Thursday 22 September 2011

കള്ളിക്കാട്

കള്ളിക്കാട്

ദേശചരിത്രം
സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന  കള്ളിക്കാട് ഗ്രാമം ഒരു കാര്‍ഷിക മേഖലയായിരുന്നു. ഈ പ്രദേശത്തിന്റെ ഭൂരിഭാഗവും വനാന്തരങ്ങളായിരുന്നു. ആയൂര്‍വേദ ഔഷധസസ്യങ്ങളുടെ പൂങ്കാവനമായിരുന്ന അഗസ്ത്യാര്‍കൂടത്തില്‍ ആയൂര്‍വേദത്തിന്റെയും ജ്യോതിഷത്തിന്റേയും ആചാര്യനെന്ന് ചരിത്രം വിശേഷിപ്പിക്കുന്ന അഗസ്ത്യമുനി തപസ്സ് അനുഷ്ഠിച്ചതായും, അഗസ്ത്യര്‍ യാഗകുണ്ഠത്തില്‍ ഒഴിച്ച നെയ്യ് വഴിഞ്ഞൊഴുകിയതാണ് ‘നെയ്യാര്‍ ‘ എന്നുമാണ് ഐതിഹ്യം. അമ്പൂരി പഞ്ചായത്ത് നിലവില്‍ വരുന്നതുവരെ, കള്ളിക്കാട് പഞ്ചായത്തിന്റെ ഭാഗമായിരുന്നു അഗസ്ത്യാര്‍കൂടം. വള്ളിയാര്‍, മുല്ലയാര്‍, കരമനയാര്‍ , കുഴിത്തുറയാര്‍ എന്നീ നദികള്‍ ഇവിടെ നിന്നാണ് ഉത്ഭവിക്കുന്നത്. അഗസ്ത്യ മലമുകളില്‍ നിന്നും ഉത്ഭവിച്ച് കീഴ്ക്കാംതൂക്കായി കാനന സാങ്കേതങ്ങളിലൂടെ ഒഴുകി കൊമ്പൈ, മീന്‍മുട്ടി എന്നീ ജലപാദങ്ങളെ തൊട്ടുണര്‍ത്തി നെയ്യാര്‍നദി ജനവാസ പ്രദേശത്തേക്ക് കടക്കുന്നത് കള്ളിക്കാട് ഗ്രാമത്തിലാണ്.  കള്ളിക്കാട് ഗ്രാമപഞ്ചായത്തില്‍ പൌരാണിക ചരിത്രമുറങ്ങുന്ന ക്ഷേത്രമാണ് മൈലക്കര-മങ്കാരമുട്ടം ശിവക്ഷേത്രം. ഈ ക്ഷേത്രത്തിന് 500 - വര്‍ഷത്തിലേറെ പഴക്കമുണ്ട്. മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവിനേയും, എട്ടുവീട്ടില്‍ പിള്ളമാരേയും ചുറ്റിപ്പറ്റി ധാരാളം കഥകള്‍ ഈ ക്ഷേത്രവുമായി ബന്ധപ്പെടുത്തി പഴമക്കാര്‍ പറയുന്നുണ്ട്. ഈ ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള കോട്ടയ്ക്കകം നമ്പൂതിരി ഇല്ലമായിരുന്നുവത്രെ.  പിന്നീടത്  ഒരു പുരാതന നായര്‍ ‍കുടുംബത്തിന്റെ വകയായി മാറി. അന്നത്തെ വഴിയമ്പലവും, ചുമടുതാങ്ങിയും, പൊതുകിണറും ഇന്നും നിലനില്‍ക്കുന്നു. പഴയകോട്ടപ്പുറം, കോട്ടയ്ക്കകം എന്നീ സ്ഥലങ്ങള്‍ക്കും ക്ഷേത്രവുമായി ബന്ധമുണ്ട്. കാളിപാറ, ശാസ്താംപാറ, വില്ലിടുംപാറ, ദ്രവ്യപ്പാറ എന്നീ പാറകള്‍ക്ക് വീരണകാവ് ശാസ്താ ക്ഷേത്രവുമായി