‍ ഭരണാധികാരികളായതുമുള്‍പ്പെടെ ചരിത്രത്തിലുള്ളതെല്ലാം ഈ ഗ്രാമത്തിനും ബാധകമാണ്. ഒന്നാം ലോകമഹായുദ്ധ കാലത്ത്, ബ്രണ്ടന്‍ സായ്പ്പിന്റെ യന്ത്രവത്ക്കരണപ്രവര്‍ത്തനങ്ങള്‍ കുട്ടനാടന്‍ കാര്‍ഷികമേഖലയില്‍ വ്യാപകമായ മാറ്റങ്ങള്‍ വരുത്തി. നവീനവിദ്യാഭ്യാസം ജനങ്ങളുടെയിടയില്‍ പ്രചരിക്കാന്‍ തുടങ്ങി. പഞ്ചായത്തില്‍ ആദ്യമായി 1884-ല്‍ ഒരു വിദ്യാലയം പുന്നക്കുന്നത്തുശ്ശേരില്‍ സ്ഥാപിതമായി. ആദ്യത്തെ വായനശാലയായ പബ്ളിക് ലൈബ്രറി ചമ്പക്കുളം 1945-ലാണ് സ്ഥാപിതമായത്. കുട്ടനാട്ടിലെ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ നേതാവായിരുന്നു ചാക്കോ കാഞ്ഞൂപ്പറമ്പന്‍. ജാതി പീഡനത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് എം.കെ.കൃഷ്ണന്‍, കുറ്റിക്കാട്ടില്‍ ശങ്കരന്‍ചാന്നാന്‍ (കൈനകരി) എന്നിവര്‍ വഹിച്ച പങ്ക് പ്രത്യേകം പ്രസ്താവ്യമാണ്. കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളി പ്രസ്ഥാനം 1939 ഡിസംബര്‍ 8-നാണ് രൂപീകരിക്കപ്പെടുന്നത്. അടിയാളനെ കൊന്നതിന് തമ്പ്രാനെതിരെ ഫയല്‍ ചെയ്യപ്പെട്ട കുട്ടനാട്ടിലെ ആദ്യത്തെ കേസ് ആണ് ഓമനചിന്ന കേസ്. കര്‍ഷകത്തൊഴിലാളി സമരങ്ങളില്‍ ഏറ്റവും പ്രമുഖമായ 1955-ലെ വെള്ളിശ്രാക്കല്‍ സമരത്തിന് നേതൃത്വം കൊടുത്തവരിലൊരാള്‍ ഈ നാട്ടുകാരനായ പി.കെ.പാട്ടമായിരുന്നു. നിഷ്ഠൂരമായ മര്‍ദ്ദനങ്ങള്‍ സഹിച്ചുകൊണ്ട് കര്‍ഷകത്തൊഴിലാളികളുടെ മോചനത്തിനുവേണ്ടി പ്രവര്‍ത്തിച്ച പി.കെ.പരമേശ്വരകൈമള്‍ എന്ന പി.കെ.പാട്ടം പരക്കെ അറിയപ്പെടുന്ന നേതാവായിരുന്നു. 1964-ല്‍ പ്രസിദ്ധമായ ചിറക്ക് പുറം സമരം നടന്നു. കൂലി ഏട്ടണയില്‍ നിന്നും 12 അണയാക്കി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഈ സമരം കാലണാ സമരം എന്നറിയപ്പെടുന്നു. കളത്തില്‍ സ്കറിയ എന്ന ജന്മിയുടെ പാടശേഖരത്തിലാണ് ഈ സമരം നടന്ന

അഴീക്കോട്

സാമൂഹ്യചരിത്രം

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് അറബികളും മറ്റ് വിദൂര ദേശങ്ങളില്‍ നിന്നുള്ളവരും തടികൊണ്ടുള്ള പണിത്തരങ്ങളും മലഞ്ചരക്കുകളും കയറ്റി കൊണ്ടുപോയിരുന്നത് മലബാറിന്റെ തീരപ്രദേശത്ത് പേരുകേട്ട അഴീക്കല്‍ തുറമുഖത്തു നിന്നായിരുന്നു. അഴി-പ്രദേശം എന്ന അര്‍ത്ഥം വരുന്നതിനാലാണ് ഈ ഗ്രാമത്തിന് അഴീക്കോടെന്ന പേരു ലഭിച്ചതെന്ന് കരുതപ്പെടുന്നു. ചെറുകപ്പലുകളും ഉരുവും വന്നടുക്കുന്ന കപ്പക്കടവു പ്രദേശത്തിനും കപ്പല്‍ അടുക്കുന്ന പ്രദേശം എന്ന അര്‍ത്ഥത്തിലാവാം ഈ പേര് ലഭിച്ചത്. പഴയ ചിറക്കല്‍ കോവിലകത്തിന്റെയും, നാടുവാഴികളുടെയും അധീനതയിലായിരുന്ന ഈ ഗ്രാമം തികച്ചും കാര്‍ഷിക സമ്പദ്ഘടനയെ ആശ്രയിച്ചായിരുന്നു നിലനിന്നുപോന്നത്. നിരവധി ക്ഷേത്രങ്ങളുടെയും കാവുകളുടെയും നാടായ അഴീക്കോട് അതിപുരാതനവും അപൂര്‍വ്വവുമായ ഒട്ടനവധി തെയ്യങ്ങളുടേയും തിറകളുടേയും നാടു കൂടിയാണ്. ഈ പഞ്ചായത്തിന്റെ ഭൂമിയുടെ ഉടമസ്ഥത പഴയകാലത്ത് നാലോ അഞ്ചാ ദേവസ്വങ്ങളുടേയും, ചില ജന്മികളുടേയും, ചിറക്കല്‍ കോവിലകത്തിന്റേയും, അറക്കല്‍ രാജാവിന്റേയും കൈകളിലായിരുന്നു. ബ്രിട്ടീഷ് ശക്തികളുടെ ആഗമനത്തോടെ പഴയകാല സാംസ്കാരികതനിമകളും കലാരൂപങ്ങളും മറ്റും കൈമോശം വന്നുപോയെങ്കിലും ഇന്നും പ്രാചീനമായ ഇത്തരം കലാരൂപങ്ങളുടെ അവതരണങ്ങള്‍ ക്ഷേത്രോത്സവങ്ങളിലും മറ്റ് പ്രാദേശികമായ തിറകളിലും കാണാന്‍ കഴിയുന്നുണ്ട്. ദേശീയ പ്രസ്ഥാനത്തിന്റെ ആഗമനത്തിന് മുമ്പ് ചിറക്കല്‍ തമ്പുരാന്റെ സേനയില്‍ നെടുംതൂണായി പ്രവര്‍ത്തിക്കുകയും മാടായിക്കോട്ടയുടെ സംരക്ഷകനായി കഴിയുകയും ചെയ്തിരുന്ന അഴീക്കോട് വാസിയായിരുന്ന മുരിക്കഞ്ചരി കേളു, തമ്പുരാനുമായി ഇടയുകയും സൈന്യവുമായി സുധീരം ഏറ്റുമുട്ടി വീരമൃത്യു വരിക്കുകയും ചെയ്ത കഥ നാടന്‍പാട്ടുകളിലും മറ്റും കേള്‍ക്കാം. പ്രസിദ്ധമായ വന്‍കുളം നിര്‍മ്മിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണെന്ന് ഐതിഹ്യമുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളില്‍ പാലക്കാട് കേന്ദ്രീകരിച്ച്, ജാതീയമായ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ പത്രം നടത്തിയ ആളായിരുന്നു അഴീക്കോട്ടുകാരനായ പൊന്മഠത്തില്‍ കൃഷ്ണസ്വാമി. അഴീക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിന് വാഗ്ഭടാനന്ദസ്വാമികളെ പ്രേരിപ്പിച്ചതും പൊന്മഠത്തില്‍ കൃഷ്ണസ്വാമിയായിരുന്നുവെന്നു പറയപ്പെടുന്നു. ആത്മവിദ്യാസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അഴീക്കോട് പ്രദേശത്ത്, സാമൂഹ്യപരിഷ്ക്കരണത്തില്‍, പ്രത്യേകിച്ച് അയിത്തം, വിഗ്രഹാരാധന എന്നിവക്കെതിരെ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ വമ്പിച്ച ചലനം സൃഷ്ടിച്ചിട്ടുണ്ട്. വാഗ്ഭടാനന്ദഗുരുവിന്റെ ശിഷ്യനായ എം.ടി.കുമാരന്‍ മാസ്റ്റര്‍ കേരളത്തിലുടനീളം ആത്മവിദ്യാസംഘത്തിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിലും കലാസാഹിത്യസദസ്സുകളിലും മറ്റും ഉജ്ജ്വലമായ പ്രഭാഷണങ്ങള്‍ നടത്തുന്നതിലും ശ്രദ്ധേയനായിരുന്നു. സ്വാമി ബ്രഹ്മവ്രതന്റെ പ്രവര്‍ത്തനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. ആനന്ദസമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഈ പഞ്ചായത്തില്‍ നല്ല വേരോട്ടം കിട്ടിയിരുന്നു. ഇക്കാലത്തു തന്നെ അയിത്തത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതില്‍, പ്രത്യേകിച്ചും മിശ്രഭോജനവും ക്ഷേത്രക്കുളത്തിലെ പൊതുസ്നാനം സംഘടിപ്പിക്കുന്നതിലും മുന്നാട്ടു വന്ന്, ഒട്ടനവധി പീഡനങ്ങള്‍ ഏറ്റുവാങ്ങിയ ധീരന്‍മാര്‍ ഈ പ്രദേശത്തുണ്ടായിരുന്നു. പൊതുനിരത്തില്‍ക്കൂടി എല്ലാവര്‍ക്കുമൊപ്പം നടന്നുപോകാനും പൊതുകിണറുകളില്‍ നിന്നും വെള്ളം കോരുന്നതിനും സ്വാതന്ത്യ്രമില്ലാതിരുന്ന, വെറും അടിമകളെപ്പോലെ കഴിയേണ്ടിവന്നിരുന്ന ഹരിജനങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് പച്ച കൃഷ്ണന്‍മാസ്റ്റര്‍ നടത്തിയ മിശ്രഭോജനം വമ്പിച്ച ഒച്ചപ്പാടുണ്ടാക്കിയ സംഭവമായിരുന്നു. അതുപോലെ മൊളോളംകുളത്തില്‍ കുളിച്ചതിന്ന് ജയിലില്‍ പോകേണ്ടിവന്ന ചെറുപ്പക്കാരായ രണ്ട് താഴ്ന്ന ജാതിക്കാര്‍ക്ക്, അതിന് ആവേശം പകര്‍ന്നുകൊടുത്ത സാമൂഹ്യപരിഷ്ക്കരണപ്രസ്ഥാനത്തിന്റെ നായകര്‍ ഈ പ്രദേശത്തിനാകെ അഭിമാനമായിരുന്നു. അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരെ അക്കാലത്ത് മുന്നാട്ടു വന്നവരില്‍ അഴീക്കല്‍ സ്വദേശിയായ പി.കെ.ഗോപാലശര്‍മ്മയെ പോലുള്ളവര്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് എല്ലാ വിഭാഗക്കാര്‍ക്കും, പ്രത്യേകിച്ച് ഹരിജനങ്ങള്‍ക്ക്, നാട്ടിലെ നാനാമുഖമായ പ്രവര്‍ത്തനമേഖലകളില്‍ മറ്റുള്ളവര്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്നുകൊണ്ട് വിവാഹങ്ങളിലും ഉത്സവങ്ങളിലും സാമൂഹ്യരാഷ്ട്രീയ സംവിധാനങ്ങളിലും പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭ്യമാക്കിയത്. ഈ പ്രവര്‍ത്തനങ്ങളില്‍ പഴയകാലത്ത് ഈ പ്രദേശത്ത് നേതൃനിരയിലുണ്ടായിരുന്നവരില്‍ രാമുണ്ണി വൈദ്യര്‍, കല്ലേന്‍ കുഞ്ഞിരാമന്‍, പനയന്‍ ദാമു എന്നിവര്‍ പ്രത്യേകം ഓര്‍മ്മിക്കപ്പെടേണ്ടവരാണ്. അക്കാലത്തെ രാഷ്ട്രീയപ്രവര്‍ത്തകര്‍ ജന്‍മിത്തത്തിനും ഫ്യൂഡല്‍ വാഴ്ചക്കുമെതിരെ കര്‍ഷകപ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുത്ത് കൊണ്ട് സമരം നടത്തിപ്പോന്നിരുന്നു. ഇവിടുത്തെ ഭൂമിയുടെ ആധിപത്യം ചിറക്കല്‍-അറക്കല്‍ രാജവംശങ്ങള്‍, അക്ളിയത്ത് ദേവസ്വം, ചില ജന്മികുടുംബങ്ങള്‍ എന്നിവരില്‍ ഒതുങ്ങിനിന്നിരുന്നു. കൃഷിഭൂമി കൃഷിക്കാരന് എന്ന മുദ്രാവാക്യം പ്രായോഗികമാക്കുന്നതിനും വാരം, പാട്ടം എന്നിവ അവസാനിപ്പിക്കുന്നതിനും എ.കെ.ജിയെ പ്പോലുള്ളവര്‍ നേതൃത്വം നല്‍കിയ പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച പി.വി.ചാത്തുനായര്‍, സി.ഗോപാലന്‍ നമ്പ്യാര്‍, പി.വി.കുഞ്ഞിരാമന്‍ മാസ്റ്റര്‍, കണ്ടഞ്ഞാറ്റല്‍ കൃഷ്ണന്‍ നമ്പ്യാര്‍ തുടങ്ങി ധാരാളം പേരുണ്ട്. ട്രേഡ്യൂണിയന്‍ മേഖലകളിലും അക്കാലത്ത് അഴീക്കോട്ട് കാര്യമായ പ്രവര്‍ത്തനം നടന്നിരുന്നു. ട്രേയിഡ് യൂണിയന്റെ ആദ്യകാലനേതാക്കളില്‍ പി.വി.ചാത്തുനായര്‍ പ്രത്യേകമായി പരാമര്‍ശിക്കപ്പെടേണ്ട വ്യക്തിയാണ്. ട്രേയിഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യകാലത്ത് മാര്‍ഗ്ഗദര്‍ശനം നല്‍കാന്‍ പി.കൃഷ്ണപിള്ള അഴീക്കോട് സന്ദര്‍ശിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സമ്പദ്ഘടനയില്‍ വ്യാവസായിക മേഖലയില്‍, കുഴിത്തറിയില്‍ നിന്നും കൈത്തറിയിലേക്കുള്ള വളര്‍ച്ച ഒരു വലിയ ഗുണപരമായ മാറ്റമായിരുന്നു. അക്കാലത്ത് കൈത്തറി മേഖലയില്‍ മാറ്റങ്ങള്‍ക്കു നേതൃത്വം നല്‍കുകയും അഴീക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുകൊണ്ട്, കൈത്തറിരംഗത്തെ കണ്ണൂരിന്റെ കുലപതിയെന്ന് വിശേഷിപ്പിക്കാവുന്ന രീതിയില്‍ വന്‍സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ച എ.കെ.നായര്‍ അഴീക്കോടിന്റെ വിവിധ മേഖലകളില്‍ വികസനത്തിന് ഒരു പുതിയ പാത തന്നെ വെട്ടിത്തുറക്കുവാന്‍ ശ്രമിച്ച വ്യക്തിയാണ്. 1937-ല്‍ കണ്ണൂര്‍ ജില്ലയില്‍ മൂന്നാമതായി രൂപീകരിക്കപ്പെട്ട അഴീക്കോട് പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ് എ.കെ.നായരായിരുന്നു. 1953 മെയ് 29-ന് എന്‍.കൃഷ്ണന്‍ പ്രസിഡന്റായി ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി നിലവില്‍ വരികയുണ്ടായി. സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളുടെയും ദേശീയപ്രസ്ഥാനത്തിന്റെയും വളര്‍ച്ചയുടെ കാലഘട്ടത്തില്‍ ജനിച്ചുവളര്‍ന്ന് ഈ രാജ്യത്ത് മാത്രമല്ല, ലോക നിലവാരത്തില്‍ പോലും ശ്രദ്ധിക്കപ്പെടുന്ന പ്രഭാഷകനും ഗ്രന്ഥകാരനുമായ സുകുമാര്‍ അഴീക്കോട് എന്ന മഹത്വ്യക്തിയ്ക്കു ജന്മം നല്‍കിയ നാടാണ് അഴീക്കോട്. രാജ്യത്തെമ്പാടും ആഞ്ഞടിച്ച സ്വാതന്ത്ര്യസമരത്തിന്റെ കാറ്റ് അഴീക്കോട് പ്രദേശത്തുണ്ടാക്കിയ പ്രതികരണം ശക്തമായിരുന്നു. കേരള രാഷ്ട്രീയത്തില്‍ പില്‍ക്കാല നായകന്‍മാരില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന പി.എം.കുഞ്ഞിരാമന്‍ നമ്പ്യാര്‍ അഴീക്കോട്ടെ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം വഹിച്ചവരില്‍ പ്രധാനിയായിരുന്നു. സര്‍വ്വോദയ പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന ടി.വി.അനന്തന്‍ ദേശീയസമരത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്ന വൃക്തിയായിരുന്നു. മാക്കുനി കൃഷ്ണന്‍ നമ്പ്യാര്‍, പി.വി. കുഞ്ഞിരാമന്‍ ഗുരുക്കള്‍, മാവില ഗോവിന്ദന്‍ നമ്പ്യാര്‍ തുടങ്ങിയവരും ഈ സമരത്തില്‍ സജീവമായിരുന്നു.

