Saturday, 24 September 2011

ആറളം

സാമൂഹ്യസാംസ്കാരികചരിത്രം

ഇവിടുത്തെ ആദിമനിവാസികളായ കുറിച്ച്യര്‍, പണിയര്‍, മലയാളര്‍, എന്നിവരെ പിന്തള്ളി കുടിയേറ്റക്കാര്‍ കടന്നകയറുന്നത് 20-ാം നൂറ്റാണ്ടിലാണ്. തുടര്‍ന്നുള്ള കാലത്ത്, ആദ്യകുടിയേറ്റക്കാരായിരുന്ന കനകത്തടം കുടുംബത്തിന്റെയും, മുസ്ളീം സമുദായത്തില്‍പ്പെട്ട കുഞ്ഞിമായന്‍ ഹാജിയുടെയും കുടുംബങ്ങള്‍ തമ്മിലുള്ള ശീത സമരത്തിന്റെ കാലമായിരുന്നുവെന്ന് പറയപ്പെടുന്നു. പഴമക്കാരുടെ മൊഴിയിലെ അതിശയോക്തി ഒഴിവാക്കിയാല്‍ കോട്ടയം രാജാവും കനകത്തടം കുടുംബവും തമ്മില്‍ ഒരു വിശുദ്ധമായ ബന്ധം നിലനിര്‍ത്തിയിരുന്നതായി കാണാം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലഘട്ടത്തില്‍ നടന്ന തിരുവിതാംകൂറില്‍ നിന്നുള്ള കുടിയേറ്റത്തിനു മുമ്പുതന്നെ ഇവിടെ, ആദിമജനവിഭാഗങ്ങളെ കൂടാതെ, പരിഷ്കൃതരായ മറ്റൊരു ജനത വസിച്ചിരുന്നു എന്നതിന്റെ തെളിവാണ് അമ്പലക്കണ്ടി, അടിയേരി മഠം, പാലയാട്, മുണ്ടയാംപറമ്പ് എന്നീ ക്ഷേത്രങ്ങള്‍. അന്നത്തെ ജനതയുടെ സാംസ്കാരികവും ശില്‍പപരവുമായ കഴിവുകള്‍ മേല്‍പ്പറഞ്ഞ അമ്പലങ്ങളുമായി ബന്ധപ്പെട്ട് കണ്ടെടുക്കപ്പെട്ട അവശിഷ്ടങ്ങളില്‍നിന്നും നമുക്ക് മനസിലാക്കാവുന്നതാണ്. കൂടാതെ ആറളം, കുട്ടക്കലം, കാരപറമ്പ് എന്നിവിടങ്ങളിലെ ചെങ്കല്‍മേഖലകളില്‍ കണ്ടെത്തിയിട്ടുള്ള പല ഗുഹകളും ഇതിനുള്ള മറ്റു തെളിവുകളാണ്. പണിയര്‍, കുറിച്യര്‍, മലയാളര്‍, എന്നിങ്ങനെ മൂന്നു തരത്തിലുള്ള ആദിമ ജനവിഭാഗങ്ങള്‍ ഇവിടെ നിലനിന്നിരുന്നതായി കാണാം. ഇവിടത്തെ ആദിമജനതകള്‍ക്കിടയില്‍ സാമ്പത്തികസ്ഥിതിയില്‍ കുറിച്ച്യര്‍ താരതമ്യേന ബഹുദൂരം മുന്നിലാണ്. വിയറ്റ്നാം, കീഴ്പള്ളി എന്നിവിടങ്ങളിലായി പണ്ടുമുതല്‍തന്നെ താമസിച്ചുവന്നിരുന്ന കുറിച്യരുടെ തനതു സംസ്ക്കാരം മറ്റു ജനവിഭാഗങ്ങളുടെ ആഗമനത്തോടെ കൈമോശം വന്നുപോയി. ഇവര്‍ അമ്പും വില്ലും ആയുധങ്ങളായി ഉപയോഗിക്കുകയും മറ്റ് ജനങ്ങള്‍ക്ക് അയിത്തം കല്‍പിക്കുകയും ചെയ്തിരുന്നു. അയിത്തം ഏറെക്കുറെ ഇന്നില്ലാതായിരിക്കുന്നു. വിദ്യാഭ്യാസരംഗങ്ങളില്‍ ഈ വിഭാഗക്കാര്‍ പിന്നിലായിരുന്നു. പണിയര്‍ ഒരുകാലത്ത് ഈ നാടിന്റെ മുഴുവന്‍ അധിപരും പിന്നീട് കനകത്തിടം ജന്മിമാരുടെ അടിമകളും ആയിരുന്നു. അലഞ്ഞുനടക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ഇവര്‍ വിദ്യാഭ്യാസകാര്യങ്ങളില്‍ പിന്നിലാണ്. മലയാളര്‍ എന്ന വിഭാഗം ആറളം പഞ്ചായത്തിലെ വീര്‍പ്പാട് എന്ന ദേശത്തു മാത്രമാണ് താമസിക്കുന്നത്. ഇവരുടെ പിതാമഹന്മാര്‍ കോട്ടയം നാട്ടുരാജ്യത്തിന്റെ കീഴിലുണ്ടായിരുന്ന ഇപ്പോഴത്തെ ത്വക്കിലങ്ങാടിക്കടുത്തുള്ള പാലാഴി എന്ന സ്ഥലത്തു താമസിച്ചിരുന്നവരാണെന്നു പറയപ്പെടുന്നു. കോട്ടയംരാജാവ് ഈ വിഭാഗക്കാരെ അദ്ദേഹത്തിന്റെ ഭരണത്തിന്‍ കീഴിലുള്ള ഈ പ്രദേശത്തു കൊണ്ടുവന്നു താമസിപ്പിക്കുകയായിരുന്നു. വിശ്വവിജ്ഞാന കോശത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഇവര്‍ കന്നുകാലി വളര്‍ത്തലും നെല്‍കൃഷിയും പ്രധാനതൊഴിലായി സ്വീകരിച്ചവരാണ്. അമ്പൂം വില്ലും ഒരുകാലത്ത് ഇവരുടെ പ്രധാന ആയുധങ്ങളായിരുന്നു. തുടര്‍ന്ന് തോക്ക് മുതലായ ആധുനിക ആയുധങ്ങളുപയോഗിക്കാനും ഇവര്‍ വിദഗ്ധരായി തീര്‍ന്നു. പാലയാട് ദേവസ്വത്തിന്റെ ഉടമസ്ഥാവകാശം പൂര്‍ണ്ണമായും ഇവര്‍ക്കായിരുന്നു. പാലയാട്ടീശ്വരന്‍(ശിവന്‍) ആണ് ഇവരുടെ പ്രധാന ആരാധനാമൂര്‍ത്തി. തെയ്യങ്ങളും തിറകളും നടത്തിയിരുന്ന ഇവര്‍ കുറിച്യര്‍, പണിയര്‍, തുടങ്ങിയ ആളുകള്‍ക്ക് അയിത്തം കല്‍പിച്ചിരുന്നു. ഏകപത്നീവ്രതക്കാരായിരുന്നു ഇക്കൂട്ടര്‍. സ്ത്രീകള്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഉപയോഗിച്ചിരുന്നു. മൈസൂരിലെ ഭരണാധികാരിയായിരുന്ന ടിപ്പുസുല്‍ത്താന്‍ മലബാര്‍ ആക്രമണക്കാലത്ത് ഇവിടെയും എത്തിയതായി കരുതപ്പെടുന്നു. ആറളത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും മറ്റു ഒറ്റപ്പെട്ട പ്രദേശങ്ങളിലും മലബാറുകാരായ പഴയ കുടിയേറ്റക്കാരുണ്ടായിരുന്നു. ആറളം പഞ്ചായത്തിലെ ഭൂമി മുഴുവന്‍ മുണ്ടയാംപറമ്പ് ദേവസ്വത്തിന്റെയും, പാലയാട് ദേവസ്വത്തിന്റെയും, കനകത്തടം ജന്മിയുടെയും ഉടമസ്ഥയിലായിരുന്നു. കൊല്ലംതോറും പുനംകൃഷി ചെയ്യാന്‍ ജന്മിമാരും മറ്റും, അവരുടെ കുടിയാന്മാരെ അനുവദിക്കുകയും കുടിയാന്‍മാരും മറ്റു ആദിവാസികളും ഈ പ്രദേശങ്ങളില്‍ പുനം കൃഷി നടത്തുകയും ചെയ്തിട്ടുണ്ട്. ഇടതൂര്‍ന്ന് വളര്‍ന്ന വന്‍മരങ്ങളുണ്ടായിരുന്ന ഈ മലമ്പ്രദേശങ്ങള്‍ കാട്ടുമൃഗങ്ങളുടെ വിഹാരകേന്ദ്രമായിരുന്നു. 1930-കളിലാണ് ഒറ്റപ്പെട്ടും രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം വ്യാപകമായും അധ്വാനശീലരായ കര്‍ഷകകുടുംബങ്ങള്‍ കന്നിമണ്ണു തേടി തിരുവിതാംകൂറില്‍ നിന്നും മലബാറിലേക്ക് കുടിയേറ്റം തുടങ്ങിയത്. ഈ പഞ്ചായത്തിലെ ആറളം കേന്ദ്രീകരിച്ചു നാലാം ക്ളാസുവരെയുള്ള ഒരു ബോര്‍ഡ് സ്ക്കൂള്‍ സ്ഥാപിച്ചതോടു കൂടിയാണ് ഈ പ്രദേശത്തെ ജനങ്ങള്‍ വിദ്യാഭ്യാസമേഖലയിലേക്ക് ശ്രദ്ധതിരിച്ചുതുടങ്ങിയത്. 1906-ലാണ് ഈ സ്ക്കൂള്‍ നിലവില്‍ വന്നതെന്ന് പറയപ്പെടുന്നു. പഴയകാലത്ത് ഈ പഞ്ചായത്തിലെ ഏക വിദ്യാഭ്യാസസ്ഥാപനമായിരുന്ന ഈ സ്ക്കുളാണ് ആറളം പഞ്ചായത്തിലെ ഇപ്പോഴത്തെ ഏക ഗവണ്‍മെന്റ് ഹൈസ്ക്കുളായി മാറിയിരിക്കുന്നത്. ആദ്യകാലത്ത് അപ്പര്‍പ്രൈമറി വിദ്യാഭ്യാസം നേടുന്നതിനായി ഇവിടെയുള്ളവര്‍ 15 കിലോമീറ്റര്‍ ദൂരം താണ്ടി കീഴുര്‍, പേരാവൂര്‍ എന്നിവിടങ്ങളിലെ ഹൈസ്ക്കൂളുകളിലാണ് പോയിരുന്നത്. പിന്നീട് പഞ്ചായത്തിലെ കീച്ചേരി എന്ന സ്ഥലത്ത് നാലാം ക്ളാസ്സുവരെയുള്ള ഒരു സ്ക്കൂള്‍ നിലവില്‍ വരികയും, നാലു വര്‍ഷത്തിനു ശേഷം അതിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തു. 1949 മുതലുള്ള കുടിയേറ്റത്തിന്റെ ആരംഭത്തില്‍ തന്നെ എടുര്‍ പ്രദേശത്ത് ഒരു എല്‍.പി.സ്ക്കുള്‍ സ്ഥാപിക്കുകയുണ്ടായി. പ്രസ്തുത സ്ക്കൂളാണ് പിന്നീട് ആറളം പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്ക്കുള്‍ (1956) എന്ന ബഹുമതിക്കര്‍ഹമായത്. ആ കാലഘട്ടത്തില്‍ തന്നെ വീര്‍പ്പാട് പ്രദേശത്ത് ചാത്തോത്ത് കണ്ണന്‍ ഗുരുക്കള്‍ ഏകദേശം 20 പേര്‍ക്ക് കളരിവിദ്യാഭ്യാസം നല്‍കിക്കൊണ്ട് ആരംഭിച്ച സ്ഥാപനത്തിന് 1944-ല്‍ ഗവണ്‍മെന്റ് അംഗീകാരം നല്‍കുകയും പിന്നീട് രാമാനന്ദവിലാസം സ്ക്കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. കേരളത്തില്‍ ഈ പ്രദേശത്തു മാത്രം താമസിക്കുന്ന മലയാളര്‍ എന്ന ജനവിഭാഗത്തിന്റെ വിദ്യാഭ്യാസപുരോഗതിയ്ക്കായി സ്ഥാപിച്ച സ്ക്കൂളായിരുന്നു ഇതെങ്കിലും പിന്നീട് ക്രിസ്ത്യന്‍ മാനേജ്മെന്റിന് വില്‍ക്കുകയാണുണ്ടായത്. എന്നാല്‍ വേണ്ടത്ര കുട്ടികളില്ല എന്ന കാരണം പറഞ്ഞ് സ്ക്കുള്‍ വെള്ളിമനത്തേക്ക് മാറ്റുകയുണ്ടായി. പ്രസ്തുത സ്ക്കൂളാണ് (1949) ഇന്നും സെന്റ് സെബാസ്റ്റ്യന്‍സ് യു.പി.സ്കൂള്‍, വീര്‍പ്പാട് എന്ന പേരില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഈ സമയത്തുതന്നെ കണീശന്‍ കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ 13 പേരെയും കൊണ്ട് 1954-ല്‍ തുടങ്ങിയ സ്ഥാപനമാണ് പിന്നീട് ഗവണ്‍മെന്റ് എല്‍.പി.സ്ക്കുള്‍, ഇടവേലി എന്ന പേരില്‍ ഇപ്പോഴും പ്രവര്‍ത്തിച്ചുവരുന്നത്. സേലം രക്തസാക്ഷികളെ പരാമര്‍ശിക്കാതെ ആറളം ഗ്രാമത്തെക്കുറിച്ച് ഒന്നും പറയാനാവില്ല. സേലം രക്തസാക്ഷി ഞണ്ടാടി കുഞ്ഞമ്പു പുതുക്കുണ്ട് സ്വദേശിയാണ്. 1940കളിലാണ് ആറളം പഞ്ചായത്തിലെ ഓടൂരില്‍ കുടിയേറ്റമാരംഭിച്ചത.് പ്രധാനപ്പെട്ട റോഡുകളായ എടൂര്‍-കീഴ്പ്പള്ളി, കാരാപ്പറമ്പ്-വീര്‍പ്പാട്, കീഴ്പള്ളി-ചതിരൂര്‍, ആറളം-അത്തിക്കല്‍, കാരാപ്പറമ്പ്-ആറളം തുടങ്ങിയ റോഡുകള്‍ കുടിയേറ്റ ജനതയുടെ ശ്രമത്തിന്റേയും ഒത്തൊരുമയുടേയും ഫലമായുണ്ടായതാണ്.