ബന്ധമുള്ള ഐതിഹ്യങ്ങള്‍ നില്‍നില്‍ക്കുന്നു. വനം, ജലാശയം, നെയ്യാര്‍നദി, കിഴ്ക്കാംതൂക്കായ മലഞ്ചരിവുകള്‍, സമതലങ്ങള്‍ എന്നിങ്ങനെയാണ് ഈ ഗ്രാമത്തിന്റെ ഭൂപ്രകൃതി. വാര്‍ത്താവിനിമയബന്ധങ്ങളോ, യാത്രാസൌകര്യമോ, വിദ്യാഭ്യാസ പശ്ചാത്തലമോ തീരെ ഇല്ലാത്തതും ജനവാസം തീരെ കുറഞ്ഞതുമായ ഒരവികസിത മേഖലയായിരുന്നു കള്ളിക്കാട് ഗ്രാമം. ക്രിസ്ത്യന്‍ മിഷണറിമാരുടെ വരവോടെയാണ് നമ്മുടെ ഗ്രാമവാസികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നതിന് അവസരമുണ്ടായത്. ഏതാണ്ട് ഒരു നൂറ്റാണ്ടിന് മുമ്പ് പ്രവര്‍ത്തനമാരംഭിച്ച ചെറുവാളക്കോണം സെന്റ് അന്നാസ് എല്‍.പി.എസും പിന്നീടു വന്ന മൈലക്കര ലൂഥറന്‍ എല്‍.പി.എസ്സുമാണ് പ്രൈമറി വിദ്യാഭ്യാസരംഗത്ത് ഈ ഗ്രാമത്തിന് ഒരു മുതല്‍ക്കൂട്ടായി മാറിയത്. പി.കൃഷ്ണപിള്ള സാറും സാമുവല്‍ സാറും ഫേനിസാറും ഈ പ്രദേശത്തെ പഴമക്കാരുടെ ഗുരുനാഥരാണ്. പട്ടികവര്‍ഗ്ഗ മേഖലയായ വ്ളാവെട്ടിയിലും, കുട്ടമലയിലും സര്‍ക്കാര്‍ തലത്തില്‍ പിന്നീട് ഓരോ പ്രൈമറിസ്കൂളുകള്‍ സ്ഥാപിക്കപ്പെട്ടു.നെയ്യാര്‍ ജലസേചന പദ്ധതിയുടെ ആവിര്‍ഭാവത്തോടെ ഈ ഗ്രാമത്തിന്റെ സാമൂഹ്യ-സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിലും ഇതര മേഖലകളിലും  പുരോഗതിക്ക് നാന്ദി കുറിച്ചു. നെയ്യാര്‍ഡാം പദ്ധതിയുടെ ഉപജ്ഞാക്കളായ ഡോ:ജി.രാമചന്ദ്രന്‍, മുന്‍മന്ത്രി ജി.ചന്ദ്രശേഖര പിള്ള എന്നിവരെ ഇന്നാട്ടുകാര്‍ക്ക് മറക്കാനാകില്ല. 1955-ല്‍ നെയ്യാര്‍ ഡാം സൈറ്റില്‍ ഒരു ഗവ:എല്‍.പി.എസ് സ്ഥാപിച്ചു. നെയ്യാര്‍ഡാമില്‍ ഒരു ഹൈസ്കൂള്‍ സ്ഥാപിക്കുന്നതിനുവേണ്ടി പഞ്ചായത്തും നാട്ടുകാരും നിരന്തരം നിവേദനം നല്‍കിയിരുന്നു. ഫലമില്ലാതെ വന്നപ്പോള്‍ നാട്ടുകാര്‍ നിയമ നിഷേധത്തിന് തയ്യാറായി. രാഷ്ട്രീയത്തിന് അതീതമായി നടന്ന ഹൈസ്കൂള്‍ സമരത്തില്‍ പങ്കെടുത്ത് 300-ല്‍പ്പരം പേര്‍ ജയിലിലടയ്ക്കപ്പെട്ടു. ഈ സമരത്തിന് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ആര്‍.