സാംസ്കാരിക ചരിത്രം

കടലിന്റെയും പുഴയുടെയും ഹൃദയത്തുടിപ്പ് ഏറ്റുവാങ്ങുന്ന ഈ ഗ്രാമത്തിന് തനതായ ഒരു സാംസ്കാരിക പൈതൃകമുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ അറബികളും മറ്റു വിദേശികളും വ്യാപാരാവശ്യാര്‍ത്ഥം ഈ പ്രദേശവുമായി ബന്ധപ്പെട്ടിരുന്നുവെന്ന് ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു. അഴീക്കല്‍ തുറമുഖം ഒരുകാലത്ത് പ്രമുഖതുറമുഖങ്ങളുടെ ഗണത്തില്‍പ്പെട്ട ഒന്നായിരുന്നു. കേരളത്തിന്റെ സാംസ്കാരിക മുന്നറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആളുകള്‍ക്ക് ജന്‍മം നല്‍കിയ പ്രദേശമാണിത്. ഒരു കാലത്ത് ആത്മവിദ്യാ സംഘം പോലുള്ള പ്രസ്ഥാനങ്ങള്‍ സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം അവിസ്മരണീയമാണ്. മനുഷ്യനെ മനുഷ്യനായി കാണാത്ത ജാതിവ്യവസ്ഥയ്ക്കെതിരെ പാലക്കാട്ടു പോയി പത്രപ്രചാരണം നടത്തിയ യോഗിവര്യന്‍ പൊന്മഠത്തില്‍ കൃഷ്ണ സ്വാമികള്‍ ഈ ദേശത്തിന്റെ വരദാനങ്ങളിലൊന്നായിരുന്നു. അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം ഒരു വായനശാല ഉപ്പായിച്ചാലില്‍ പ്രവര്‍ത്തിക്കുന്നു. കൃഷ്ണസ്വാമിയുടെ ശിഷ്യനും ശ്രീ ശങ്കരന്റെ അദ്വൈത വാക്യങ്ങള്‍ക്ക് പുതിയ വ്യാഖ്യാനം നല്‍കുകയും ഒരു സനാതന സംസ്കാരത്തിന് വിത്തുപാകുകയും ചെയ്ത വാഗ്ഭടാനന്ദ ഗുരുദേവര്‍ ഇവിടെയായിരുന്നു പ്രവര്‍ത്തിച്ചത്. എം.ടി.കുമാരന്‍ മാസ്റ്റര്‍, ടി.വി.അനന്തന്‍, പി.വി.ചാത്തുനായര്‍, ഡോ.പി.അനന്തന്‍ തുടങ്ങിയ ഒട്ടനവധി ആളുകള്‍ അഴീക്കോടിന്റെയും സാംസ്കാരിക കേരളത്തിന്റെയും മുഖച്ഛായ മാറ്റാന്‍ അഹോരാത്രം പ്രയത്നിച്ചിരുന്നു. ഇന്ന് ലോകം ബഹുമാനിക്കുന്ന, പ്രഭാഷണകലയുടെ രാജാവെന്നറിയപ്പെടുന്ന സുകുമാര്‍ അഴീക്കോടും ഈ ദേശത്തിന്റെ പുത്രനാണ്. കലാരംഗത്തെ ഏറെ മുന്നറ്റമുണ്ടാക്കിയ പ്രദേശമായിരുന്നു അഴീക്കോട്. സംഗീതസന്ധ്യകളും സാഹിത്യസംവാദങ്ങളും നാടകവേദികളും കൊണ്ട് ഇവിടം സജീവമായിരുന്നു. ജയഭാരതം കലാനിലയം, ജയശ്രീ നാടകനിലയം, പുരോഗമന കലാസമിതി, നടരാജ നാട്യകലാനിലയം, കൈരളി കലാനിലയം തുടങ്ങിയ സംഘങ്ങളായിരുന്നു പ്രധാന നാടകസംഘങ്ങള്‍. പുള്ളുവന്‍ വൈദ്യരുടെ ശിക്ഷണത്തില്‍ അല്ലി അര്‍ജ്ജുനചരിതം, മാലതീമാധവം, സതീലോചന, തുടങ്ങിയ നാടകങ്ങള്‍ ഈ സംഘങ്ങള്‍ അവതരിപ്പിച്ചിരുന്നു. തങ്കം ഗോവിന്ദന്‍, കമലം ഗോവിന്ദന്‍, കുഞ്ഞിരാമന്‍ സ്രാപ്പ് എന്നിവര്‍ സ്ത്രീ വേഷത്തിലഭിനയിച്ച് പ്രേക്ഷകരെ ഹരം കൊള്ളിച്ചിരുന്നു. വാഗ്ഭടാനന്ദന്റെ ശിഷ്യനായിരുന്ന സ്വാമി ബ്രഹ്മവ്രതന്‍ നാടകകലയ്ക്ക് പുതിയ അര്‍ത്ഥതലങ്ങള്‍ നല്‍കിയ വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ അനവധി മികച്ച നാടകങ്ങള്‍ അഴീക്കോട് പ്രദേശത്ത് അവതരിപ്പിച്ചിട്ടുണ്ട്. അധ്യാപക സമരം കൊടുമ്പിരിക്കൊള്ളുകയും സ്കൂള്‍ മാനേജര്‍മാര്‍ ശമ്പളം നല്‍കാതിരിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നാടകം ജനശ്രദ്ധ പിടിച്ചുപറ്റിയതാണ്. പില്‍ക്കാലത്തും മികച്ച നാടകകൃത്തുക്കള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. കെ.പി.കുമാരന്‍, മമ്മിണിയപ്പന്‍ ബാപ്പു, മീശകരുണന്‍, കെ.പി.കെ.പണിക്കര്‍, പി.ജി.അഴീക്കല്‍, കെ.ടി.ആനന്ദ്, പി.വി.കെ.റാം, കാട്ടാര്‍ തുടങ്ങിയ നടന്‍മാര്‍ നാടകകലയ്ക്ക് അവിസ്മരണീയമായ സംഭാവനകള്‍ നല്‍കിയിട്ടുള്ളവരാണ്. പാദുക പട്ടാഭിഷേകം, കൃഷ്ണദൂത് എന്നീ നാടകങ്ങളെഴുതി പോരയില്‍ രാമന്‍ നമ്പ്യാര്‍ മികച്ച നാടകകൃത്തെന്ന ഖ്യാതി നേടിയിരുന്നു. തെക്കന്‍ നാട്ടിലുള്ളവര്‍ മാത്രം കഥാപ്രസംഗകലയില്‍ പ്രാവീണ്യം നേടിയിരുന്ന അവസരത്തില്‍ വടക്കുള്ളവര്‍ക്കും സാധിക്കുമെന്ന് കാണിച്ചു കൊടുത്ത വ്യക്തിയാണ് പി.ജി.അഴീക്കോട്. സുപ്രസിദ്ധ നാടകനടിയും സിനിമാനടിയുമായിരുന്ന കണ്ണൂര്‍ രാജം, നാടകനടി പി.സി.തങ്കം തുടങ്ങിയവരും ഈ നാടിന്റെ സന്തതികളാണ്. തെയ്യം കലാരൂപങ്ങളുടെ നാടാണിത്. കാവുകളുമായി ബന്ധപ്പെട്ട് ഇന്നും തെയ്യം അരങ്ങേറാറുണ്ട്. പ്രധാനമായും വീരന്‍, വീരാളി, ഭഗവതി, വിഷ്ണുമൂര്‍ത്തി, ഗുളികന്‍ തുടങ്ങിയവയാണ് അവതരിപ്പിക്കാറ്. തെയ്യം കലാരൂപങ്ങളായി അവതരിപ്പിക്കപ്പെടുന്ന ഈ കാലത്തും പരമ്പരാഗതമായി അവതരിപ്പിക്കുന്ന ഒന്നിലേറെ കുടുംബങ്ങള്‍ ഈ ദേശത്തുണ്ട്. കാവുകളുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ തന്നെ അപൂര്‍വ്വമായി നടക്കുന്ന തീച്ചാമുണ്ഡി എന്ന ആചാരം ശ്രീകൂര്‍മ്പാഭഗവതി ക്ഷേത്രത്തില്‍ അരങ്ങേറാറുണ്ട്. നെയ്യമൃത് ഉത്സവം, ആനയെഴുന്നള്ളത്ത് തുടങ്ങിയ അനുഷ്ഠാനങ്ങള്‍ക്ക് മാറ്റു കുറഞ്ഞെങ്കിലും ഇന്നും ഇവിടെ പ്രചാരത്തിലുണ്ട്. ഒരു കാലത്ത് ഉപ്പെഴുന്നള്ളത്ത് എന്നാരനുഷ്ഠാനം ഇവിടെയുണ്ടായിരുന്നു. മൂന്നുനിരത്തിലെ കൂര്‍മ്പകാവില്‍ നിന്നും അക്ളിയത്ത് ശിവക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്നതായിരുന്നു ഈ അനുഷ്ഠാനം. കാലക്രമത്തില്‍ അതില്ലാതായി. ഉത്സവങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന നാലഞ്ചുമാസം അഴീക്കോട് ആഘോഷത്തിന്റെ ലഹരിയിലാണ്. ഐക്യത്തോടെ തരംതിരിവില്ലാതെ മനുഷ്യന്‍ ഒത്തുകൂടുന്ന അവസരമാണത്. മലബാറിലെ തന്നെ പ്രസിദ്ധമായ ഉറൂസുകളിലൊന്നാണ് ആലാളാം മഖാം ഉറൂസ്. അപൂര്‍വ്വങ്ങളായി മാത്രം കണ്ടുവരുന്ന ഒരു കാളിക്ഷേത്രവും ബാലീക്ഷേത്രവും ഇവിടെയുണ്ട്. തളിപ്പറമ്പ് ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു കൊട്ടാരം അഴീക്കോടുണ്ട്. കേരളത്തിന്റെ പാരമ്പര്യആയോധന കലകള്‍ പഠിപ്പിക്കുന്ന കളരികള്‍ നാട്ടിന്‍പുറങ്ങളില്‍ സര്‍വ്വസാധാരണമായിരുന്നു. സഹൃദയവേദി, കൈരളികലാനിലയം, പ്രോഗ്രസ്സീവ് ഗ്രൂപ്പ്, പി.ഗോപാലന്‍ സ്മാരക സാംസ്കാരിക വേദി, ശ്രീനാരായണ സാംസ്കാരിക വേദി, മാനവാതീയേറ്റര്‍ തുടങ്ങിയ പ്രസ്ഥാനങ്ങള്‍ ഇന്ന് ഈര്‍ജ്ജിതമായിത്തന്നെ ഇവിടെ പ്രവര്‍ത്തിക്കുന്നു. നാടന്‍കലകളായ തെയ്യം, തിറ പോലുള്ള കലാരൂപങ്ങളെ ലോകത്തിന് പരിചയപ്പെടുത്തി കേരളത്തിലെ ക്ഷേത്രകലാരൂപങ്ങളെ അന്താരാഷ്ട്ര തലത്തില്‍ പരിചയപ്പെടുത്തുന്നതിനു പ്രവര്‍ത്തിക്കുന്ന ഫോക് ലോര്‍ സെന്റര്‍ ജനശ്രദ്ധയാകര്‍ഷിക്കുന്ന കേന്ദ്രമാണ്.

വിദ്യാഭ്യാസചരിത്രം

അഴീക്കോട്, വിദ്യാഭ്യാസ രംഗത്ത് മഹത്തായ സംഭാവനകള്‍ നല്‍കിയ നാടാണ്. കണ്ണൂരിലും പരിസരങ്ങളിലും പണ്ഡിതന്‍മാരെ സൃഷ്ടിച്ച മേപ്പാട് രാമന്‍ ഗുരുക്കള്‍, യാതൊരു പ്രതിഫലേച്ഛയുമില്ലാതെയാണ് ശിഷ്യന്‍മാരെ പഠിപ്പിച്ചിരുന്നത്. ഇരുപതാം നൂറ്റാണ്ടിനു മുന്‍പ് വിദ്യാലയമാരംഭിച്ച മുണ്ടച്ചാലി കേളന്‍ ഗുരുക്കള്‍, പെരുമാക്കല്‍ ചാത്തു എഴുത്തച്ഛന്‍, പച്ച കണ്ണന്‍ മാസ്റ്റര്‍, കുറ്റിച്ചി രാമന്‍ മാസ്റ്റര്‍, കുഞ്ഞിരാമന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസ്കാരമെന്തെന്ന് ജനങ്ങളെ പഠിപ്പിച്ചവരാണ്. താഴ്ന്ന ജാതിക്കാരനെ കണ്ടാല്‍പോലും അയിത്തമുണ്ടായിരുന്ന കാലത്ത് അവരെ കൂടെയിരുത്തി വിദ്യ അഭ്യസിപ്പിച്ച പനങ്കാവില്‍ ദാമോദരന്‍ മാ സ്റ്റര്‍ ഒരു സാമൂഹ്യവിപ്ളവകാരി തന്നെയായിരുന്നു. ഇന്നത്തെ അഴീക്കോട് ഹൈസ്കൂളിന്റെ ആദ്യത്തെ ഹെഡ്മാ സ്റ്ററായിരുന്ന കെ. അച്യുതന്‍ മാസ്റ്റര്‍, സംസ്കൃത പണ്ഡിതനും കണ്ണൂരും പരിസരത്തും വലിയൊരു ശിഷ്യഗണത്തിന്റെ ഉടമയുമായ പരയങ്ങാട്ട് കുഞ്ഞിരാമന്‍ മാസ്റ്റര്‍ തുടങ്ങിയവരുടെ സേവനം വിദ്യാഭ്യാസരംഗത്ത് അഴീക്കോട് പ്രദേശത്തിന് എന്നും വഴികാട്ടിയായിരുന്നു. ഇന്ന് അഴീക്കോടിന്റെ മുക്കിലും മൂലയിലും പ്രവര്‍ത്തിക്കുന്ന പൊതു വിദ്യാലയങ്ങളും അതിന് സമാന്തരമായി പ്രവര്‍ത്തിക്കുന്ന അനൌപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളും വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്നത് ആദ്യകാലത്തുണ്ടയിവന്ന സാമൂഹിക പശ്ചാത്തലത്തില്‍ നിന്നാണ്. മീന്‍കുന്ന് ഗവ ഹൈസ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്ത് 1880-ല്‍ ഒരു സ്ക്കൂള്‍ തുറന്നു. അനേകമാളുകള്‍ക്ക് വിദ്യാഭ്യാസം നല്‍കിയ മുണ്ടച്ചാലി കേളന്‍ഗുരുക്കള്‍, കണ്ണൂരും പരിസരങ്ങളിലും അനേകം ശിഷ്യന്‍മാരെ സൃഷ്ടിച്ച ചാത്തു എഴുത്തച്ഛന്‍, മേപ്പാട് രാമന്‍ ഗുരുക്കള്‍, കമാരന്‍ ഗുരുക്കള്‍ എന്നിവരൊക്കെ സ്കൂള്‍ സ്ഥാപകരും ഗുരുനാഥന്‍മാരുമായിരുന്നു. പഞ്ചായത്തില്‍ ആദ്യകാലത്ത് സ്ഥാപിക്കപ്പെട്ടവയില്‍ ഏറ്റവും പഴക്കമുള്ളവയാണ് അക്ളിയത്ത് സ്കൂള്‍, സെന്‍ട്രല്‍ എല്‍.പി.സ്കൂള്‍, അഴീക്കോട് സൌത്ത് യു.പി.സ്കൂള്‍ എന്നിവ. കുറ്റിച്ചി രാമന്‍മാസ്റ്റര്‍, ശങ്കരന്‍ കുമാരന്‍ മാസ്റ്റര്‍, ആര്‍.കുഞ്ഞിരാമന്‍ മാസ്റ്റര്‍, പച്ച കണ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവരായിരുന്നു അന്നത്തെ പ്രധാന ഗുരുക്കന്‍മാര്‍

