Thursday 22 September 2011

ആനാട്

ആനാട്

സാംസ്കാരികചരിത്രം
ഫ്യൂഡല്‍ വ്യവസ്ഥയില്‍ അധിഷ്ഠിതമായ സാമൂഹ്യസ്ഥിതിയും ജാതിസമ്പ്രദായങ്ങളും അതിന്റെ അടിസ്ഥാനത്തിലുള്ള തൊഴില്‍വിഭജനങ്ങളും സ്വാതന്ത്ര്യനിഷേധങ്ങളും അടിച്ചമര്‍ത്തലുകളും അതിന്റെ എല്ലാ സവിശേഷതയോടും കൂടി മുന്‍കാലത്ത് ഇവിടെയും നിലനിന്നിരുന്നുവെന്ന് അനുമാനിക്കാന്‍ കഴിയും. ഭൂമിയുടെ ഉടമസ്ഥത കല്‍പ്പിച്ചുകിട്ടിയിരുന്നത് ബ്രാഹ്മണര്‍ക്കും ദേവസ്വങ്ങള്‍ക്കുമായിരുന്നു. അവരും, അവരുടെ ആജ്ഞാനുവര്‍ത്തികളായി നായന്മാര്‍, വെള്ളാളര്‍ മുതലായ കാണക്കുടിയാന്മാര്‍ എന്നറിയപ്പെട്ട സവര്‍ണ്ണരും, മണ്ണില്‍ പണിയെടുക്കുന്ന ഈഴവര്‍, നാടാര്‍, മുസ്ലീം തുടങ്ങിയ പിന്നോക്കജാതിക്കാരും ഉള്‍പ്പെട്ടതായിരുന്നു അന്നത്തെ ജനപ്രകൃതി. അവര്‍ണ്ണവിഭാഗങ്ങള്‍ക്കിടയില്‍ ഈഴവര്‍ അല്പം മെച്ചപ്പെട്ട നില കൈവരിച്ചതൊഴിച്ചാല്‍ ബാക്കി അധഃസ്ഥിതരുടെ നില വളരെ പരിതാപകരമായിരുന്നു. പക്ഷെ ഇവയൊക്കെ സാമൂഹ്യാചാരങ്ങളുടെ ഭാഗമെന്ന നിലയില്‍ പരിഭവങ്ങളോ പരാതികളോ ചോദ്യം ചെയ്യലുകളോ ഇല്ലാതെ, മനുഷ്യര്‍ പുലര്‍ത്തിവരുന്ന ആചാരാനുഷ്ഠാനങ്ങള്‍ പോലെ ഏറ്റുവാങ്ങേണ്ടി വന്നവരേപ്പോലെയായിരുന്നു അവര്‍. പ്രബലരായ ഏതാനും നായര്‍, വെള്ളാള കുടുംബങ്ങള്‍, നാമമാത്രമെങ്കിലും ഭൂമിയില്‍ ഉടമസ്ഥത ഉണ്ടായിരുന്ന കുറെ ഈഴവ, മുസ്ലീം, ക്രിസ്ത്യന്‍, നാടാര്‍ കുടുംബങ്ങള്‍ എന്നിവരാണ് അക്കാലത്ത് ഗണനീയമായുണ്ടായിരുന്നത്. കീഴാളര്‍, കാണിക്കാര്‍ ഇവര്‍ക്കൊക്കെ സ്വന്തമായി ഭൂമിയുണ്ടായിരുന്നെങ്കിലും എല്ലാവരാലും അവഗണിക്കപ്പെട്ടവരായിരുന്നു. ഗ്രാമത്തിലെ ചില പ്രത്യേകകേന്ദ്രങ്ങളില്‍ ചേരികളായി കഴിഞ്ഞുകൂടുകയായിരുന്നു അവര്‍. ജന്മിക്കരം, പാതിവാരം, തിരിപ്പുവാരം, രാജഭോഗം തുടങ്ങിയ നികുതിസമ്പ്രദായങ്ങളാണ് അന്ന് ഭൂമിയുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്നത്. മണ്ഡപപിള്ള, അധികാരി