ബാലകൃഷ്ണപിള്ളയും, വൈസ് പ്രസിഡന്റായിരുന്ന കള്ളിക്കാട് ഗംഗനും നേതൃത്വം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് 1964-ല്‍  ആണ് നെയ്യാര്‍ ഹൈസ്ക്കൂള്‍ യാഥാര്‍ത്ഥ്യമായത്. അന്നത്തെ ജലസേചനവകുപ്പു മന്ത്രിയായിരുന്ന അന്തരിച്ച റ്റി.കെ.ദിവാകരന്‍ ഇറിഗേഷന്റെ വകയായിരുന്ന സ്ഥലവും കെട്ടിടവും ഹൈസ്കൂളിന് നല്‍കുന്നതിനുവേണ്ടി വളരെയധികം സഹായിച്ചിട്ടുണ്ട്. വളരെ പരിമിതമായ ആളുകള്‍ക്കേ അന്ന് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം ലഭിച്ചിരുന്നുള്ളൂ. കാട്ടാക്കട ഹൈസ്ക്കുളാണ് ഉപരി പഠനത്തിനുണ്ടായിരുന്ന ഏക ആശ്രയം. ഈ മലയോര ഗ്രാമത്തിലെ ആദ്യത്തെ ബിരുദധാരി ആര്‍.സുകുമാരപ്പിള്ളയാണ്. യാത്രാ സൌകര്യം വളരെ പരിമിതമായിരുന്നതും പില്‍ക്കാലത്ത് സ്റ്റേറ്റ് ഹൈവേയായി മാറിയ നെടുമങ്ങാട് ഷൊര്‍ളക്കോട് റോഡും, ഒറ്റശേഖരമംഗലം മുകുന്ദറ റോഡും, കാട്ടാക്കട കള്ളിക്കാട് റോഡും മാത്രമാണ് ആദ്യകാലത്ത് ഇവിടെ ഉണ്ടായിരുന്നത്. വാഹന ഗതാഗതം അക്കാലത്ത് തീരെ ഇല്ലായിരുന്നു. കാളവണ്ടിയും, വില്ലുവണ്ടിയുമായിരുന്നു അന്നത്തെ ഗതാഗതോപാധികള്‍. ക്രമേണ കാട്ടാക്കടയില്‍ നിന്നും രണ്ട് പ്രൈവറ്റ് ഓപ്പണ്‍ബോഡി ബസ്സുകള്‍ കള്ളിക്കാട് വഴി നെടുമാങ്ങാട്ടേയ്ക്ക് സര്‍വ്വീസ് നടത്തിയിരുന്നു. നെയ്യാര്‍ഡാമിന്റെ ആവിര്‍ഭാവത്തോടെയാണ് ഗതാഗത സൌകര്യം ഉണ്ടായത്. 1964-ല്‍ ഉദ്ഘാടനം ചെയ്ത മുകുന്ദറ പാലത്തിന്റെ പൂര്‍ത്തീകരണം മലഞ്ചരക്ക് കൃഷിയിടങ്ങളായ മലയോര ജനവാസ കേന്ദ്രങ്ങളെ നഗരവുമായി ബന്ധിപ്പിക്കുന്ന ഒരു സുപ്രധാന കണ്ണിയായി മാറി. ഇതോടെയാണ് അമ്പൂരി, വെള്ളറട, കടുക്കറ, ചെമ്പക്കപ്പാറ തുടങ്ങിയ ബസ് സര്‍വ്വീസുകള്‍ ആരംഭിച്ചത്. കുടിയേറ്റക്കാരായ ക്രിസ്ത്യന്‍ മിഷണറിമാരുടെ സേവനം ഇതിനു പിന്നില്‍ ഉണ്ടായിട്ടുണ്ട്. ഈ പ്രദേശങ്ങളെ ഉലയന്‍കോണം, നിരപ്പുക്കാല, പന്ത എന്നീ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന ആദ്യ ബസ് സര്‍വ്വീസിന്റെ ശില്പിയായിരുന്ന അന്തരിച്ച പി.വി.