ആറളം

സാമൂഹ്യസാംസ്കാരികചരിത്രം

ഇവിടുത്തെ ആദിമനിവാസികളായ കുറിച്ച്യര്‍, പണിയര്‍, മലയാളര്‍, എന്നിവരെ പിന്തള്ളി കുടിയേറ്റക്കാര്‍ കടന്നകയറുന്നത് 20-ാം നൂറ്റാണ്ടിലാണ്. തുടര്‍ന്നുള്ള കാലത്ത്, ആദ്യകുടിയേറ്റക്കാരായിരുന്ന കനകത്തടം കുടുംബത്തിന്റെയും, മുസ്ളീം സമുദായത്തില്‍പ്പെട്ട കുഞ്ഞിമായന്‍ ഹാജിയുടെയും കുടുംബങ്ങള്‍ തമ്മിലുള്ള ശീത സമരത്തിന്റെ കാലമായിരുന്നുവെന്ന് പറയപ്പെടുന്നു. പഴമക്കാരുടെ മൊഴിയിലെ അതിശയോക്തി ഒഴിവാക്കിയാല്‍ കോട്ടയം രാജാവും കനകത്തടം കുടുംബവും തമ്മില്‍ ഒരു വിശുദ്ധമായ ബന്ധം നിലനിര്‍ത്തിയിരുന്നതായി കാണാം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലഘട്ടത്തില്‍ നടന്ന തിരുവിതാംകൂറില്‍ നിന്നുള്ള കുടിയേറ്റത്തിനു മുമ്പുതന്നെ ഇവിടെ, ആദിമജനവിഭാഗങ്ങളെ കൂടാതെ, പരിഷ്കൃതരായ മറ്റൊരു ജനത വസിച്ചിരുന്നു എന്നതിന്റെ തെളിവാണ് അമ്പലക്കണ്ടി, അടിയേരി മഠം, പാലയാട്, മുണ്ടയാംപറമ്പ് എന്നീ ക്ഷേത്രങ്ങള്‍. അന്നത്തെ ജനതയുടെ സാംസ്കാരികവും ശില്‍പപരവുമായ കഴിവുകള്‍ മേല്‍പ്പറഞ്ഞ അമ്പലങ്ങളുമായി ബന്ധപ്പെട്ട് കണ്ടെടുക്കപ്പെട്ട അവശിഷ്ടങ്ങളില്‍നിന്നും നമുക്ക് മനസിലാക്കാവുന്നതാണ്. കൂടാതെ ആറളം, കുട്ടക്കലം, കാരപറമ്പ് എന്നിവിടങ്ങളിലെ ചെങ്കല്‍മേഖലകളില്‍ കണ്ടെത്തിയിട്ടുള്ള പല ഗുഹകളും ഇതിനുള്ള മറ്റു തെളിവുകളാണ്. പണിയര്‍, കുറിച്യര്‍, മലയാളര്‍, എന്നിങ്ങനെ മൂന്നു തരത്തിലുള്ള ആദിമ ജനവിഭാഗങ്ങള്‍ ഇവിടെ നിലനിന്നിരുന്നതായി കാണാം. ഇവിടത്തെ ആദിമജനതകള്‍ക്കിടയില്‍ സാമ്പത്തികസ്ഥിതിയില്‍ കുറിച്ച്യര്‍ താരതമ്യേന ബഹുദൂരം മുന്നിലാണ്. വിയറ്റ്നാം, കീഴ്പള്ളി എന്നിവിടങ്ങളിലായി പണ്ടുമുതല്‍തന്നെ താമസിച്ചുവന്നിരുന്ന കുറിച്യരുടെ തനതു സംസ്ക്കാരം മറ്റു ജനവിഭാഗങ്ങളുടെ ആഗമനത്തോടെ കൈമോശം വന്നുപോയി. ഇവര്‍ അമ്പും വില്ലും ആയുധങ്ങളായി ഉപയോഗിക്കുകയും മറ്റ് ജനങ്ങള്‍ക്ക് അയിത്തം കല്‍പിക്കുകയും ചെയ്തിരുന്നു. അയിത്തം ഏറെക്കുറെ ഇന്നില്ലാതായിരിക്കുന്നു. വിദ്യാഭ്യാസരംഗങ്ങളില്‍ ഈ വിഭാഗക്കാര്‍ പിന്നിലായിരുന്നു. പണിയര്‍ ഒരുകാലത്ത് ഈ നാടിന്റെ മുഴുവന്‍ അധിപരും പിന്നീട് കനകത്തിടം ജന്മിമാരുടെ അടിമകളും ആയിരുന്നു. അലഞ്ഞുനടക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ഇവര്‍ വിദ്യാഭ്യാസകാര്യങ്ങളില്‍ പിന്നിലാണ്. മലയാളര്‍ എന്ന വിഭാഗം ആറളം പഞ്ചായത്തിലെ വീര്‍പ്പാട് എന്ന ദേശത്തു മാത്രമാണ് താമസിക്കുന്നത്. ഇവരുടെ പിതാമഹന്മാര്‍ കോട്ടയം നാട്ടുരാജ്യത്തിന്റെ കീഴിലുണ്ടായിരുന്ന ഇപ്പോഴത്തെ ത്വക്കിലങ്ങാടിക്കടുത്തുള്ള പാലാഴി എന്ന സ്ഥലത്തു താമസിച്ചിരുന്നവരാണെന്നു പറയപ്പെടുന്നു. കോട്ടയംരാജാവ് ഈ വിഭാഗക്കാരെ അദ്ദേഹത്തിന്റെ ഭരണത്തിന്‍ കീഴിലുള്ള ഈ പ്രദേശത്തു കൊണ്ടുവന്നു താമസിപ്പിക്കുകയായിരുന്നു. വിശ്വവിജ്ഞാന കോശത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഇവര്‍ കന്നുകാലി വളര്‍ത്തലും നെല്‍കൃഷിയും പ്രധാനതൊഴിലായി സ്വീകരിച്ചവരാണ്. അമ്പൂം വില്ലും ഒരുകാലത്ത് ഇവരുടെ പ്രധാന ആയുധങ്ങളായിരുന്നു. തുടര്‍ന്ന് തോക്ക് മുതലായ ആധുനിക ആയുധങ്ങളുപയോഗിക്കാനും ഇവര്‍ വിദഗ്ധരായി തീര്‍ന്നു. പാലയാട് ദേവസ്വത്തിന്റെ ഉടമസ്ഥാവകാശം പൂര്‍ണ്ണമായും ഇവര്‍ക്കായിരുന്നു. പാലയാട്ടീശ്വരന്‍(ശിവന്‍) ആണ് ഇവരുടെ പ്രധാന ആരാധനാമൂര്‍ത്തി. തെയ്യങ്ങളും തിറകളും നടത്തിയിരുന്ന ഇവര്‍ കുറിച്യര്‍, പണിയര്‍, തുടങ്ങിയ ആളുകള്‍ക്ക് അയിത്തം കല്‍പിച്ചിരുന്നു. ഏകപത്നീവ്രതക്കാരായിരുന്നു ഇക്കൂട്ടര്‍. സ്ത്രീകള്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഉപയോഗിച്ചിരുന്നു. മൈസൂരിലെ ഭരണാധികാരിയായിരുന്ന ടിപ്പുസുല്‍ത്താന്‍ മലബാര്‍ ആക്രമണക്കാലത്ത് ഇവിടെയും എത്തിയതായി കരുതപ്പെടുന്നു. ആറളത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും മറ്റു ഒറ്റപ്പെട്ട പ്രദേശങ്ങളിലും മലബാറുകാരായ പഴയ കുടിയേറ്റക്കാരുണ്ടായിരുന്നു. ആറളം പഞ്ചായത്തിലെ ഭൂമി മുഴുവന്‍ മുണ്ടയാംപറമ്പ് ദേവസ്വത്തിന്റെയും, പാലയാട് ദേവസ്വത്തിന്റെയും, കനകത്തടം ജന്മിയുടെയും ഉടമസ്ഥയിലായിരുന്നു. കൊല്ലംതോറും പുനംകൃഷി ചെയ്യാന്‍ ജന്മിമാരും മറ്റും, അവരുടെ കുടിയാന്മാരെ അനുവദിക്കുകയും കുടിയാന്‍മാരും മറ്റു ആദിവാസികളും ഈ പ്രദേശങ്ങളില്‍ പുനം കൃഷി നടത്തുകയും ചെയ്തിട്ടുണ്ട്. ഇടതൂര്‍ന്ന് വളര്‍ന്ന വന്‍മരങ്ങളുണ്ടായിരുന്ന ഈ മലമ്പ്രദേശങ്ങള്‍ കാട്ടുമൃഗങ്ങളുടെ വിഹാരകേന്ദ്രമായിരുന്നു. 1930-കളിലാണ് ഒറ്റപ്പെട്ടും രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം വ്യാപകമായും അധ്വാനശീലരായ കര്‍ഷകകുടുംബങ്ങള്‍ കന്നിമണ്ണു തേടി തിരുവിതാംകൂറില്‍ നിന്നും മലബാറിലേക്ക് കുടിയേറ്റം തുടങ്ങിയത്. ഈ പഞ്ചായത്തിലെ ആറളം കേന്ദ്രീകരിച്ചു നാലാം ക്ളാസുവരെയുള്ള ഒരു ബോര്‍ഡ് സ്ക്കൂള്‍ സ്ഥാപിച്ചതോടു കൂടിയാണ് ഈ പ്രദേശത്തെ ജനങ്ങള്‍ വിദ്യാഭ്യാസമേഖലയിലേക്ക് ശ്രദ്ധതിരിച്ചുതുടങ്ങിയത്. 1906-ലാണ് ഈ സ്ക്കൂള്‍ നിലവില്‍ വന്നതെന്ന് പറയപ്പെടുന്നു. പഴയകാലത്ത് ഈ പഞ്ചായത്തിലെ ഏക വിദ്യാഭ്യാസസ്ഥാപനമായിരുന്ന ഈ സ്ക്കുളാണ് ആറളം പഞ്ചായത്തിലെ ഇപ്പോഴത്തെ ഏക ഗവണ്‍മെന്റ് ഹൈസ്ക്കുളായി മാറിയിരിക്കുന്നത്. ആദ്യകാലത്ത് അപ്പര്‍പ്രൈമറി വിദ്യാഭ്യാസം നേടുന്നതിനായി ഇവിടെയുള്ളവര്‍ 15 കിലോമീറ്റര്‍ ദൂരം താണ്ടി കീഴുര്‍, പേരാവൂര്‍ എന്നിവിടങ്ങളിലെ ഹൈസ്ക്കൂളുകളിലാണ് പോയിരുന്നത്. പിന്നീട് പഞ്ചായത്തിലെ കീച്ചേരി എന്ന സ്ഥലത്ത് നാലാം ക്ളാസ്സുവരെയുള്ള ഒരു സ്ക്കൂള്‍ നിലവില്‍ വരികയും, നാലു വര്‍ഷത്തിനു ശേഷം അതിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തു. 1949 മുതലുള്ള കുടിയേറ്റത്തിന്റെ ആരംഭത്തില്‍ തന്നെ എടുര്‍ പ്രദേശത്ത് ഒരു എല്‍.പി.സ്ക്കുള്‍ സ്ഥാപിക്കുകയുണ്ടായി. പ്രസ്തുത സ്ക്കൂളാണ് പിന്നീട് ആറളം പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്ക്കുള്‍ (1956) എന്ന ബഹുമതിക്കര്‍ഹമായത്. ആ കാലഘട്ടത്തില്‍ തന്നെ വീര്‍പ്പാട് പ്രദേശത്ത് ചാത്തോത്ത് കണ്ണന്‍ ഗുരുക്കള്‍ ഏകദേശം 20 പേര്‍ക്ക് കളരിവിദ്യാഭ്യാസം നല്‍കിക്കൊണ്ട് ആരംഭിച്ച സ്ഥാപനത്തിന് 1944-ല്‍ ഗവണ്‍മെന്റ് അംഗീകാരം നല്‍കുകയും പിന്നീട് രാമാനന്ദവിലാസം സ്ക്കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. കേരളത്തില്‍ ഈ പ്രദേശത്തു മാത്രം താമസിക്കുന്ന മലയാളര്‍ എന്ന ജനവിഭാഗത്തിന്റെ വിദ്യാഭ്യാസപുരോഗതിയ്ക്കായി സ്ഥാപിച്ച സ്ക്കൂളായിരുന്നു ഇതെങ്കിലും പിന്നീട് ക്രിസ്ത്യന്‍ മാനേജ്മെന്റിന് വില്‍ക്കുകയാണുണ്ടായത്. എന്നാല്‍ വേണ്ടത്ര കുട്ടികളില്ല എന്ന കാരണം പറഞ്ഞ് സ്ക്കുള്‍ വെള്ളിമനത്തേക്ക് മാറ്റുകയുണ്ടായി. പ്രസ്തുത സ്ക്കൂളാണ് (1949) ഇന്നും സെന്റ് സെബാസ്റ്റ്യന്‍സ് യു.പി.സ്കൂള്‍, വീര്‍പ്പാട് എന്ന പേരില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഈ സമയത്തുതന്നെ കണീശന്‍ കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ 13 പേരെയും കൊണ്ട് 1954-ല്‍ തുടങ്ങിയ സ്ഥാപനമാണ് പിന്നീട് ഗവണ്‍മെന്റ് എല്‍.പി.സ്ക്കുള്‍, ഇടവേലി എന്ന പേരില്‍ ഇപ്പോഴും പ്രവര്‍ത്തിച്ചുവരുന്നത്. സേലം രക്തസാക്ഷികളെ പരാമര്‍ശിക്കാതെ ആറളം ഗ്രാമത്തെക്കുറിച്ച് ഒന്നും പറയാനാവില്ല. സേലം രക്തസാക്ഷി ഞണ്ടാടി കുഞ്ഞമ്പു പുതുക്കുണ്ട് സ്വദേശിയാണ്. 1940കളിലാണ് ആറളം പഞ്ചായത്തിലെ ഓടൂരില്‍ കുടിയേറ്റമാരംഭിച്ചത.് പ്രധാനപ്പെട്ട റോഡുകളായ എടൂര്‍-കീഴ്പ്പള്ളി, കാരാപ്പറമ്പ്-വീര്‍പ്പാട്, കീഴ്പള്ളി-ചതിരൂര്‍, ആറളം-അത്തിക്കല്‍, കാരാപ്പറമ്പ്-ആറളം തുടങ്ങിയ റോഡുകള്‍ കുടിയേറ്റ ജനതയുടെ ശ്രമത്തിന്റേയും ഒത്തൊരുമയുടേയും ഫലമായുണ്ടായതാണ്.

അങ്ങാടിപ്പുറം

സാമൂഹ്യചരിത്രം

പഴയ കാലത്ത് കിഴക്ക് പന്തല്ലൂര്‍ മല വരെയും, വടക്കും തെക്കും അതിരുകളില്‍ ആനക്കയംപുലാമന്തോള്‍ മല വരെയും, പടിഞ്ഞാറ് മലപ്പുറം പാങ്ങ് കുന്നുകള്‍ വരെയും വ്യാപിച്ചുകിടന്നിരുന്ന വള്ളുവനാടിന്റെ വാണിജ്യസിരാകേന്ദ്രവും, ആധ്യാത്മിക സാംസ്ക്കാരിക ആസ്ഥാനവുമായിരുന്നു അങ്ങാടിപ്പുറം. സംഘകാലത്ത് (എ.ഡി. 5-ാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടം) പുലയര്‍, കുറുവര്‍, വില്ലവര്‍, പറയര്‍, പാണര്‍, വെള്ളാളര്‍ തുടങ്ങിയവരായിരുന്നു കേരളത്തിലെ നിവാസികള്‍. വള്ളുവജാതിയില്‍പ്പെട്ടവരുടെ ആധിപത്യം മൂലമാണ് വള്ളുവനാട് എന്ന ദേശനാമം ഉണ്ടായത്. പഴയ വള്ളുവനാടിന്റെ ഹൃദയഭാഗമായ ഈ പ്രദേശത്തിനു ചരിത്രകഥകളേറെയുണ്ട്. അങ്ങാടിപ്പുറം എന്ന കൊച്ചുപട്ടണം വള്ളുവനാട് രാജസ്വരൂപത്തിന്റെ തലസ്ഥാനമായിരുന്നുവത്രെ. ഇന്നും പഴമക്കാര്‍ “വെള്ളാട്ടങ്ങാടി” എന്നാണ് ഈ പ്രദേശത്തെ വിളിക്കുന്നത്. ചരിത്രമുറങ്ങുന്ന തിരുമാന്ധാംകുന്ന് ക്ഷേത്രവും, ചാവേര്‍ത്തറയും, തളിയും, കോട്ടപ്പറമ്പും, അല്‍പാക്കുളവും, ചാവേര്‍ക്കാടും ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ തിരുനാവായ മണല്‍പ്പുറത്ത് നടത്തിയിരുന്ന ചരിത്രപ്രസിദ്ധമായ മാമാങ്കത്തിന്റെ അധീശത്വം “വള്ളുവക്കോനാതിരി”ക്കായിരുന്നു. മാമാങ്കത്തിന്റെ “നിലപാടുതറ”യില്‍ ഉടവാളുമായി അധ്യക്ഷസ്ഥാനം അലങ്കരിച്ചിരുന്ന വള്ളുവക്കോനാതിരിയെ സാമൂതിരിയുടെ പടയാളികള്‍ ശിരച്ഛേദം ചെയ്തു വകവരുത്തി. സാമൂതിരിയുടെ വന്‍പടയ്ക്കെതിരെ യുദ്ധം ചെയ്തു വിജയിക്കുക അസാധ്യമാണെന്ന് വെള്ളാട്ടരചപ്പടയ്ക്ക് അറിയാമായിരുന്നു. സ്വന്തം രാജ്യത്തിന്റെ അഭിമാനത്തിനു വേണ്ടി രക്തം ചിന്താനും ജീവന്‍ ത്യജിക്കാനും വള്ളുവനാട്ടിലെ ചാവേര്‍ പടയാളികള്‍ സന്നദ്ധരായി. എട്ടുവീട്ടിലച്ചന്‍മാര്‍ എന്ന നാട്ടുപ്രമാണിമാരിലുടെയായിരുന്നു വള്ളുവക്കോനാതിരി ഭരണം നടത്തിയിരുന്നത്. ജ്ഞാനപ്പാന രചിച്ച പൂന്താനത്തിന്റെ സാഹിത്യസൃഷ്ടികളുടെ ഈറ്റില്ലമായിരുന്നു അങ്ങാടിപ്പുറം ഗ്രാമം. “ഉണ്ണിക്കുട്ടന്റെ ലോകം” ഉള്‍പ്പെടെ നിരവധി നോവലുകളുടെ കര്‍ത്താവും ഈ നാട്ടുകാരനുമായിരുന്ന “നന്തനാ”രെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവില്ല. കേരളത്തിലെ കലാപ്രേമികളുടെ കണ്ണിലുണ്ണിയായിരുന്ന കോച്ചാട്ടില്‍ ബാലകൃഷ്ണമേനോന്‍ പിറന്നതും വളര്‍ന്നതും അങ്ങാടിപ്പുറത്താണ്. നാലമ്പലങ്ങളില്‍ ഒതുങ്ങിനിന്നിരുന്ന സോപാനസംഗീതത്തെ, ജനമധ്യത്തിലെത്തിച്ച ലോകപ്രശസ്ത സോപാനസംഗീതകാരനായ ഞെരളത്ത് രാമപൊതുവാളുടെ ജന്മം കൊണ്ട് ധന്യമായ നാടാണിത്. കഥകളിയില്‍ തനതുശൈലി രൂപപ്പെടുത്തിയ കൂട്ടില്‍ കുഞ്ഞന്‍ മേനോന്‍, കഥകളി വാദ്യവാദനവിദഗ്ദ്ധനായ കലാമണ്ഡലം നാരായണന്‍ നമ്പീശന്‍, കഥകളിക്കൊട്ട്, തായമ്പക എന്നിവയില്‍ പ്രശസ്തനായിരുന്ന സദനം വാസുദേവന്‍, കൃഷ്ണദാസ്-ഹരിദാസ് സഹോദരന്മാര്‍ എന്നിവര്‍ അങ്ങാടിപ്പുറത്തിന്റെ കലാപാരമ്പര്യം ലോകത്തിനു കാട്ടിക്കൊടുത്തവരാണ്. കൃഷിയും അനുബന്ധതൊഴിലുകളും ആയിരുന്നു സാധാരണക്കാരായ ഗ്രാമീണരുടെ ഉപജീവന മാര്‍ഗ്ഗം. പാട്ട വ്യവസ്ഥയിലായിരുന്നു കാര്‍ഷിക ഉല്‍പ്പാദനം നടന്നിരുന്നത്. 19-ാം നൂറ്റാണ്ടില്‍ ഇരുമ്പുഖനനവും ഉല്‍പ്പാദനവും നടത്തുന്നതിനുള്ള നാടന്‍ സാങ്കേതികവിദ്യ ഈ പ്രദേശത്ത് നിലനിന്നിരുന്നു. 1826-ല്‍ ഇംഗ്ളണ്ടുകാരനായ ഹെന്‍ട്രി ഹാമില്‍ടന്‍ ബുക്കാനന്‍ ഈ പഞ്ചായത്തില്‍ വച്ച് ഇരുമ്പയിര് അടങ്ങിയ ചെങ്കല്ല് കെട്ടിടനിര്‍മ്മാണത്തിന് ഉപയോഗിക്കാമെന്ന് കണ്ടെത്തുകയും ആധുനിക സാങ്കേതിക വിദ്യയിലൂടെ ഇരുമ്പുല്‍പ്പാദനം ആരംഭിക്കുകയും ചെയ്തതോടെ നാടന്‍ സങ്കേതികവിദ്യകള്‍ അപ്രസക്തമായി. എം.പി.നാരായണമേനോന്‍, എം.പി.കുഞ്ഞിക്കണ്ണന്‍മേനോന്‍, എം.പി.ഗോവിന്ദമേനോന്‍ എന്നിവരും, പരേടത്ത് സഹോദരന്‍മാരുടെ നേതൃത്വത്തില്‍ ധാരാളം യുവാക്കളും ഇവിടെ നിന്നും ദേശീയ സ്വാതന്ത്ര്യസമരരംഗത്ത് സജീവമായി പങ്കെടുത്തു. സ്വാതന്ത്ര്യസമരത്തിന്റെ നിയന്ത്രണകേന്ദ്രം എന്ന സ്ഥാനം അങ്ങാടിപ്പുറത്തിനു സിദ്ധിച്ചിരുന്നു. 1957-ലെയും, 1967-ലെയും ഭൂപരിഷ്കരണനിയമങ്ങള്‍ ഭൂവുടമാബന്ധങ്ങളില്‍ വിപ്ളവകരമായ മാറ്റം വരുത്തി. അമ്പതുകളിലാണ് പഞ്ചായത്തിന്റെ മലയോര പ്രദേശങ്ങളില്‍ തെക്കന്‍കേരളത്തില്‍ നിന്നുള്ള കുടിയേറ്റകര്‍ഷകര്‍ എത്തിച്ചേര്‍ന്നത്. അങ്ങാടിപ്പുറത്തെ പൌരപ്രമുഖനായിരുന്ന കെ.ശേഷുഅയ്യരുടെയും, ഗില്‍ബര്‍ട്ട് ഗോണ്‍സാല്‍വസ് എന്ന ക്രിസ്ത്യന്‍ പുരോഹിതന്റെയും നേതൃത്വത്തില്‍ ആയിരത്തിലധികം ആളുകള്‍ ശ്രമദാനം നടത്തിയാണ് അങ്ങാടിപ്പുറം-പരിയാപുരം റോഡിന്റെ പണി പൂര്‍ത്തിയാക്കിയത്. പഞ്ചായത്തിലെ ആദ്യ വിദ്യാഭ്യാസസ്ഥാപനം കോട്ടപ്പറമ്പ സ്ക്കൂള്‍ ആണ്. 100 വര്‍ഷത്തിലേറെ പഴക്കം ഈ സ്കൂളിനുണ്ട്.