അങ്ങാടിപ്പുറം

സാമൂഹ്യചരിത്രം

പഴയ കാലത്ത് കിഴക്ക് പന്തല്ലൂര്‍ മല വരെയും, വടക്കും തെക്കും അതിരുകളില്‍ ആനക്കയംപുലാമന്തോള്‍ മല വരെയും, പടിഞ്ഞാറ് മലപ്പുറം പാങ്ങ് കുന്നുകള്‍ വരെയും വ്യാപിച്ചുകിടന്നിരുന്ന വള്ളുവനാടിന്റെ വാണിജ്യസിരാകേന്ദ്രവും, ആധ്യാത്മിക സാംസ്ക്കാരിക ആസ്ഥാനവുമായിരുന്നു അങ്ങാടിപ്പുറം. സംഘകാലത്ത് (എ.ഡി. 5-ാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടം) പുലയര്‍, കുറുവര്‍, വില്ലവര്‍, പറയര്‍, പാണര്‍, വെള്ളാളര്‍ തുടങ്ങിയവരായിരുന്നു കേരളത്തിലെ നിവാസികള്‍. വള്ളുവജാതിയില്‍പ്പെട്ടവരുടെ ആധിപത്യം മൂലമാണ് വള്ളുവനാട് എന്ന ദേശനാമം ഉണ്ടായത്. പഴയ വള്ളുവനാടിന്റെ ഹൃദയഭാഗമായ ഈ പ്രദേശത്തിനു ചരിത്രകഥകളേറെയുണ്ട്. അങ്ങാടിപ്പുറം എന്ന കൊച്ചുപട്ടണം വള്ളുവനാട് രാജസ്വരൂപത്തിന്റെ തലസ്ഥാനമായിരുന്നുവത്രെ. ഇന്നും പഴമക്കാര്‍ “വെള്ളാട്ടങ്ങാടി” എന്നാണ് ഈ പ്രദേശത്തെ വിളിക്കുന്നത്. ചരിത്രമുറങ്ങുന്ന തിരുമാന്ധാംകുന്ന് ക്ഷേത്രവും, ചാവേര്‍ത്തറയും, തളിയും, കോട്ടപ്പറമ്പും, അല്‍പാക്കുളവും, ചാവേര്‍ക്കാടും ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ തിരുനാവായ മണല്‍പ്പുറത്ത് നടത്തിയിരുന്ന ചരിത്രപ്രസിദ്ധമായ മാമാങ്കത്തിന്റെ അധീശത്വം “വള്ളുവക്കോനാതിരി”ക്കായിരുന്നു. മാമാങ്കത്തിന്റെ “നിലപാടുതറ”യില്‍ ഉടവാളുമായി അധ്യക്ഷസ്ഥാനം അലങ്കരിച്ചിരുന്ന വള്ളുവക്കോനാതിരിയെ സാമൂതിരിയുടെ പടയാളികള്‍ ശിരച്ഛേദം ചെയ്തു വകവരുത്തി. സാമൂതിരിയുടെ വന്‍പടയ്ക്കെതിരെ യുദ്ധം ചെയ്തു വിജയിക്കുക അസാധ്യമാണെന്ന് വെള്ളാട്ടരചപ്പടയ്ക്ക് അറിയാമായിരുന്നു. സ്വന്തം രാജ്യത്തിന്റെ അഭിമാനത്തിനു വേണ്ടി രക്തം ചിന്താനും ജീവന്‍ ത്യജിക്കാനും വള്ളുവനാട്ടിലെ ചാവേര്‍ പടയാളികള്‍ സന്നദ്ധരായി. എട്ടുവീട്ടിലച്ചന്‍മാര്‍ എന്ന നാട്ടുപ്രമാണിമാരിലുടെയായിരുന്നു വള്ളുവക്കോനാതിരി ഭരണം നടത്തിയിരുന്നത്. ജ്ഞാനപ്പാന രചിച്ച പൂന്താനത്തിന്റെ സാഹിത്യസൃഷ്ടികളുടെ ഈറ്റില്ലമായിരുന്നു അങ്ങാടിപ്പുറം ഗ്രാമം. “ഉണ്ണിക്കുട്ടന്റെ ലോകം” ഉള്‍പ്പെടെ നിരവധി നോവലുകളുടെ കര്‍ത്താവും ഈ നാട്ടുകാരനുമായിരുന്ന “നന്തനാ”രെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവില്ല. കേരളത്തിലെ കലാപ്രേമികളുടെ കണ്ണിലുണ്ണിയായിരുന്ന കോച്ചാട്ടില്‍ ബാലകൃഷ്ണമേനോന്‍ പിറന്നതും വളര്‍ന്നതും അങ്ങാടിപ്പുറത്താണ്. നാലമ്പലങ്ങളില്‍ ഒതുങ്ങിനിന്നിരുന്ന സോപാനസംഗീതത്തെ, ജനമധ്യത്തിലെത്തിച്ച ലോകപ്രശസ്ത സോപാനസംഗീതകാരനായ ഞെരളത്ത് രാമപൊതുവാളുടെ ജന്മം കൊണ്ട് ധന്യമായ നാടാണിത്. കഥകളിയില്‍ തനതുശൈലി രൂപപ്പെടുത്തിയ കൂട്ടില്‍ കുഞ്ഞന്‍ മേനോന്‍, കഥകളി വാദ്യവാദനവിദഗ്ദ്ധനായ കലാമണ്ഡലം നാരായണന്‍ നമ്പീശന്‍, കഥകളിക്കൊട്ട്, തായമ്പക എന്നിവയില്‍ പ്രശസ്തനായിരുന്ന സദനം വാസുദേവന്‍, കൃഷ്ണദാസ്-ഹരിദാസ് സഹോദരന്മാര്‍ എന്നിവര്‍ അങ്ങാടിപ്പുറത്തിന്റെ കലാപാരമ്പര്യം ലോകത്തിനു കാട്ടിക്കൊടുത്തവരാണ്. കൃഷിയും അനുബന്ധതൊഴിലുകളും ആയിരുന്നു സാധാരണക്കാരായ ഗ്രാമീണരുടെ ഉപജീവന മാര്‍ഗ്ഗം. പാട്ട വ്യവസ്ഥയിലായിരുന്നു കാര്‍ഷിക ഉല്‍പ്പാദനം നടന്നിരുന്നത്. 19-ാം നൂറ്റാണ്ടില്‍ ഇരുമ്പുഖനനവും ഉല്‍പ്പാദനവും നടത്തുന്നതിനുള്ള നാടന്‍ സാങ്കേതികവിദ്യ ഈ പ്രദേശത്ത് നിലനിന്നിരുന്നു. 1826-ല്‍ ഇംഗ്ളണ്ടുകാരനായ ഹെന്‍ട്രി ഹാമില്‍ടന്‍ ബുക്കാനന്‍ ഈ പഞ്ചായത്തില്‍ വച്ച് ഇരുമ്പയിര് അടങ്ങിയ ചെങ്കല്ല് കെട്ടിടനിര്‍മ്മാണത്തിന് ഉപയോഗിക്കാമെന്ന് കണ്ടെത്തുകയും ആധുനിക സാങ്കേതിക വിദ്യയിലൂടെ ഇരുമ്പുല്‍പ്പാദനം ആരംഭിക്കുകയും ചെയ്തതോടെ നാടന്‍ സങ്കേതികവിദ്യകള്‍ അപ്രസക്തമായി. എം.പി.നാരായണമേനോന്‍, എം.പി.കുഞ്ഞിക്കണ്ണന്‍മേനോന്‍, എം.പി.ഗോവിന്ദമേനോന്‍ എന്നിവരും, പരേടത്ത് സഹോദരന്‍മാരുടെ നേതൃത്വത്തില്‍ ധാരാളം യുവാക്കളും ഇവിടെ നിന്നും ദേശീയ സ്വാതന്ത്ര്യസമരരംഗത്ത് സജീവമായി പങ്കെടുത്തു. സ്വാതന്ത്ര്യസമരത്തിന്റെ നിയന്ത്രണകേന്ദ്രം എന്ന സ്ഥാനം അങ്ങാടിപ്പുറത്തിനു സിദ്ധിച്ചിരുന്നു. 1957-ലെയും, 1967-ലെയും ഭൂപരിഷ്കരണനിയമങ്ങള്‍ ഭൂവുടമാബന്ധങ്ങളില്‍ വിപ്ളവകരമായ മാറ്റം വരുത്തി. അമ്പതുകളിലാണ് പഞ്ചായത്തിന്റെ മലയോര പ്രദേശങ്ങളില്‍ തെക്കന്‍കേരളത്തില്‍ നിന്നുള്ള കുടിയേറ്റകര്‍ഷകര്‍ എത്തിച്ചേര്‍ന്നത്. അങ്ങാടിപ്പുറത്തെ പൌരപ്രമുഖനായിരുന്ന കെ.ശേഷുഅയ്യരുടെയും, ഗില്‍ബര്‍ട്ട് ഗോണ്‍സാല്‍വസ് എന്ന ക്രിസ്ത്യന്‍ പുരോഹിതന്റെയും നേതൃത്വത്തില്‍ ആയിരത്തിലധികം ആളുകള്‍ ശ്രമദാനം നടത്തിയാണ് അങ്ങാടിപ്പുറം-പരിയാപുരം റോഡിന്റെ പണി പൂര്‍ത്തിയാക്കിയത്. പഞ്ചായത്തിലെ ആദ്യ വിദ്യാഭ്യാസസ്ഥാപനം കോട്ടപ്പറമ്പ സ്ക്കൂള്‍ ആണ്. 100 വര്‍ഷത്തിലേറെ പഴക്കം ഈ സ്കൂളിനുണ്ട്.

കാര്‍ഷിക ചരിത്രം

കൃഷിയും അനുബന്ധതൊഴിലുകളും ആയിരുന്നു സാധാരണക്കാരായ ഗ്രാമീണരുടെ ഉപജീവന മാര്‍ഗ്ഗം. പാട്ട വ്യവസ്ഥയിലായിരുന്നു കാര്‍ഷിക ഉല്‍പ്പാദനം നടന്നിരുന്നത്. ഈ പ്രദേശത്തെ കാര്‍ഷികവിളക്രമം തീരുമാനിക്കപ്പെട്ടിരിക്കുന്നത് പ്രധാനമായും കാര്‍ഷിക കാലാവസ്ഥയെ അടിസ്ഥാനമാക്കിയാണ്. പഞ്ചായത്തില്‍ മുന്‍കാലങ്ങളില്‍ പ്രാമുഖ്യം കൂടുതലുണ്ടായിരുന്നത് നെല്‍കൃഷിക്കായിരുന്നു. കാണച്ചാര്‍ത്തുകളില്‍ മാത്രമേ ദീര്‍ഘകാലവിളകള്‍ ഉണ്ടായിരുന്നുള്ളു. കാരി, അരിവാകാരി, ചെങ്കയ്മ, മുണ്ടകന്‍, തെക്കന്‍ചീര, ചെറുകയ്മ, ആറ്റകയ്മ, തവളക്കണ്ണന്‍, വൃശ്ചികപാണ്ടി തുടങ്ങിയവയായിരുന്നു പ്രധാന വിത്തിനങ്ങള്‍. കൃഷി ജീവിതത്തിന്റെ ഭാഗമായിരുന്ന അക്കാലത്ത് വിനോദോപാധികളും കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടതായിരുന്നു. കാളപൂട്ട്, പോത്തുപൂട്ട് എന്നിവ പ്രധാന കാര്‍ഷിക വിനോദ മത്സരങ്ങളായിരുന്നു. കാര്‍ഷിക വിപണനമേളകള്‍ കൂടിയായിരുന്നു ഉത്സവസീസണുകള്‍. ഉത്സവപ്പറമ്പുകള്‍ കാര്‍ഷികോല്‍പന്നങ്ങളുടെയും, കാര്‍ഷികോപകരണങ്ങളുടെയും വില്‍പനകേന്ദ്രങ്ങളുമായിരുന്നു. കരഭൂമി പ്രദേശങ്ങളില്‍ തെങ്ങ്, കവുങ്ങ്, റബ്ബര്‍, കശുമാവ് എന്നിവയും വാണിജ്യാടിസ്ഥാനത്തില്‍ ഇടവിളകളും കൃഷി ചെയ്തിരുന്നു.