കുര്യന്റെ സേവനം സ്മരണീയമാണ്. കൊല്ലവര്‍ഷം 1099-ല്‍ പ്രവര്‍ത്തനമാരംഭിച്ച മുകുന്ദറ പരസ്പര സഹായ സഹകരണ സംഘമാണ് ഇവിടുത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായി മാറിയ കള്ളിക്കാട് 668-ാം നമ്പര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്. പ്രവര്‍ത്തനരഹിതമായിക്കിടന്ന ഈ സംഘത്തെ വളര്‍ത്തുന്നതിന് പരിശ്രമിച്ചവര്‍ സ്വാതന്ത്ര്യ സമര സേനാനികളായിരുന്ന വി.പി.കൃഷ്ണപിള്ള, ആര്‍.ബാലകൃഷ്ണ പിള്ള, കള്ളിക്കാട് ഗംഗന്‍, എ. വേലായുധന്‍ പിള്ള എന്നിവരാണ്. 1961-ല്‍ പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്താണ് നെട്ടുകാല്‍ത്തേരിയില്‍, വനം വെട്ടിത്തെളിച്ച പ്രദേശത്ത്, രാഷ്ട്രീയത്യാഗം അനുഭവിച്ച അഭ്യസ്തവിദ്യര്‍ക്കുവേണ്ടി റബ്ബര്‍ പ്ലാന്റേഷന്‍ അനുവദിച്ചത്. മൂന്നരയേക്കര്‍ സ്ഥലം വീതം 91 പേര്‍ക്ക് നല്‍കിയതോടെ ഇവര്‍ തോട്ടമുടമകളായി മാറി. ഇതേത്തുടര്‍ന്ന് ഒരു റബ്ബര്‍ പ്ലാന്റേഷന്‍ സഹകരണ സംഘവും രൂപീകൃതമായി. 1962-ല്‍ കേരളത്തിലെ ആദ്യത്തെ പരീക്ഷണ സംരംഭമായ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന് തുടക്കം കുറിച്ചു. ഇന്നിവിടെ കേരളത്തിലെ വിവിധ സെന്‍ട്രല്‍ ജയിലുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 300-ല്‍പ്പരം തടവുകാരെ പാര്‍പ്പിക്കുന്നു. 1981-ല്‍ നെയ്യാര്‍ഡാം പോലീസ് ഔട്ട് പോസ്റ്റ് ഒരു ചാര്‍ജ്ജിങ്ങ് സ്റ്റേഷനായി രൂപാന്തരപ്പെട്ടു. മൈലക്കര, വ്ലാവെട്ടി, മരക്കുന്നം എന്നിവിടങ്ങളില്‍ ഫോറസ്റ്റ് കമ്മ്യൂണിറ്റി ഹാളുകള്‍, ചീങ്കണ്ണി വളര്‍ത്തല്‍ കേന്ദ്രം, ഫിഷ് സിഡ് ഫാം, സിംഹം സഫാരി പാര്‍ക്ക്, മീന്‍ വളര്‍ത്തല്‍ കേന്ദ്രം, നെയ്യാര്‍ ജലാശയത്തില്‍ ഉല്ലാസ സവാരി നടത്തുന്നതിനുള്ള ബോട്ട് ക്ലബ് എന്നിവയും നെയ്യാര്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമായി ഈ ഗ്രാമപഞ്ചായത്തില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്. തേവന്‍കോട് പട്ടികജാതി കോളനിയും വ്ലാവെട്ടി, നാരകത്തിന്‍കുഴി എന്നീ പട്ടികവര്‍ഗ്ഗ കോളനികളുമാണ് ആദ്യകാല പട്ടികജാതി-പട്ടികവര്‍ഗ്ഗ സങ്കേതം. പരിഷ്കാരത്തിന്റെ പ്രകാശനാളങ്ങള്‍ എത്തിപ്പെടാതെ കിടന്നിരുന്ന വ്ലാവെട്ടി ആദിവാസി സാങ്കേതം നെയ്യാര്‍ഡാമില്‍ നിന്ന് യാത്രസൌകര്യം സജ്ജമാക്കിയതോടെ ഒരു നാട്ടിന്‍പുറമായി മാറി. 