കാര്‍ഷിക ചരിത്രം

കൃഷിയും അനുബന്ധതൊഴിലുകളും ആയിരുന്നു സാധാരണക്കാരായ ഗ്രാമീണരുടെ ഉപജീവന മാര്‍ഗ്ഗം. പാട്ട വ്യവസ്ഥയിലായിരുന്നു കാര്‍ഷിക ഉല്‍പ്പാദനം നടന്നിരുന്നത്. ഈ പ്രദേശത്തെ കാര്‍ഷികവിളക്രമം തീരുമാനിക്കപ്പെട്ടിരിക്കുന്നത് പ്രധാനമായും കാര്‍ഷിക കാലാവസ്ഥയെ അടിസ്ഥാനമാക്കിയാണ്. പഞ്ചായത്തില്‍ മുന്‍കാലങ്ങളില്‍ പ്രാമുഖ്യം കൂടുതലുണ്ടായിരുന്നത് നെല്‍കൃഷിക്കായിരുന്നു. കാണച്ചാര്‍ത്തുകളില്‍ മാത്രമേ ദീര്‍ഘകാലവിളകള്‍ ഉണ്ടായിരുന്നുള്ളു. കാരി, അരിവാകാരി, ചെങ്കയ്മ, മുണ്ടകന്‍, തെക്കന്‍ചീര, ചെറുകയ്മ, ആറ്റകയ്മ, തവളക്കണ്ണന്‍, വൃശ്ചികപാണ്ടി തുടങ്ങിയവയായിരുന്നു പ്രധാന വിത്തിനങ്ങള്‍. കൃഷി ജീവിതത്തിന്റെ ഭാഗമായിരുന്ന അക്കാലത്ത് വിനോദോപാധികളും കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടതായിരുന്നു. കാളപൂട്ട്, പോത്തുപൂട്ട് എന്നിവ പ്രധാന കാര്‍ഷിക വിനോദ മത്സരങ്ങളായിരുന്നു. കാര്‍ഷിക വിപണനമേളകള്‍ കൂടിയായിരുന്നു ഉത്സവസീസണുകള്‍. ഉത്സവപ്പറമ്പുകള്‍ കാര്‍ഷികോല്‍പന്നങ്ങളുടെയും, കാര്‍ഷികോപകരണങ്ങളുടെയും വില്‍പനകേന്ദ്രങ്ങളുമായിരുന്നു. കരഭൂമി പ്രദേശങ്ങളില്‍ തെങ്ങ്, കവുങ്ങ്, റബ്ബര്‍, കശുമാവ് എന്നിവയും വാണിജ്യാടിസ്ഥാനത്തില്‍ ഇടവിളകളും കൃഷി ചെയ്തിരുന്നു.

സാംസ്കാരികചരിത്രം

ഐതിഹ്യപ്രസിദ്ധമായ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ 11 ദിവസം നീണ്ടുനില്‍ക്കുന്ന “അങ്ങാടിപ്പുറം പൂരം” വള്ളുവനാടിന്റെ ദേശീയോത്സവമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഭക്തമഹാകവി പൂന്താനം പ്രതിഷ്ഠ നടത്തിയ ഇടത്തുപുറം ശ്രീകൃഷ്ണക്ഷേത്രം ധാരാളം ഭക്തജനങ്ങളുടെ തീര്‍ത്ഥാടനകേന്ദ്രമാണ്. പുത്തനങ്ങാടിയിലെ മുസ്ളീം ദേവാലയവും സവിശേഷതകള്‍ കൊണ്ട് ശ്രദ്ധേയമാണ്. ജ്ഞാനപ്പാന രചിച്ച പൂന്താനത്തിന്റെ സാഹിത്യസൃഷ്ടികളുടെ ഈറ്റില്ലമായിരുന്നു അങ്ങാടിപ്പുറം ഗ്രാമം. ചരിത്രാംശമുള്ള ചാവേറുപാട്ടിന്റെയും, ക്ഷേത്രകലകളുടെയും നാടായ ഈ ഗ്രാമം ഒരേ സമയം ജന്മി-കുടിയാന്‍ സംസ്ക്കാരത്തിന്റെ എല്ലാ ദൂഷിതസവിശേഷതകളും പ്രകടിപ്പിച്ചിരുന്നു. വെള്ളാട്ടങ്ങാടി എന്ന അങ്ങാടിപ്പുറം വള്ളുവനാടിന്റെ കലാസാംസ്ക്കാരിക കേന്ദ്രം കൂടിയായിരുന്നു. “ഉണ്ണിക്കുട്ടന്റെ ലോകം” ഉള്‍പ്പെടെ നിരവധി നോവലുകളുടെ കര്‍ത്താവും ഈ നാട്ടുകാരനുമായിരുന്ന “നന്തനാ”രെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവില്ല. കേരളത്തിലെ കലാപ്രേമികളുടെ കണ്ണിലുണ്ണിയായിരുന്ന കോച്ചാട്ടില്‍ ബാലകൃഷ്ണമേനോന്‍ പിറന്നതും വളര്‍ന്നതും അങ്ങാടിപ്പുറത്താണ്. നാലമ്പലങ്ങളില്‍ ഒതുങ്ങിനിന്നിരുന്ന സോപാനസംഗീതത്തെ, ജനമധ്യത്തിലെത്തിച്ച ലോകപ്രശസ്ത സോപാനസംഗീതകാരനായ ഞെരളത്ത് രാമപൊതുവാളുടെ ജന്മം കൊണ്ട് ധന്യമായ നാടാണിത്. കഥകളിയില്‍ തനതുശൈലി രൂപപ്പെടുത്തിയ കൂട്ടില്‍ കുഞ്ഞന്‍ മേനോന്‍, കഥകളി വാദ്യവാദനവിദഗ്ദ്ധനായ കലാമണ്ഡലം നാരായണന്‍ നമ്പീശന്‍, കഥകളിക്കൊട്ട്, തായമ്പക എന്നിവയില്‍ പ്രശസ്തനായിരുന്ന സദനം വാസുദേവന്‍, കൃഷ്ണദാസ്-ഹരിദാസ് സഹോദരന്മാര്‍, നീലക്കുയില്‍ എന്ന സിനിമയില്‍ “കായലരികത്ത് വലയെറിഞ്ഞപ്പോള്‍….” എന്ന ഗാനരംഗത്തിലൂടെ ശ്രദ്ധേയനായ സിനിമാനടന്‍ കോച്ചാട്ടില്‍ ബാലകൃഷ്ണമേനോന്‍, എന്നിവര്‍ അങ്ങാടിപ്പുറത്തിന്റെ കലാപാരമ്പര്യം ലോകത്തിനു കാട്ടിക്കൊടുത്തവരാണ്. 1950-കളിലാരംഭിച്ച അങ്ങാടിപ്പുറം ദേശസേവിനി വായനശാലയും, തിരൂര്‍ക്കാട് വിജയന്‍ സ്മാരക വായനശാലയുമാണ് പഞ്ചായത്തിലെ സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്കു നെടുനായകത്വം വഹിക്കുന്നത്. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ പൂരമഹോത്സവം, പുത്തനങ്ങാടി നേര്‍ച്ച, വലമ്പൂര്‍, പരിയാപുരം പള്ളികളിലെ പള്ളിപ്പെരുന്നാള്‍ തുടങ്ങിയവയാണ് പഞ്ചായത്തിലെ പ്രധാന ഉത്സവങ്ങള്‍. കോല്‍ക്കളി, ചെറുമക്കളി, പൂതംകളി തുടങ്ങിയ പാരമ്പര്യകലകള്‍ അനല്‍പമായി ഇന്നും ഇവിടെ നിലനില്‍ക്കുന്നുണ്ട്. സംഘടിക്കലും സംഘടിപ്പിക്കലും കൊണ്ട് ഗ്രന്ഥശാലാപ്രസ്ഥാനം തിളങ്ങി നിന്ന കാലഘട്ടത്തില്‍ തന്നെയാണ് അങ്ങാടിപ്പുറം പഞ്ചായത്തിലും ആദ്യ വായനശാലയുണ്ടാകുന്നത്. 1953-54 കാലഘട്ടത്തിലാണ് അങ്ങാടിപ്പുറം ദേശസേവിനി വായനശാല രൂപീകൃതമായത്. അക്കാലത്ത് മലയാള സാഹിത്യരംഗത്ത് ശ്രദ്ധേയനായി കഴിഞ്ഞിരുന്ന എസ്.കെ.പൊറ്റക്കാടാണ് ഇത് ഉദ്ഘാടനം ചെയ്തത്. പഞ്ചായത്തിലെ ആദ്യവായനശാല യാഥാര്‍ത്ഥ്യമാകുമ്പോള്‍ അക്കാലത്തെ യുവാക്കളുടെ തീവ്രമായൊരു സ്വപ്നം പൂവണിയുക മാത്രമല്ല, അങ്ങാടിപ്പുറം പഞ്ചായത്തിന്റെ പില്‍ക്കാല സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളില്‍ നേതൃത്വപരമായ പങ്കു വഹിക്കുവാന്‍ കരുത്തുള്ള ഒരു സ്ഥാപനം പിറക്കുക കൂടിയായിരുന്നു. പഞ്ചായത്തിലെ രണ്ടാമത്തെ വായനശാല, 1959-60 കാലത്ത് നിലവില്‍ വന്ന തിരൂര്‍ക്കാട് വിജയന്‍ സ്മാരക വായനശാലയാണ്. അക്കാലത്ത് സജീവമായിരുന്ന തിരൂര്‍ക്കാട് മഹിളാസമാജം പ്രവര്‍ത്തകരുടെ പ്രയത്നഫലമായിട്ടാണ് ഇതുണ്ടാകുന്നത്.

ആലക്കോട്

സാമൂഹ്യചരിത്രം

ആലക്കോട് പഞ്ചായത്തിലെ പലഭാഗത്തും വളരെക്കാലം മുമ്പുതന്ന ജനവാസം ഉണ്ടായിരുന്നു എന്നതിന് തെളിവുകളുണ്ട്. അരങ്ങം ക്ഷേത്രപരിസരത്ത് കണ്ടെത്തിയ ഗുഹകള്‍, നെല്ലികുന്നിലുള്ള ക്ഷേത്രാവശിഷ്ടങ്ങള്‍, വൈതല്‍മലയുടെ മുകള്‍ത്തട്ടില്‍ കാണുന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ എന്നിവയെല്ലാം ഇതിന് സാക്ഷ്യങ്ങളാണ്. വൈതല്‍കോന്‍ എന്നാരു രാജാവ് ഈ പ്രദേശം കേന്ദ്രമാക്കി ഭരണം നടത്തിയിരുന്നതായി പറയപ്പെടുന്നു. പഴയ ബ്രിട്ടീഷ് മലബാറിന്റെ ഭാഗമായ ചിറയ്ക്കല്‍ താലൂക്കില്‍ പെട്ടിരുന്ന ഈ പ്രദേശത്തെ ഭൂമി മുഴുവന്‍ ദേവസ്വം വകയോ ജന്‍മിമാരുടെ വകയോ ആയിരുന്നു. 19-ാം നൂറ്റാണ്ടില്‍ ഇവിടുത്തെ മലയോരങ്ങളില്‍ പുനംകൃഷി നടന്നിരുന്നതായി തെളിവുണ്ട്. രയറോത്ത് മുസ്ളീം ജനവിഭാഗം മറ്റു സ്ഥലങ്ങളില്‍ നിന്നും ഇവിടെ കുടിയേറിയിട്ട് ഒന്നര നൂറ്റാണ്ടോളമായിയെന്നു പറയപ്പെടുന്നു. ഇപ്പോള്‍ രയറോത്തുള്ള ജുമാ അത്ത് പള്ളിക്ക് തൊണ്ണൂറോളം വര്‍ഷത്തെ പഴക്കമുണ്ട്്. തിമിരിയില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പുമുതല്‍ തന്ന ജനവാസം ആരംഭിച്ചിരുന്നതായി ഊഹിക്കാം. അവിടെ സ്ഥിതി ചെയ്യുന്ന പുരാതനമായ ക്ഷേത്രം തന്നയാണ് അക്കാര്യത്തിനുള്ള തെളിവ്. ആലക്കോട് ഗ്രാമപഞ്ചായത്ത് ഒരു കുടിയേറ്റ മേഖലയാണ്. ദക്ഷിണ കേരളത്തില്‍ നിന്നും വന്ന കുടിയേറ്റക്കാര്‍ നിര്‍മ്മിച്ച ഒരു ജനപദമായിട്ടാണ് ഈ പ്രദേശം ഇന്നറിയപ്പെടുന്നത്. കുടിയേറ്റത്തിന്റെ ആദ്യകാലങ്ങളില്‍ ഗതാഗതസൌകര്യം വളരെ കുറവായിരുന്നു. വഴി വെട്ടിയുണ്ടാക്കുന്നതിലും പൊതുസ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതിലും, അന്ന് കുടിയേറ്റക്കാരും നാട്ടുകാരും ഉത്സാഹത്തോടെ സംഘടിതമായി പ്രവര്‍ത്തിച്ചിരുന്നു. കുടിയേറ്റ കര്‍ഷകര്‍ ഈ മണ്ണിലുണ്ടാക്കിയ കാര്‍ഷിക പുരോഗതി അഭിമാനപൂര്‍വ്വം സ്മരിക്കേണ്ടതാണ്. ആലക്കോട് പ്രദേശത്തെ ഏക്കര്‍കണക്കിനു ഭൂമി വാങ്ങിച്ചുകൂട്ടിയ ഭൂവുടമയായിരുന്നു പി.ആര്‍.രാമവര്‍മ്മ രാജ. 1955 ആയപ്പോഴേക്കും കൃഷിഭൂമി അന്വേഷിച്ച് ദക്ഷിണ കേരളത്തില്‍നിന്ന് ആളുകള്‍ വന്നു തുടങ്ങി. അവര്‍ക്കു വേണ്ട ജീവിതസൌകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഇന്നാട്ടുകാര്‍ മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിച്ചു. രാമവര്‍മ്മരാജ സ്വന്തം ചെലവില്‍ തളിപ്പറമ്പു മുതല്‍ മണക്കടവു വരെ ഒരു റോഡുണ്ടാക്കി. ആദ്യകാലത്ത് തടി ഇറക്കികൊണ്ടുപോകുന്നതിനുള്ള കൂപ്പുറോഡ് സര്‍ക്കാര്‍ ഏറ്റെടുത്ത് തളിപ്പറമ്പ്-കൂര്‍ഗ്ഗ് ബോര്‍ഡര്‍ റോഡായി വികസിപ്പിച്ചു. 1960 ആയപ്പോള്‍ ഈ റോഡില്‍ സര്‍ക്കാര്‍ അനുവദിച്ച മൂന്നു പാലങ്ങള്‍ എസ്റ്റിമേറ്റ് തുകയ്ക്കു തന്ന രാജ ഏറ്റെടുത്ത് പണിതീര്‍ത്തു. 1946-ല്‍ തിമിരിയില്‍ കുമിഴി ചാത്തുക്കുട്ടി നമ്പ്യാരുടെ വീട്ടില്‍ ഒരു വിദ്യാലയം ആരംഭിച്ചു. രണ്ടുവര്‍ഷം കഴിഞ്ഞ് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴില്‍ നാലുക്ളാസ്സുകളുള്ള ഒരു സ്കൂളായി അത് ഉയര്‍ന്നു. ഡിപ്പാര്‍ട്ടുമെന്റിനു നഷ്ടം സംഭവിക്കുന്ന പക്ഷം അതു നികത്തികൊടുക്കാമെന്ന വ്യവസ്ഥയിലാണ് കുടിയേറ്റത്തിന്റെ ആദ്യകാലത്ത് തന്ന പി.ആര്‍.രാമവര്‍മ്മരാജ ഇവിടെ ഒരു പോസ്റ്റ് ഓഫീസ് അനുവദിപ്പിച്ചത്. ഒരു പ്രദേശത്തിന്റെ മൊത്തമായി മിനിമം ഗ്യാരണ്ടി വച്ചുകൊണ്ട്, അക്കാലത്തുതന്ന അദ്ദേഹം ഇലക്ട്രിസിറ്റിയും ഇവിടെ എത്തിച്ചു. ആലക്കോട് മാത്രമായി ഒതുങ്ങി നിന്ന ഒരു മിനി ജലവിതരണ പദ്ധതിയും അദ്ദേഹം സ്വന്തം നിലയില്‍ നടപ്പാക്കിയിട്ടുണ്ട്. 1951-ല്‍ തിമിരി ദേവസ്വം മാനേജരായിരുന്ന കുമിഴി ചാത്തുക്കുട്ടിനമ്പ്യാരുടെ നേതൃത്വത്തില്‍ പുരാതനമായ തിമിരി ക്ഷേത്രം പുതുക്കിപ്പണിയുകയും പുന:പ്രതിഷ്ഠ നടത്തുകയും ചെയ്തു. 10 വര്‍ഷത്തിനു ശേഷം, 1961-ല്‍ കാടായിക്കിടന്നിരുന്ന അരങ്ങം പ്രദേശത്ത് കണ്ടെത്തിയ പുരാതന ക്ഷേത്രത്തിന്റെ നവീകരണവും പുനര്‍ പ്രതിഷ്ഠാ കലശവും നടന്നു. പി.ആര്‍.രാമവര്‍മ്മരാജ തന്നയാണ് ക്ഷേത്രനവീകരണവും നടത്തിയത്. ആലക്കോട് ഒരു വായനശാലയും ഗ്രന്ഥശാലയും സ്ഥാപിക്കുന്നതില്‍ മുന്‍കൈയ്യെടുത്തതും പി.ആര്‍.രാമവര്‍മ്മരാജയാണ്. 1954-ല്‍ സ്ഥാപിച്ച ആലക്കോട് സെന്റ് മേരീസ് ചര്‍ച്ചാണ് ഈ പ്രദേശത്തെ ആദ്യത്തെ ക്രിസ്തീയദേവാലയം. 1960-നു മുമ്പു തന്ന അദ്ദേഹം പ്രസിഡന്റും എ.സി.ചാക്കോ സെക്രട്ടറിയുമായി രൂപീകരിച്ച ആലക്കോട് ഡവലപ്മെന്റ് കമ്മറ്റി മുന്‍കൈയ്യെടുത്ത് ആരംഭിച്ച ഐക്യനാണയ സംഘമാണ് ഇന്നത്തെ ആലക്കോട് സര്‍വ്വീസ് സഹകരണ ബാങ്കായി വികസിച്ചത്. പഞ്ചായത്തിലെ ഇപ്പോഴത്തെ മുഖ്യവിള റബ്ബറാണ്. തെങ്ങും കവുങ്ങുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.