സാംസ്കാരികചരിത്രം

ഐതിഹ്യപ്രസിദ്ധമായ തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ 11 ദിവസം നീണ്ടുനില്‍ക്കുന്ന “അങ്ങാടിപ്പുറം പൂരം” വള്ളുവനാടിന്റെ ദേശീയോത്സവമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഭക്തമഹാകവി പൂന്താനം പ്രതിഷ്ഠ നടത്തിയ ഇടത്തുപുറം ശ്രീകൃഷ്ണക്ഷേത്രം ധാരാളം ഭക്തജനങ്ങളുടെ തീര്‍ത്ഥാടനകേന്ദ്രമാണ്. പുത്തനങ്ങാടിയിലെ മുസ്ളീം ദേവാലയവും സവിശേഷതകള്‍ കൊണ്ട് ശ്രദ്ധേയമാണ്. ജ്ഞാനപ്പാന രചിച്ച പൂന്താനത്തിന്റെ സാഹിത്യസൃഷ്ടികളുടെ ഈറ്റില്ലമായിരുന്നു അങ്ങാടിപ്പുറം ഗ്രാമം. ചരിത്രാംശമുള്ള ചാവേറുപാട്ടിന്റെയും, ക്ഷേത്രകലകളുടെയും നാടായ ഈ ഗ്രാമം ഒരേ സമയം ജന്മി-കുടിയാന്‍ സംസ്ക്കാരത്തിന്റെ എല്ലാ ദൂഷിതസവിശേഷതകളും പ്രകടിപ്പിച്ചിരുന്നു. വെള്ളാട്ടങ്ങാടി എന്ന അങ്ങാടിപ്പുറം വള്ളുവനാടിന്റെ കലാസാംസ്ക്കാരിക കേന്ദ്രം കൂടിയായിരുന്നു. “ഉണ്ണിക്കുട്ടന്റെ ലോകം” ഉള്‍പ്പെടെ നിരവധി നോവലുകളുടെ കര്‍ത്താവും ഈ നാട്ടുകാരനുമായിരുന്ന “നന്തനാ”രെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവില്ല. കേരളത്തിലെ കലാപ്രേമികളുടെ കണ്ണിലുണ്ണിയായിരുന്ന കോച്ചാട്ടില്‍ ബാലകൃഷ്ണമേനോന്‍ പിറന്നതും വളര്‍ന്നതും അങ്ങാടിപ്പുറത്താണ്. നാലമ്പലങ്ങളില്‍ ഒതുങ്ങിനിന്നിരുന്ന സോപാനസംഗീതത്തെ, ജനമധ്യത്തിലെത്തിച്ച ലോകപ്രശസ്ത സോപാനസംഗീതകാരനായ ഞെരളത്ത് രാമപൊതുവാളുടെ ജന്മം കൊണ്ട് ധന്യമായ നാടാണിത്. കഥകളിയില്‍ തനതുശൈലി രൂപപ്പെടുത്തിയ കൂട്ടില്‍ കുഞ്ഞന്‍ മേനോന്‍, കഥകളി വാദ്യവാദനവിദഗ്ദ്ധനായ കലാമണ്ഡലം നാരായണന്‍ നമ്പീശന്‍, കഥകളിക്കൊട്ട്, തായമ്പക എന്നിവയില്‍ പ്രശസ്തനായിരുന്ന സദനം വാസുദേവന്‍, കൃഷ്ണദാസ്-ഹരിദാസ് സഹോദരന്മാര്‍, നീലക്കുയില്‍ എന്ന സിനിമയില്‍ “കായലരികത്ത് വലയെറിഞ്ഞപ്പോള്‍….” എന്ന ഗാനരംഗത്തിലൂടെ ശ്രദ്ധേയനായ സിനിമാനടന്‍ കോച്ചാട്ടില്‍ ബാലകൃഷ്ണമേനോന്‍, എന്നിവര്‍ അങ്ങാടിപ്പുറത്തിന്റെ കലാപാരമ്പര്യം ലോകത്തിനു കാട്ടിക്കൊടുത്തവരാണ്. 1950-കളിലാരംഭിച്ച അങ്ങാടിപ്പുറം ദേശസേവിനി വായനശാലയും, തിരൂര്‍ക്കാട് വിജയന്‍ സ്മാരക വായനശാലയുമാണ് പഞ്ചായത്തിലെ സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്കു നെടുനായകത്വം വഹിക്കുന്നത്. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ പൂരമഹോത്സവം, പുത്തനങ്ങാടി നേര്‍ച്ച, വലമ്പൂര്‍, പരിയാപുരം പള്ളികളിലെ പള്ളിപ്പെരുന്നാള്‍ തുടങ്ങിയവയാണ് പഞ്ചായത്തിലെ പ്രധാന ഉത്സവങ്ങള്‍. കോല്‍ക്കളി, ചെറുമക്കളി, പൂതംകളി തുടങ്ങിയ പാരമ്പര്യകലകള്‍ അനല്‍പമായി ഇന്നും ഇവിടെ നിലനില്‍ക്കുന്നുണ്ട്. സംഘടിക്കലും സംഘടിപ്പിക്കലും കൊണ്ട് ഗ്രന്ഥശാലാപ്രസ്ഥാനം തിളങ്ങി നിന്ന കാലഘട്ടത്തില്‍ തന്നെയാണ് അങ്ങാടിപ്പുറം പഞ്ചായത്തിലും ആദ്യ വായനശാലയുണ്ടാകുന്നത്. 1953-54 കാലഘട്ടത്തിലാണ് അങ്ങാടിപ്പുറം ദേശസേവിനി വായനശാല രൂപീകൃതമായത്. അക്കാലത്ത് മലയാള സാഹിത്യരംഗത്ത് ശ്രദ്ധേയനായി കഴിഞ്ഞിരുന്ന എസ്.കെ.പൊറ്റക്കാടാണ് ഇത് ഉദ്ഘാടനം ചെയ്തത്. പഞ്ചായത്തിലെ ആദ്യവായനശാല യാഥാര്‍ത്ഥ്യമാകുമ്പോള്‍ അക്കാലത്തെ യുവാക്കളുടെ തീവ്രമായൊരു സ്വപ്നം പൂവണിയുക മാത്രമല്ല, അങ്ങാടിപ്പുറം പഞ്ചായത്തിന്റെ പില്‍ക്കാല സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളില്‍ നേതൃത്വപരമായ പങ്കു വഹിക്കുവാന്‍ കരുത്തുള്ള ഒരു സ്ഥാപനം പിറക്കുക കൂടിയായിരുന്നു. പഞ്ചായത്തിലെ രണ്ടാമത്തെ വായനശാല, 1959-60 കാലത്ത് നിലവില്‍ വന്ന തിരൂര്‍ക്കാട് വിജയന്‍ സ്മാരക വായനശാലയാണ്. അക്കാലത്ത് സജീവമായിരുന്ന തിരൂര്‍ക്കാട് മഹിളാസമാജം പ്രവര്‍ത്തകരുടെ പ്രയത്നഫലമായിട്ടാണ് ഇതുണ്ടാകുന്നത്.

ആലക്കോട്

സാമൂഹ്യചരിത്രം

ആലക്കോട് പഞ്ചായത്തിലെ പലഭാഗത്തും വളരെക്കാലം മുമ്പുതന്ന ജനവാസം ഉണ്ടായിരുന്നു എന്നതിന് തെളിവുകളുണ്ട്. അരങ്ങം ക്ഷേത്രപരിസരത്ത് കണ്ടെത്തിയ ഗുഹകള്‍, നെല്ലികുന്നിലുള്ള ക്ഷേത്രാവശിഷ്ടങ്ങള്‍, വൈതല്‍മലയുടെ മുകള്‍ത്തട്ടില്‍ കാണുന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ എന്നിവയെല്ലാം ഇതിന് സാക്ഷ്യങ്ങളാണ്. വൈതല്‍കോന്‍ എന്നാരു രാജാവ് ഈ പ്രദേശം കേന്ദ്രമാക്കി ഭരണം നടത്തിയിരുന്നതായി പറയപ്പെടുന്നു. പഴയ ബ്രിട്ടീഷ് മലബാറിന്റെ ഭാഗമായ ചിറയ്ക്കല്‍ താലൂക്കില്‍ പെട്ടിരുന്ന ഈ പ്രദേശത്തെ ഭൂമി മുഴുവന്‍ ദേവസ്വം വകയോ ജന്‍മിമാരുടെ വകയോ ആയിരുന്നു. 19-ാം നൂറ്റാണ്ടില്‍ ഇവിടുത്തെ മലയോരങ്ങളില്‍ പുനംകൃഷി നടന്നിരുന്നതായി തെളിവുണ്ട്. രയറോത്ത് മുസ്ളീം ജനവിഭാഗം മറ്റു സ്ഥലങ്ങളില്‍ നിന്നും ഇവിടെ കുടിയേറിയിട്ട് ഒന്നര നൂറ്റാണ്ടോളമായിയെന്നു പറയപ്പെടുന്നു. ഇപ്പോള്‍ രയറോത്തുള്ള ജുമാ അത്ത് പള്ളിക്ക് തൊണ്ണൂറോളം വര്‍ഷത്തെ പഴക്കമുണ്ട്്. തിമിരിയില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പുമുതല്‍ തന്ന ജനവാസം ആരംഭിച്ചിരുന്നതായി ഊഹിക്കാം. അവിടെ സ്ഥിതി ചെയ്യുന്ന പുരാതനമായ ക്ഷേത്രം തന്നയാണ് അക്കാര്യത്തിനുള്ള തെളിവ്. ആലക്കോട് ഗ്രാമപഞ്ചായത്ത് ഒരു കുടിയേറ്റ മേഖലയാണ്. ദക്ഷിണ കേരളത്തില്‍ നിന്നും വന്ന കുടിയേറ്റക്കാര്‍ നിര്‍മ്മിച്ച ഒരു ജനപദമായിട്ടാണ് ഈ പ്രദേശം ഇന്നറിയപ്പെടുന്നത്. കുടിയേറ്റത്തിന്റെ ആദ്യകാലങ്ങളില്‍ ഗതാഗതസൌകര്യം വളരെ കുറവായിരുന്നു. വഴി വെട്ടിയുണ്ടാക്കുന്നതിലും പൊതുസ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതിലും, അന്ന് കുടിയേറ്റക്കാരും നാട്ടുകാരും ഉത്സാഹത്തോടെ സംഘടിതമായി പ്രവര്‍ത്തിച്ചിരുന്നു. കുടിയേറ്റ കര്‍ഷകര്‍ ഈ മണ്ണിലുണ്ടാക്കിയ കാര്‍ഷിക പുരോഗതി അഭിമാനപൂര്‍വ്വം സ്മരിക്കേണ്ടതാണ്. ആലക്കോട് പ്രദേശത്തെ ഏക്കര്‍കണക്കിനു ഭൂമി വാങ്ങിച്ചുകൂട്ടിയ ഭൂവുടമയായിരുന്നു പി.ആര്‍.രാമവര്‍മ്മ രാജ. 1955 ആയപ്പോഴേക്കും കൃഷിഭൂമി അന്വേഷിച്ച് ദക്ഷിണ കേരളത്തില്‍നിന്ന് ആളുകള്‍ വന്നു തുടങ്ങി. അവര്‍ക്കു വേണ്ട ജീവിതസൌകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഇന്നാട്ടുകാര്‍ മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിച്ചു. രാമവര്‍മ്മരാജ സ്വന്തം ചെലവില്‍ തളിപ്പറമ്പു മുതല്‍ മണക്കടവു വരെ ഒരു റോഡുണ്ടാക്കി. ആദ്യകാലത്ത് തടി ഇറക്കികൊണ്ടുപോകുന്നതിനുള്ള കൂപ്പുറോഡ് സര്‍ക്കാര്‍ ഏറ്റെടുത്ത് തളിപ്പറമ്പ്-കൂര്‍ഗ്ഗ് ബോര്‍ഡര്‍ റോഡായി വികസിപ്പിച്ചു. 1960 ആയപ്പോള്‍ ഈ റോഡില്‍ സര്‍ക്കാര്‍ അനുവദിച്ച മൂന്നു പാലങ്ങള്‍ എസ്റ്റിമേറ്റ് തുകയ്ക്കു തന്ന രാജ ഏറ്റെടുത്ത് പണിതീര്‍ത്തു. 1946-ല്‍ തിമിരിയില്‍ കുമിഴി ചാത്തുക്കുട്ടി നമ്പ്യാരുടെ വീട്ടില്‍ ഒരു വിദ്യാലയം ആരംഭിച്ചു. രണ്ടുവര്‍ഷം കഴിഞ്ഞ് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴില്‍ നാലുക്ളാസ്സുകളുള്ള ഒരു സ്കൂളായി അത് ഉയര്‍ന്നു. ഡിപ്പാര്‍ട്ടുമെന്റിനു നഷ്ടം സംഭവിക്കുന്ന പക്ഷം അതു നികത്തികൊടുക്കാമെന്ന വ്യവസ്ഥയിലാണ് കുടിയേറ്റത്തിന്റെ ആദ്യകാലത്ത് തന്ന പി.ആര്‍.രാമവര്‍മ്മരാജ ഇവിടെ ഒരു പോസ്റ്റ് ഓഫീസ് അനുവദിപ്പിച്ചത്. ഒരു പ്രദേശത്തിന്റെ മൊത്തമായി മിനിമം ഗ്യാരണ്ടി വച്ചുകൊണ്ട്, അക്കാലത്തുതന്ന അദ്ദേഹം ഇലക്ട്രിസിറ്റിയും ഇവിടെ എത്തിച്ചു. ആലക്കോട് മാത്രമായി ഒതുങ്ങി നിന്ന ഒരു മിനി ജലവിതരണ പദ്ധതിയും അദ്ദേഹം സ്വന്തം നിലയില്‍ നടപ്പാക്കിയിട്ടുണ്ട്. 1951-ല്‍ തിമിരി ദേവസ്വം മാനേജരായിരുന്ന കുമിഴി ചാത്തുക്കുട്ടിനമ്പ്യാരുടെ നേതൃത്വത്തില്‍ പുരാതനമായ തിമിരി ക്ഷേത്രം പുതുക്കിപ്പണിയുകയും പുന:പ്രതിഷ്ഠ നടത്തുകയും ചെയ്തു. 10 വര്‍ഷത്തിനു ശേഷം, 1961-ല്‍ കാടായിക്കിടന്നിരുന്ന അരങ്ങം പ്രദേശത്ത് കണ്ടെത്തിയ പുരാതന ക്ഷേത്രത്തിന്റെ നവീകരണവും പുനര്‍ പ്രതിഷ്ഠാ കലശവും നടന്നു. പി.ആര്‍.രാമവര്‍മ്മരാജ തന്നയാണ് ക്ഷേത്രനവീകരണവും നടത്തിയത്. ആലക്കോട് ഒരു വായനശാലയും ഗ്രന്ഥശാലയും സ്ഥാപിക്കുന്നതില്‍ മുന്‍കൈയ്യെടുത്തതും പി.ആര്‍.രാമവര്‍മ്മരാജയാണ്. 1954-ല്‍ സ്ഥാപിച്ച ആലക്കോട് സെന്റ് മേരീസ് ചര്‍ച്ചാണ് ഈ പ്രദേശത്തെ ആദ്യത്തെ ക്രിസ്തീയദേവാലയം. 1960-നു മുമ്പു തന്ന അദ്ദേഹം പ്രസിഡന്റും എ.സി.ചാക്കോ സെക്രട്ടറിയുമായി രൂപീകരിച്ച ആലക്കോട് ഡവലപ്മെന്റ് കമ്മറ്റി മുന്‍കൈയ്യെടുത്ത് ആരംഭിച്ച ഐക്യനാണയ സംഘമാണ് ഇന്നത്തെ ആലക്കോട് സര്‍വ്വീസ് സഹകരണ ബാങ്കായി വികസിച്ചത്. പഞ്ചായത്തിലെ ഇപ്പോഴത്തെ മുഖ്യവിള റബ്ബറാണ്. തെങ്ങും കവുങ്ങുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.