1954-ല്‍ രൂപികൃതമായ നവജീവന്‍ ഗ്രന്ഥശാല സംസ്ക്കാരിക-വിജ്ഞാനരംഗത്ത് ഏറെ മാറ്റങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. ഇതിന്റെ വളര്‍ച്ചക്ക് നാട്ടുകാരും, കേരള ഗ്രന്ഥശാലാ സംഘവും, കള്ളിക്കാട് പഞ്ചായത്ത് കമ്മിറ്റിയും വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിരുന്നു.
സംസ്ക്കാരം
ആദിവാസി സംസ്ക്കാരവും ഗതകാല ജന്മി-കുടിയാന്‍ വ്യവസ്ഥിതിയും ഉള്‍ച്ചേര്‍ന്ന ഒരു സങ്കലന സംസ്കാരത്തില്‍ നിന്നാണ് ഈ പഞ്ചായത്തിന്റെ സംസ്കാരിക പശ്ചാത്തലം രൂപപ്പെടുന്നത്. അന്ധവിശ്വാസത്തിന്റെ പേരില്‍ ഭൂവുടമകള്‍ ആദിവാസി തലവന്മാരെ ഉപയോഗിച്ച് കാര്‍ഷിക വിഭവങ്ങളെ സംരക്ഷിച്ചു പോരുന്ന ഒരു അവസ്ഥ ഇവിടെ നില നിന്നിരുന്നു. നല്ലൊരു വിഭാഗം ആദിവാസികള്‍  വനവിഭവങ്ങള്‍ സംഭരിച്ച് വിപണനം നടത്തി ഉപജീവനം നടത്തിയിരുന്നു. ചികിത്സാ രംഗത്ത് മന്ത്രവാദ രീതികള്‍ അവലംബിച്ചും, പച്ചമരുന്നുകള്‍ ഉപയോഗിച്ചുമാണ് ഏറെ ജനങ്ങളും ചികിത്സകള്‍ ചെയ്തിരുന്നത്. ഗതാഗത രംഗത്ത് കാളവണ്ടികളും വില്ലുവണ്ടികളും മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നതിനാല്‍ വിദ്യാഭ്യാസാവശ്യങ്ങള്‍ക്കായി മറ്റ് ദിക്കുകളിലേക്ക് സഞ്ചരിക്കാന്‍ ജനങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. ഈ പ്രദേശത്ത് നിലനിന്നിരുന്ന ഫ്യൂഡല്‍വ്യവസ്ഥിതിയില്‍ അടിമത്തം അനുഭവിച്ചിരുന്ന പിന്നോക്കവിഭാഗങ്ങള്‍ക്ക്  ക്രിസ്ത്യന്‍മിഷണറിമാരുടെ വരവോടെയാണ്, വിദ്യാഭ്യാസ-സംസ്കാരിക മേഖലകളില്‍ മുന്നോട്ട് വരാന്‍ കഴിഞ്ഞത് എന്ന വസ്തുത എടുത്തു പറയേണ്ടതാണ്. മുന്നോക്ക-പിന്നോക്ക സമുദായങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള ഈ പ്രദേശത്ത് ജാതി-മത ചിന്തയുടെ പേരില്‍ ഇന്നവരെ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല.

No comments:

Post a Comment