സാംസ്കാരിക ചരിത്രം

കുടിയേറ്റത്തിന്റെ തുടക്കത്തിലും തുടര്‍ന്നുള്ള കാലഘട്ടത്തിലും ആലക്കോട് പഞ്ചായത്തില്‍ കലാസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ ശക്തമായിരുന്നു. സജീവമായി പ്രവര്‍ത്തിച്ചിരുന്ന ധാരാളം കലാസമിതികള്‍ പഞ്ചായത്തില്‍ അന്നുണ്ടായിരുന്നു. അരങ്ങം ക്ഷേത്രത്തിലെ ഉത്സവവും പള്ളികളിലെ പെരുന്നാളുകളും കലാസാംസ്കാരിക രംഗത്തെ പ്രോത്സാഹിപ്പിച്ചിരുന്ന ഘടകങ്ങളായിരുന്നു. ആലക്കോട് കേന്ദ്രമായി അഖില കേരള നാടകമത്സരവും, അഖില കേരളാ വോളിബോള്‍ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. 1969-ല്‍ രൂപം കൊണ്ട പബ്ളിക്ക് ലൈബ്രറി സാഹിത്യകുതുകികള്‍ക്ക് ഒരാവേശമായിരുന്നു. പഞ്ചായത്തില്‍ താമസിച്ചുവരുന്ന നാനാജാതിമതസ്ഥര്‍ പരസ്പരസൌഹാര്‍ദ്ദത്തില്‍ കഴിഞ്ഞുവരുന്നു. ഹിന്ദുമത വിശ്വാസികളുടെ പ്രധാനപ്പെട്ട ഹൈന്ദവാരാധനാലയങ്ങള്‍ ആലക്കോട് അരങ്ങം മഹാദേവക്ഷേത്രവും, തിമിരി മഹാദേവ ക്ഷേത്രവുമാണ്. ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ആലക്കോട് സെന്റ് മേരീസ് ഫെറോന ചര്‍ച്ചും, മേരിഗിരി ലിറ്റില്‍ ഫ്ളവര്‍ ഫെറോന ചര്‍ച്ചുമാണ് പ്രധാന്യമര്‍ഹിക്കുന്നത്. മറ്റ് ധാരാളം ഇടവക പള്ളികളും ക്രിസ്ത്യന്‍ ആരാധനാലയങ്ങളുടെ കൂട്ടത്തിലുണ്ട്. ഉയറോം, കുട്ടാപ്പറമ്പ, ആലക്കോട്, നല്ലിക്കുന്ന് എന്നിവിടങ്ങളിലാണ് ഇസ്ളാം മതവിഭാഗത്തിന്റെ ആരാധനാലയങ്ങള്‍. പഞ്ചായത്തിലെ ഏറ്റവും വലിയ ആഘോഷം അരങ്ങം മഹാദേവക്ഷേത്രത്തില്‍ 8 ദിവസമായി നടക്കുന്ന ഉത്സവാഘോഷങ്ങളാണ്. തിരുവിതാംകൂര്‍ ശൈലിയില്‍ ഉത്സവം നടക്കുന്ന മലബാറിലെ ഏക ക്ഷേത്രമെന്ന പ്രത്യേകതയും അരങ്ങത്തിനുണ്ട്. രയറോം മുസ്ളീംപള്ളിയിലെ മഖാം ഉറുസ്സ് വളരെ പ്രസിദ്ധമാണ്. സാമ്പത്തികമായി വ്യത്യസ്ത തട്ടുകളിലുള്ള ജനങ്ങളാണ് പഞ്ചായത്തിലേത്. കാര്‍ഷികവൃത്തിയിലൂടെ തന്ന വളരെ ഉയര്‍ന്ന നിലയിലുള്ളവരും ഇടത്തരക്കാരായിട്ടുള്ളവരുമാണ് ഏറിയകൂറും. താഴെത്തട്ടിലുളള കര്‍ഷക തൊഴിലാളികളും മറ്റുകൂലി വേലക്കാരും എല്ലാം അടങ്ങിയതാണ് പഞ്ചായത്തിലെ സാമ്പത്തിക സാമൂഹ്യഘടന. 1959-ല്‍ ഒരു പബ്ളിക്ക് ലൈബ്രറിയായി ആരംഭിച്ച് പിന്നീട് പഞ്ചായത്തിന് വിട്ടുകൊടുത്ത ആലക്കോട് പഞ്ചായത്ത് പബ്ളിക്ക് ലൈബ്രറി കണ്ണൂര്‍ ജില്ലയിലെ ഒരു പ്രധാന ലൈബ്രറിയായി ഉയര്‍ന്നിട്ടുണ്ട്. കായികരംഗത്ത് ഒട്ടേറെ വിലപ്പെട്ട സംഭാവനകള്‍ നല്‍കുവാന്‍ കഴിഞ്ഞ പഞ്ചായത്താണ് ആലക്കോട്. 1982-ല്‍ ഡല്‍ഹിയില്‍ നടന്ന ഏഷ്യാഡില്‍ വിവിധയിനങ്ങളില്‍ സ്വര്‍ണ്ണം നേടിയ എം.ഡി.വത്സമ്മ, ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ട്രാക്ക് & ഫീല്‍ഡില്‍ സ്വര്‍ണ്ണം നേടിയ വി.കെ.സിന്ധു എന്നിവര്‍ ആലക്കോടിന്റെ അഭിമാനമായി മാറിയവരാണ്.

Friday 23 September 2011

താനൂര്‍

സാമൂഹ്യചരിത്രം
താന്നിമരങ്ങള്‍ ഇടതിങ്ങി വളര്‍ന്നിരുന്ന പ്രദേശമായിരുന്നതുകൊണ്ടാവാം “താന്നിമരമുള്ള ഊര്” എന്ന അര്‍ത്ഥത്തില്‍ താന്നിയൂരും, താന്നിയൂര്‍ ലോപിച്ച് താനൂരും ആയത് എന്ന് സ്ഥലനാമത്തെക്കുറിച്ച് ഒരഭിപ്രായമുണ്ട്. രാജഭരണകാലത്ത്, താനൂര്‍ ഭരിച്ചിരുന്ന രാജാവിന്റെ ആസ്ഥാനം, ഇന്ന് രായിരിമംഗലം എന്ന് അറിയപ്പെടുന്ന അന്നത്തെ രാജരാജമംഗലം ആയിരുന്നുവെന്നും, രാജകുടുംബത്തിനു മോരെത്തിച്ചുകൊടുത്തിരുന്ന സ്ഥലമാണ് ഇന്നത്തെ മോര്യ എന്നും പറയപ്പെടുന്നു. താനൂര്‍ തീരത്ത് ഫ്രഞ്ചുകാര്‍ക്ക് കോളനിയുണ്ടായിരുന്നതായി രേഖകളുണ്ട്. “ഫ്രഞ്ച് ചാപ്പ” എന്നറിയപ്പെടുന്ന ആ സ്ഥലം ഏകദേശം അഞ്ച് ഏക്കറോളം വരുന്ന വാണിജ്യകേന്ദ്രമായിരുന്നു. ഇവിടെനിന്നും വന്‍തോതില്‍ നാളികേരകയറ്റുമതി നടന്നിരുന്നു. സ്വാതന്ത്ര്യാനന്തരവും കുറേക്കാലം ഈ സ്ഥലം ഫ്രഞ്ച് അധീനപ്രദേശമായിരുന്നു. പിന്നീടിത് കേരളസര്‍ക്കാര്‍ ഏറ്റെടുത്തു. താനൂരില്‍ പോര്‍ച്ചുഗീസുകാര്‍ക്കും കോളനിയുണ്ടായിരുന്നു. “ലൂസിയാദ്” എന്ന പോര്‍ച്ചുഗീസ് നോവലില്‍ താനൂരിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. പഴയ മദ്രാസ് ഗവണ്‍മെന്റിന്റെ കീഴിലെ പ്രമുഖ മത്സ്യബന്ധനകേന്ദ്രമായിരുന്ന താനൂരില്‍ നിന്ന് സിംഗപ്പൂര്‍, മലേഷ്യ, കൊളംബോ തുടങ്ങിയ വിദേശരാജ്യങ്ങളിലേക്ക് മത്സ്യം കയറ്റുമതി നടത്തിയിരുന്നു. 1861-ല്‍ തിരൂരില്‍നിന്നും ബേപ്പൂരിലേക്കാരംഭിച്ച കേരളത്തിലെ ആദ്യറെയില്‍വേ, താനൂരിന്റെ ഗതാഗതരംഗത്തിന്റെ വികസനത്തിനു നാന്ദി കുറിച്ചു. 1895-ലാണ് ഇവിടെ ആദ്യമായി തപാല്‍ ഓഫീസ് നിലവില്‍ വന്നത്. പരമ്പരാഗതമായി തന്നെ ഇവിടുത്തെ മുഖ്യകൃഷി നെല്ലായിരുന്നു. ഏലക്കുളം, മുത്തേടം, ആട്ടീരി എന്നീ നമ്പൂതിരി കുടുംബങ്ങള്‍ പോക്കേട്ട്, തെക്കേപ്പിറം, ഒരിക്കരകൊല്ലേരി, തേലത്തുനാനാരി തുടങ്ങിയ നായര്‍കുടുംബങ്ങളും, വലിയകത്തു മാളിയേക്കല്‍, കോളങ്ങത്ത് തുടങ്ങിയ മുസ്ളീം കുടുംബങ്ങളുമായിരുന്നു ഇവിടുത്തെ പഴയകാല ഭൂവുടമകള്‍. പിന്നീട് ഭൂമികളില്‍ പലതും ആട്ടീരിമന, തൃക്കേക്കാട്ട്, എരണാകര, നല്ലൂര്‍ ദേവസ്വം എന്നീ ഭൂവുടമകളിലേക്കും, മറ്റു പലരിലേക്കും കൈമാറ്റം ചെയ്യപ്പെട്ടു. താനൂര്‍ ഒരു കടലോരഗ്രാമമാണ്. പഞ്ചായത്തിന്റെ തെക്കുമുതല്‍ വടക്കുവരെ ആറു വാര്‍ഡുകള്‍ക്ക് വിസ്തൃതമായ കടല്‍തീരമുണ്ട്. ജലസംഭരണശേഷിയും ജൈവാംശവും കുറഞ്ഞ പൂഴിയാണിവിടെ. തെങ്ങാണ് ഇവിടുത്തെ മുഖ്യവിള. സമൃദ്ധിയായി വളരുന്ന മറ്റൊരു സസ്യം മുരിങ്ങയാണ്. താനൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും പല പ്രമുഖരും രാഷ്ട്രീയരംഗത്ത് തിളങ്ങിയിട്ടുണ്ട്. ആദ്യമായി താനൂര്‍ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച്, കേരള മുഖ്യമന്ത്രിവരെയായ സി.എച്ച്.മുഹമ്മദുകോയ, വിദ്യാഭ്യാസ സിവില്‍സപ്ളൈസ് വകുപ്പുകള്‍ കൈകാര്യം ചെയ്ത യു.എ.ബീരാന്‍, വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന ഇ.അഹമ്മദ്, ചീഫ് വിപ്പായിരുന്ന സീദിഹാജി, എം.മൊയ്തീന്‍കുട്ടി, ഡോ.സി.എം.കുട്ടി, ഉമ്മര്‍ബഫക്കിതങ്ങള്‍ എന്നിവര്‍ താനൂരിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.