സാംസ്കാരിക ചരിത്രം

കുടിയേറ്റത്തിന്റെ തുടക്കത്തിലും തുടര്‍ന്നുള്ള കാലഘട്ടത്തിലും ആലക്കോട് പഞ്ചായത്തില്‍ കലാസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ ശക്തമായിരുന്നു. സജീവമായി പ്രവര്‍ത്തിച്ചിരുന്ന ധാരാളം കലാസമിതികള്‍ പഞ്ചായത്തില്‍ അന്നുണ്ടായിരുന്നു. അരങ്ങം ക്ഷേത്രത്തിലെ ഉത്സവവും പള്ളികളിലെ പെരുന്നാളുകളും കലാസാംസ്കാരിക രംഗത്തെ പ്രോത്സാഹിപ്പിച്ചിരുന്ന ഘടകങ്ങളായിരുന്നു. ആലക്കോട് കേന്ദ്രമായി അഖില കേരള നാടകമത്സരവും, അഖില കേരളാ വോളിബോള്‍ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. 1969-ല്‍ രൂപം കൊണ്ട പബ്ളിക്ക് ലൈബ്രറി സാഹിത്യകുതുകികള്‍ക്ക് ഒരാവേശമായിരുന്നു. പഞ്ചായത്തില്‍ താമസിച്ചുവരുന്ന നാനാജാതിമതസ്ഥര്‍ പരസ്പരസൌഹാര്‍ദ്ദത്തില്‍ കഴിഞ്ഞുവരുന്നു. ഹിന്ദുമത വിശ്വാസികളുടെ പ്രധാനപ്പെട്ട ഹൈന്ദവാരാധനാലയങ്ങള്‍ ആലക്കോട് അരങ്ങം മഹാദേവക്ഷേത്രവും, തിമിരി മഹാദേവ ക്ഷേത്രവുമാണ്. ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ആലക്കോട് സെന്റ് മേരീസ് ഫെറോന ചര്‍ച്ചും, മേരിഗിരി ലിറ്റില്‍ ഫ്ളവര്‍ ഫെറോന ചര്‍ച്ചുമാണ് പ്രധാന്യമര്‍ഹിക്കുന്നത്. മറ്റ് ധാരാളം ഇടവക പള്ളികളും ക്രിസ്ത്യന്‍ ആരാധനാലയങ്ങളുടെ കൂട്ടത്തിലുണ്ട്. ഉയറോം, കുട്ടാപ്പറമ്പ, ആലക്കോട്, നല്ലിക്കുന്ന് എന്നിവിടങ്ങളിലാണ് ഇസ്ളാം മതവിഭാഗത്തിന്റെ ആരാധനാലയങ്ങള്‍. പഞ്ചായത്തിലെ ഏറ്റവും വലിയ ആഘോഷം അരങ്ങം മഹാദേവക്ഷേത്രത്തില്‍ 8 ദിവസമായി നടക്കുന്ന ഉത്സവാഘോഷങ്ങളാണ്. തിരുവിതാംകൂര്‍ ശൈലിയില്‍ ഉത്സവം നടക്കുന്ന മലബാറിലെ ഏക ക്ഷേത്രമെന്ന പ്രത്യേകതയും അരങ്ങത്തിനുണ്ട്. രയറോം മുസ്ളീംപള്ളിയിലെ മഖാം ഉറുസ്സ് വളരെ പ്രസിദ്ധമാണ്. സാമ്പത്തികമായി വ്യത്യസ്ത തട്ടുകളിലുള്ള ജനങ്ങളാണ് പഞ്ചായത്തിലേത്. കാര്‍ഷികവൃത്തിയിലൂടെ തന്ന വളരെ ഉയര്‍ന്ന നിലയിലുള്ളവരും ഇടത്തരക്കാരായിട്ടുള്ളവരുമാണ് ഏറിയകൂറും. താഴെത്തട്ടിലുളള കര്‍ഷക തൊഴിലാളികളും മറ്റുകൂലി വേലക്കാരും എല്ലാം അടങ്ങിയതാണ് പഞ്ചായത്തിലെ സാമ്പത്തിക സാമൂഹ്യഘടന. 1959-ല്‍ ഒരു പബ്ളിക്ക് ലൈബ്രറിയായി ആരംഭിച്ച് പിന്നീട് പഞ്ചായത്തിന് വിട്ടുകൊടുത്ത ആലക്കോട് പഞ്ചായത്ത് പബ്ളിക്ക് ലൈബ്രറി കണ്ണൂര്‍ ജില്ലയിലെ ഒരു പ്രധാന ലൈബ്രറിയായി ഉയര്‍ന്നിട്ടുണ്ട്. കായികരംഗത്ത് ഒട്ടേറെ വിലപ്പെട്ട സംഭാവനകള്‍ നല്‍കുവാന്‍ കഴിഞ്ഞ പഞ്ചായത്താണ് ആലക്കോട്. 1982-ല്‍ ഡല്‍ഹിയില്‍ നടന്ന ഏഷ്യാഡില്‍ വിവിധയിനങ്ങളില്‍ സ്വര്‍ണ്ണം നേടിയ എം.ഡി.വത്സമ്മ, ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ട്രാക്ക് & ഫീല്‍ഡില്‍ സ്വര്‍ണ്ണം നേടിയ വി.കെ.സിന്ധു എന്നിവര്‍ ആലക്കോടിന്റെ അഭിമാനമായി മാറിയവരാണ്.

Friday, 23 September 2011

താനൂര്‍

സാമൂഹ്യചരിത്രം
താന്നിമരങ്ങള്‍ ഇടതിങ്ങി വളര്‍ന്നിരുന്ന പ്രദേശമായിരുന്നതുകൊണ്ടാവാം “താന്നിമരമുള്ള ഊര്” എന്ന അര്‍ത്ഥത്തില്‍ താന്നിയൂരും, താന്നിയൂര്‍ ലോപിച്ച് താനൂരും ആയത് എന്ന് സ്ഥലനാമത്തെക്കുറിച്ച് ഒരഭിപ്രായമുണ്ട്. രാജഭരണകാലത്ത്, താനൂര്‍ ഭരിച്ചിരുന്ന രാജാവിന്റെ ആസ്ഥാനം, ഇന്ന് രായിരിമംഗലം എന്ന് അറിയപ്പെടുന്ന അന്നത്തെ രാജരാജമംഗലം ആയിരുന്നുവെന്നും, രാജകുടുംബത്തിനു മോരെത്തിച്ചുകൊടുത്തിരുന്ന സ്ഥലമാണ് ഇന്നത്തെ മോര്യ എന്നും പറയപ്പെടുന്നു. താനൂര്‍ തീരത്ത് ഫ്രഞ്ചുകാര്‍ക്ക് കോളനിയുണ്ടായിരുന്നതായി രേഖകളുണ്ട്. “ഫ്രഞ്ച് ചാപ്പ” എന്നറിയപ്പെടുന്ന ആ സ്ഥലം ഏകദേശം അഞ്ച് ഏക്കറോളം വരുന്ന വാണിജ്യകേന്ദ്രമായിരുന്നു. ഇവിടെനിന്നും വന്‍തോതില്‍ നാളികേരകയറ്റുമതി നടന്നിരുന്നു. സ്വാതന്ത്ര്യാനന്തരവും കുറേക്കാലം ഈ സ്ഥലം ഫ്രഞ്ച് അധീനപ്രദേശമായിരുന്നു. പിന്നീടിത് കേരളസര്‍ക്കാര്‍ ഏറ്റെടുത്തു. താനൂരില്‍ പോര്‍ച്ചുഗീസുകാര്‍ക്കും കോളനിയുണ്ടായിരുന്നു. “ലൂസിയാദ്” എന്ന പോര്‍ച്ചുഗീസ് നോവലില്‍ താനൂരിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. പഴയ മദ്രാസ് ഗവണ്‍മെന്റിന്റെ കീഴിലെ പ്രമുഖ മത്സ്യബന്ധനകേന്ദ്രമായിരുന്ന താനൂരില്‍ നിന്ന് സിംഗപ്പൂര്‍, മലേഷ്യ, കൊളംബോ തുടങ്ങിയ വിദേശരാജ്യങ്ങളിലേക്ക് മത്സ്യം കയറ്റുമതി നടത്തിയിരുന്നു. 1861-ല്‍ തിരൂരില്‍നിന്നും ബേപ്പൂരിലേക്കാരംഭിച്ച കേരളത്തിലെ ആദ്യറെയില്‍വേ, താനൂരിന്റെ ഗതാഗതരംഗത്തിന്റെ വികസനത്തിനു നാന്ദി കുറിച്ചു. 1895-ലാണ് ഇവിടെ ആദ്യമായി തപാല്‍ ഓഫീസ് നിലവില്‍ വന്നത്. പരമ്പരാഗതമായി തന്നെ ഇവിടുത്തെ മുഖ്യകൃഷി നെല്ലായിരുന്നു. ഏലക്കുളം, മുത്തേടം, ആട്ടീരി എന്നീ നമ്പൂതിരി കുടുംബങ്ങള്‍ പോക്കേട്ട്, തെക്കേപ്പിറം, ഒരിക്കരകൊല്ലേരി, തേലത്തുനാനാരി തുടങ്ങിയ നായര്‍കുടുംബങ്ങളും, വലിയകത്തു മാളിയേക്കല്‍, കോളങ്ങത്ത് തുടങ്ങിയ മുസ്ളീം കുടുംബങ്ങളുമായിരുന്നു ഇവിടുത്തെ പഴയകാല ഭൂവുടമകള്‍. പിന്നീട് ഭൂമികളില്‍ പലതും ആട്ടീരിമന, തൃക്കേക്കാട്ട്, എരണാകര, നല്ലൂര്‍ ദേവസ്വം എന്നീ ഭൂവുടമകളിലേക്കും, മറ്റു പലരിലേക്കും കൈമാറ്റം ചെയ്യപ്പെട്ടു. താനൂര്‍ ഒരു കടലോരഗ്രാമമാണ്. പഞ്ചായത്തിന്റെ തെക്കുമുതല്‍ വടക്കുവരെ ആറു വാര്‍ഡുകള്‍ക്ക് വിസ്തൃതമായ കടല്‍തീരമുണ്ട്. ജലസംഭരണശേഷിയും ജൈവാംശവും കുറഞ്ഞ പൂഴിയാണിവിടെ. തെങ്ങാണ് ഇവിടുത്തെ മുഖ്യവിള. സമൃദ്ധിയായി വളരുന്ന മറ്റൊരു സസ്യം മുരിങ്ങയാണ്. താനൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും പല പ്രമുഖരും രാഷ്ട്രീയരംഗത്ത് തിളങ്ങിയിട്ടുണ്ട്. ആദ്യമായി താനൂര്‍ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച്, കേരള മുഖ്യമന്ത്രിവരെയായ സി.എച്ച്.മുഹമ്മദുകോയ, വിദ്യാഭ്യാസ സിവില്‍സപ്ളൈസ് വകുപ്പുകള്‍ കൈകാര്യം ചെയ്ത യു.എ.ബീരാന്‍, വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന ഇ.അഹമ്മദ്, ചീഫ് വിപ്പായിരുന്ന സീദിഹാജി, എം.മൊയ്തീന്‍കുട്ടി, ഡോ.സി.എം.കുട്ടി, ഉമ്മര്‍ബഫക്കിതങ്ങള്‍ എന്നിവര്‍ താനൂരിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.

