Thursday 22 September 2011

മാറനല്ലൂര്‍

മാറനല്ലൂര്‍

ദേശചരിത്രം
ഇവിടെ ജനവാസമാരംഭിച്ചിട്ടു ആയിരത്തിലേറെ വര്‍ഷങ്ങളായി. നെയ്യാറിന്റെ കരയില്‍ നിലകൊള്ളുന്ന ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിനു 1800 വര്‍ഷത്തിലധികം പഴക്കമുള്ളതായി പറയപ്പെടുന്നു. ഒരു അപൂര്‍വ്വജീവിയുടെ രൂപങ്ങള്‍ ക്ഷേത്രപാര്‍ശ്വത്തില്‍ കൊത്തിവച്ചിട്ടുണ്ട്. കൊട്ടാരക്കോണം, കോട്ടമുകള്‍ എന്നീ സ്ഥലങ്ങളില്‍ ഏതോ കാലത്ത് രാജാക്കന്മാരുടെയോ നാടുവാഴികളുടെയോ ആസ്ഥാനമുണ്ടായിരുന്നതായി തെളിവുകളുണ്ട്. ഈ ഗ്രാമത്തിലെ അച്ചത്തുകോണം, തേവരക്കോട്, വെളിയാംകോട്, ചീനിവിള, കലമ്പാട്ടുമല എന്നിവിടങ്ങളില്‍ ഗിരിവര്‍ഗ്ഗക്കാരും കൈനിക്കരയില്‍ സാമ്പവസമുദായക്കാരും ഉണ്ടായിരുന്നു. വാസ്തുശില്പചാതുരി വിളിച്ചറിയിക്കുന്ന നിരയും വീടും കൈനിക്കരയില്‍ സാമ്പവസമുദായക്കാര്‍ക്കുണ്ടായിരുന്നു. എട്ടുവീട്ടില്‍ പിള്ളമാരുടെ നേതൃത്വത്തില്‍ തിരുവിതാംകൂറില്‍ ആഭ്യന്തരകലഹമുണ്ടായതിനെത്തുടര്‍ന്ന് പലായനം ചെയ്ത മാര്‍ത്താണ്ഡവര്‍മ്മ ഈ ഗ്രാമത്തിലും ഒളിവില്‍ തങ്ങിയിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പു മലകളും കുറ്റിക്കാടുകളും നിറഞ്ഞുനിന്നിരുന്ന ഈ ഗ്രാമത്തില്‍ മലമ്പനി, വസൂരി, കോളറ തുടങ്ങിയ മാരകരോഗങ്ങള്‍ അന്നത്തെ ജനങ്ങളെ നിരന്തരം വേട്ടയാടിയിരുന്നു. മലമ്പനിചികിത്സയ്ക്കുള്ള ആശുപത്രി ഈ ഗ്രാമത്തില്‍ ഉണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭകാലത്ത് ഗ്രാമത്തിലാകെ അശാന്തിയും അക്രമവും പടര്‍ന്നു പിടിച്ചു. ഹരിജനങ്ങള്‍ക്ക് സ്കൂള്‍ പ്രവേശനത്തിന് മഹാരാജാവ് ഉത്തരവിട്ടത് 1907-ലാണ്. പക്ഷെ യാഥാസ്ഥിതികര്‍ ഹരിജനങ്ങളെ സ്കൂളില്‍ കയറാന്‍ അനുവദിച്ചില്ല. പഞ്ചമി എന്ന പേരുള്ള ഒരു ഹരിജന്‍കുട്ടിയെ ഊരുട്ടമ്പലം സ്കൂളില്‍ പ്രവേശനം നല്‍കിയതിനേത്തുടര്‍ന്ന് സ്കൂള്‍ അശുദ്ധമാക്കിയെന്നു ആരോപിച്ചുകൊണ്ടു യഥാസ്ഥിതികര്‍ സ്കൂളിന് തീയിട്ടു. തുടര്‍ന്നുണ്ടായ ലഹള കെട്ടടങ്ങാന്‍ നാളുകള്‍ വേണ്ടിവന്നു. 1910 കാലത്ത് ഹരിജനങ്ങള്‍ക്ക് സ്കൂള്‍ പ്രവേശനം ലഭിക്കുന്നതിന് അയ്യന്‍കാളി ഇവിടെ വന്നു അധ:സ്ഥിതരെ സംഘടിപ്പിച്ചതും യാഥാസ്ഥിതകരായ ചിലര്‍ അതിനെ നേരിട്ടതും ചരിത്രരേഖകളാണ്. 1953 -ല്‍ മാറനല്ലൂര്‍ പഞ്ചായത്ത് രൂപികൃതമായി.
ഭരണചരിത്രം