തുടങ്ങിയവരാണ് രാജാവിനുവേണ്ടി പ്രാദേശികഭരണം നിര്‍വഹിച്ചിരുന്ന ഉദ്യോഗസ്ഥര്‍. ഈ കാലയളവില്‍ പട്ടത്തുനിന്നും ഒരു പുലയനെ വിലയ്ക്കുവാങ്ങി (ചാത്തന്‍ പുലയന്‍) ഇവിടെ കൊണ്ടുവന്നതായി ചിലര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. നായര്‍, വെള്ളാളര്‍, ഈഴവര്‍, വെളുത്തേടര്‍, വണ്ണാര്‍, ആശാരി, കൊല്ലന്‍, ചെട്ടി, കമ്മാളര്‍, പുലയര്‍, പറയര്‍, കുറവര്‍, വേടര്‍, പാണര്‍, തട്ടാര്‍ തുടങ്ങിയ ഹൈന്ദവവിഭാഗങ്ങളും മുസ്ളീം, ക്രിസ്ത്യന്‍ വിഭാഗങ്ങളും ഇടകലര്‍ന്ന് അധിവസിക്കുന്ന ഈ പഞ്ചായത്തില്‍ ഏതാനും ബ്രാഹ്മണകുടുംബങ്ങളും ഇടക്കാലത്ത് താമസമാക്കിയ ഒരു ആഗ്ളോഇന്ത്യന്‍ കുടുംബവും വിരലിലെണ്ണാവുന്ന കാണിക്കാരും ഉള്‍പ്പെടുന്നതാണ് ഇവിടുത്തെ ഇന്നത്തെ ജനപ്രകൃതി. നാനാജാതിമതസ്ഥരുടേയും ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. അവയുമായി ബന്ധപ്പെട്ട ഉത്സവാദി ആഘോഷങ്ങള്‍ ജാതിമതഭേദമെന്യെ ഈ പഞ്ചായത്തിലെ എല്ലാവരും ചേര്‍ന്നാണ് ആഘോഷിക്കാറുള്ളത്. ഗ്രാമപഞ്ചായത്തില്‍ ഇരുപത്തെട്ട് ക്ഷേത്രങ്ങളും പതിമൂന്ന് ക്രിസ്ത്യന്‍പള്ളികളും അഞ്ച് മുസ്ളീംപള്ളികളും സ്ഥിതി ചെയ്യുന്നു. 1950-കള്‍ക്ക് ശേഷവും അനുവര്‍ത്തിച്ചു പോന്നിരുന്ന മൃഗബലിക്ക് പകരം കുമ്പളങ്ങയാണ് ഇന്ന് കാളീക്ഷേത്രങ്ങളില്‍ ആചാരത്തിന്‍റെ ഭാഗമായി ഉപയോഗിക്കുന്നത്. ഈ ഗ്രാമപഞ്ചായത്തിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനഫലമായാണ് ഇത്തരം അനാചാരങ്ങള്‍ക്ക് അറുതി വന്നത്.   പത്തോളം ഗ്രന്ഥശാലകള്‍ ഈ ഗ്രാമപഞ്ചായത്തിനകത്ത് പ്രവര്‍ത്തിച്ചുവരുന്നു. ഇവയില്‍ 1952-ല്‍ സ്ഥാപിതമായ മന്നൂര്‍കോണം പീപ്പിള്‍സ് ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങള്‍ സംസ്കാരികരംഗത്ത് വളരെയധികം മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്.