സാംസ്കാരികചരിത്രം
ശോഭപറമ്പ് ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തില്‍ കൊണ്ടാടപ്പെടുന്ന മലങ്കരി ഉത്സവം പ്രസിദ്ധമാണ്. താനൂരിലെ ദേശീയ ഉത്സവമായി ഇത് സഹര്‍ഷം ആഘോഷിക്കപ്പെടുന്നു. താനൂര്‍ വാഴയ്ക്ക തെരുവിലുള്ള വലിയകുളങ്ങരപ്പള്ളിക്ക് 900 വര്‍ഷം പഴക്കമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. താനൂര്‍ അങ്ങാടിപള്ളി മറ്റൊരു പുരാതനപള്ളിയാണ്. ഇവ കൂടാതെ പതിനാലോളം പള്ളികള്‍ കൂടി ഈ പഞ്ചായത്തിലുണ്ട്. ശോഭപറമ്പ് ശ്രീകുറുമ്പ ഭഗവതി ക്ഷേത്രം, ശ്രീചിറക്കല്‍ ഭഗവതിക്ഷേത്രം, ശ്രീഎരണാകരനെല്ലൂര്‍ ഗണപതിയന്‍കാവ് ക്ഷേത്രം, ശ്രീതൃക്കൈക്കാട്ട് ശിവക്ഷേത്രം, ശ്രീപുരപ്പറമ്പ് ഭഗവതി ക്ഷേത്രം എന്നിവയാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങള്‍. താനൂര്‍ ശോഭപറമ്പ് ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന കലങ്കരി മഹോസ്തവം മലബാറിലെ പൊങ്കാല എന്നാണറിയപ്പെടുന്നത്. ശബരിമല മണ്ഡലപൂജയ്ക്കു ശേഷം വരുന്ന ചൊവ്വ അല്ലെങ്കില്‍ വെള്ളി ദിവസമാണ് കലങ്കരി മഹോത്സവം. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തില്‍ ഏഴു ദേശത്തു നിന്നുള്ള കൊടിവരവുകള്‍ ഇവിടെ എത്തിച്ചേരുന്നു. മലബാറിലെ ഏറ്റവുമധികം ജനത്തിരക്കനുഭവപ്പെടുന്ന ഉത്സവങ്ങളില്‍ ഒന്നാണ് കലങ്കരി മഹോത്സവം. ഭഗവതിയാട്ട് മഹോത്സവമാണ് മറ്റൊരു പ്രധാന ഉത്സവം. കലാ-കായിക രംഗത്തിന് ഊര്‍ജ്ജം പകര്‍ന്നു കൊണ്ട് ഒട്ടനവധി സാമൂഹിക സാംസ്കാരിക സ്ഥാപനങ്ങള്‍ താനൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വെറും ഒമ്പതു പുസ്തകങ്ങളുമായി ആരംഭിച്ച “താനൂര്‍ സഞ്ചാരഗ്രന്ഥാലയം” താനൂരിന്റെ സാംസ്കാരികരംഗത്ത് വിലയേറിയ സംഭാവനയാണ് നല്‍കിയത്. ഇവിടെ കേരളത്തിന്റെ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരായ വി.ടി.ഭട്ടതിരിപ്പാടു മുതല്‍ എം.ടി.വാസുദേവന്‍നായര്‍ വരെയുള്ളവര്‍ വരികയും സന്ദര്‍ശന റിപ്പോര്‍ട്ടില്‍ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഒരു ഗ്രാമത്തിന്റെ മുഴുവന്‍ സാംസ്കാരികകേന്ദ്രമായി മാറുകയും വികസനരംഗത്ത് ശ്രദ്ധേയമായ ചലനങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത സ്ഥാപനമാണ് താനൂര്‍ പരിയാപുരം മഹാബോധി ബുദ്ധാശ്രമം. 1938-ല്‍ പരിയാപുരം സെന്‍ട്രല്‍ എ.യു.പി സ്കൂളിന്റെയും ശ്രീനാരായണ ഗ്രാമോദ്ധാരണ സംഘത്തിന്റെയും സംയുക്ത വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുക്കാന്‍ കേളപ്പജിയോടൊപ്പം എത്തിയ ഭിക്ഷു ധര്‍മ്മ സ്കന്ധസ്വാമികളാണ് ആശ്രമം സ്ഥാപിച്ചത്. സിലോണ്‍ (ശ്രീലങ്ക), നേപ്പാള്‍, ബര്‍മ്മ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള സന്യാസിമാരും ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. സര്‍വ്വോദയപ്രവര്‍ത്തനവും, ഭൂദാനപ്രസ്ഥാനവും, കോള റിലീഫ് പ്രവര്‍ത്തനവുമൊക്കെ ആശ്രമത്തെ കേന്ദ്രീകരിച്ച് നടത്തിയ ശ്രദ്ധേയമായ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളാണ്.

വെളിയങ്കോട്

സാമൂഹ്യചരിത്രം
സംഘകാലകൃതികളില്‍ പരാമര്‍ശിക്കുന്ന “വെളിയം” എന്ന ഭൂപ്രദേശം ഈ നാടാണെന്നും, അതല്ല, കൊല്ലം ജില്ലയിലെ “വെളിയം” ആണെന്നും രണ്ടു പക്ഷമുണ്ട്. വാസ്കോഡഗാമ തന്നെ ആദ്യം നങ്കൂരമിട്ടത് വെളിയങ്കോട് തീരത്തായിരുന്നുവെന്നും, പിന്നീട് കാപ്പാട് കടപ്പുറത്തേക്ക് നീങ്ങിയതാണെന്നും ചിലര്‍ വാദിക്കുന്നുണ്ട്. മലബാര്‍ പിടിച്ചെടുക്കുന്നതിനു വേണ്ടി ടിപ്പുസുല്‍ത്താന്‍ നടത്തിയ പടയോട്ടം ഈ മണ്ണിലൂടെ കടന്നുപോയിട്ടുണ്ട്. അക്കാലത്ത് ടിപ്പുസുല്‍ത്താന്‍ നിര്‍മ്മിച്ച പാതയാണ് ഇപ്പോള്‍ നാഷണല്‍ ഹൈവേ ആയി ടിപ്പുസുല്‍ത്താന്റെ പേരില്‍ തന്നെ അറിയപ്പെടുന്നത്. അറബിനാടുകളില്‍ “ബിലന്‍ കൂത്ത്” എന്ന പേരില്‍ വെളിയങ്കോട് പ്രദേശം നേരത്തെതന്നെ പ്രസിദ്ധി നേടിയിരുന്നു. 18-ാം നൂറ്റാണ്ടില്‍ ജീവിച്ച പ്രശസ്ത പണ്ഡിതനും ആത്മീയാചാര്യനും അറബികവിയുമായ ഉമര്‍ഖാസിയിലൂടെ ഈ നാടിന്റെ നാമം ഇസ്ളാമിക പുണ്യനഗരമായ മെക്കയിലും മറ്റ് അറബിദേശങ്ങളിലും പ്രചരിച്ചിരുന്നു. 18-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ വെളിയങ്കോട് അങ്ങാടിയില്‍ പോലീസ്റ്റേഷന്‍, രജിസ്ട്രാഫീസ്, സെഷന്‍സ് കോടതി, ഹജൂര്‍കച്ചേരി എന്നിവ പ്രവര്‍ത്തിച്ചിരുന്നതായി ചരിത്രസൂചനകളുണ്ട്. ഈ ആഫീസുകള്‍ സ്ഥിതി ചെയ്തിരുന്ന ഭാഗം “കച്ചേരിപുറായി” എന്ന പേരില്‍ ഇന്നും അറിയപ്പെടുന്നു. മുഹമ്മദുനബിയുടെ ഗോത്ര പരമ്പരയില്‍പെട്ട തങ്ങള്‍മാര്‍ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ഈ പ്രദേശത്ത് എത്തിയിട്ടുണ്ട്. വെളിയങ്കോട് എത്തിയ തങ്ങള്‍മാരുടെ പൂര്‍വ്വികര്‍ സൂറത്തില്‍ നിന്നും വന്നവരായതു കൊണ്ട് സൂറത്തിലെ തങ്ങള്‍മാര്‍ എന്നാണ് അവര്‍ അറിയപ്പെടുന്നത്. മതപഠനത്തിനുവേണ്ടി കേരളത്തിന്റെ നാനാഭാഗത്തുനിന്നും പലരും വെളിയംകോടു വന്ന് താമസിച്ചിരുന്നു. അക്കാലത്ത് പണികഴിപ്പിച്ചവയാണ് വെളിയങ്കോട് ഇപ്പോള്‍ കാണുന്ന മുസ്ളീംപള്ളികളില്‍ പലതും. തട്ടാങ്ങര കുട്ടിയാമു മുസ്ളിയാര്‍ കേരളത്തിലെ പ്രസിദ്ധനായ ഒരു പണ്ഡിതനായിരുന്നു. കേരളത്തില്‍ അറിയപ്പെടുന്ന സാമൂഹ്യപരിഷ്കര്‍ത്താവും പത്രപ്രവര്‍ത്തകനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ മക്തി തങ്ങളുടെ ജന്മനാടും കര്‍മ്മമണ്ഡലവും ഈ നാടായിരുന്നു. നാടിനെ പ്രസിദ്ധിയിലേക്ക് ഉയര്‍ത്തിയ രണ്ട് കുടുംബങ്ങളാണ് ചേന്നാസ് മനയും, പാണ്ടമ്പറമ്പത്ത് മനയും. സാമൂതിരിയുടെ പതിനെട്ടര സാമാജികരില്‍ ഒരാളും, മന്ത്രിമണ്ഡലത്തിലെ പ്രധാനിയുമായിരുന്ന ചേന്നാസിന്റെ സാന്നിധ്യം സാമൂതിരിയുടെ അരിയിട്ട് വാഴ്ച എന്ന ചടങ്ങിന് അനിവാര്യമാണ്. ഇന്നും മുഴുവന്‍ ഹൈന്ദവ ദേവാലങ്ങളിലെയും തന്ത്രമന്ത്രങ്ങളുടെ ആധികാരിക ഗ്രന്ഥമായി ഗണിക്കപ്പെടുന്ന “തന്ത്രസമുച്ചയം” രചിച്ചത് ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാടാണ്. ഗുരുവായൂര്‍ അമ്പലം, കോഴിക്കോട് തളിക്ഷേത്രം തുടങ്ങിയ നിരവധി ക്ഷേത്രങ്ങളിലെ താന്ത്രികജോലി പാരമ്പര്യമായി ചെയ്തുവരുന്നത് ഇപ്പോഴും ഈ കുടുംബമാണ്. ജന്മിമാരുടെയും ഭൂസ്വാമിമാരുടെയും മര്‍ദ്ദനങ്ങളും ഗുണ്ടാവിളയാട്ടങ്ങളും അനുഭവിക്കാന്‍ വിധിക്കപ്പെട്ടിരുന്ന ഒരു ജനസമൂഹം ഇവിടെയുണ്ടായിരുന്നു. സ്വതന്ത്ര്യസമരപ്രസ്ഥാനത്തിന്റെയും അതിന്റെ ഭാഗമായി വളര്‍ന്നുവന്ന ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും അനുരണനങ്ങള്‍ ഈ നാട്ടിലും ഉണ്ടായിട്ടുണ്ട്. ദേശീയപ്രസ്ഥാനമായ കോണ്‍ഗ്രസിലും പിന്നീട് കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിലും ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നവരാണ് സാധു പി.അബ്ദുള്ളക്കുട്ടി, കൊളാടി ഉണ്ണി, ഒ.കെ.മമ്മുണ്ണി, എം.ടി.മുഹമ്മദ് ആനകത്ത് തുടങ്ങിയവര്‍. 1940-കളുടെ ആരംഭത്തില്‍ വെളിയങ്കോട് പാലത്തിനു സമീപം വച്ച് നടന്ന അഖിലേന്ത്യാ കിസാന്‍ സഭയുടെ സമ്മേളനം ചരിത്രസംഭവമായിരുന്നു. കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ പ്രമുഖ പ്രവര്‍ത്തകനായിരുന്ന കെ.ദാമോദരന്റെയും ഇമ്പിച്ചിബാവയുടെയും പ്രധാന പ്രവര്‍ത്തനമേഖലയായിരുന്നു ഈ പ്രദേശം. ബ്രിട്ടീഷ് ഭരണകാലത്തും സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലും ഈ പ്രദേശങ്ങളില്‍ ഭരണകൂടത്തിന്റെ പ്രതിപുരുഷനായി വാണരുളിയിരുന്നത് സര്‍വ്വവിധ അധികാരങ്ങളോടും കൂടിയ “അധികാരി”മാരായിരുന്നു. വലിയ ജന്മി കുടുംബങ്ങളിലെ അംഗങ്ങളെയാണ് ബ്രിട്ടീഷുകാര്‍ ഈ ചുമതല ഏല്‍പ്പിച്ചിരുന്നത്. സ്വാതന്ത്ര്യാനന്തര കാലത്തും ഈ നാട്ടിലെ ബഹുജന പ്രസ്ഥാനങ്ങളുടെ മുഖ്യധാര കേരളത്തിന്റെ ഇതരഭാഗങ്ങളിലെന്ന പോലെ ഇവിടെയും, ഭൂമിക്കുവേണ്ടിയുള്ള സമരങ്ങള്‍തന്നെയായിരുന്നു. പഴയ കാലത്ത്, തൃശ്ശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളം മുതല്‍ പൊന്നാനി വരെയുള്ള പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള ഏക അവലംബം ബോര്‍ഡ് ഹയര്‍ എലിമെന്ററി സ്കൂള്‍ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ വെളിയങ്കോട് ഹൈസ്കൂളായിരുന്നു.