സാംസ്കാരികചരിത്രം
ശോഭപറമ്പ് ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തില്‍ കൊണ്ടാടപ്പെടുന്ന മലങ്കരി ഉത്സവം പ്രസിദ്ധമാണ്. താനൂരിലെ ദേശീയ ഉത്സവമായി ഇത് സഹര്‍ഷം ആഘോഷിക്കപ്പെടുന്നു. താനൂര്‍ വാഴയ്ക്ക തെരുവിലുള്ള വലിയകുളങ്ങരപ്പള്ളിക്ക് 900 വര്‍ഷം പഴക്കമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. താനൂര്‍ അങ്ങാടിപള്ളി മറ്റൊരു പുരാതനപള്ളിയാണ്. ഇവ കൂടാതെ പതിനാലോളം പള്ളികള്‍ കൂടി ഈ പഞ്ചായത്തിലുണ്ട്. ശോഭപറമ്പ് ശ്രീകുറുമ്പ ഭഗവതി ക്ഷേത്രം, ശ്രീചിറക്കല്‍ ഭഗവതിക്ഷേത്രം, ശ്രീഎരണാകരനെല്ലൂര്‍ ഗണപതിയന്‍കാവ് ക്ഷേത്രം, ശ്രീതൃക്കൈക്കാട്ട് ശിവക്ഷേത്രം, ശ്രീപുരപ്പറമ്പ് ഭഗവതി ക്ഷേത്രം എന്നിവയാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങള്‍. താനൂര്‍ ശോഭപറമ്പ് ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന കലങ്കരി മഹോസ്തവം മലബാറിലെ പൊങ്കാല എന്നാണറിയപ്പെടുന്നത്. ശബരിമല മണ്ഡലപൂജയ്ക്കു ശേഷം വരുന്ന ചൊവ്വ അല്ലെങ്കില്‍ വെള്ളി ദിവസമാണ് കലങ്കരി മഹോത്സവം. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തില്‍ ഏഴു ദേശത്തു നിന്നുള്ള കൊടിവരവുകള്‍ ഇവിടെ എത്തിച്ചേരുന്നു. മലബാറിലെ ഏറ്റവുമധികം ജനത്തിരക്കനുഭവപ്പെടുന്ന ഉത്സവങ്ങളില്‍ ഒന്നാണ് കലങ്കരി മഹോത്സവം. ഭഗവതിയാട്ട് മഹോത്സവമാണ് മറ്റൊരു പ്രധാന ഉത്സവം. കലാ-കായിക രംഗത്തിന് ഊര്‍ജ്ജം പകര്‍ന്നു കൊണ്ട് ഒട്ടനവധി സാമൂഹിക സാംസ്കാരിക സ്ഥാപനങ്ങള്‍ താനൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വെറും ഒമ്പതു പുസ്തകങ്ങളുമായി ആരംഭിച്ച “താനൂര്‍ സഞ്ചാരഗ്രന്ഥാലയം” താനൂരിന്റെ സാംസ്കാരികരംഗത്ത് വിലയേറിയ സംഭാവനയാണ് നല്‍കിയത്. ഇവിടെ കേരളത്തിന്റെ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരായ വി.ടി.ഭട്ടതിരിപ്പാടു മുതല്‍ എം.ടി.വാസുദേവന്‍നായര്‍ വരെയുള്ളവര്‍ വരികയും സന്ദര്‍ശന റിപ്പോര്‍ട്ടില്‍ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഒരു ഗ്രാമത്തിന്റെ മുഴുവന്‍ സാംസ്കാരികകേന്ദ്രമായി മാറുകയും വികസനരംഗത്ത് ശ്രദ്ധേയമായ ചലനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത സ്ഥാപനമാണ് താനൂര്‍ പരിയാപുരം മഹാബോധി ബുദ്ധാശ്രമം. 1938-ല്‍ പരിയാപുരം സെന്‍ട്രല്‍ എ.യു.പി സ്കൂളിന്റെയും ശ്രീനാരായണ ഗ്രാമോദ്ധാരണ സംഘത്തിന്റെയും സംയുക്ത വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുക്കാന്‍ കേളപ്പജിയോടൊപ്പം എത്തിയ ഭിക്ഷു ധര്‍മ്മ സ്കന്ധസ്വാമികളാണ് ആശ്രമം സ്ഥാപിച്ചത്. സിലോണ്‍ (ശ്രീലങ്ക), നേപ്പാള്‍, ബര്‍മ്മ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള സന്യാസിമാരും ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. സര്‍വ്വോദയപ്രവര്‍ത്തനവും, ഭൂദാനപ്രസ്ഥാനവും, കോള റിലീഫ് പ്രവര്‍ത്തനവുമൊക്കെ ആശ്രമത്തെ കേന്ദ്രീകരിച്ച് നടത്തിയ ശ്രദ്ധേയമായ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളാണ്.

വെളിയങ്കോട്

സാമൂഹ്യചരിത്രം
സംഘകാലകൃതികളില്‍ പരാമര്‍ശിക്കുന്ന “വെളിയം” എന്ന ഭൂപ്രദേശം ഈ നാടാണെന്നും, അതല്ല, കൊല്ലം ജില്ലയിലെ “വെളിയം” ആണെന്നും രണ്ടു പക്ഷമുണ്ട്. വാസ്കോഡഗാമ തന്നെ ആദ്യം നങ്കൂരമിട്ടത് വെളിയങ്കോട് തീരത്തായിരുന്നുവെന്നും, പിന്നീട് കാപ്പാട് കടപ്പുറത്തേക്ക് നീങ്ങിയതാണെന്നും ചിലര്‍ വാദിക്കുന്നുണ്ട്. മലബാര്‍ പിടിച്ചെടുക്കുന്നതിനു വേണ്ടി ടിപ്പുസുല്‍ത്താന്‍ നടത്തിയ പടയോട്ടം ഈ മണ്ണിലൂടെ കടന്നുപോയിട്ടുണ്ട്. അക്കാലത്ത് ടിപ്പുസുല്‍ത്താന്‍ നിര്‍മ്മിച്ച പാതയാണ് ഇപ്പോള്‍ നാഷണല്‍ ഹൈവേ ആയി ടിപ്പുസുല്‍ത്താന്റെ പേരില്‍ തന്നെ അറിയപ്പെടുന്നത്. അറബിനാടുകളില്‍ “ബിലന്‍ കൂത്ത്” എന്ന പേരില്‍ വെളിയങ്കോട് പ്രദേശം നേരത്തെതന്നെ പ്രസിദ്ധി നേടിയിരുന്നു. 18-ാം നൂറ്റാണ്ടില്‍ ജീവിച്ച പ്രശസ്ത പണ്ഡിതനും ആത്മീയാചാര്യനും അറബികവിയുമായ ഉമര്‍ഖാസിയിലൂടെ ഈ നാടിന്റെ നാമം ഇസ്ളാമിക പുണ്യനഗരമായ മെക്കയിലും മറ്റ് അറബിദേശങ്ങളിലും പ്രചരിച്ചിരുന്നു. 18-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ വെളിയങ്കോട് അങ്ങാടിയില്‍ പോലീസ്റ്റേഷന്‍, രജിസ്ട്രാഫീസ്, സെഷന്‍സ് കോടതി, ഹജൂര്‍കച്ചേരി എന്നിവ പ്രവര്‍ത്തിച്ചിരുന്നതായി ചരിത്രസൂചനകളുണ്ട്. ഈ ആഫീസുകള്‍ സ്ഥിതി ചെയ്തിരുന്ന ഭാഗം “കച്ചേരിപുറായി” എന്ന പേരില്‍ ഇന്നും അറിയപ്പെടുന്നു. മുഹമ്മദുനബിയുടെ ഗോത്ര പരമ്പരയില്‍പെട്ട തങ്ങള്‍മാര്‍ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ഈ പ്രദേശത്ത് എത്തിയിട്ടുണ്ട്. വെളിയങ്കോട് എത്തിയ തങ്ങള്‍മാരുടെ പൂര്‍വ്വികര്‍ സൂറത്തില്‍ നിന്നും വന്നവരായതു കൊണ്ട് സൂറത്തിലെ തങ്ങള്‍മാര്‍ എന്നാണ് അവര്‍ അറിയപ്പെടുന്നത്. മതപഠനത്തിനുവേണ്ടി കേരളത്തിന്റെ നാനാഭാഗത്തുനിന്നും പലരും വെളിയംകോടു വന്ന് താമസിച്ചിരുന്നു. അക്കാലത്ത് പണികഴിപ്പിച്ചവയാണ് വെളിയങ്കോട് ഇപ്പോള്‍ കാണുന്ന മുസ്ളീംപള്ളികളില്‍ പലതും. തട്ടാങ്ങര കുട്ടിയാമു മുസ്ളിയാര്‍ കേരളത്തിലെ പ്രസിദ്ധനായ ഒരു പണ്ഡിതനായിരുന്നു. കേരളത്തില്‍ അറിയപ്പെടുന്ന സാമൂഹ്യപരിഷ്കര്‍ത്താവും പത്രപ്രവര്‍ത്തകനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ മക്തി തങ്ങളുടെ ജന്മനാടും കര്‍മ്മമണ്ഡലവും ഈ നാടായിരുന്നു. നാടിനെ പ്രസിദ്ധിയിലേക്ക് ഉയര്‍ത്തിയ രണ്ട് കുടുംബങ്ങളാണ് ചേന്നാസ് മനയും, പാണ്ടമ്പറമ്പത്ത് മനയും. സാമൂതിരിയുടെ പതിനെട്ടര സാമാജികരില്‍ ഒരാളും, മന്ത്രിമണ്ഡലത്തിലെ പ്രധാനിയുമായിരുന്ന ചേന്നാസിന്റെ സാന്നിധ്യം സാമൂതിരിയുടെ അരിയിട്ട് വാഴ്ച എന്ന ചടങ്ങിന് അനിവാര്യമാണ്. ഇന്നും മുഴുവന്‍ ഹൈന്ദവ ദേവാലങ്ങളിലെയും തന്ത്രമന്ത്രങ്ങളുടെ ആധികാരിക ഗ്രന്ഥമായി ഗണിക്കപ്പെടുന്ന “തന്ത്രസമുച്ചയം” രചിച്ചത് ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടാണ്. ഗുരുവായൂര്‍ അമ്പലം, കോഴിക്കോട് തളിക്ഷേത്രം തുടങ്ങിയ നിരവധി ക്ഷേത്രങ്ങളിലെ താന്ത്രികജോലി പാരമ്പര്യമായി ചെയ്തുവരുന്നത് ഇപ്പോഴും ഈ കുടുംബമാണ്. ജന്മിമാരുടെയും ഭൂസ്വാമിമാരുടെയും മര്‍ദ്ദനങ്ങളും ഗുണ്ടാവിളയാട്ടങ്ങളും അനുഭവിക്കാന്‍ വിധിക്കപ്പെട്ടിരുന്ന ഒരു ജനസമൂഹം ഇവിടെയുണ്ടായിരുന്നു. സ്വതന്ത്ര്യസമരപ്രസ്ഥാനത്തിന്റെയും അതിന്റെ ഭാഗമായി വളര്‍ന്നുവന്ന ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും അനുരണനങ്ങള്‍ ഈ നാട്ടിലും ഉണ്ടായിട്ടുണ്ട്. ദേശീയപ്രസ്ഥാനമായ കോണ്‍ഗ്രസിലും പിന്നീട് കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിലും ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നവരാണ് സാധു പി.അബ്ദുള്ളക്കുട്ടി, കൊളാടി ഉണ്ണി, ഒ.കെ.മമ്മുണ്ണി, എം.ടി.മുഹമ്മദ് ആനകത്ത് തുടങ്ങിയവര്‍. 1940-കളുടെ ആരംഭത്തില്‍ വെളിയങ്കോട് പാലത്തിനു സമീപം വച്ച് നടന്ന അഖിലേന്ത്യാ കിസാന്‍ സഭയുടെ സമ്മേളനം ചരിത്രസംഭവമായിരുന്നു. കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ പ്രമുഖ പ്രവര്‍ത്തകനായിരുന്ന കെ.ദാമോദരന്റെയും ഇമ്പിച്ചിബാവയുടെയും പ്രധാന പ്രവര്‍ത്തനമേഖലയായിരുന്നു ഈ പ്രദേശം. ബ്രിട്ടീഷ് ഭരണകാലത്തും സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലും ഈ പ്രദേശങ്ങളില്‍ ഭരണകൂടത്തിന്റെ പ്രതിപുരുഷനായി വാണരുളിയിരുന്നത് സര്‍വ്വവിധ അധികാരങ്ങളോടും കൂടിയ “അധികാരി”മാരായിരുന്നു. വലിയ ജന്മി കുടുംബങ്ങളിലെ അംഗങ്ങളെയാണ് ബ്രിട്ടീഷുകാര്‍ ഈ ചുമതല ഏല്‍പ്പിച്ചിരുന്നത്. സ്വാതന്ത്ര്യാനന്തര കാലത്തും ഈ നാട്ടിലെ ബഹുജന പ്രസ്ഥാനങ്ങളുടെ മുഖ്യധാര കേരളത്തിന്റെ ഇതരഭാഗങ്ങളിലെന്ന പോലെ ഇവിടെയും, ഭൂമിക്കുവേണ്ടിയുള്ള സമരങ്ങള്‍തന്നെയായിരുന്നു. പഴയ കാലത്ത്, തൃശ്ശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളം മുതല്‍ പൊന്നാനി വരെയുള്ള പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള ഏക അവലംബം ബോര്‍ഡ് ഹയര്‍ എലിമെന്ററി സ്കൂള്‍ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ വെളിയങ്കോട് ഹൈസ്കൂളായിരുന്നു.

സാംസ്കാരികചരിത്രം
വെളിയങ്കോട് എന്ന ഈ ഗ്രാമത്തില്‍ ജനിച്ച് അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയര്‍ന്ന ചിത്രകാരനാണ് കെ.സി.എസ്.പണിക്കര്‍. അദ്ദേഹത്തിന്റെ “വെളിയങ്കോട് പാലം” എന്ന ചിത്രം പ്രശസ്തവും ഈ നാടുമായി ബന്ധപ്പെട്ടതുമാണ്. ഇവിടുത്തുകാരായ വിദ്വാന്‍ എ.കൃഷ്ണന്‍, എ.പി.നമ്പീശന്‍ എന്നിവര്‍ സാഹിത്യരംഗത്തെ അതിപ്രശസ്തരായിരുന്നു. കാലങ്ങളായി ആചരിച്ചുപോരുന്ന വെളിയങ്കോട് ചന്ദനക്കുടം നേര്‍ച്ചയിലും, പതിനെട്ടരകാവുകളില്‍പെട്ട കണ്ണേന്‍കാവ്, പണിക്കന്‍കാവ് എന്നിവിടങ്ങളിലെ ഉത്സവങ്ങളിലും സാമുദായിക വ്യത്യാസങ്ങള്‍ വിസ്മരിച്ചുകൊണ്ട് ആബാലവൃദ്ധം ജനങ്ങളും പങ്കെടുക്കുന്നു. വെളിയങ്കോട് പഴഞ്ഞിഭാഗത്ത് പരേതനായ ആലക്കാട്ടില്‍ ചിയ്യാമു സാഹിബ് സംഭാവന ചെയ്ത കെട്ടിടത്തിലാണ് ദാറുല്‍ ഉലും എന്ന വായനശാലയുടെ പ്രവര്‍ത്തനമാരംഭിച്ചത്. പുരോഗമനചിന്ത ജ്വലിപ്പിക്കുന്ന നിരവധി ഗ്രന്ഥങ്ങളുടെ കൂട്ടായ പാരായണവും സംവാദവും ഇവിടെ പതിവായിരുന്നു. എരമംഗലത്ത് പ്രവര്‍ത്തിച്ചിരുന്ന ജയ്ഹിന്ദ് വായനശാലയുടെ പ്രവര്‍ത്തനങ്ങളും സ്മരണീയമാണ്. എരമംഗലത്ത് തന്നെ 1980-കളുടെ പകുതി മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന സര്‍ഗ്ഗവേദി ഗ്രന്ഥാലയം, വെളിയങ്കോട് പ്രവര്‍ത്തിക്കുന്ന ടാസ്ക് ലൈബ്രറി എന്നിവയാണ് മറ്റു പ്രമുഖവായനശാലകള്‍. അറബിസാഹിത്യത്തിനു മികച്ച സംഭാവനകള്‍ നല്‍കിയ ആത്മീയാചാര്യനും പണ്ഡിതനും കവിയുമായിരുന്ന വെളിയങ്കോട് ഉമര്‍ഖാസിയുടെ സാംസ്കാരികരംഗത്തെ സംഭാവനകള്‍ എക്കാലവും സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ “ഖദീസത്തുല്‍ ഉമരിയ്യ” എന്ന ഗ്രന്ഥം ഈജിപ്തില്‍ പ്രസിദ്ധീകരിക്കുകയും, അറബ് ധൈഷണികരംഗത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും പ്രശംസയാര്‍ജ്ജിക്കുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നിരവധി കൃതികള്‍ പാശ്ചാത്യ പൌരസ്ത്യ സര്‍വ്വകലാശാലകളില്‍ ഇന്നും പാഠ്യവിഷയങ്ങളാണ്. അറബിസാഹിത്യരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മറ്റു രണ്ട് പ്രമുഖവ്യക്തികളാണ് വെളിയങ്കോട് ഹസ്സന്‍ മുസ്ള്യാരും, സനാവുല്ല മക്തി തങ്ങളും. ലക്ഷദ്വീപിലെ കവരത്തി തുടങ്ങിയ ദ്വീപുകളില്‍ അനേകം ശിഷ്യഗണങ്ങളുള്ള ഒരു അറബിക് പണ്ഡിതനും സൂഫിവര്യനുമായിരുന്നു പാടത്തകായില്‍ ശൈഖ് മുഹമ്മദ് സലിഹ് മൌല. അബു ഉബൈദ് എന്ന തൂലികാനാമത്തില്‍ പ്രസിദ്ധനായിരുന്ന ടി.കെ.അബ്ദുള്ള മൌലവി എന്ന വെളിയങ്കോട് സ്വദേശി രചിച്ച “കുശുണ്ടയും കുന്തിരിയും” എന്ന ആക്ഷേപഹാസ്യകൃതി അക്കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഗ്രന്ഥമായിരുന്നു. അന്യംനിന്നുപോയ അനുഷ്ഠാന കലകളുടെയും പ്രചുരപ്രചാരം സിദ്ധിച്ച മാപ്പിളകലകളുടെയും കേന്ദ്രമായിരുന്നു ഒരുകാലത്ത് ഈ ഗ്രാമം