വിദ്യാഭ്യാസചരിത്രം
കൊല്ലവര്‍ഷം 1080-ല്‍ ശ്രീമൂലംതിരുനാള്‍ മഹാരാജാവ് പ്രജാക്ഷേമമന്വേഷിച്ച് യാത്ര ചെയ്യുകയായിരുന്നു. അന്ന് ആനാട് ജംഗ്ഷനില്‍ നാട്ടുകാര്‍ കൂടി നിന്ന് തങ്ങളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സൌകര്യം ഉണ്ടാക്കി തരണമെന്നുണര്‍ത്തിച്ചു. അങ്ങനെ പഞ്ചായത്തിലെ പ്രൈമറിസ്കൂള്‍ ആനാട് സ്ഥാപിതമായി. ഇന്നത്തെ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു ആദ്യകാലത്ത് സ്കൂള്‍ പ്രവര്‍ത്തിച്ചുപോന്നത്. ഇതിനു മുന്‍പു തന്നെ പഞ്ചായത്തിന്റെ വിവിധഭാഗങ്ങളില്‍ നിരവധി കുടിപ്പള്ളിക്കൂടങ്ങള്‍ വിദ്യാകേന്ദ്രങ്ങളായി നിലനിന്നിരുന്നു. പഞ്ചായത്തിന്റെ വിദ്യാഭ്യാസവളര്‍ച്ചയില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ സ്തുത്യര്‍ഹമായ സേവനം നല്‍കിയിട്ടുണ്ട്. 75 വര്‍ഷം മുമ്പ് ഫാദര്‍ മാനുവല്‍ അമ്പുടയന്റെ നേതൃത്വത്തില്‍ ചുള്ളിമാനൂര്‍ ആര്‍.സി.പള്ളി കുടിപ്പള്ളിക്കൂടമായി ആരംഭിച്ച സ്ഥാപനം പില്‍ക്കാലത്ത് എസ്.എച്ച്.യു.പി.എസ് ആയി വളര്‍ന്നു. 65 വര്‍ഷം മുമ്പ് തങ്കരാജ നെയ്ത്തുപുരയില്‍ ആരംഭിച്ച കുടിപ്പള്ളിക്കൂടം ചുള്ളിമാനൂര്‍ ഗവണ്‍മെന്റ് എല്‍.പി.എസായി. പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളായ എസ്.എന്‍.വി.എച്ച്.എസ് പഞ്ചായത്തിന്റെ മധ്യഭാഗമായ ആനാട് സ്ഥിതി ചെയ്യുന്നു. ആദ്യ പഞ്ചായത്ത് കമ്മിറ്റിയുടെ കാലത്ത് തന്നെ ആറ്റിന്‍പുറത്ത് ഒരു യു.പി സ്കൂള്‍ അനുവദിച്ചു കിട്ടി. സ്ഥലവാസികള്‍ സ്ഥലം സംഭാവനയായി നല്‍കിയിരുന്നു. അക്കാലത്ത് നിയമനാധികാരം പഞ്ചായത്ത് മാനേജ്മെന്റിനായിരുന്നു. ഈ നൂറ്റാണ്ടിന്‍റെ ആദ്യപാദങ്ങളില്‍ ഗ്രാമത്തിന്റെ പ്രധാനഭാഗങ്ങളിലെല്ലാം പ്രാഥമികവിദ്യാഭ്യാസത്തിനുള്ള സൌകര്യങ്ങള്‍ നിലവില്‍ വന്നുതുടങ്ങി. ആനാട് എല്‍.പി.എസിന്റെ സ്ഥാപനമാണ് ഇതില്‍ ആദ്യത്തേത്. തുടര്‍ന്ന് ലൂഥര്‍ മിഷന്‍ എല്‍.പി.എസ് വേങ്കവിള, രാമപുരം യു.പി സ്കൂള്‍, ചുള്ളിമാനൂര്‍ എല്‍.പി.എസ് ആട്ടുകാല്‍ ഗ്രാന്റ് സ്കൂള്‍ തുടങ്ങിയവയും സ്ഥാപിതമായി. പുത്തന്‍പാലം കേന്ദ്രമാക്കി പ്രവര്‍ത്തനമാരംഭിച്ച ആനാട് 688-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖ വക എസ്.എന്‍.വി യു.പി.എസ്സ് പില്‍ക്കാലത്ത് ആനാട് കേന്ദ്രത്തിലേക്ക് മാറ്റുകയും ഹൈസ്കൂളായി ഉയര്‍ത്തുകയും ചെയ്തു. ഹൈസ്കൂളിന്റെ സ്ഥാപനത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ വി.എന്‍.ഗംഗാധരപണിക്കര്‍ നടത്തിയ സേവനം വിസ്മരിക്കാവതല്ല.