സാംസ്കാരികചരിത്രം
വെളിയങ്കോട് എന്ന ഈ ഗ്രാമത്തില്‍ ജനിച്ച് അന്താരാഷ്ട്ര പ്രശസ്തിയിലേക്കുയര്‍ന്ന ചിത്രകാരനാണ് കെ.സി.എസ്.പണിക്കര്‍. അദ്ദേഹത്തിന്റെ “വെളിയങ്കോട് പാലം” എന്ന ചിത്രം പ്രശസ്തവും ഈ നാടുമായി ബന്ധപ്പെട്ടതുമാണ്. ഇവിടുത്തുകാരായ വിദ്വാന്‍ എ.കൃഷ്ണന്‍, എ.പി.നമ്പീശന്‍ എന്നിവര്‍ സാഹിത്യരംഗത്തെ അതിപ്രശസ്തരായിരുന്നു. കാലങ്ങളായി ആചരിച്ചുപോരുന്ന വെളിയങ്കോട് ചന്ദനക്കുടം നേര്‍ച്ചയിലും, പതിനെട്ടരകാവുകളില്‍പെട്ട കണ്ണേന്‍കാവ്, പണിക്കന്‍കാവ് എന്നിവിടങ്ങളിലെ ഉത്സവങ്ങളിലും സാമുദായിക വ്യത്യാസങ്ങള്‍ വിസ്മരിച്ചുകൊണ്ട് ആബാലവൃദ്ധം ജനങ്ങളും പങ്കെടുക്കുന്നു. വെളിയങ്കോട് പഴഞ്ഞിഭാഗത്ത് പരേതനായ ആലക്കാട്ടില്‍ ചിയ്യാമു സാഹിബ് സംഭാവന ചെയ്ത കെട്ടിടത്തിലാണ് ദാറുല്‍ ഉലും എന്ന വായനശാലയുടെ പ്രവര്‍ത്തനമാരംഭിച്ചത്. പുരോഗമനചിന്ത ജ്വലിപ്പിക്കുന്ന നിരവധി ഗ്രന്ഥങ്ങളുടെ കൂട്ടായ പാരായണവും സംവാദവും ഇവിടെ പതിവായിരുന്നു. എരമംഗലത്ത് പ്രവര്‍ത്തിച്ചിരുന്ന ജയ്ഹിന്ദ് വായനശാലയുടെ പ്രവര്‍ത്തനങ്ങളും സ്മരണീയമാണ്. എരമംഗലത്ത് തന്നെ 1980-കളുടെ പകുതി മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന സര്‍ഗ്ഗവേദി ഗ്രന്ഥാലയം, വെളിയങ്കോട് പ്രവര്‍ത്തിക്കുന്ന ടാസ്ക് ലൈബ്രറി എന്നിവയാണ് മറ്റു പ്രമുഖവായനശാലകള്‍. അറബിസാഹിത്യത്തിനു മികച്ച സംഭാവനകള്‍ നല്‍കിയ ആത്മീയാചാര്യനും പണ്ഡിതനും കവിയുമായിരുന്ന വെളിയങ്കോട് ഉമര്‍ഖാസിയുടെ സാംസ്കാരികരംഗത്തെ സംഭാവനകള്‍ എക്കാലവും സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ “ഖദീസത്തുല്‍ ഉമരിയ്യ” എന്ന ഗ്രന്ഥം ഈജിപ്തില്‍ പ്രസിദ്ധീകരിക്കുകയും, അറബ് ധൈഷണികരംഗത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും പ്രശംസയാര്‍ജ്ജിക്കുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നിരവധി കൃതികള്‍ പാശ്ചാത്യ പൌരസ്ത്യ സര്‍വ്വകലാശാലകളില്‍ ഇന്നും പാഠ്യവിഷയങ്ങളാണ്. അറബിസാഹിത്യരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മറ്റു രണ്ട് പ്രമുഖവ്യക്തികളാണ് വെളിയങ്കോട് ഹസ്സന്‍ മുസ്ള്യാരും, സനാവുല്ല മക്തി തങ്ങളും. ലക്ഷദ്വീപിലെ കവരത്തി തുടങ്ങിയ ദ്വീപുകളില്‍ അനേകം ശിഷ്യഗണങ്ങളുള്ള ഒരു അറബിക് പണ്ഡിതനും സൂഫിവര്യനുമായിരുന്നു പാടത്തകായില്‍ ശൈഖ് മുഹമ്മദ് സലിഹ് മൌല. അബു ഉബൈദ് എന്ന തൂലികാനാമത്തില്‍ പ്രസിദ്ധനായിരുന്ന ടി.കെ.അബ്ദുള്ള മൌലവി എന്ന വെളിയങ്കോട് സ്വദേശി രചിച്ച “കുശുണ്ടയും കുന്തിരിയും” എന്ന ആക്ഷേപഹാസ്യകൃതി അക്കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഗ്രന്ഥമായിരുന്നു. അന്യംനിന്നുപോയ അനുഷ്ഠാന കലകളുടെയും പ്രചുരപ്രചാരം സിദ്ധിച്ച മാപ്പിളകലകളുടെയും കേന്ദ്രമായിരുന്നു ഒരുകാലത്ത് ഈ ഗ്രാമം

തിരൂരങ്ങാടി

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കില്‍ തിരൂരങ്ങാടി ബ്ളോക്കിലാണ് തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. തിരൂരങ്ങാടി വില്ലേജുപരിധിയില്‍ ഉള്‍പ്പെടുന്ന തിരൂരങ്ങാടി ഗ്രാമപഞ്ചായത്തിനു 17.73 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് മൂന്നിയൂര്‍, എ.ആര്‍.നഗര്‍, വേങ്ങര പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് വേങ്ങര, തെന്നല പഞ്ചായത്തുകളും, തെക്കുഭാഗത്ത് നന്നമ്പ്ര, തെന്നല പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് പരപ്പനങ്ങാടി, നന്നമ്പ്ര പഞ്ചായത്തുകളുമാണ്. തിരൂരങ്ങാടി, തൃക്കുളം വില്ലേജുകള്‍ ചേര്‍ന്നാണ് 1962 ജനുവരി ഒന്നിന് തിരൂരങ്ങാടി ഗ്രാമപഞ്ചായത് ബോര്‍ഡ് നിലവില്‍ വന്നത്. ദേശീയസ്വാതന്ത്ര്യസമരചരിത്രത്തില്‍ തിരൂരങ്ങാടിക്കു ഉന്നത സ്ഥാനമാണുള്ളത്. 1836 മുതല്‍ ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ ബ്രിട്ടീഷുകാരുടെ തെറ്റായ നയത്തിനെതിരെയും, ബ്രിട്ടീഷ്ഭരണാധികാരികളുടെ പാദസേവകരായിരുന്ന ഭൂപ്രഭുക്കന്‍മാര്‍ക്കെതിരെയും നടന്ന മാപ്പിളലഹളകളില്‍ ചിലതിന് ഈ ചരിത്രഭൂമിയുമായി ഗാഢമായ ബന്ധമുണ്ട്. ടിപ്പുവിന്റെയും, സാമൂതിരിയുടെയും കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന റോഡുകളും, കോട്ടക്കിടങ്ങുകളും, പുരാതന ആരാധനാലയങ്ങളും ഈ ഗ്രാമത്തിന്റെ പൌരാണിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. മമ്പുറംതങ്ങള്‍ക്കു മുമ്പ് തിരൂരങ്ങാടിയിലെത്തി ബ്രിട്ടീഷ് വിരുദ്ധസമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അറബിതങ്ങള്‍ തിരൂരങ്ങാടിയിലെ ചരിത്രപ്രസിദ്ധമായ നടുവില്‍ ജുമാഅത്ത് പള്ളിയങ്കണത്തിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. തിരൂരങ്ങാടി ഗ്രാമത്തിലെ അതിപുരാതനമായ തൃക്കുളം ശിവക്ഷേത്രത്തിന്റെ കാലപ്പഴക്കം നിര്‍ണ്ണയിക്കാന്‍ ചരിത്രപണ്ഡിതര്‍ക്കു കൂടി കഴിഞ്ഞിട്ടില്ലെന്നാണ് പറയപ്പെടുന്നത്. ഇപ്പോള്‍ നിലവിലുള്ള ക്ഷേത്രത്തിനു ആയിരത്തോളം വര്‍ഷം പഴക്കം കണക്കാക്കാം. 1857-നു ശേഷം ബ്രിട്ടീഷ്സാമ്രാജ്യത്വത്തിനെതിരെ ധീരമായ മറ്റൊരധ്യായം സൃഷ്ടിച്ചതു മലബാര്‍ കലാപമാണ്. 1921-ല്‍ നടന്ന മലബാര്‍ കലാപത്തിന്റെ സിരാകേന്ദ്രമായിരുന്നു തിരൂരങ്ങാടി. കലാപകാലത്ത് തിരൂരങ്ങാടിയിലെ സമരത്തിന്റെ നേതൃത്വം ഏറ്റെടുത്തത് മലബാറിലെ സമര്‍ഖന്ത് എന്നറിയപ്പെട്ടിരുന്ന തിരൂരങ്ങാടിയിലെ നടുവില്‍ ജുമാ-അത്ത് പള്ളി മുദരിസ് ആയ മഞ്ചേരി നെല്ലിക്കുത്തു സ്വദേശി എലിക്കുത്തു പാലത്ത് മൂലയില്‍ ആലിമുസ്ള്യാരായിരുന്നു. ചരിത്രപ്രസിദ്ധമായ തിരൂരങ്ങാടി വലിയ ജുമാഅത്ത് പള്ളി പരിസരത്തു നടന്ന ഘോരയുദ്ധത്തിനു ശേഷം മാത്രമാണ് മുസ്ള്യാരേയും അനുയായികളേയും ബ്രിട്ടീഷ് പട്ടാളത്തിന് കീഴടക്കാനായത്. കേരളത്തില്‍ അറബിഭാഷയുടെ വളര്‍ച്ചയ്ക്കും, അറബി-മലയാളം ലിപിയുടെ ആവിര്‍ഭാവത്തിനും, മലബാറിലെ മദ്രസ്സാ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും ഈ മണ്ണ് നല്‍കിയ സംഭാവന വാക്കുകളിലോ, കണക്കുകളിലോ ഒതുക്കാവതല്ല. മലബാറിലെ ആദ്യത്തെ അറബി അച്ചുകൂടം 1883-ല്‍ തിരൂരങ്ങാടിയിലാണ് സ്ഥാപിക്കപ്പെട്ടത്. പശ്ചിമഘട്ടത്തിലെ ആനമുടിയില്‍ നിന്നുത്ഭവിക്കുന്ന കടലുണ്ടിപ്പുഴയാണ് തിരൂരങ്ങാടി പഞ്ചായത്തിന്റെ മൂന്നതിരുകള്‍. പഞ്ചായത്തിന്റെ കിഴക്കും, വടക്കും പടിഞ്ഞാറും ഭാഗങ്ങള്‍ കടലുണ്ടിപുഴ വലയം ചെയ്തിരിക്കുന്നു. മലപ്പുറം ജില്ലയിലെ വടക്കുപടിഞ്ഞാറ് ഭാഗത്തായാണ് തിരൂരങ്ങാടി പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്