തിരൂരങ്ങാടി

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കില്‍ തിരൂരങ്ങാടി ബ്ളോക്കിലാണ് തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. തിരൂരങ്ങാടി വില്ലേജുപരിധിയില്‍ ഉള്‍പ്പെടുന്ന തിരൂരങ്ങാടി ഗ്രാമപഞ്ചായത്തിനു 17.73 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് മൂന്നിയൂര്‍, എ.ആര്‍.നഗര്‍, വേങ്ങര പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് വേങ്ങര, തെന്നല പഞ്ചായത്തുകളും, തെക്കുഭാഗത്ത് നന്നമ്പ്ര, തെന്നല പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് പരപ്പനങ്ങാടി, നന്നമ്പ്ര പഞ്ചായത്തുകളുമാണ്. തിരൂരങ്ങാടി, തൃക്കുളം വില്ലേജുകള്‍ ചേര്‍ന്നാണ് 1962 ജനുവരി ഒന്നിന് തിരൂരങ്ങാടി ഗ്രാമപഞ്ചായത് ബോര്‍ഡ് നിലവില്‍ വന്നത്. ദേശീയസ്വാതന്ത്ര്യസമരചരിത്രത്തില്‍ തിരൂരങ്ങാടിക്കു ഉന്നത സ്ഥാനമാണുള്ളത്. 1836 മുതല്‍ ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ ബ്രിട്ടീഷുകാരുടെ തെറ്റായ നയത്തിനെതിരെയും, ബ്രിട്ടീഷ്ഭരണാധികാരികളുടെ പാദസേവകരായിരുന്ന ഭൂപ്രഭുക്കന്‍മാര്‍ക്കെതിരെയും നടന്ന മാപ്പിളലഹളകളില്‍ ചിലതിന് ഈ ചരിത്രഭൂമിയുമായി ഗാഢമായ ബന്ധമുണ്ട്. ടിപ്പുവിന്റെയും, സാമൂതിരിയുടെയും കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന റോഡുകളും, കോട്ടക്കിടങ്ങുകളും, പുരാതന ആരാധനാലയങ്ങളും ഈ ഗ്രാമത്തിന്റെ പൌരാണിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. മമ്പുറംതങ്ങള്‍ക്കു മുമ്പ് തിരൂരങ്ങാടിയിലെത്തി ബ്രിട്ടീഷ് വിരുദ്ധസമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അറബിതങ്ങള്‍ തിരൂരങ്ങാടിയിലെ ചരിത്രപ്രസിദ്ധമായ നടുവില്‍ ജുമാഅത്ത് പള്ളിയങ്കണത്തിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. തിരൂരങ്ങാടി ഗ്രാമത്തിലെ അതിപുരാതനമായ തൃക്കുളം ശിവക്ഷേത്രത്തിന്റെ കാലപ്പഴക്കം നിര്‍ണ്ണയിക്കാന്‍ ചരിത്രപണ്ഡിതര്‍ക്കു കൂടി കഴിഞ്ഞിട്ടില്ലെന്നാണ് പറയപ്പെടുന്നത്. ഇപ്പോള്‍ നിലവിലുള്ള ക്ഷേത്രത്തിനു ആയിരത്തോളം വര്‍ഷം പഴക്കം കണക്കാക്കാം. 1857-നു ശേഷം ബ്രിട്ടീഷ്സാമ്രാജ്യത്വത്തിനെതിരെ ധീരമായ മറ്റൊരധ്യായം സൃഷ്ടിച്ചതു മലബാര്‍ കലാപമാണ്. 1921-ല്‍ നടന്ന മലബാര്‍ കലാപത്തിന്റെ സിരാകേന്ദ്രമായിരുന്നു തിരൂരങ്ങാടി. കലാപകാലത്ത് തിരൂരങ്ങാടിയിലെ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തത് മലബാറിലെ സമര്‍ഖന്ത് എന്നറിയപ്പെട്ടിരുന്ന തിരൂരങ്ങാടിയിലെ നടുവില്‍ ജുമാ-അത്ത് പള്ളി മുദരിസ് ആയ മഞ്ചേരി നെല്ലിക്കുത്തു സ്വദേശി എലിക്കുത്തു പാലത്ത് മൂലയില്‍ ആലിമുസ്ള്യാരായിരുന്നു. ചരിത്രപ്രസിദ്ധമായ തിരൂരങ്ങാടി വലിയ ജുമാഅത്ത് പള്ളി പരിസരത്തു നടന്ന ഘോരയുദ്ധത്തിനു ശേഷം മാത്രമാണ് മുസ്ള്യാരേയും അനുയായികളേയും ബ്രിട്ടീഷ് പട്ടാളത്തിന് കീഴടക്കാനായത്. കേരളത്തില്‍ അറബിഭാഷയുടെ വളര്‍ച്ചയ്ക്കും, അറബി-മലയാളം ലിപിയുടെ ആവിര്‍ഭാവത്തിനും, മലബാറിലെ മദ്രസ്സാ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും ഈ മണ്ണ് നല്‍കിയ സംഭാവന വാക്കുകളിലോ, കണക്കുകളിലോ ഒതുക്കാവതല്ല. മലബാറിലെ ആദ്യത്തെ അറബി അച്ചുകൂടം 1883-ല്‍ തിരൂരങ്ങാടിയിലാണ് സ്ഥാപിക്കപ്പെട്ടത്. പശ്ചിമഘട്ടത്തിലെ ആനമുടിയില്‍ നിന്നുത്ഭവിക്കുന്ന കടലുണ്ടിപ്പുഴയാണ് തിരൂരങ്ങാടി പഞ്ചായത്തിന്റെ മൂന്നതിരുകള്‍. പഞ്ചായത്തിന്റെ കിഴക്കും, വടക്കും പടിഞ്ഞാറും ഭാഗങ്ങള്‍ കടലുണ്ടിപുഴ വലയം ചെയ്തിരിക്കുന്നു. മലപ്പുറം ജില്ലയിലെ വടക്കുപടിഞ്ഞാറ് ഭാഗത്തായാണ് തിരൂരങ്ങാടി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്

തൃപ്രങ്ങോട്

തൃപ്രങ്ങോടിന്റെ ദേശദൈവമായ ശിവ (തൃപ്രങ്ങോടപ്പന്‍)നുമായി ബന്ധപ്പെട്ടാണ്, തൃപ്രങ്ങോടെന്ന സ്ഥലനാമമുണ്ടായതെന്നു കരുതപ്പെടുന്നു. സംസ്കൃത സാഹിത്യങ്ങളില്‍ “ശ്വേതാരണ്യം”, “പരക്രോഡം” എന്നീ വാക്കുകള്‍ കൊണ്ടും തൃപ്രങ്ങോടിനെ വര്‍ണ്ണിക്കുന്നുണ്ട്. പരക്രോഡം എന്ന പദത്തില്‍ നിന്നാണ് തൃപ്രങ്ങോട് ഉത്ഭവിച്ചതെന്നും ഒരഭിപ്രായമുണ്ട്. എന്നാല്‍ തൃപ്പാദംകോട് എന്ന പദത്തില്‍ നിന്നാണ് തൃപ്രങ്ങോട് ഉത്ഭവിച്ചതെന്ന മറ്റൊരു പ്രബലാഭിപ്രായവും നിലവിലുണ്ട്. പ്രാചീന മലയാളത്തില്‍ “തുപ്രന്‍”, “പറങ്ങോടന്‍” എന്നീ നാമങ്ങള്‍ ശിവന്റെ പര്യായനാമങ്ങളായി ഉപയോഗിച്ചിരുന്നു. മാത്രമല്ല, പല വ്യക്തികള്‍ക്കും ഇപ്പോഴും ഈ പേരുകളുണ്ട്. അതുകൊണ്ട് “തുപ്ര”നില്‍ നിന്നോ “പറങ്ങോട”നില്‍ നിന്നോ തൃപ്രങ്ങോട് എന്ന സ്ഥലനാമം ഉത്ഭവിച്ചുണ്ടാകാമെന്ന നിഗമനമാണ് കൂടുതല്‍ യുക്തിസഹമെന്നു കരുതാം. പറങ്ങോടന്‍ എന്ന പദത്തില്‍ നിന്ന് തിരുപറങ്ങോടന്‍ - തൃപ്രങ്ങോടന്‍ - തൃപ്രങ്ങോട് എന്നീ പദങ്ങള്‍ ഉത്ഭവിച്ചുവെന്നു അനുമാനിക്കുന്നതില്‍ തെറ്റില്ല. തൃപ്രങ്ങോട്ട്, വെട്ടം, പള്ളിപ്പുറം, ആലത്തിയൂര്‍ എന്നീ ഗ്രാമങ്ങള്‍ കേരളത്തിലെ അതിപുരാതനമായ ഗ്രാമങ്ങളില്‍ പെട്ടവയാണ്. മധ്യകാലത്തോടെയാണ് ഈ പ്രദേശങ്ങള്‍ വെട്ടത്തു രാജാവിന്റെ ഭരണത്തിന്‍ കീഴില്‍ വന്നു ചേരുന്നത്. കുറേ കാലത്തോളം വെട്ടത്തു രാജാക്കന്‍മാരുടെ ആസ്ഥാനവും തൃപ്രങ്ങോട് തന്നെയായിരുന്നു. രാജകുടുംബത്തിന്റെ കോവിലകത്തിന്റെ ഭാഗങ്ങളായ കോവിലകത്തുതറ, കോവിലകത്തുവളപ്പ് എന്നിവയുടെ അവശിഷ്ടങ്ങള്‍ തൃപ്രങ്ങോട് ക്ഷേത്രത്തിനു സമീപം ഇപ്പോഴുമുണ്ട്. 13-ാം ശതകത്തില്‍ കോഴിക്കോട് സാമൂതിരി മലബാറിലെ ശക്തനായ ഭരണാധികാരിയായി ഉയരുകയും ക്രമേണ വെട്ടത്തുനാട് സാമൂതിരിയുടെ അധീശത്വം സ്വീകരിക്കുകയും ചെയ്തു. 18-ാം ശതകത്തിന്റെ അന്ത്യത്തോടുകൂടി വെട്ടം രാജവംശം അന്യംനിന്നു. 13-ാം ശതകത്തില്‍, സാമൂതിരി തിരുനാവായ മാമാങ്കത്തിന്റെ അധ്യക്ഷപദവി പിടിച്ചെടുക്കുവാന്‍ വള്ളുവക്കോനാതിരിക്കെതിരായി നടത്തിയ പടയോട്ടത്തില്‍, സാമൂതിരിയുടെ സൈന്യം താവളമടിച്ചിരുന്നത് തൃപ്രങ്ങോട്ട് ആയിരുന്നു. ബ്രാഹ്മണര്‍, നായന്മാര്‍ മുതലായ സവര്‍ണ ജാതിക്കാരായിരുന്നു ഇവിടുത്തെ ദേശാധിപത്യം കൈയ്യാളിയിരുന്നത്. അവര്‍ക്ക് പ്രത്യേകാവകാശങ്ങളും അധികാരങ്ങളും കല്‍പിച്ചുനല്‍കപ്പെട്ടിരുന്നു. അയിത്തം, തൊട്ടുകൂടായ്മ, തീണ്ടികൂടായ്മ എന്നീ അനാചാരങ്ങള്‍ കൊണ്ട് കലുഷിതമായിരുന്നു ഈ ഗ്രാമം. ചില താണ ജാതികളിലുള്ളവരെ കാണുന്നതുപോലും നമ്പൂതിരിമാര്‍ അയിത്തമായി കരുതിപ്പോന്നു. താണജാതിക്കാരെ മേല്‍ജാതിക്കാര്‍ അടിമകളായാണ് കരുതിയിരുന്നത്. അവരെ ക്രയവിക്രയാടിസ്ഥാനത്തില്‍ കൈമാറ്റം ചെയ്യുന്നതും അപൂര്‍വ്വമായിരുന്നില്ല. ഇസ്ളാംമതം, പ്രവാചകന്റെ കാലത്തു തന്നെ കേരളത്തില്‍ അറബിവ്യാപാരികളിലൂടെ പ്രചരിച്ചുതുടങ്ങിയിരുന്നു. സാമൂതിരിയുടെ കാലമായപ്പോഴേക്കും മുസ്ളീംസമൂഹം അഭിവൃദ്ധി പ്രാപിച്ചുതുടങ്ങിയിരുന്നു. സാമൂതിരിമാരുടെ ഭരണകാലത്ത് അറബികളുമായുള്ള വ്യാപാരത്തില്‍ ഇടനിലക്കാരായും, സൈന്യത്തില്‍, പ്രത്യേകിച്ചും നാവികസൈന്യത്തില്‍ ഭടന്മാരായും, മുസ്ളീങ്ങള്‍ക്കു ഗണനീയമായ സ്ഥാനമുണ്ടായിരുന്നു. 1763 മുതല്‍ 1791 വരെ, മലബാര്‍ പ്രദേശം മൈസൂര്‍ സുല്‍ത്താന്‍മാരായ ഹൈദര്‍ അലിയുടെയും അദ്ദേഹത്തിന്റെ പുത്രന്‍ ടിപ്പുവിന്റെയും അധീനതയിലായിരുന്നു. അക്കാലത്ത് മുസ്ളീംസമൂഹം പൂര്‍വ്വാധികം അഭിവൃദ്ധി പ്രാപിച്ചു. 19-ാം നൂറ്റാണ്ടായപ്പോഴേക്കും മുസ്ളീങ്ങള്‍ മലബാറിലെ പ്രബലസമൂഹമായി വളര്‍ന്നിരുന്നു. അവരുടെ സാമൂഹ്യജീവിതം മതത്തിനും മതനിയമങ്ങള്‍ക്കും അനുസരിച്ചവിധത്തിലായിരുന്നു. തൃപ്രങ്ങോട് പഞ്ചായത്തിലെ സ്ഥിതിയും ഇതില്‍ നിന്നു ഭിന്നമായിരുന്നില്ല. ഇവിടുത്തുകാരുടെ മുഖ്യ ഉപജീവനമാര്‍ഗ്ഗം അക്കാലത്ത് കൃഷിയായിരുന്നു. പായനെയ്ത്ത്, ഓലക്കുടനിര്‍മ്മാണം, മണ്‍പാത്രനിര്‍മ്മാണം, കുട്ടയുണ്ടാക്കല്‍ മുതലായ പാരമ്പര്യ കൈത്തൊഴിലുകളും നടന്നുവന്നിരുന്നു. മരപ്പണി, ഇരുമ്പുപണി മുതലായവ കുലത്തൊഴിലായി അഭ്യസിച്ചുപോന്നു. പാശ്ചാത്യ സംസ്കാരവുമായുള്ള സമ്പര്‍ക്കംമൂലം അഭ്യസ്തവിദ്യരായ ആളുകളില്‍ ദേശീയബോധം വളരുകയും, 19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ അത് ദേശീയപ്രസ്ഥാനമായി രൂപാന്തരപ്പെടുകയും ചെയ്തു. 1885-ല്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സ്ഥാപിച്ചതു മുതല്‍ തന്നെ മലബാര്‍ പ്രദേശത്തും കോണ്‍ഗ്രസ്സ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. 1908-ല്‍ മലബാറില്‍ കോണ്‍ഗ്രസ്സിന്റെ ഒരു ജില്ലാകമ്മറ്റി രൂപീകൃതമായി. 1914-18 ലെ ലോകമഹായുദ്ധ കാലത്ത് ഈ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിച്ചു. 1916-ല്‍ ഹോംറൂള്‍ ലീഗിന്റെ ഒരു ശാഖയും ഇവിടെ ആരംഭിച്ചു. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ കാലത്ത് മലബാറില്‍ വിദേശവസ്ത്ര ബഹിഷ്ക്കരണം വളരെ വ്യാപകമായി തന്നെ നടന്നുവെങ്കിലും ഈ വക പ്രസ്ഥാനങ്ങള്‍ തൃപ്രങ്ങോട്ടു പഞ്ചായത്തിലുള്‍പ്പെട്ട ഗ്രാമവാസികളെ ഉണര്‍ത്തിയിരുന്നില്ല. ഈ കാലഘട്ടത്തിലാണ് ഒന്നാം ലോകമഹായുദ്ധത്തില്‍ തോല്‍പിക്കപ്പെട്ട തുര്‍ക്കി സുല്‍ത്താന്റെ സാമ്രാജ്യം ചെറു രാജ്യങ്ങളായി വിഭജിക്കുവാനും സുല്‍ത്താന്റെ മതപരമായ “ഖലീഫത്ത്” സ്ഥാനം നിഷേധിക്കുവാനും ബ്രിട്ടന്‍, ഫ്രാന്‍സ് മുതലായ സഖ്യശക്തികള്‍ തീരുമാനിച്ചത്. ഈ നടപടികള്‍ക്കെതിരായി ഇന്ത്യയിലെ മുസ്ളീങ്ങളുടെയിടയില്‍ “ഖിലാഫത്തു പ്രസ്ഥാനം” രൂപംകൊള്ളുകയും ശക്തി പ്രാപിക്കുകയും ചെയ്തു. ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും, ഖിലാഫത്തു കമ്മറ്റിയും യോജിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. ഖിലാഫത്തു പ്രസ്ഥാനത്തില്‍ നിന്നാണ് “മാപ്പിളലഹള” എന്നറിയപ്പെടുന്ന “മലബാര്‍ കലാപം” പൊട്ടിപ്പുറപ്പെട്ടത്. 1921 ആഗസ്ത് 20-ാം തീയതി, തിരൂരങ്ങാടിപള്ളി വളഞ്ഞ്, ഖിലാഫത്തുനേതാവായ ആലിമുസല്യാരെ അറസ്റ്റ് ചെയ്യാന്‍, മലബാര്‍ കലക്ടറായിരുന്ന തോമസ് സായിപ്പിന്റെയും, പോലീസ് സൂപ്രണ്ടായിരുന്ന ഹിച്ച് കോക്ക് സായിപ്പിന്റെയും നേതൃത്വത്തില്‍ പോലീസ് സംഘം ശ്രമിച്ചു. ഈ സേനാ വിഭാഗവുമായി ഏറ്റുമുട്ടിയ മാപ്പിളസംഘത്തില്‍, തൃപ്രങ്ങോടു നിന്നു, കിഴക്കേ പീടികക്കല്‍ ചെറിയ മമ്മുക്കുട്ടിയുടെ നേതൃത്വത്തില്‍ ഏതാനും പേര്‍ പങ്കെടുക്കുകയും, ആലി മുസല്യാരോടൊപ്പം പോലീസ് അവരെയെല്ലാം അറസ്റ്റ് ചെയ്യുകയും, തുടര്‍ന്നു ആന്റമാനിലേക്ക് നാടുകടത്തുകയുമുണ്ടായി. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട അവരില്‍ ചിലര്‍ അവിടെ വെച്ചു മരിക്കുകയും, ശേഷിച്ചവര്‍ 1936-ല്‍ വിട്ടയക്കപ്പെട്ട്, നാട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. പള്ളിയില്‍ നടന്ന സംഘട്ടനത്തെ തുടര്‍ന്നു പരക്കെ ലഹളകള്‍ പൊട്ടിപുറപ്പെട്ടു. തൃപ്രങ്ങോട്ട് പഞ്ചായത്തില്‍പ്പെട്ട പ്രദേശങ്ങളില്‍ ലഹളകള്‍ ഉണ്ടായില്ലെങ്കിലും ഇവിടെയുള്ള മുസ്ളീങ്ങള്‍ ആഗസ്ത് 22-ാം തിയതി തിരൂര്‍ കച്ചേരി ആക്രമിക്കുന്നതില്‍ പങ്കെടുത്തിട്ടുണ്ട്. ചമ്രവട്ടം സ്വദേശി അവളു എന്നയാള്‍ തിരൂര്‍ കോടതിക്കു മുകളില്‍ കോണ്‍ഗ്രസ്സ് പതാക സ്ഥാപിക്കുകയുണ്ടായി. ഈ പഞ്ചായത്തിനു തൊട്ടുകിടക്കുന്ന കൊടക്കല്‍ (തിരുനാവായ പഞ്ചായത്ത്) എന്ന സ്ഥലത്ത് ലഹളയില്‍ മൂന്നുപേര്‍ മരിച്ചിട്ടുണ്ട്. കലാപം ഏതാണ്ട് ആറുമാസത്തോളം നീണ്ടുനില്‍ക്കുകയും, 1922 ഫെബ്രുവരി അവസാനത്തോടെ കെട്ടടങ്ങുകയും ചെയ്തു. സ്വാതന്ത്ര്യത്തിനു മുമ്പ് തൃപ്രങ്ങോടിനെ പിടിച്ചു കുലുക്കിയ ഏറ്റവും വലിയ സംഭവം മലബാര്‍ കലാപമാണ്. മലബാര്‍ കലാപത്തിനു ശേഷം ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ ലഹള നടന്ന താലൂക്കുകളില്‍ മന്ദീഭവിക്കുകയുണ്ടായി. തന്നിമിത്തം ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനം ഈ പ്രദേശത്ത് മന്ദഗതിയിലായി. അക്കാലത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സ്വാതന്ത്ര്യലബ്ധിവരെ, കാര്യമായി പ്രവര്‍ത്തിച്ചിരുന്നത് അയിത്തോച്ചാടനം, ക്ഷേത്രപ്രവേശനം, ഖാദിപ്രസ്ഥാനം, മദ്യനിരോധനം, സാമൂഹികപരിഷ്ക്കരണം എന്നീ രംഗങ്ങളിലായിരുന്നു. ദേശീയ സ്വാതന്ത്ര്യ സമരത്തോടനുബന്ധിച്ച് അയിത്തോച്ചാടനം, പട്ടികജാതികളുടെ ഉദ്ധാരണം, ഖാദി വസ്ത്ര പ്രചാരണം മുതലായ സാമൂഹ്യപരിഷ്ക്കരണ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും, തൃപ്രങ്ങോട് പഞ്ചായത്തില്‍ ഈ വക പ്രസ്ഥാനങ്ങളുടെ തുടക്കം വളരെ താമസിച്ചായിരുന്നു. ഈ പ്രദേശത്ത് കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുന്നത് സ്വാതന്ത്ര്യലബ്ധിക്കു ശേഷം മാത്രമാണ്. തൃപ്രങ്ങോട് പഞ്ചായത്തില്‍ ആദ്യം സ്ഥാപിക്കപ്പെട്ട പരപ്പേരി സ്ക്കൂള്‍ തുടങ്ങിയതു ബി.ഇ.എം മിഷനാണ്. സ്കൂള്‍ തുടങ്ങിയത് 1878-നു മുമ്പാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടെ 1878-ല്‍ സ്ഥാപിച്ച ഒരു അനാഥാലയം ഇന്നും പ്രവര്‍ത്തിക്കുന്നുണ്ട്. ആലത്തിയൂരില്‍ 1978-ല്‍ സ്ഥാപിക്കപ്പെട്ട കുഞ്ഞിമോന്‍ ഹാജി മെമ്മോറിയല്‍ ഹൈസ്കൂള്‍ (കെ.എച്ച്.എം.എച്ച്.എസ്) ആണ് ഈ പഞ്ചായത്തിലെ ആദ്യഹൈസ്കൂള്‍.