ദേശചരിത്രം
ആനക്കൂട്ടങ്ങളുടെ കേന്ദ്രീകരണത്താല്‍ ആനാട് (ആനകളുടെ നാട്) എന്ന പേര്‍ ലഭിച്ച ഈ ഗ്രാമത്തില്‍ കടുവ, പുലി തുടങ്ങിയ ഹിംസ്രജന്തുക്കളും, പുള്ളിമാന്‍കൂട്ടങ്ങളും സ്വൈരവിഹാരം നടത്തിയിരുന്നതിന് തെളിവേകുന്ന സ്ഥലനാമങ്ങളും വ്യക്തിനാമങ്ങളും വേണ്ടുവോളമുണ്ട്. അംഗീകൃത വേട്ടക്കാരനും, നൂറ്റിയൊന്ന് പുലികളെ കെണിയില്‍പ്പെടുത്തി രാജാവിന്റെ പട്ടും വളയും, സ്ഥാനപേരും കരസ്ഥരമാക്കിയ കടുവാക്കുറുപ്പ്, പുലി ആക്രമിച്ചു കൊന്ന വേടര്‍ സ്ത്രീയെ കണ്ടെത്തിയ വേടത്തി പാറ, ചുള്ളിമാനൂര്‍, പുലിക്കോട്ടുകോണം, പുലിപ്പാറ, കടുവാച്ചിറ, ആനെയ്ക്കോണം തുടങ്ങിയ സ്ഥലനാമങ്ങള്‍ ഇതിനുദാഹരണങ്ങളാണ്. മുന്‍കാലത്ത് നാട്ടുവൈദ്യന്‍മാരാണ് ആരോഗ്യരംഗം കൈകാര്യം ചെയ്തിരുന്നത്. അക്കൂട്ടത്തില്‍ കിഴക്കേല കുന്നുംപുറത്തുവീട്ടില്‍ ശങ്കരന്‍ വൈദ്യര്‍, പാലോട്ടുകോണം രാമന്‍പിള്ള വൈദ്യര്‍, പുലിക്കുഴി മനുവേല്‍ വൈദ്യര്‍ എന്നിവര്‍ ഏറെ വൈദഗ്ദ്ധ്യമുള്ളവരായിരുന്നു. ചുള്ളിമാനൂര്‍ കേന്ദ്രമാക്കി ദേവദാസ് ആരംഭിച്ചതാണ് പഞ്ചായത്തിലെ ആദ്യത്തെ അലോപ്പതി ഡിസ്പെന്‍സറി. ഇന്നത്തെ ആനാട്, പനവൂര്‍ എന്നീ പഞ്ചായത്തുകള്‍ ഒന്നായിരുന്ന കാലത്ത് ആനാട് വില്ലേജില്‍ കരിക്കുഴി എന്ന സ്ഥലത്ത് കൊല്ലവര്‍ഷം 1100-ാമാണ്ടില്‍ (1925) രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനമാരംഭിച്ച സഹകരണസ്ഥാപനമാണ് ഇന്നത്തെ ഫാര്‍മേഴ്സ് ബാങ്കായി ഉയര്‍ത്തപ്പെട്ടത്. ആനാട് പ്രദേശത്ത് ആദ്യത്തെ പോസ്റ്റോഫീസ് ചുള്ളിമാനൂരില്‍ ഡി.ചെല്ലരാജാണ് ആരംഭിച്ചത്. 1940-കളോടെ പ്രൈവറ്റ് ബസ് സര്‍വ്വീസ് ആരംഭിച്ചു. 1953-ഓടു കൂടി പഞ്ചായത്തിലേക്ക് വൈദ്യുതി കടന്നുവന്നു. 1950 കളോടടുപ്പിച്ചാണ് ഡോ.