1953-ല്‍ മാറനല്ലൂര്‍ പഞ്ചായത്ത് രൂപീകൃതമായി. 18.8.1953-ല്‍ മൂലക്കോണം ചര്‍ച്ച് കാമ്പൌണ്ടില്‍ വച്ച് ജി.പരമേശ്വരന്‍ പിള്ളയാണ് ഉദ്ഘാടനം ചെയ്തത്. ആദ്യത്തെ പഞ്ചായത്തുപ്രസിഡന്റ് എം.നാരായണന്‍ നായരും, വൈസ് പ്രസിഡന്റ് ജോര്‍ജുമായിരുന്നു. 7 വാര്‍ഡുകളിലായി 8 പേരെ തെരഞ്ഞെടുത്തു. ഒരു ദ്വയാംഗവാര്‍ഡും ഉണ്ടായിരുന്നു. ഹരിജന്‍ മെമ്പറെ ദ്വയാംഗവാര്‍ഡില്‍ നിന്നും തെരെഞ്ഞടുത്തു. അക്കാലത്ത് പഞ്ചായത്തിന് ഒരു സ്കൂള്‍ അനുവദിക്കുകയും സ്കൂള്‍ നടത്തുന്നതിന് സാമ്പത്തികമായി കഴിവില്ലാത്ത സാഹചര്യമായതിനാല്‍ പഞ്ചായത്തുകമ്മിറ്റി സ്കൂള്‍ നടത്തുന്നതിന്റെ അവകാശം പ്രസിഡന്റായിരുന്ന എം.നാരായണന്‍ നായര്‍ക്ക് വിട്ടുകൊടുത്തുകൊണ്ടുള്ള തീരുമാനമുണ്ടായി. അങ്ങനെ സ്കൂള്‍ ഏറ്റെടുത്ത് നടത്തുകയും ഇന്നത്തെ ഹൈസ്കൂളായി ഉയര്‍ത്തുകയും ചെയ്തു. പഞ്ചായത്തിന്റെ ആരംഭകാലത്ത് ഇന്നുകാണുന്ന ആയുര്‍വദ ആശുപത്രിയും മെറ്റേണിറ്റി സെന്ററും ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തനമാരംഭിച്ചു. അന്ന് മെറ്റേണിറ്റി സെന്ററായി സ്ഥാപിച്ച ഡിസ്പെന്‍സറിയാണ് പില്‍ക്കാലത്തു പ്രൈമറി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തിയത്. ആ കാലഘട്ടത്തില്‍ തന്നെ പഞ്ചായത്തിന് സ്വന്തമായി ഒരു ഓഫീസ് കെട്ടിടവും നിര്‍മ്മിക്കുകയുണ്ടായി. മെറ്റേണിറ്റി സെന്ററിനു വേണ്ടിയുള്ള സ്ഥലം എം.ഭാസ്കരന്‍നായരും, ആയുര്‍വേദ ആശുപത്രിക്കുവേണ്ടിയുള്ള സ്ഥലം കെ.കേശവപണിക്കരും, പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനുവേണ്ടിയുള്ള സ്ഥലം പ്രസിഡന്റായിരുന്ന എം.നാരായണന്‍ നായരും കെ.പരമേശ്വരന്‍ നായരും സംഭാവനയായി നല്‍കുകയുണ്ടായി.
വിദ്യാഭ്യാസചരിത്രം
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളില്‍ത്തന്നെ ഈ ഗ്രാമത്തിലും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്ഥാപിക്കുവാന്‍ തുടങ്ങി. ഊരുട്ടമ്പലത്തിലാണ് ആദ്യമായി ഒരു പ്രൈമറിസ്കൂള്‍ സ്ഥാപിച്ചത്. തുടര്‍ന്നു കണ്ടല, അരുവിക്കര പുന്നാവൂര്‍, റസ്സല്‍പൂരം എന്നിവിടങ്ങളില്‍ സ്കൂളുകള്‍ നിലവില്‍ വന്നു. 1910 കാലത്ത് ഹരിജനങ്ങള്‍ക്ക് സ്കൂള്‍ പ്രവേശനം ലഭിക്കുന്നതിന് അയ്യന്‍കാളി ഇവിടെ വന്നു അധ:സ്ഥിതരെക്കൂട്ടി പ്രക്ഷോഭം സംഘടിപ്പിക്കുകയുണ്ടായി. എന്നാല്‍ യാഥാസ്ഥിതകരായ ചിലര്‍ അതിനെ പല്ലും നഖവും കൊണ്ടു നേരിടാനാണ് ശ്രമിച്ചത്. എരുത്താവൂര്‍ വാര്‍ഡിലെ റസ്സല്‍പുരം പ്രൈമറിസ്കൂള്‍ അമേരിക്കയിലെ റസല്‍ സായിപ്പിന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ മിഷനറി സമൂഹമാണ് സ്ഥാപിച്ചത്. വാരിക്കാംപാട്ടുകുടുംബത്തിന്റെ വകയായി ആരംഭിച്ച അരുവിക്കര പുന്നാവൂര്‍ സ്കൂള്‍ കെട്ടിടങ്ങളും സ്ഥലവും കൊല്ലവര്‍ഷം 1123-ല്‍ ഒരു ചക്രം വിലയ്ക്ക് അന്നത്ത മാനേജരായിരുന്ന ഗോപാലപിള്ള സര്‍ക്കാരിനു കൈമാറുകയുണ്ടായി.