ഭൂവിനിയോഗചരിത്രം
ഇരുപതാം നൂറ്റാണ്ട് തുടങ്ങുമ്പോള്‍ മലബാറില്‍ ഭൂമിയുടെ ഭൂരിഭാഗവും സവര്‍ണ്ണജന്മിഭൂവുടമകളുടെ കൈവശമായിരുന്നു. തൃപ്രങ്ങോട് പഞ്ചായത്തിലും സ്ഥിതി മറിച്ചായിരുന്നില്ല. ദേവസ്വങ്ങളുടെ ഉടമസ്ഥതയിലും വലിയൊരു ഭാഗം ഭൂമിയുണ്ടായിരുന്നു. നമ്പൂതിരിമാര്‍, നായര്‍പ്രമാണികള്‍, മുസ്ളീംപ്രമാണികള്‍ മുതലായവരായിരുന്നു ജന്മിമാര്‍. ബഹുഭൂരിപക്ഷം കര്‍ഷകരും സ്വന്തമായി ഭൂമിയില്ലാത്ത പാട്ടക്കുടിയാന്മാരായിരുന്നു. കര്‍ഷകത്തൊഴിലാളികള്‍ അധികവും പട്ടികജാതിയില്‍പ്പെട്ടവരായിരുന്നു. കൂടെക്കൂടെ നടന്നുകൊണ്ടിരുന്ന ഭൂമിയൊഴിപ്പിക്കലും, കുടിയൊഴിപ്പിക്കലും ജന്മിയും കുടിയാനും തമ്മിലുള്ള ബന്ധം കലുഷിതമാക്കിയിരുന്നു. പാട്ട വര്‍ദ്ധനവും മുറയ്ക്കു നടന്നുവന്നിരുന്നു. ഭാരിച്ച പാട്ടം താങ്ങാനാവാത്ത വിധം കൃഷിക്കാര്‍ നിര്‍ധനരും കടബാധിതരും ആയിരുന്നു. ഈ വക അനീതികള്‍ക്കെതിരായി ഏറനാട്ടിലും മറ്റും ചെറിയ കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്. കര്‍ഷകര്‍ക്ക് നാമമാത്രമായെങ്കിലും അല്‍പം ആശ്വാസം നല്‍കിയ ആദ്യത്തെ നിയമം, 1887-ല്‍ പാസ്സാക്കപ്പെട്ട മലബാര്‍ കുടിയായ്മ-കുഴിക്കൂര്‍ ചമയബില്ല് ആയിരുന്നു. 1921-ലെ കലാപത്തിനു വഴിവെച്ച ഒരു കാരണം കാര്‍ഷികരംഗത്തുണ്ടായിരുന്ന ഈ പീഡനങ്ങളാണ്. ഗവണ്‍മെന്റ് പിന്നീട് പല അന്വേഷണങ്ങള്‍ക്കും, പഠനങ്ങള്‍ക്കും ശേഷം, ചിലതരം കൃഷിക്കാര്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് 1930-ല്‍ മലബാര്‍ കുടിയായ്മ നിയമം പാസ്സാക്കി. ഈ നിയമം പിന്നീട് 1945, 1951, 1954 എന്നീ വര്‍ഷങ്ങളില്‍ ഭേദഗതി ചെയ്യപ്പെടുകയുണ്ടായി. കേരള സംസ്ഥാനം രൂപീകൃതമായതിനുശേഷം 1957-ല്‍ ഒഴിപ്പിക്കല്‍ നിരോധിച്ചുകൊണ്ടുള്ള ഒരു ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. താമസിയാതെ ഇതൊരു നിയമമായി നിയമസഭ പാസ്സാക്കി. ഒഴിപ്പിക്കല്‍ എന്ന ഒഴിയാത്ത ഭീഷണിയില്‍ നിന്നും കൃഷിക്കാര്‍ അതോടുകൂടി മുക്തരായി.

സാംസ്കാരികചരിത്രം
തൃപ്രങ്ങോട് ശിവക്ഷേത്രം, ചമ്രവട്ടം അയ്യപ്പക്ഷേത്രം, ആലത്തിയൂര്‍ പെരുംതൃക്കോവില്‍ ഹനുമാന്‍കാവ്, ഗരുഡന്‍കാവ് എന്നീ പൌരാണികക്ഷേത്രങ്ങള്‍ തൃപ്രങ്ങോട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. ഈ നാലു ക്ഷേത്രങ്ങളും കേരളത്തില്‍, പ്രത്യേകിച്ച് മലബാര്‍ പ്രദേശത്ത് പരക്കെ അറിയപ്പെടുന്ന തീര്‍ത്ഥാടനകേന്ദ്രങ്ങളാണ്. തൃപ്രങ്ങോട് ശിവക്ഷേത്രം പഴമയും മാഹാത്മ്യവും കൊണ്ട്, കേരളത്തിലെ പ്രസിദ്ധങ്ങളായ മഹാക്ഷേത്രങ്ങളില്‍ ഒന്നാണുതാനും. ചമ്രവട്ടം അയ്യപ്പക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം നൂറ്റാണ്ടുകള്‍ക്കു മുമ്പ് വനപ്രദേശമായിരുന്നുവെന്നും ഈ സ്ഥലത്ത്, “ശംബരന്‍” എന്ന മഹര്‍ഷി തപസ്സനുഷ്ഠിച്ചിരുന്നുവെന്നും അതുകൊണ്ട്, അതിനു ചുറ്റുമുള്ള പ്രദേശം ശംബരവട്ടം എന്നറിയപ്പെടുകയും പിന്നീട് ചമ്രവട്ടമായി മാറുകയും ചെയ്തുവെന്നാണ് ഒരൈതീഹ്യം. ധര്‍മ്മശാസ്താവ് പത്മാസനസ്ഥനായി ചമ്രം പടിഞ്ഞിരുന്നുവെന്നും, അങ്ങിനെ ചമ്രവട്ടം എന്ന സ്ഥലനാമം ഉണ്ടായിയെന്നുമാണ് മറ്റൊരു ഐതീഹ്യം. ബുദ്ധ-ജൈന സംസ്ക്കാരങ്ങളുടെ സ്വാധീനം ഇവിടുത്തെ പൂജാരീതിയിലും ആരാധനാ സമ്പ്രദായത്തിലും കാണുന്നതിനാല്‍, പുരാതനകാലത്തു ഇവിടം ഒരു ബുദ്ധ-ജൈന സങ്കേതമായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. ഭാരതപ്പുഴയില്‍ ഒരു തുരുത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആലത്തിയൂര്‍ പെരുംതൃക്കോവില്‍ ഹനുമാന്‍ കാവ് ആലത്തിയൂരിന്റെ ഗ്രാമക്ഷേത്രമാണ്. ഗരുഡന്‍കാവില്‍ കൂര്‍മാവതാര സങ്കല്‍പത്തില്‍ പ്രതിഷ്ഠിക്കപ്പെട്ട വിഷ്ണുവും ഗരുഡപ്രതിഷ്ഠയുമാണുള്ളത്. സാക്ഷാല്‍ പെരുന്തച്ചന്‍ അന്നത്തെ വെട്ടത്തു രാജാവിന്റെ മുമ്പില്‍ മരം കൊണ്ടുള്ള ഒരു ഗരുഡ പ്രതിമ കാഴ്ചവെച്ചുവെന്നും അതാണിവിടുത്തെ പ്രതിഷ്ഠയെന്നും ഒരൈതിഹ്യമുണ്ട്. തൃപ്രങ്ങോട് പഞ്ചായത്തിലെ ഏറ്റവും പഴയ മുസ്ളീം പള്ളിയാണ് കൈനിക്കര ജുമാമസ്ജിദ്. സ്ഥലത്തെ കാരണവന്‍മാരുടെ അഭിപ്രായത്തില്‍ പള്ളി ഏതാണ്ട് 200 വര്‍ഷങ്ങള്‍ക്കുമുമ്പാണ് സ്ഥാപിക്കപ്പെട്ടതെന്നു കരുതാം. ക്രിസ്തുമതം മലബാര്‍ പ്രദേശത്ത് പ്രചരിച്ചത് പ്രൊട്ടസ്റ്റന്റ് മിഷനറിമാരുടെ പ്രവര്‍ത്തനഫലമായാണ്. ബാസല്‍ മിഷന്‍കാരുടെ പ്രവര്‍ത്തനഫലമായാണ് തൃപ്രങ്ങോട്, പരപ്പേരിയില്‍ ക്രിസ്ത്യന്‍ സമൂഹം ഉയര്‍ച്ച കൈവരിച്ചത്. തൃപ്രങ്ങോട് പഞ്ചായത്തിലെ ക്രിസ്തുമതവിശ്വാസികളുടെ പ്രധാന പ്രാര്‍ത്ഥനാകേന്ദ്രം പരപ്പേരി പള്ളിയാണ്. അനേകം പണ്ഡിതന്മാര്‍ ജീവിച്ചിരുന്ന നാടാണിത്. എ.ഡി 1237-1295 കാലത്ത് ആലത്തിയൂര്‍ ഗ്രാമത്തില്‍ ജീവിച്ചിരുന്ന പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞനാണ് തലക്കുളത്ത് ഭട്ടതിരി. വരാഹമിഹിരന്റെ ബൃഹത് ജാതകത്തിന്, ഭട്ടതിരി “ദശാധ്യായി” എന്ന പേരില്‍ സമഗ്രമായ വ്യാഖ്യാനം രചിച്ചിട്ടുണ്ട്. മുഹൂര്‍ത്തരത്നം എന്ന ജ്യോതിശാസ്ത്രഗ്രന്ഥവും ഇദ്ദേഹത്തിന്റേതാണെന്ന് പറയപ്പെടുന്നു. 1465-1545 കാലത്തുണ്ടായിരുന്ന നീലകണ്ഠ സോമയാജി മധ്യകാലത്തെ പ്രസിദ്ധനായ കേരളീയ ഗണിത ശാസ്ത്രജ്ഞനായിരുന്നു. ആര്യഭട്ടീയ ഭാഷ്യം, സിദ്ധാന്തദര്‍പ്പണവും ടീകയും, തന്ത്രസംഗ്രഹം, സുന്ദരരാജപ്രശ്നം, ഗ്രഹണ ഗ്രന്ഥം എന്നിവയാണ് അദ്ദേഹത്തിന്റെ മുഖ്യകൃതികള്‍. 16-ാം ശതകത്തില്‍ ജീവിച്ചിരുന്ന തിരുമംഗലത്തു നീലകണ്ഠന്‍ മൂസ്സത് സംസ്കൃത കൃതികളായ മാതാംഗലീല (ആനച്ചികിത്സ), മനുഷ്യാലയ ചന്ദ്രിക (തച്ചു ശാസ്ത്രം) എന്നീ കൃതികളുടെ കര്‍ത്താവാണ്. ഇദ്ദേഹം തുഞ്ചത്താചാര്യന്റെ ഗുരുവാണെന്ന് കരുതപ്പെടുന്നു. 1828-1888 കാലത്തു ജീവിച്ച കുഞ്ഞുണ്ണി മൂസ്സത്, കിഴക്കെമ്പുല്ലത്ത് പ്രസിദ്ധ ഭിഷഗ്വരനും, സംസ്കൃതപണ്ഡിതനും, പുന്നശ്ശേരി നീലകണ്ഠശര്‍മ്മയുടെ ഗുരുവുമായിരുന്നു. അക്കാലത്തെ ഏറ്റവും പ്രസിദ്ധികേട്ട വ്യാകരണ പണ്ഡിതനും, സംസ്കൃതാധ്യാപകനും, വൈദ്യോത്തമനുമായിരുന്നു. തൃപ്രങ്ങോട് പഞ്ചായത്തിലുള്ള ആലത്തിയൂരിലെ പാരമ്പര്യ വൈദ്യന്മാരായിരുന്നു ആലത്തിയൂര്‍ നമ്പിമാര്‍. “ആലത്തൂര്‍ മണിപ്രവാളം” എന്ന സുപ്രസിദ്ധ വൈദ്യശാസ്ത്രഗ്രന്ഥം രചിച്ചത് ആലത്തിയൂര്‍ നമ്പിമാരിലൊരാളായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. പ്രസിദ്ധനായ സാഹിത്യ വിമര്‍ശകന്‍ കെ.എം.കുട്ടികൃഷ്ണമാരാര്‍ തൃപ്രങ്ങോട്ടാണ് ജനിച്ചത്. അദ്ദേഹം പട്ടാമ്പി സംസ്കൃത കോളേജില്‍ പഠിച്ച്, സാഹിത്യശിരോമണി ബിരുദം നേടിയ ശേഷം മഹാകവി വള്ളത്തോളിന്റെ സഹായിയായി അദ്ദേഹത്തിന്റെ കൃതികള്‍ക്ക് “ടിപ്പണി” എഴുതി. കലാമണ്ഡലത്തില്‍ സാഹിത്യ അധ്യാപകനായി കുറേക്കാലം പ്രവര്‍ത്തിച്ചു. ചമ്രവട്ടം സ്വദേശിയായ സുപ്രസിദ്ധ സാഹിത്യകാരനായ സി.രാധാകൃഷ്ണനാണ് ഈ നാട്ടില്‍ ജനിച്ച മറ്റൊരു പ്രസിദ്ധവ്യക്തി. നവജീവന്‍ ഗ്രന്ഥാലയമാണ് പഞ്ചായത്തിലെ ഏറ്റവും പഴയ ഗ്രന്ഥാലയം. 1952-ലാണ് ഈ ഗ്രന്ഥാലയം സ്ഥാപിതമായത്. ചവിട്ടുകളി, അയ്യപ്പന്‍പാട്ട്, ബദര്‍ കിസ്സപ്പാട്ട്, കോല്‍ക്കളി, പൂതന്‍കളി, പകിടകളി, ദഫ്മുട്ട്, അറവനമുട്ട്, മാപ്പിളപ്പാട്ട്, ഒപ്പന തുടങ്ങിയ പാരമ്പര്യകലകള്‍ പണ്ടുകാലത്ത് ഇവിടെ ഏറെ സജീവമായി നിലനിന്നിരുന്നു. തൃപ്രങ്ങോട് കേന്ദ്രമാക്കി മുന്‍കാലത്ത് കിഴക്കേ പീടികയില്‍ വലിയ മമ്മുക്കുട്ടി എന്നയാളുടെ നേതൃത്വത്തില്‍ പ്രശസ്തമായ ഒരു കോല്‍ക്കളി കേന്ദ്രമുണ്ടായിരുന്നു