വേലുപ്പിള്ളയുടെ നേതൃത്വത്തില്‍ അക്കാലത്ത് വിജ്ഞാനപ്രദായിനി എന്ന പേരില്‍ ഒരു വായനശാല ആനാട് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഈ രംഗത്ത് ഒരു സംഘടിത പ്രവര്‍ത്തനം സാദ്ധ്യമായതോടുകൂടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗ്രന്ഥശാലകളുടെ ഒരു നിരതന്നെ സൃഷ്ടിക്കപ്പെട്ടു. മന്നൂര്‍ക്കോണം പീപ്പിള്‍സ് ലൈബ്രറി, ആനാട് യുവജനസമാജം വായനശാല, ഇരിഞ്ചയം യുണെറ്റഡ് ലൈബ്രറി, ആട്ടുകാല്‍ കര്‍ഷകമിത്രം വായനശാല, പനയമുട്ടം കെ.എസ്സ്.എം മെമ്മോറിയല്‍ ഗ്രന്ഥശാല തുടങ്ങിയവ ഇക്കൂട്ടത്തില്‍ എടുത്തുപറയത്തക്കതാണ്. ഇവയുടെ പ്രവര്‍ത്തനം ഈ പ്രദേശത്തിന്റെ സാംസ്കാരികോല്‍കര്‍ഷത്തിന് വഹിച്ച പങ്ക് നിസ്തുലമാണ്. 1952-ലാണ് ആനാട് പഞ്ചായത്ത് രൂപീകൃതമായത്. 1953-ല്‍ നിലവില്‍ വന്ന ആനാട് പഞ്ചായത്തിന്റെ ആദ്യഭരണസമിതി പ്രസിഡണ്ടായി എന്‍.കുഞ്ഞുകൃഷ്ണന്‍നായരെ തെരഞ്ഞെടുത്തു. ജീവനക്കാരായി കെ.ഭാസ്ക്കരപിള്ള (ക്ളാര്‍ക്ക്), ചെല്ലപ്പന്‍ (പ്യൂണ്‍) എന്നിവരാണുണ്ടായിരുന്നത്. പ്യൂണ്‍ ആയിരുന്ന ചെല്ലപ്പന്‍ പഞ്ചായത്തുചെല്ലപ്പനെന്ന വിളിപ്പേരിനര്‍ഹമാക്കുംവിധം പഞ്ചായത്തില്‍ സേവനമനുഷ്ഠിച്ചിരുന്നുവെന്നത് സ്മരണീയമാണ്. അക്കാലത്ത് തനതുപ്രവര്‍ത്തനമെന്ന നിലയില്‍ നടപ്പാലങ്ങള്‍, കുളങ്ങള്‍, മണ്ണുറോഡുകള്‍, ചെറുകലങ്ങുകള്‍ എന്നിവ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ചെയ്തിരുന്നു. ചുള്ളിമാനൂര്‍ അന്തിചന്ത എസ്.എച്ച്.യു.പി.എസിനു സമീപം എം.ചെല്ലപ്പന്‍ നാടാരുടെ പുരയിടത്തില്‍ ആരംഭിച്ചു. നാണന്‍ മുതലാളി സംഭാവന ചെയ്ത സ്ഥലത്ത് ഇര്യനാട്ടും ഒരു ചന്ത നടത്തിയിരുന്നു. 1964-ല്‍ കെ.പരമേശ്വരന്‍ നായര്‍ പ്രസിഡന്റും ജി.