സാംസ്കാരികചരിത്രം
സാംസ്കാരികരംഗത്ത് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടിട്ടുള്ള ഗ്രാമമാണിത്. ക്ഷേത്രങ്ങളും, ക്രിസ്തീയ ദേവലായങ്ങളും, മുസ്ലീം ആരാധനാലയങ്ങളും ഗ്രാമത്തില്‍ ധാരാളമായി സ്ഥിതി ചെയ്യുന്നുണ്ട്. വിവിധ മതവിഭാഗങ്ങള്‍ സഹിഷ്ണുതയോടും സഹവര്‍ത്തിത്വത്തോടും ഇവിടെ കഴിഞ്ഞുവരുന്നു. കൂവളശ്ശേരി ശിവക്ഷേത്രം, അരുവിക്കര ശ്രീധര്‍മ്മശാസ്താക്ഷേത്രം, ദേവീക്ഷേത്രം, അരുവിയോട് ശ്രീകണ്ഠന്‍ ശാസ്താക്ഷേത്രം, ഉണ്ടുവെട്ടി ദേവീക്ഷേത്രം, മണ്ണടിക്കോണം മുത്താരമ്മന്‍ ക്ഷേത്രം, ഇടത്തറ ദേവീക്ഷേത്രം, കണ്ടല ഭദ്രകാളിക്ഷേത്രം, കൊറ്റംപള്ളി ദേവീക്ഷേത്രം, പൊയ്യൂര്‍ക്കാവ് ശാസ്താക്ഷേത്രം, ആനമണ്‍മാടന്‍തമ്പുരാന്‍ ക്ഷേത്രം എന്നിവ അതിപുരാതന ക്ഷേത്രങ്ങളാണ്. ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഏറ്റവും പഴക്കമുള്ളത് മണ്ണടിക്കോണം ആര്‍.സി.ദേവലായവും ഇസ്ലാം ആരാധനലായങ്ങളില്‍ പഴക്കമേറിയത് കണ്ടല കൊച്ചുപള്ളിയുമാണ്. തൂങ്ങാംപാറയിലെ വിശുദ്ധ കൊച്ചുത്രേസ്യാ ദേവാലയം ഏഷ്യയിലെ തന്നെ ഈ വിഭാഗത്തില്‍പ്പെട്ട ആദ്യത്തെ ദേവലായമാണ്. വിശൂദ്ധ കൊച്ചുത്രേസ്യാ ജീവിച്ചിരിക്കുമ്പോള്‍ തന്നെ തുടങ്ങിയതാണ് ഈ ദേവാലയം. തിരുമുടി ഇപ്പോഴും അവിടെ സൂക്ഷിച്ചിട്ടുണ്ട്. ഇസ്ലാംമത പ്രചാരകനായ മാഹീന്‍ അബൂബേക്കര്‍ ഒലിയുള്ള ഹനീഫാതങ്ങള്‍ പോലുള്ള അറബിസഞ്ചാരികള്‍ ഈ പ്രദേശത്ത് വരുകയും ഇവിടെ വച്ച് മരണമടയുകയും ചെയ്തു. അവരുടെ ഖബര്‍ അരുമാളൂര്‍ പള്ളിയില്‍ ഉണ്ട്. ക്ഷേത്രങ്ങളിലെയും, ക്രിസ്ത്യന്‍ ദേവാലയങ്ങളിലെയും ഇസ്ലാം ആരാധനാലയങ്ങളിലെയും ഉത്സവങ്ങളില്‍ എല്ലാവിഭാഗം ജനങ്ങളും പങ്കെടുക്കാറുണ്ട്. കണ്ടലയാണ് പഞ്ചായത്തില്‍ ആദ്യത്തെ ഗ്രന്ഥശാല സ്ഥാപിതമായത്. പോങ്ങുംമൂട്ടില്‍ പി.ക്യഷ്ണപിള്ള സ്മാരക ഗ്രന്ഥശാല, കൊറ്റംപള്ളി സമദര്‍ശിനി ഗ്രന്ഥശാല, പ്ലാവിള ദേശസേവിനി, റസല്‍പുരം ഗ്രന്ഥശാല, മണ്ണടിക്കോണം പീപ്പിള്‍സ് ഗ്രന്ഥശാല, വെളിയംകോട് നെഹ്റു സ്മാരക ഗ്രന്ഥശാല എന്നിവ ഇപ്പോഴും സജീവമായി പ്രവര്‍ത്തിച്ചുവരുന്നു

No comments:

Post a Comment