തൃപ്രങ്ങോട്

തൃപ്രങ്ങോടിന്റെ ദേശദൈവമായ ശിവ (തൃപ്രങ്ങോടപ്പന്‍)നുമായി ബന്ധപ്പെട്ടാണ്, തൃപ്രങ്ങോടെന്ന സ്ഥലനാമമുണ്ടായതെന്നു കരുതപ്പെടുന്നു. സംസ്കൃത സാഹിത്യങ്ങളില്‍ “ശ്വേതാരണ്യം”, “പരക്രോഡം” എന്നീ വാക്കുകള്‍ കൊണ്ടും തൃപ്രങ്ങോടിനെ വര്‍ണ്ണിക്കുന്നുണ്ട്. പരക്രോഡം എന്ന പദത്തില്‍ നിന്നാണ് തൃപ്രങ്ങോട് ഉത്ഭവിച്ചതെന്നും ഒരഭിപ്രായമുണ്ട്. എന്നാല്‍ തൃപ്പാദംകോട് എന്ന പദത്തില്‍ നിന്നാണ് തൃപ്രങ്ങോട് ഉത്ഭവിച്ചതെന്ന മറ്റൊരു പ്രബലാഭിപ്രായവും നിലവിലുണ്ട്. പ്രാചീന മലയാളത്തില്‍ “തുപ്രന്‍”, “പറങ്ങോടന്‍” എന്നീ നാമങ്ങള്‍ ശിവന്റെ പര്യായനാമങ്ങളായി ഉപയോഗിച്ചിരുന്നു. മാത്രമല്ല, പല വ്യക്തികള്‍ക്കും ഇപ്പോഴും ഈ പേരുകളുണ്ട്. അതുകൊണ്ട് “തുപ്ര”നില്‍ നിന്നോ “പറങ്ങോട”നില്‍ നിന്നോ തൃപ്രങ്ങോട് എന്ന സ്ഥലനാമം ഉത്ഭവിച്ചുണ്ടാകാമെന്ന നിഗമനമാണ് കൂടുതല്‍ യുക്തിസഹമെന്നു കരുതാം. പറങ്ങോടന്‍ എന്ന പദത്തില്‍ നിന്ന് തിരുപറങ്ങോടന്‍ - തൃപ്രങ്ങോടന്‍ - തൃപ്രങ്ങോട് എന്നീ പദങ്ങള്‍ ഉത്ഭവിച്ചുവെന്നു അനുമാനിക്കുന്നതില്‍ തെറ്റില്ല. തൃപ്രങ്ങോട്ട്, വെട്ടം, പള്ളിപ്പുറം, ആലത്തിയൂര്‍ എന്നീ ഗ്രാമങ്ങള്‍ കേരളത്തിലെ അതിപുരാതനമായ ഗ്രാമങ്ങളില്‍ പെട്ടവയാണ്. മധ്യകാലത്തോടെയാണ് ഈ പ്രദേശങ്ങള്‍ വെട്ടത്തു രാജാവിന്റെ ഭരണത്തിന്‍ കീഴില്‍ വന്നു ചേരുന്നത്. കുറേ കാലത്തോളം വെട്ടത്തു രാജാക്കന്‍മാരുടെ ആസ്ഥാനവും തൃപ്രങ്ങോട് തന്നെയായിരുന്നു. രാജകുടുംബത്തിന്റെ കോവിലകത്തിന്റെ ഭാഗങ്ങളായ കോവിലകത്തുതറ, കോവിലകത്തുവളപ്പ് എന്നിവയുടെ അവശിഷ്ടങ്ങള്‍ തൃപ്രങ്ങോട് ക്ഷേത്രത്തിനു സമീപം ഇപ്പോഴുമുണ്ട്. 13-ാം ശതകത്തില്‍ കോഴിക്കോട് സാമൂതിരി മലബാറിലെ ശക്തനായ ഭരണാധികാരിയായി ഉയരുകയും ക്രമേണ വെട്ടത്തുനാട് സാമൂതിരിയുടെ അധീശത്വം സ്വീകരിക്കുകയും ചെയ്തു. 18-ാം ശതകത്തിന്റെ അന്ത്യത്തോടുകൂടി വെട്ടം രാജവംശം അന്യംനിന്നു. 13-ാം ശതകത്തില്‍, സാമൂതിരി തിരുനാവായ മാമാങ്കത്തിന്റെ അധ്യക്ഷപദവി പിടിച്ചെടുക്കുവാന്‍ വള്ളുവക്കോനാതിരിക്കെതിരായി നടത്തിയ പടയോട്ടത്തില്‍, സാമൂതിരിയുടെ സൈന്യം താവളമടിച്ചിരുന്നത് തൃപ്രങ്ങോട്ട് ആയിരുന്നു. ബ്രാഹ്മണര്‍, നായന്മാര്‍ മുതലായ സവര്‍ണ ജാതിക്കാരായിരുന്നു ഇവിടുത്തെ ദേശാധിപത്യം കൈയ്യാളിയിരുന്നത്. അവര്‍ക്ക് പ്രത്യേകാവകാശങ്ങളും അധികാരങ്ങളും കല്‍പിച്ചുനല്‍കപ്പെട്ടിരുന്നു. അയിത്തം, തൊട്ടുകൂടായ്മ, തീണ്ടികൂടായ്മ എന്നീ അനാചാരങ്ങള്‍ കൊണ്ട് കലുഷിതമായിരുന്നു ഈ ഗ്രാമം. ചില താണ ജാതികളിലുള്ളവരെ കാണുന്നതുപോലും നമ്പൂതിരിമാര്‍ അയിത്തമായി കരുതിപ്പോന്നു. താണജാതിക്കാരെ മേല്‍ജാതിക്കാര്‍ അടിമകളായാണ് കരുതിയിരുന്നത്. അവരെ ക്രയവിക്രയാടിസ്ഥാനത്തില്‍ കൈമാറ്റം ചെയ്യുന്നതും അപൂര്‍വ്വമായിരുന്നില്ല. ഇസ്ളാംമതം, പ്രവാചകന്റെ കാലത്തു തന്നെ കേരളത്തില്‍ അറബിവ്യാപാരികളിലൂടെ പ്രചരിച്ചുതുടങ്ങിയിരുന്നു. സാമൂതിരിയുടെ കാലമായപ്പോഴേക്കും മുസ്ളീംസമൂഹം അഭിവൃദ്ധി പ്രാപിച്ചുതുടങ്ങിയിരുന്നു. സാമൂതിരിമാരുടെ ഭരണകാലത്ത് അറബികളുമായുള്ള വ്യാപാരത്തില്‍ ഇടനിലക്കാരായും, സൈന്യത്തില്‍, പ്രത്യേകിച്ചും നാവികസൈന്യത്തില്‍ ഭടന്മാരായും, മുസ്ളീങ്ങള്‍ക്കു ഗണനീയമായ സ്ഥാനമുണ്ടായിരുന്നു. 1763 മുതല്‍ 1791 വരെ, മലബാര്‍ പ്രദേശം മൈസൂര്‍ സുല്‍ത്താന്‍മാരായ ഹൈദര്‍ അലിയുടെയും അദ്ദേഹത്തിന്റെ പുത്രന്‍ ടിപ്പുവിന്റെയും അധീനതയിലായിരുന്നു. അക്കാലത്ത് മുസ്ളീംസമൂഹം പൂര്‍വ്വാധികം അഭിവൃദ്ധി പ്രാപിച്ചു. 19-ാം നൂറ്റാണ്ടായപ്പോഴേക്കും മുസ്ളീങ്ങള്‍ മലബാറിലെ പ്രബലസമൂഹമായി വളര്‍ന്നിരുന്നു. അവരുടെ സാമൂഹ്യജീവിതം മതത്തിനും മതനിയമങ്ങള്‍ക്കും അനുസരിച്ചവിധത്തിലായിരുന്നു. തൃപ്രങ്ങോട് പഞ്ചായത്തിലെ സ്ഥിതിയും ഇതില്‍ നിന്നു ഭിന്നമായിരുന്നില്ല. ഇവിടുത്തുകാരുടെ മുഖ്യ ഉപജീവനമാര്‍ഗ്ഗം അക്കാലത്ത് കൃഷിയായിരുന്നു. പായനെയ്ത്ത്, ഓലക്കുടനിര്‍മ്മാണം, മണ്‍പാത്രനിര്‍മ്മാണം, കുട്ടയുണ്ടാക്കല്‍ മുതലായ പാരമ്പര്യ കൈത്തൊഴിലുകളും നടന്നുവന്നിരുന്നു. മരപ്പണി, ഇരുമ്പുപണി മുതലായവ കുലത്തൊഴിലായി അഭ്യസിച്ചുപോന്നു. പാശ്ചാത്യ സംസ്കാരവുമായുള്ള സമ്പര്‍ക്കംമൂലം അഭ്യസ്തവിദ്യരായ ആളുകളില്‍ ദേശീയബോധം വളരുകയും, 19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ അത് ദേശീയപ്രസ്ഥാനമായി രൂപാന്തരപ്പെടുകയും ചെയ്തു. 1885-ല്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സ്ഥാപിച്ചതു മുതല്‍ തന്നെ മലബാര്‍ പ്രദേശത്തും കോണ്‍ഗ്രസ്സ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. 1908-ല്‍ മലബാറില്‍ കോണ്‍ഗ്രസ്സിന്റെ ഒരു ജില്ലാകമ്മറ്റി രൂപീകൃതമായി. 1914-18 ലെ ലോകമഹായുദ്ധ കാലത്ത് ഈ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിച്ചു. 1916-ല്‍ ഹോംറൂള്‍ ലീഗിന്റെ ഒരു ശാഖയും ഇവിടെ ആരംഭിച്ചു. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ കാലത്ത് മലബാറില്‍ വിദേശവസ്ത്ര ബഹിഷ്ക്കരണം വളരെ വ്യാപകമായി തന്നെ നടന്നുവെങ്കിലും ഈ വക പ്രസ്ഥാനങ്ങള്‍ തൃപ്രങ്ങോട്ടു പഞ്ചായത്തിലുള്‍പ്പെട്ട ഗ്രാമവാസികളെ ഉണര്‍ത്തിയിരുന്നില്ല. ഈ കാലഘട്ടത്തിലാണ് ഒന്നാം ലോകമഹായുദ്ധത്തില്‍ തോല്‍പിക്കപ്പെട്ട തുര്‍ക്കി സുല്‍ത്താന്റെ സാമ്രാജ്യം ചെറു രാജ്യങ്ങളായി വിഭജിക്കുവാനും സുല്‍ത്താന്റെ മതപരമായ “ഖലീഫത്ത്” സ്ഥാനം നിഷേധിക്കുവാനും ബ്രിട്ടന്‍, ഫ്രാന്‍സ് മുതലായ സഖ്യശക്തികള്‍ തീരുമാനിച്ചത്. ഈ നടപടികള്‍ക്കെതിരായി ഇന്ത്യയിലെ മുസ്ളീങ്ങളുടെയിടയില്‍ “ഖിലാഫത്തു പ്രസ്ഥാനം” രൂപംകൊള്ളുകയും ശക്തി പ്രാപിക്കുകയും ചെയ്തു. ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും, ഖിലാഫത്തു കമ്മറ്റിയും യോജിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. ഖിലാഫത്തു പ്രസ്ഥാനത്തില്‍ നിന്നാണ് “മാപ്പിളലഹള” എന്നറിയപ്പെടുന്ന “മലബാര്‍ കലാപം” പൊട്ടിപ്പുറപ്പെട്ടത്. 1921 ആഗസ്ത് 20-ാം തീയതി, തിരൂരങ്ങാടിപള്ളി വളഞ്ഞ്, ഖിലാഫത്തുനേതാവായ ആലിമുസല്യാരെ അറസ്റ്റ് ചെയ്യാന്‍, മലബാര്‍ കലക്ടറായിരുന്ന തോമസ് സായിപ്പിന്റെയും, പോലീസ് സൂപ്രണ്ടായിരുന്ന ഹിച്ച് കോക്ക് സായിപ്പിന്റെയും നേതൃത്വത്തില്‍ പോലീസ് സംഘം ശ്രമിച്ചു. ഈ സേനാ വിഭാഗവുമായി ഏറ്റുമുട്ടിയ മാപ്പിളസംഘത്തില്‍, തൃപ്രങ്ങോടു നിന്നു, കിഴക്കേ പീടികക്കല്‍ ചെറിയ മമ്മുക്കുട്ടിയുടെ നേതൃത്വത്തില്‍ ഏതാനും പേര്‍ പങ്കെടുക്കുകയും, ആലി മുസല്യാരോടൊപ്പം പോലീസ് അവരെയെല്ലാം അറസ്റ്റ് ചെയ്യുകയും, തുടര്‍ന്നു ആന്റമാനിലേക്ക് നാടുകടത്തുകയുമുണ്ടായി. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട അവരില്‍ ചിലര്‍ അവിടെ വെച്ചു മരിക്കുകയും, ശേഷിച്ചവര്‍ 1936-ല്‍ വിട്ടയക്കപ്പെട്ട്, നാട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. പള്ളിയില്‍ നടന്ന സംഘട്ടനത്തെ തുടര്‍ന്നു പരക്കെ ലഹളകള്‍ പൊട്ടിപുറപ്പെട്ടു. തൃപ്രങ്ങോട്ട് പഞ്ചായത്തില്‍പ്പെട്ട പ്രദേശങ്ങളില്‍ ലഹളകള്‍ ഉണ്ടായില്ലെങ്കിലും ഇവിടെയുള്ള മുസ്ളീങ്ങള്‍ ആഗസ്ത് 22-ാം തിയതി തിരൂര്‍ കച്ചേരി ആക്രമിക്കുന്നതില്‍ പങ്കെടുത്തിട്ടുണ്ട്. ചമ്രവട്ടം സ്വദേശി അവളു എന്നയാള്‍ തിരൂര്‍ കോടതിക്കു മുകളില്‍ കോണ്‍ഗ്രസ്സ് പതാക സ്ഥാപിക്കുകയുണ്ടായി. ഈ പഞ്ചായത്തിനു തൊട്ടുകിടക്കുന്ന കൊടക്കല്‍ (തിരുനാവായ പഞ്ചായത്ത്) എന്ന സ്ഥലത്ത് ലഹളയില്‍ മൂന്നുപേര്‍ മരിച്ചിട്ടുണ്ട്. കലാപം ഏതാണ്ട് ആറുമാസത്തോളം നീണ്ടുനില്‍ക്കുകയും, 1922 ഫെബ്രുവരി അവസാനത്തോടെ കെട്ടടങ്ങുകയും ചെയ്തു. സ്വാതന്ത്ര്യത്തിനു മുമ്പ് തൃപ്രങ്ങോടിനെ പിടിച്ചു കുലുക്കിയ ഏറ്റവും വലിയ സംഭവം മലബാര്‍ കലാപമാണ്. മലബാര്‍ കലാപത്തിനു ശേഷം ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ ലഹള നടന്ന താലൂക്കുകളില്‍ മന്ദീഭവിക്കുകയുണ്ടായി. തന്നിമിത്തം ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനം ഈ പ്രദേശത്ത് മന്ദഗതിയിലായി. അക്കാലത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സ്വാതന്ത്ര്യലബ്ധിവരെ, കാര്യമായി പ്രവര്‍ത്തിച്ചിരുന്നത് അയിത്തോച്ചാടനം, ക്ഷേത്രപ്രവേശനം, ഖാദിപ്രസ്ഥാനം, മദ്യനിരോധനം, സാമൂഹികപരിഷ്ക്കരണം എന്നീ രംഗങ്ങളിലായിരുന്നു. ദേശീയ സ്വാതന്ത്ര്യ സമരത്തോടനുബന്ധിച്ച് അയിത്തോച്ചാടനം, പട്ടികജാതികളുടെ ഉദ്ധാരണം, ഖാദി വസ്ത്ര പ്രചാരണം മുതലായ സാമൂഹ്യപരിഷ്ക്കരണ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും, തൃപ്രങ്ങോട് പഞ്ചായത്തില്‍ ഈ വക പ്രസ്ഥാനങ്ങളുടെ തുടക്കം വളരെ താമസിച്ചായിരുന്നു. ഈ പ്രദേശത്ത് കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുന്നത് സ്വാതന്ത്ര്യലബ്ധിക്കു ശേഷം മാത്രമാണ്. തൃപ്രങ്ങോട് പഞ്ചായത്തില്‍ ആദ്യം സ്ഥാപിക്കപ്പെട്ട പരപ്പേരി സ്ക്കൂള്‍ തുടങ്ങിയതു ബി.ഇ.എം മിഷനാണ്. സ്കൂള്‍ തുടങ്ങിയത് 1878-നു മുമ്പാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടെ 1878-ല്‍ സ്ഥാപിച്ച ഒരു അനാഥാലയം ഇന്നും പ്രവര്‍ത്തിക്കുന്നുണ്ട്. ആലത്തിയൂരില്‍ 1978-ല്‍ സ്ഥാപിക്കപ്പെട്ട കുഞ്ഞിമോന്‍ ഹാജി മെമ്മോറിയല്‍ ഹൈസ്കൂള്‍ (കെ.എച്ച്.എം.എച്ച്.എസ്) ആണ് ഈ പഞ്ചായത്തിലെ ആദ്യഹൈസ്കൂള്‍.