മനോഹരന്‍ വൈസ് പ്രസിഡന്റുമായിരുന്ന കാലത്ത് സംസ്ഥാനവ്യാപകമായുയര്‍ന്നുവന്ന ലക്ഷംവീട് പദ്ധതി പഞ്ചായത്തിലും നടപ്പിലാക്കി. മണിയംകോട്ടു, ചന്ദ്രമംഗലം, വേട്ടമ്പള്ളി, കരിക്കുഴി എന്നീ സ്ഥലങ്ങളില്‍ ലക്ഷം വീടുകള്‍ നിര്‍മ്മിച്ചു കുടുംബങ്ങളെ പുനരധിവസിപ്പിച്ചു. ചുള്ളിമാനുര്‍ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന് പഞ്ചായത്ത് സ്ഥലം വാങ്ങിക്കൊടുത്തു. ആര്‍.ഡി.ബി വായ്പകൊണ്ട് ചുള്ളിമാനൂര്‍ മാര്‍ക്കറ്റും ഷോപ്പിംഗ് സെന്ററും പനവൂര്‍ പബ്ളിക് മാര്‍ക്കറ്റും സ്ഥാപിക്കാന്‍ കഴിഞ്ഞു. ആര്‍.ഡി.ബി വായ്പ പഞ്ചായത്ത് തിരിച്ചടച്ചു. ചുള്ളിമാനൂര്‍ അന്തിചന്ത ചുള്ളിമാനൂര്‍ പബ്ളിക് മാര്‍ക്കറ്റായി ഉയര്‍ത്തി. എന്‍.ഇ.എസ് ബ്ളോക്ക് മുഖേന നടത്തിയ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ കാര്യക്ഷമമായി നടന്നതിനാല്‍ ‘ജയന്തി പഞ്ചായത്തായി‘ ആനാട് പഞ്ചായത്തിനെ ഉയര്‍ത്തി. ഗ്രാമസേവകനായിരുന്ന കരുണാകരന്‍നായരും ഗ്രാമസേവികയായിരുന്ന കൃഷ്ണമ്മയ്ക്കും അവാര്‍ഡ് ലഭിക്കുകയും ചെയ്തു. മഹിളാരംഗത്തെ സാമൂഹിക പ്രവര്‍ത്തകരായിരുന്ന കുമാരി വിജയമ്മയെ ഗ്രാമലക്ഷ്മിയായി അംഗീകരിക്കുകയുണ്ടായി. കാലാന്തരത്തില്‍ പഞ്ചായത്തിലെ തദ്ദേശീയരായ വിവിധ ജനങ്ങളുടെ സഹായസഹകരണത്തോടെ പുതിയ റോഡുകള്‍ വെട്ടി. ഗതാഗതസൌകര്യം വര്‍ദ്ധിച്ചു. തന്നിമിത്തം സന്നദ്ധപ്രവര്‍ത്തകരില്‍ പലരുടെ പേരിലും ക്രിമിനല്‍കേസ് വരെയുണ്ടായി. ആയൂര്‍വേദ ആശുപത്രികള്‍ക്കുവേണ്ടി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി സി.അച്ചുതമേനോന്‍ നിര്‍വഹിച്ചു. ആശുപത്രി പുതിയ കെട്ടിടത്തിലേക്ക് മാറ്റി. ഇപ്പോള്‍ പനവുര്‍ പഞ്ചായത്തിലെ പ്രദേശം കൂടി ഉള്‍പ്പെട്ടിരുന്ന ആനാട് പഞ്ചായത്ത് 1976-ല്‍ വിഭജനവിധേയമാകുകയും പനവൂര്‍ പഞ്ചായത്ത് നിലവില്‍ വരികയും ചെയ്തു.

No comments:

Post a Comment