ഭൂവിനിയോഗചരിത്രം
ഇരുപതാം നൂറ്റാണ്ട് തുടങ്ങുമ്പോള്‍ മലബാറില്‍ ഭൂമിയുടെ ഭൂരിഭാഗവും സവര്‍ണ്ണജന്മിഭൂവുടമകളുടെ കൈവശമായിരുന്നു. തൃപ്രങ്ങോട് പഞ്ചായത്തിലും സ്ഥിതി മറിച്ചായിരുന്നില്ല. ദേവസ്വങ്ങളുടെ ഉടമസ്ഥതയിലും വലിയൊരു ഭാഗം ഭൂമിയുണ്ടായിരുന്നു. നമ്പൂതിരിമാര്‍, നായര്‍പ്രമാണികള്‍, മുസ്ളീംപ്രമാണികള്‍ മുതലായവരായിരുന്നു ജന്മിമാര്‍. ബഹുഭൂരിപക്ഷം കര്‍ഷകരും സ്വന്തമായി ഭൂമിയില്ലാത്ത പാട്ടക്കുടിയാന്മാരായിരുന്നു. കര്‍ഷകത്തൊഴിലാളികള്‍ അധികവും പട്ടികജാതിയില്‍പ്പെട്ടവരായിരുന്നു. കൂടെക്കൂടെ നടന്നുകൊണ്ടിരുന്ന ഭൂമിയൊഴിപ്പിക്കലും, കുടിയൊഴിപ്പിക്കലും ജന്മിയും കുടിയാനും തമ്മിലുള്ള ബന്ധം കലുഷിതമാക്കിയിരുന്നു. പാട്ട വര്‍ദ്ധനവും മുറയ്ക്കു നടന്നുവന്നിരുന്നു. ഭാരിച്ച പാട്ടം താങ്ങാനാവാത്ത വിധം കൃഷിക്കാര്‍ നിര്‍ധനരും കടബാധിതരും ആയിരുന്നു. ഈ വക അനീതികള്‍ക്കെതിരായി ഏറനാട്ടിലും മറ്റും ചെറിയ കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്. കര്‍ഷകര്‍ക്ക് നാമമാത്രമായെങ്കിലും അല്‍പം ആശ്വാസം നല്‍കിയ ആദ്യത്തെ നിയമം, 1887-ല്‍ പാസ്സാക്കപ്പെട്ട മലബാര്‍ കുടിയായ്മ-കുഴിക്കൂര്‍ ചമയബില്ല് ആയിരുന്നു. 1921-ലെ കലാപത്തിനു വഴിവെച്ച ഒരു കാരണം കാര്‍ഷികരംഗത്തുണ്ടായിരുന്ന ഈ പീഡനങ്ങളാണ്. ഗവണ്‍മെന്റ് പിന്നീട് പല അന്വേഷണങ്ങള്‍ക്കും, പഠനങ്ങള്‍ക്കും ശേഷം, ചിലതരം കൃഷിക്കാര്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് 1930-ല്‍ മലബാര്‍ കുടിയായ്മ നിയമം പാസ്സാക്കി. ഈ നിയമം പിന്നീട് 1945, 1951, 1954 എന്നീ വര്‍ഷങ്ങളില്‍ ഭേദഗതി ചെയ്യപ്പെടുകയുണ്ടായി. കേരള സംസ്ഥാനം രൂപീകൃതമായതിനുശേഷം 1957-ല്‍ ഒഴിപ്പിക്കല്‍ നിരോധിച്ചുകൊണ്ടുള്ള ഒരു ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. താമസിയാതെ ഇതൊരു നിയമമായി നിയമസഭ പാസ്സാക്കി. ഒഴിപ്പിക്കല്‍ എന്ന ഒഴിയാത്ത ഭീഷണിയില്‍ നിന്നും കൃഷിക്കാര്‍ അതോടുകൂടി മുക്തരായി.

സാംസ്കാരികചരിത്രം
തൃപ്രങ്ങോട് ശിവക്ഷേത്രം, ചമ്രവട്ടം അയ്യപ്പക്ഷേത്രം, ആലത്തിയൂര്‍ പെരുംതൃക്കോവില്‍ ഹനുമാന്‍കാവ്, ഗരുഡന്‍കാവ് എന്നീ പൌരാണികക്ഷേത്രങ്ങള്‍ തൃപ്രങ്ങോട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. ഈ നാലു ക്ഷേത്രങ്ങളും കേരളത്തില്‍, പ്രത്യേകിച്ച് മലബാര്‍ പ്രദേശത്ത് പരക്കെ അറിയപ്പെടുന്ന തീര്‍ത്ഥാടനകേന്ദ്രങ്ങളാണ്. തൃപ്രങ്ങോട് ശിവക്ഷേത്രം പഴമയും മാഹാത്മ്യവും കൊണ്ട്, കേരളത്തിലെ പ്രസിദ്ധങ്ങളായ മഹാക്ഷേത്രങ്ങളില്‍ ഒന്നാണുതാനും. ചമ്രവട്ടം അയ്യപ്പക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം നൂറ്റാണ്ടുകള്‍ക്കു മുമ്പ് വനപ്രദേശമായിരുന്നുവെന്നും ഈ സ്ഥലത്ത്, “ശംബരന്‍” എന്ന മഹര്‍ഷി തപസ്സനുഷ്ഠിച്ചിരുന്നുവെന്നും അതുകൊണ്ട്, അതിനു ചുറ്റുമുള്ള പ്രദേശം ശംബരവട്ടം എന്നറിയപ്പെടുകയും പിന്നീട് ചമ്രവട്ടമായി മാറുകയും ചെയ്തുവെന്നാണ് ഒരൈതീഹ്യം. ധര്‍മ്മശാസ്താവ് പത്മാസനസ്ഥനായി ചമ്രം പടിഞ്ഞിരുന്നുവെന്നും, അങ്ങിനെ ചമ്രവട്ടം എന്ന സ്ഥലനാമം ഉണ്ടായിയെന്നുമാണ് മറ്റൊരു ഐതീഹ്യം. ബുദ്ധ-ജൈന സംസ്ക്കാരങ്ങളുടെ സ്വാധീനം ഇവിടുത്തെ പൂജാരീതിയിലും ആരാധനാ സമ്പ്രദായത്തിലും കാണുന്നതിനാല്‍, പുരാതനകാലത്തു ഇവിടം ഒരു ബുദ്ധ-ജൈന സങ്കേതമായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. ഭാരതപ്പുഴയില്‍ ഒരു തുരുത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആലത്തിയൂര്‍ പെരുംതൃക്കോവില്‍ ഹനുമാന്‍ കാവ് ആലത്തിയൂരിന്റെ ഗ്രാമക്ഷേത്രമാണ്. ഗരുഡന്‍കാവില്‍ കൂര്‍മാവതാര സങ്കല്‍പത്തില്‍ പ്രതിഷ്ഠിക്കപ്പെട്ട വിഷ്ണുവും ഗരുഡപ്രതിഷ്ഠയുമാണുള്ളത്. സാക്ഷാല്‍ പെരുന്തച്ചന്‍ അന്നത്തെ വെട്ടത്തു രാജാവിന്റെ മുമ്പില്‍ മരം കൊണ്ടുള്ള ഒരു ഗരുഡ പ്രതിമ കാഴ്ചവെച്ചുവെന്നും അതാണിവിടുത്തെ പ്രതിഷ്ഠയെന്നും ഒരൈതിഹ്യമുണ്ട്. തൃപ്രങ്ങോട് പഞ്ചായത്തിലെ ഏറ്റവും പഴയ മുസ്ളീം പള്ളിയാണ് കൈനിക്കര ജുമാമസ്ജിദ്. സ്ഥലത്തെ കാരണവന്‍മാരുടെ അഭിപ്രായത്തില്‍ പള്ളി ഏതാണ്ട് 200 വര്‍ഷങ്ങള്‍ക്കുമുമ്പാണ് സ്ഥാപിക്കപ്പെട്ടതെന്നു കരുതാം. ക്രിസ്തുമതം മലബാര്‍ പ്രദേശത്ത് പ്രചരിച്ചത് പ്രൊട്ടസ്റ്റന്റ് മിഷനറിമാരുടെ പ്രവര്‍ത്തനഫലമായാണ്. ബാസല്‍ മിഷന്‍കാരുടെ പ്രവര്‍ത്തനഫലമായാണ് തൃപ്രങ്ങോട്, പരപ്പേരിയില്‍ ക്രിസ്ത്യന്‍ സമൂഹം ഉയര്‍ച്ച കൈവരിച്ചത്. തൃപ്രങ്ങോട് പഞ്ചായത്തിലെ ക്രിസ്തുമതവിശ്വാസികളുടെ പ്രധാന പ്രാര്‍ത്ഥനാകേന്ദ്രം പരപ്പേരി പള്ളിയാണ്. അനേകം പണ്ഡിതന്മാര്‍ ജീവിച്ചിരുന്ന നാടാണിത്. എ.ഡി 1237-1295 കാലത്ത് ആലത്തിയൂര്‍ ഗ്രാമത്തില്‍ ജീവിച്ചിരുന്ന പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞനാണ് തലക്കുളത്ത് ഭട്ടതിരി. വരാഹമിഹിരന്റെ ബൃഹത് ജാതകത്തിന്, ഭട്ടതിരി “ദശാധ്യായി” എന്ന പേരില്‍ സമഗ്രമായ വ്യാഖ്യാനം രചിച്ചിട്ടുണ്ട്. മുഹൂര്‍ത്തരത്നം എന്ന ജ്യോതിശാസ്ത്രഗ്രന്ഥവും ഇദ്ദേഹത്തിന്റേതാണെന്ന് പറയപ്പെടുന്നു. 1465-1545 കാലത്തുണ്ടായിരുന്ന നീലകണ്ഠ സോമയാജി മധ്യകാലത്തെ പ്രസിദ്ധനായ കേരളീയ ഗണിത ശാസ്ത്രജ്ഞനായിരുന്നു. ആര്യഭട്ടീയ ഭാഷ്യം, സിദ്ധാന്തദര്‍പ്പണവും ടീകയും, തന്ത്രസംഗ്രഹം, സുന്ദരരാജപ്രശ്നം, ഗ്രഹണ ഗ്രന്ഥം എന്നിവയാണ് അദ്ദേഹത്തിന്റെ മുഖ്യകൃതികള്‍. 16-ാം ശതകത്തില്‍ ജീവിച്ചിരുന്ന തിരുമംഗലത്തു നീലകണ്ഠന്‍ മൂസ്സത് സംസ്കൃത കൃതികളായ മാതാംഗലീല (ആനച്ചികിത്സ), മനുഷ്യാലയ ചന്ദ്രിക (തച്ചു ശാസ്ത്രം) എന്നീ കൃതികളുടെ കര്‍ത്താവാണ്. ഇദ്ദേഹം തുഞ്ചത്താചാര്യന്റെ ഗുരുവാണെന്ന് കരുതപ്പെടുന്നു. 1828-1888 കാലത്തു ജീവിച്ച കുഞ്ഞുണ്ണി മൂസ്സത്, കിഴക്കെമ്പുല്ലത്ത് പ്രസിദ്ധ ഭിഷഗ്വരനും, സംസ്കൃതപണ്ഡിതനും, പുന്നശ്ശേരി നീലകണ്ഠശര്‍മ്മയുടെ ഗുരുവുമായിരുന്നു. അക്കാലത്തെ ഏറ്റവും പ്രസിദ്ധികേട്ട വ്യാകരണ പണ്ഡിതനും, സംസ്കൃതാധ്യാപകനും, വൈദ്യോത്തമനുമായിരുന്നു. തൃപ്രങ്ങോട് പഞ്ചായത്തിലുള്ള ആലത്തിയൂരിലെ പാരമ്പര്യ വൈദ്യന്മാരായിരുന്നു ആലത്തിയൂര്‍ നമ്പിമാര്‍. “ആലത്തൂര്‍ മണിപ്രവാളം” എന്ന സുപ്രസിദ്ധ വൈദ്യശാസ്ത്രഗ്രന്ഥം രചിച്ചത് ആലത്തിയൂര്‍ നമ്പിമാരിലൊരാളായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. പ്രസിദ്ധനായ സാഹിത്യ വിമര്‍ശകന്‍ കെ.എം.കുട്ടികൃഷ്ണമാരാര്‍ തൃപ്രങ്ങോട്ടാണ് ജനിച്ചത്. അദ്ദേഹം പട്ടാമ്പി സംസ്കൃത കോളേജില്‍ പഠിച്ച്, സാഹിത്യശിരോമണി ബിരുദം നേടിയ ശേഷം മഹാകവി വള്ളത്തോളിന്റെ സഹായിയായി അദ്ദേഹത്തിന്റെ കൃതികള്‍ക്ക് “ടിപ്പണി” എഴുതി. കലാമണ്ഡലത്തില്‍ സാഹിത്യ അധ്യാപകനായി കുറേക്കാലം പ്രവര്‍ത്തിച്ചു. ചമ്രവട്ടം സ്വദേശിയായ സുപ്രസിദ്ധ സാഹിത്യകാരനായ സി.രാധാകൃഷ്ണനാണ് ഈ നാട്ടില്‍ ജനിച്ച മറ്റൊരു പ്രസിദ്ധവ്യക്തി. നവജീവന്‍ ഗ്രന്ഥാലയമാണ് പഞ്ചായത്തിലെ ഏറ്റവും പഴയ ഗ്രന്ഥാലയം. 1952-ലാണ് ഈ ഗ്രന്ഥാലയം സ്ഥാപിതമായത്. ചവിട്ടുകളി, അയ്യപ്പന്‍പാട്ട്, ബദര്‍ കിസ്സപ്പാട്ട്, കോല്‍ക്കളി, പൂതന്‍കളി, പകിടകളി, ദഫ്മുട്ട്, അറവനമുട്ട്, മാപ്പിളപ്പാട്ട്, ഒപ്പന തുടങ്ങിയ പാരമ്പര്യകലകള്‍ പണ്ടുകാലത്ത് ഇവിടെ ഏറെ സജീവമായി നിലനിന്നിരുന്നു. തൃപ്രങ്ങോട് കേന്ദ്രമാക്കി മുന്‍കാലത്ത് കിഴക്കേ പീടികയില്‍ വലിയ മമ്മുക്കുട്ടി എന്നയാളുടെ നേതൃത്വത്തില്‍ പ്രശസ്തമായ ഒരു കോല്‍ക്കളി കേന്ദ്രമുണ്ടായിരുന്നു